മനുഷ്യസ്നേഹം ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയബോധത്തിന്റെ തെളിച്ചം: എം കെ സാനുവിനെപ്പറ്റി തോമസ് ഐസക്

മനുഷ്യസ്നേഹവും മനുഷ്യാന്തസും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയബോധത്തിന്റെ തെളിച്ചം എക്കാലവും മാഷിന്റെ വാക്കുകളിലും നിലപാടുകളിലുമുണ്ടായിരുന്നു. അതിഗംഭീരമായ മാഷിന്റെ പ്രഭാഷണങ്ങൾ മാനവികതയിലൂന്നിയ നവോത്ഥാനമൂല്യങ്ങളുടെ സൗമ്യമായ ഇടിമുഴക്കമായിരുന്നു. സാഹിത്യവും കലയും സാമൂഹ്യ പ്രതിബദ്ധമാകേണ്ടതിനെക്കുറിച്ച് അദ്ദേഹം നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. മതനിരപേക്ഷതയുടെ സൗന്ദര്യബോധം സാഹിത്യമൂല്യമായി വികസിപ്പിച്ച സർഗപ്രതിഭയാണ് മാഷ്- എം കെ സാനുവിനെപ്പറ്റി ഡോ. ടി എം തോമസ് ഐസക്.
ഡോ. ടി എം തോമസ് ഐസകിന്റെ കുറിപ്പിന്റെ പൂർണരൂപം
മഹാരാജാസിൽ ഒട്ടേറെ പ്രിയപ്പെട്ട അധ്യാപകരുണ്ടായിരുന്നു. ഒരു നീണ്ട നിര. പക്ഷേ, ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപകൻ സാനുമാഷ് ആയിരുന്നു. മഹാരാജാസിൽ ഞാൻ ആദ്യംചെന്നുകണ്ട അധ്യാപകനും മാഷ് തന്നെ. പ്രീ-ഡിഗ്രിക്ക് മാഷിന്റെ ആൽബർട്ട് ഷ്വൈറ്റ്സറുടെ ജീവചരിത്രം പാഠപുസ്തകമായിരുന്നു.
1973-74 മഹാരാജാസിന്റെ ചരിത്രത്തിൽ വഴിത്തിരിവാണ്. ആ വർഷമാണ് കാൽനൂറ്റാണ്ടിനു ശേഷം വിദ്യാർത്ഥി ഫെഡറേഷൻ മഹാരാജാസ് യൂണിയൻ നേടിയത്. അതിതീക്ഷ്ണമായൊരു തെരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു. അതിൽ ഞങ്ങളുടെ ഒരു തുറപ്പ് ചീട്ട് 'യാഗം 73' എന്ന പേരിൽ ഞങ്ങൾ പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് സുവനീർ ആയിരുന്നു.
കടമ്മനിട്ട, സച്ചിദാനന്ദൻ, കെ ജി ശങ്കരപ്പിള്ള, ഡി. വിനയചന്ദ്രൻ തുടങ്ങിയ പലരുടെയും കവിതകളും രചനകളും അടങ്ങിയ സുവനീറിലേക്ക് മടിച്ചാണെങ്കിലും സാനു മാഷിനോട് ഞാനൊരു ചെറുലേഖനം ചോദിച്ചു. അദ്ദേഹം ഒന്നും പറഞ്ഞുമില്ല, ഞാനൊട്ടു നിർബന്ധിച്ചതുമില്ല. പക്ഷേ, പിറ്റേന്ന് ഒരു ചെറുലേഖനം എന്നെ വിളിച്ചു തന്നു. അതുപോലെ തന്നെ ടി ആറും.
ഞങ്ങൾ നടത്തിയിരുന്ന സംവാദ വേദിയിൽ എന്നും സാനു മാഷ് സജീവപങ്കാളി ആയിരുന്നു. മാഷ് എനിക്ക തന്നിട്ടുള്ള ഏറ്റവും പ്രിയപ്പെട്ട പുസ്തകം പെൻഗ്വിൻ പ്രസിദ്ധീകരിച്ച "An anthology of Socialist Versus" എന്ന ഗ്രന്ഥമായിരുന്നു. ലോക വിപ്ലവ കവികളെ ഞങ്ങൾ മഹാരാജാസിൽ പരിചയപ്പെട്ടത് ഈയൊരു ഗ്രന്ഥത്തിലൂടെയാണ്. പലതും തർജ്ജിമ ചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തിരാവസ്ഥയിൽ പല തർജ്ജിമകളും നോട്ടീസുകളായി പുറത്തിറക്കുകയും ചെയ്തു.
ആദ്യ നോട്ടീസ് ഇറങ്ങിയ ദിവസം ഞാനിന്നും ഓർക്കുന്നു. "ഞാൻ ഒരു മണ്ണെണ്ണ പാട്ടയുമായി കോളേജിൽ പോയി" എന്ന് തുടങ്ങുന്ന കവിത. കൃത്യമായി ഓർക്കുന്നില്ല. എന്നാൽ കൃത്യമായി ഓർക്കുന്നത് കവിയെ പിടിക്കാൻ പോലീസ് നടത്തിയ തിരച്ചിൽ ആണ്. ഒരു പഹയൻ പോലീസിനോട് പറഞ്ഞത്രേ. ആ പയ്യൻ മട്ടാഞ്ചേരിയിൽ ആണ് താമസം, ഇന്ന് കോളേജിൽ വന്നിട്ടില്ല.
ഞങ്ങൾ അനുസരിച്ചില്ലെങ്കിലും അടിയന്തിരാവസ്ഥക്കാലത്ത് മിതത്വം പാലിക്കാൻ സാനു മാഷ് ഉപദേശിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിലപാട് ആയിരുന്നു ശരി. ഇന്ത്യയിൽ ജനാധിപത്യം എന്നെന്നേക്കുമായി അവസാനിച്ചുവെന്ന ഉറച്ച വിശ്വാസത്തിൻ ആയിരുന്നു ഞങ്ങളുടെ പ്രതികരണങ്ങൾ. ഇത്തരം ധാരണകൾ അബദ്ധമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
ശ്രീ നാരായണ ദർശനത്തിലുള്ള സാനു മാഷിന്റെ അഗാധ പാണ്ഡിത്യം ഞാൻ ഏറെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്റെ ഫേസ്ബുക്ക് ഡയറി എന്ന പുസ്തക പ്രകാശന ചടങ്ങിൽ മാഷ് ശ്രീനാരായണ ധർമ്മം എന്തെന്നും, എന്തുകൊണ്ട് പല സമുദായ നേതാക്കളുടെയും നിലപാട് ഗുരുനിന്ദയാണെന്നും വിശദീകരിക്കുകയുണ്ടായി. പ്രായാധിക്യത്തെ വകവക്കാതെ മുക്കാൽ മണിക്കൂർ നീണ്ട ഉജ്വലമായ പ്രഭാഷണമായിരുന്നു സാനു മാഷിന്റേത്. ഇതിനൊരു ദശാബ്ദം മുമ്പ് കീഴടങ്ങലിന്റെ അർദ്ധശാസ്ത്രം എന്ന പുസ്തകം പ്രകാശനം ചെയ്തതും സാനു മാഷ് ആയിരുന്നു.
മനുഷ്യസ്നേഹവും മനുഷ്യാന്തസും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയബോധത്തിന്റെ തെളിച്ചം എക്കാലവും മാഷിന്റെ വാക്കുകളിലും നിലപാടുകളിലുമുണ്ടായിരുന്നു. അങ്ങേയറ്റം സൗമ്യമായി ആ നിലപാടുകളിൽ ഉറച്ചുനിന്നു. അതിഗംഭീരമായ മാഷിന്റെ പ്രഭാഷണങ്ങൾ മാനവികതയിലൂന്നിയ നവോത്ഥാനമൂല്യങ്ങളുടെ സൗമ്യമായ ഇടിമുഴക്കമായിരുന്നു. സാഹിത്യവും കലയും സാമൂഹ്യ പ്രതിബദ്ധമാകേണ്ടതിനെക്കുറിച്ച് അദ്ദേഹം നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. മതനിരപേക്ഷതയുടെ സൗന്ദര്യബോധം സാഹിത്യമൂല്യമായി വികസിപ്പിച്ച സർഗപ്രതിഭയാണ് നമ്മെ വിട്ടുപിരിഞ്ഞത്.
സത്യം പറഞ്ഞാൽ 12 വാല്യങ്ങളായുള്ള അദ്ദേഹത്തിന്റെ സമ്പൂർണ്ണ കൃതികൾ സമൂഹ് ഇറക്കിയപ്പോഴാണ് അദ്ദേഹത്തിന്റെ സംഭാവനകളുടെ പരപ്പ് പൂർണ്ണമായും അനാവരണം ചെയ്യപ്പെട്ടത്. നവോത്ഥാന നക്ഷത്രങ്ങളുടെ സ്നേഹഭാജനമായ ആ മഹത് ജീവിതം അനശ്വരമായി. അധ്യാപകൻ, പ്രഭാഷകൻ, ഗ്രന്ഥകാരൻ, സാംസ്കാരിക നായകൻ എന്നിങ്ങനെ പുരോഗമനാശയങ്ങളുടെ ചൂണ്ടുപലകയായി ജീവിച്ച സാനു മാഷിന്റെ വിയോഗം കേരളത്തിന് തീരാനഷ്ടമാണ്.









0 comments