'ബിഹാർ ബീഡി' വെറും രാഷ്ട്രീയ അവിവേകമോ?; എന്തായിരുന്നു യഥാർഥ ഉദ്ദേശ്യമെന്ന് എം ബി രാജേഷ്

mbr
വെബ് ഡെസ്ക്

Published on Sep 07, 2025, 05:49 PM | 2 min read

തിരുവനന്തപുരം: രാജ്യം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് ബിഹാറിൽ നടക്കാനിരിക്കെയാണ് കെപിസിസി ഡിജിറ്റൽ മീഡിയാ വിഭാഗം ബിജെപിക്ക് ആയുധം നൽകിയതെന്നും ബിജെപിക്ക് ആയുധം കൊടുത്ത ആ പോസ്റ്റിൻ്റെ ഉദ്ദേശ്യമെന്തായിരുന്നെന്നും മന്ത്രി എം ബി രാജേഷ് ചോദിച്ചു.


അങ്ങനെയൊരായുധം ബിജെപിക്ക് കൊടുത്ത ഡിജിറ്റൽ മീഡിയാ വിഭാഗം തലവനെ മാറ്റിയതു കൊണ്ട് അതേൽപ്പിച്ച ആഘാതം തീരുമോയെന്നും സാമൂഹിക മാധ്യമങ്ങളെ ഒരിക്കലും അന്തസ്സുള്ള രാഷ്ട്രീയ വിമർശനത്തിന് ഉപയോഗിച്ച ചരിത്രമില്ലാത്ത ഒരാളെ ഡിജിറ്റൽ മീഡിയാ തലവനായി നിശ്ചയിച്ചതിന് പരിഗണിച്ച യോഗ്യത എന്തായിരുന്നിരിക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.


ഫെയ്സ്ബുക്ക് പോസ്റ്റ്


രാജ്യം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് ബിഹാറിൽ നടക്കുകയാണ്. എല്ലാ കുത്സിത തന്ത്രങ്ങളും പയറ്റിയിട്ടും ബിജെപിയാകെ അടിപതറി, അങ്കലാപ്പിലാണ്. ഇന്ത്യാ സഖ്യം ബിഹാറിനെ ഇളക്കിമറിച്ച പ്രചാരണത്തിലൂടെ ആത്മവിശ്വാസത്തിൻ്റെ നെറുകയിലും. അപ്പോഴതാ, കേരളത്തിലെ കെപിസിസി ഡിജിറ്റൽ മീഡിയാ വിഭാഗത്തിൻ്റെ വക ബിജെപിക്ക് ഒരു ആയുധം ബിഹാറിലേക്ക് എറിഞ്ഞു കൊടുക്കുന്നു. ആയുധം കിട്ടിയ സന്തോഷം കൊണ്ട് ഞങ്ങൾക്ക് ഇരിക്കാൻ വയ്യേ എന്ന മട്ടിൽ അവർ അത് എടുത്തുപയോഗിക്കുന്നു. പ്രതിരോധത്തിലായ ഇന്ത്യാ സഖ്യത്തിൻ്റെ നേതാവ് തേജസ്വി യാദവ് തന്നെ കോൺഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നു. ഇന്ത്യാ സഖ്യത്തെ പിന്നിൽ നിന്ന് കുത്താൻ തക്ക സമയത്ത് ബിജെപിക്ക് ആയുധം കൊടുത്ത ആ പോസ്റ്റിൻ്റെ ഉദ്ദേശ്യമെന്തായിരുന്നു?


അങ്ങനെയൊരായുധം ബിജെപിക്ക് കൊടുത്ത ഡിജിറ്റൽ മീഡിയാ വിഭാഗം തലവനെ മാറ്റിയതു കൊണ്ട് അതേൽപ്പിച്ച ആഘാതം തീരുമോ? സാമൂഹിക മാധ്യമങ്ങളെ ഒരിക്കലും അന്തസ്സുള്ള രാഷ്ട്രീയ വിമർശനത്തിന് ഉപയോഗിച്ച ചരിത്രമില്ലാത്ത ഒരാളെ ഡിജിറ്റൽ മീഡിയാ തലവനായി നിശ്ചയിച്ചതിന് പരിഗണിച്ച യോഗ്യത എന്തായിരുന്നിരിക്കണം? എന്താണ് ഇപ്പോൾ നീക്കം ചെയ്തയാളുടെ സോഷ്യൽ മീഡിയ ഇടപെടലിൻ്റെ ചരിത്രം?


അരങ്ങേറ്റം കുറിച്ചത് മഹാനായ എകെജിയെ നീചമായി, മരണാനന്തര വ്യക്തിഹത്യ നടത്തിയായിരുന്നല്ലോ. പിന്നീട് ആരെല്ലാം? മലയാളികളുടെ പ്രിയ എഴുത്തുകാരി കെ ആർ മീരയെ വിളിച്ചത് എന്തായിരുന്നുവെന്ന് മറക്കാമോ? ബെന്യാമിനെ ? സ്വന്തം പാർട്ടി പ്രസിഡൻ്റായിരുന്ന മുല്ലപ്പള്ളിയേയും വി എം സുധീരനെയും സാമൂഹിക മാധ്യമങ്ങളിൽ കൈകാര്യം ചെയ്തത് എത്ര ഹീനമായായിരുന്നു. മുഖ്യമന്ത്രിയെ പിന്നെ നിരന്തരമായി അധിക്ഷേപിക്കലാണ്. ജി സുകുമാരൻ നായരെ ആക്ഷേപിച്ചത് പെരുന്നയിലെ കോപ്പ് എന്നായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എനിക്കെതിരായ അധിക്ഷേപം വാളയാർ കുട്ടികളുടെ കൊലയാളികളെ രക്ഷിച്ചവൻ എന്നായിരുന്നു. ഒടുവിൽ സിബിഐ അന്വേഷിച്ച് സത്യം കോടതിയിൽ സമർപ്പിച്ചപ്പോഴും അദ്ദേഹം സ്വന്തം അധിക്ഷേപങ്ങളെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. ആരെയാണ് വെറുതേ വിട്ടത്? വ്യക്തിഹത്യക്കും അധിക്ഷേപങ്ങൾക്കും നേതൃത്വം കൊടുക്കാനുള്ള ഒരു തെറിക്കൂട്ടത്തെ വളർത്തിയെടുത്തു എന്നതായിരുന്നല്ലോ ഡിജിറ്റൽ മീഡിയ തലപ്പത്തിരുത്താനുള്ള യോഗ്യത? ഒടുവിൽ ആ 'യോഗ്യത' ഹൈക്കമാൻഡിനു തന്നെ ബോധ്യമായി.


ബിജെപിക്ക് എക്കാലത്തും ഉപയോഗിക്കാവുന്ന രാഷ്ട്രീയായുധം ഇതാദ്യമായാണോ കൊടുത്തത്? നോട്ട് നിരോധനത്തെ ഇന്ത്യയിലാദ്യം സ്വാഗതം ചെയ്ത് പോസ്റ്റിട്ട രാഷ്ട്രീയ ദാസ്യം ചെയ്തതും ഇതേ നേതാവായിരുന്നില്ലേ? അന്ന് കോൺഗ്രസ് നേതൃത്വം തിരുത്തിയോ? മൻമോഹൻസിങ് Organised Loot and Legalised plunder എന്നു വിശേഷിപ്പിച്ച നോട്ട് നിരോധനത്തിനും മോദിക്കും കയ്യടിച്ച രാഷ്ട്രീയ അവിവേകം ഇപ്പോൾ നിർണായകമായ മറ്റൊരു സന്ദർഭത്തിൽ ആവർത്തിച്ചിരിക്കുന്നു. കണ്ണിൽ കാണുന്ന വിയോജിപ്പുള്ള വ്യക്തികളെ മുഴുവൻ അധിക്ഷേപിക്കുന്നത് ശീലമാക്കിയ ആൾക്ക് ഡിജിറ്റൽ മീഡിയ തലവനായി സ്ഥാനക്കയറ്റം നൽകി പ്രോൽസാഹിപ്പിക്കുകയായിരുന്നോ ചെയ്യേണ്ടിയിരുന്നത്? ഇങ്ങനെ മനുഷ്യരെ മുഴുവൻ അപമാനിക്കരുതെന്ന് തിരുത്തുകയായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്?


രാഷ്ട്രീയ വിമർശനം അന്തസ്സുള്ള ഭാഷയിൽ മാത്രം നടത്താൻ ഉപദേശിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്. ഒടുവിൽ ഒരു സംസ്ഥാനത്തെയും ജനതയേയും മുഴുവൻ അധിക്ഷേപിക്കേണ്ടി വന്നു ഹൈക്കമാൻ്റിന് കാര്യത്തിൻ്റെ ഗൗരവം തിരിച്ചറിയാൻ. വ്യക്തികളെ അധിക്ഷേപിക്കുന്നതിനേക്കാൾ എത്രയോ ഗുരുതരമാണല്ലോ ഒരു സംസ്ഥാനത്തെയും ജനതയേയും മുഴുവൻ അധിക്ഷേപിക്കുകയെന്നത്. പക്ഷേ ഒരു ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. നിർണായക സന്ദർഭങ്ങളിലെല്ലാം ബിജെപിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോ? എന്തായിരുന്നു ആ പോസ്റ്റിൻ്റെ യഥാർഥ ഉദ്ദേശ്യം?



deshabhimani section

Related News

View More
0 comments
Sort by

Home