കാമറയ്ക്ക് മുന്നിലെത്താൻ കോൺഗ്രസ് നേതാക്കളുടെ ഉന്തുംതള്ളും; ട്രോളായി ദൃശ്യങ്ങൾ

കോഴിക്കോട്: കോഴിക്കോട് ഡിസിസി ഓഫീസിന് വേണ്ടി നിർമിച്ച കെ കരുണാകരൻ മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ കാമറയ്ക്ക് മുന്നിലെത്താൻ കോൺഗ്രസ് നേതാക്കളുടെ ഉന്തുംതള്ളും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാൽ നാടമുറിച്ച് ഓഫീസ് ഉദ്ഘടാനം ചെയ്യാൻ നിൽക്കുമ്പോഴത്തെ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറലായത്.
കെ സി വേണുഗോപാലിന്റെ സമീപത്ത് നിന്ന മുൻ ഡിസിസി പ്രസിഡന്റ് കെ സി അബുവിനെ മാറ്റി പ്രതിപക്ഷ നേതാവ് വി ഡി സതീശനെ മുന്നിൽ നിർത്താൻ ടി സിദ്ദിഖ് എംഎൽഎ ശ്രമിക്കുന്നതും ഉന്തുതള്ളിലൂടെ പ്രയാസപ്പെട്ട് സതീശൻ മുന്നിലേക്കെത്തുന്നതും വീഡിയോയിൽ കാണാം. അതേസമയം കെ കരുണാകരന്റെ പേരിൽ നിർമിച്ച ഡിസിസി ഓഫീസിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ മകനായ മുരളീധരന്റെ അസാന്നിധ്യം ചർച്ചയായി. കോൺഗ്രസ്സിലെ മുഴുവൻ മുതിർന്ന നേതാക്കളും പങ്കെടുക്കുന്ന പരിപാടിയിൽ നിന്നാണ് കെ മുരളീധരൻ വിട്ടുനിൽക്കുന്നത്.
ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ അധ്യക്ഷനായ ചടങ്ങിൽ ഉമ്മൻചാണ്ടി ഓഡിറ്റോറിയം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉദ്‌ഘാടനം ചെയ്‌തു. ഗാന്ധി പ്രതിമ പ്രതിപക്ഷ നേതാവ് വി ഡി സതീശനും നെഹ്‌റു പ്രതിമ രമേശ് ചെന്നിത്തലയും അനാഛാദനം ചെയ്‌തു. കെ ജി അടിയോടി റിസർച്ച് സെന്ററും വെബ്‌സൈറ്റും ശശി തരൂർ എംപി ഉദ്‌ഘാടനം ചെയ്‌തു. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, മുൻ കെപിസിസി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ, യുഡിഎഫ് കൺവീനർ എം എം ഹസൻ, കൊടിക്കുന്നിൽ സുരേഷ് എംപിതുടങ്ങിയരും ചടങ്ങിലെത്തി.
0 comments