"ഗവർണറെ ഔട്ടാക്കുന്നേ എന്ന നിലവിളിയിൽ ഒരു മനസുഖമുണ്ടാകും, അതിന്റെ രാഷ്ട്രീയം വ്യക്തമാണ്"

ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായി കൊണ്ടുവന്ന ഓർഡിനൻസിനെതിരെ തെറ്റിധരിപ്പിക്കുന്ന വാർത്ത നൽകിയ മാതൃഭൂമിയെ തുറന്നുകാട്ടി മുതിർന്ന മാധ്യമപ്രവർത്തകൻ കെ പി ജയകുമാർ. വി സി നിയമനത്തിൽ ഗവർണറുടെ റോൾ സർക്കാർ പൂർണമായും വെട്ടി എന്നും, ഗവർണർക്ക് പകരം സർക്കാരാകും വി സി സെർച്ച് കമ്മിറ്റി രൂപവത്കരിക്കുകയുമെന്നുമാണ് മാതൃഭൂമി ഞായറാഴ്ച നൽകിയ പ്രധാനവാർത്ത. യുജിസി ചട്ടത്തിൽ വി സി നിയമത്തിനുള്ള അധികാരം ഗവർണർക്കാണെന്നും മാതൃഭൂമി സ്ഥാപിക്കുന്നുണ്ട്. എന്നാൽ ഗവർണർക്കല്ല, ചാൻസലർക്കാണ് സർവകലാശാലയിൽ അധികാരം എന്നത് മാതൃഭൂമി മറച്ചുവെച്ചു. ചാൻസലർ എന്നത് കേരള നിയമസഭ നിർമിച്ച സർവകലാശാല നിയമംവഴി നിലവിൽ വന്നതാണ്. അത് ഗവർണർ ആയി എത്തുന്ന വ്യക്തിയ്ക്ക് നൽകുന്നു എന്നേയുള്ളു. രണ്ടും രണ്ട് സ്ഥാനങ്ങളും, രണ്ട് സ്ഥാപനങ്ങളുമാണ്. ഇതൊന്നും അറിയാതെയല്ല “ഗവർണർ ഔട്ട്”എന്ന ശീർഷകം മാതൃഭൂമി നൽകിയത്. ഗവർണറേ ഔട്ടാക്കുന്നേ എന്ന മാതൃഭൂമിയുടെ നിലവിളിയിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തകരുന്നതിലുള്ള ആനന്ദമാണെന്നും, അതിനുപിന്നിലെ രാഷ്ട്രീയം വ്യക്തവുമാണെന്നും ജയകുമാർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
കെ പി ജയകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്- പൂർണരൂപം
മാതൃഭൂമി ദിനപ്പത്രത്തിലെ ഇന്നത്തെ പ്രധാന വാർത്ത സ്വന്തം സ്കൂപ്പ്/ എക്സ്ക്ല്യൂസീവ് എന്ന തരത്തിൽ ബൈ ലൈനോട് കൂടിയാണ് പ്രസിദ്ധീകരിച്ചതാണ്.
“ഗവർണർ ഔട്ട്” എന്നാണ് പ്രധാന തലക്കെട്ട്. “ഡിജിറ്റൽ സർവകലാശാല ഓർഡിനൻസ്” എന്നുമുണ്ട്. അതിനുതാഴെ “യു ജി സി ചട്ടത്തിൽ അധികാരം ഗവർണർക്ക്”- ഇവിടെ നടക്കുന്നത്” എന്നിങ്ങനെ രണ്ട് ഹൈലൈറ്റുകളും ചേർത്തിരിക്കുന്നു. ഈ വാർത്തയിൽ ഗുരുതരമായ രണ്ട് തെറ്റുകളുണ്ട്. ഒന്നുകിൽ അറിവില്ലായ്മ. അല്ലങ്കിൽ ബോധപൂർവം ചെയ്തിരിക്കുന്നത്. ഈ ശീർഷകവും ഉപശീർഷകവും ഹൈലൈറ്റുകളും ബോധപൂർവമായി സൃഷ്ടിച്ചതാവാനാണ് സാധ്യത.
തെറ്റ് ഒന്ന്: ഗവർണർ കേരളത്തിലെ സർവകലാശാലകളുടെ തലവൻ അല്ല. സർവകലാശാലകളുടെ തലവൻ ചാൻസലാറാണ്. ഗവർണർ എന്നത് ഒരു ഭരണഘടനാ പദവിയാണ്. ചാൻസലർ എന്നത് കേരള നിയമസഭ നിർമ്മിച്ച സർവകലാശാല നിയമംവഴി നിലവിൽ വന്നതാണ്. അത് ഗവർണർ ആയി എത്തുന്ന വ്യക്തിയ്ക്ക് നൽകുന്നു എന്നേയുള്ളു. രണ്ടും രണ്ട് സ്ഥാനങ്ങളാണ്, രണ്ട് സ്ഥാപനങ്ങളാണ്. അതായത് ഗവർണറെ കേന്ദ്ര സർക്കാരിന് നിയമിക്കാം. ആ ഗവർണർക്ക് ചാൻസലർ പദവി ലഭിക്കുന്നത് സംസ്ഥാന സർക്കാരിന്റെ നിയമം വഴിയാണ്. രണ്ടും രണ്ടാണ്. (ഉദാ: നാട്ടിലെ പോലീസ് ഉദ്യോഗസ്ഥൻ വായനശാലയുടെ പ്രസിഡന്റ് ആയി എന്നു വിചാരിക്കുക. വായനശാലാ പ്രവർത്തനങ്ങളിൽ പോലീസ് പദവി ഉപയോഗിക്കാൻ ആവില്ല. രണ്ടും രണ്ടാണ് എന്ന സാമാന്യബോധം ഉദ്യോഗസ്ഥനും ജനത്തിനും ഉള്ളിടത്തോളം കാലം).

അപ്പോൾ സർവകലാശാലാ നിയമങ്ങൾ അനുസരിച്ച് ‘ഗവർണർ’ പണ്ടേ ഔട്ടാണ്. ‘ചാൻസലർ’ ആയി മാത്രമേ ആ പദവി കൈകാര്യം ചെയ്യാനാകൂ. ഇതൊന്നും അറിയാതെയല്ല “ഗവർണർ ഔട്ട്”എന്ന ശീർഷകം നൽകിയത്. ഗവർണറേ ഔട്ടാക്കുന്നേ... എന്ന ഈ നിലവിളിയിൽ ഒരു മനസുഖമുണ്ടാകും. കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തകരുന്നതിലുള്ള ആനന്ദമുവുണ്ട്. അതിനുപിന്നിലെ രാഷ്ട്രീയം വ്യക്തവുമാണ്. രണ്ടായതിനെ ഒന്നായി കാണുന്നതിന്റ ഇണ്ടൽ!
തെറ്റ് രണ്ട്: “യു ജി സി ചട്ടത്തിൽ അധികാരം ഗവർണർക്ക്” എന്ന ഹൈലൈറ്റ് ദുരുദ്ദേശപരമാണ്. യു ജി സി ചട്ടപ്രകാരം സർവകലാശാല ഭരണത്തിൽ ഗവർണർക്ക് ഒരധികാരവുമില്ല. ചാൻസലർക്ക് അധികാരം ഉണ്ട്. രണ്ടും ഒരാൾ ആയതുകൊണ്ട് ഗവർണർ എന്ന അധികാരം സർവകലാശാലയിൽ ഉപയോഗിക്കാനാവില്ല. ചാൻസലറുടെ കുപ്പായവും കസേരയും മാത്രമേ ഇവിടെ പ്രവർത്തിക്കൂ. ഗവർണറുടെ കുപ്പായവും കസേരയും വേറെയാണ്. അപ്പോൾ ഗവർണർക്ക് ഇല്ലാത്ത അധികാരം യു ജി സി ചട്ടത്തിൽ ഉണ്ട് എന്ന പ്രചരിപ്പിക്കുന്നതിനു പിന്നിടെ താല്പര്യം എന്താണ്?
“ ഇവിടെ നടക്കുന്നത്” എന്നതാണ് രണ്ടാമത്തെ ഹൈലൈറ്റ്. സംസ്ഥാന സർക്കാർ ഒരു ഓർഡിനൻസ് കൊണ്ടുവരുന്നു. പിന്നീട് നിയമസഭയിൽ അവതരിപ്പിച്ച് നിയമമാക്കേണ്ട ഒന്ന്. സർവകലാശാലാ നിയമങ്ങൾ ആരാണ് കൊണ്ടുവരേണ്ടത്?
സംസ്ഥാന സർക്കാരിന്റെ പൂർണ്ണമായ സാമ്പത്തിക സഹായത്തോടെയാണ് കേരളത്തിലെ സർവകലാശാലകൾ പ്രവർത്തിക്കുന്നത്. അതിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് നിയമനിർമ്മാണം നടത്തേണ്ടത് നിയമസഭയാണ്; സർക്കാരാണ്. അതിന്റെ മുന്നോടിയാണ് ഓർഡിനൻസ്. അതിൽ ചാൻസലർക്കോ ഇനി ഗവർണർക്ക് തന്നെയോ യാതൊരു അധികാരവുമില്ല. തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ പരമാധികാരത്തിൽ വരുന്നകാര്യമാണത്. അതിൽ ഒപ്പിടേണ്ട ഭരണഘടനാ ചുമതലയുള്ള ആൾ മാത്രമാണ് ഗവർണർ. ഇത് സംബന്ധിക്കുന്ന തർക്കങ്ങൾ ജനാധിപത്യ ഇടങ്ങളിലും കോടതികളിലും നടന്നുവരുന്നത് ശ്രദ്ധിക്കുക.
ഇവിടെ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.
ഒന്ന്: നിയമസഭയ്ക്ക് മുകളിൽ അധികാരമുള്ള ആളാണോ ഗവർണർ? അത്തരം ഏകാധിപത്യത്തെ നിങ്ങൾ അനുകൂലിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഈ വാർത്ത ശരിയാണ്. ഇല്ല, എന്നാണെങ്കിൽ നിങ്ങൾ തിരുത്തണം.
രണ്ട്: വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും സർവകലാശാലകളും സംസ്ഥാന നിയമപ്രകാരം പ്രവർത്തിക്കുന്നതാണ് എന്നകാര്യം അറിയാമോ? അങ്ങനെയെങ്കിൽ അതിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച നിയമങ്ങൾ നിർമ്മിക്കേണ്ടത് നിയമസഭയും ഭരണകൂടവുമല്ലേ? ഗവർണർ ആയതുകൊണ്ട് വന്നുചേരുന്ന പദവി മാത്രമാണ് ചാൻസലർ എന്ന് അറിയാമോ? സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ചാൻസലർമാർ നിയമിതരാകുന്നത് എന്നും അറിയാമേ? അറിയില്ലങ്കിൽ ഈ വാർത്ത ഒരു സ്ഥാപനത്തിന്റെ ആകെ അറിവുകേടായി കരുതാം. അല്ലങ്കിൽ, നിങ്ങൾ തിരുത്തണം.
അനുബന്ധം ഒന്ന്: യു ജി സി പാർലമെന്റിന് മുകളിൽ അധികാരമുള്ള ഒരു സ്ഥാപനമല്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ അക്കാദമികമായ കാര്യങ്ങളിൽ മാത്രം മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ ചുമതലപ്പെട്ട ഏജൻസിയാണ്. സർക്കാർ നിയമിക്കുന്ന ഏതാനും ഉദ്യോഗസ്ഥർമാത്രമാണ് അതിൽ പ്രവർത്തിക്കുന്നത്. അവർ കൂടിയിരുന്ന് ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ നയം രൂപീകരിക്കുകയും സർവകലാശാലകളുടെ ഭരണകാര്യങ്ങളിൽ ഉത്തരവ് ഇറക്കുകയും ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണ്. എതിർക്കപ്പെടേണ്ടതാണ്. ഇത്തരം ഏകാധിപത്യ ഉദ്യോഗസ്ഥ ഭരണരീതികളിൽ ജനാധിപത്യത്തിന്റെ നാലാംതൂൺ ചാരിനിൽക്കുന്നവർ എന്ന നിലയിൽ നിങ്ങളുടെ അഭിപ്രായം എന്താണ്?
അനുബന്ധം രണ്ട്: സ്വന്തം പത്രത്തിന്റെ എക്സ്ക്ലൂസീവ് / സ്കൂപ്പ് എന്ന തരത്തിൽ ബൈ ലൈൻ നൽകിയാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. സർവകലാശാല നിയമഭേദഗതി ഒരു പുതിയ വാർത്തയോ സംഭവമോ അല്ല. ഒരിക്കൽ നിയമസഭ പാസാക്കുകയും ഗവർണർ പിടിച്ചുവയ്ക്കുകയും പിന്നീട് സുപ്രീകോടതി കയറുകയും രാഷ്ട്രപതി തിരിച്ചയക്കുകയും ചെയ്ത നിയമത്തിനുള്ളിൽ ഈ പറയുന്ന കാര്യങ്ങളെല്ലാം ഉണ്ട്. ആ നിയമ നിർമ്മാണം വൈകുന്നതുകൊണ്ടാണ് ഡിജിറ്റൽ സർവകലാശാല നിയമം ഓർഡിനൻസ് രൂപത്തിൽ വരുന്നത്. ഇതും എത്രയോ ദിവസങ്ങളായി ഈ മേഖലയിൽ ചർച്ചയാണ്. അതിനാൽ മാധ്യപ്രവർത്തനത്തിന്റെ സാമാന്യ യുക്തിയിൽ ഈ വാർത്ത എക്സ്ക്ലൂസീവ് / സ്കൂപ്പ് അല്ല. അത്തരം വാർത്തകൾക്ക് ബൈ ലൈൻ നൽകിയത് എന്തിനാവും? ഈ വാർത്തയെ ഈ രൂപത്തിൽ അപകടകരമായി, ജനാധിപത്യവിരുദ്ധമായി, പ്രത്യേക ലക്ഷ്യത്തോടെ പല അടരുകളിലും നിറങ്ങളിലും രൂപകല്പനചെയ്ത ‘മനോനില’ എന്തായിരിക്കും?









0 comments