യു എൻ വേദിയിലെ ആ ചുംബന ചിത്രം ഏറ്റെടുത്ത് ലോകം

ന്യൂയോർക്ക്∙ ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡസിൽവ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ ആദരസൂചകമായി നെറുകയിൽ ചുംബിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ലോകമാകെ നിരവധി പേരാണ് ആ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഇസ്രയേൽ പലസ്തീനിൽ നടത്തുന്ന വംശഹത്യയ്ക്ക് എതിരായ ലോകത്തിന്റെ പ്രതികരണമായും അതിനെതിരായ നിലപാടുകൾ പ്രഖ്യാപിച്ച രാജ്യ നേതാക്കൾക്കുളള ആദരവായും ചിത്രം ഒരേ സമയം ഷെയർ ചെയ്യപ്പെട്ടു.
ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയിൽ ഗുസ്താവോയുടെ പ്രസംഗത്തിനുശേഷമായിരുന്നു ലോകം വേദനയോടെയും ആദരവോടെയും സ്വന്തമാക്കിയ ആ ചിത്രത്തിന്റെ പിറവി. ഗുസ്താവോ പെട്രോ തന്റെ പ്രസംഗത്തിൽ ഇസ്രയേലിന്റെ നടപടികളെ രൂക്ഷമായി വിമർശിച്ചിരുന്നു. പലസ്തീനികളെ ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്ന് ഗുസ്താവോ സംശയലേശമില്ലാതെ വ്യക്തമാക്കി. ഈ പ്രഖ്യാപനത്തിൽ ഐക്യപ്പെട്ടാണ് ലുല ഡസിൽവ അദ്ദേഹത്തിന്റെ അടുത്തേക്ക് എത്തുന്നത്.
പലസ്തീനെ മോചിപ്പിക്കാൻ’ ഏഷ്യൻ രാജ്യങ്ങളുടെ നേതൃത്വത്തിൽ ഒരു അന്താരാഷ്ട്ര സൈനിക കൂട്ടായ്മ രൂപീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേലിലേക്ക് ആയുധങ്ങൾ കൊണ്ടുപോകുന്ന കപ്പലുകൾ തടയണമെന്നും ആഹ്വാനം ചെയ്തു. ഈ പ്രസംഗത്തിനു പിന്നാലെയാണ് ബ്രസീൽ പ്രസിഡന്റ് അദ്ദേഹത്തിന്റെ ഇരിപ്പിടത്തിന് അരികിലെത്തി തലയിൽ ചുംബിച്ചത്. ഇസ്രയേലിൽനിന്നും ആയുധങ്ങൾ വാങ്ങുന്നത് കൊളംബിയ നിർത്തിവച്ചിരിക്കുകയാണ്.
ഇസ്രയേലിനെതിരായ ലോക രാജ്യങ്ങൾക്കിടയിലെ വലിയ ഐക്യ നീക്കത്തിനുള്ള ആഹ്വനമോ പ്രചോദനമോ ആയി ഈ ചിത്രം മാറിത്തീരുമെന്ന് പലരും ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പിൽ പ്രതീക്ഷ പ്രകടിപ്പിച്ചു.

പെട്രോയുടെ പ്രസംഗത്തിന് തൊട്ടുപിന്നാലെ ലുല പെട്രോയുടെ തലയിൽ ചാരി ചുംബിക്കുന്നത് വീഡിയോയും വൈറലായി. ഇതിന്റെ നിശ്ചല ചിത്രങ്ങളാണ് പലരും പങ്കുവെച്ചത്. ഏതെങ്കിലും ഒരു ഫോട്ടോ ഗ്രാഫർ മുൻകൂട്ടി നിശ്ചയിച്ച് എടുത്ത ചിത്രമല്ല. അപ്രതീക്ഷിതമായ ഒരു വികാര പ്രകടനം ക്യമറ പിടിച്ചെടുക്കുകയായിരുന്നു.
പല ഔട്ട്‌ലെറ്റുകളും ഒറ്റ ക്രെഡിറ്റ് ചെയ്ത വയർ / ഫോട്ടോ ക്രെഡിറ്റിന് പകരം യുഎൻ വെബ്‌കാസ്റ്റിൽ നിന്നും സോഷ്യൽ-വീഡിയോ ക്ലിപ്പുകളിൽ നിന്നും എടുത്ത സ്‌ക്രീൻഷോട്ടുകളോ എടുത്താണ് ഷെയർ ചെയ്തിരിക്കുന്നത്.
പ്രതിഷേധം ഏറ്റെടുത്ത് ലോകം
യുഎൻ പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം പ്രതിനിധികൾ കഴിഞ്ഞദിവസം ഇറങ്ങിപ്പോയിരുന്നു. പ്രസംഗം നടക്കുന്ന സമയത്തു ടൈം സ്ക്വയറിൽ ആയിരക്കണക്കിനു മനുഷ്യ സ്നേഹികൾ പ്രതിഷേധിച്ചു. ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ രാജ്യാന്തര ക്രിമിനൽ കോടതിയുടെ വാറന്റുള്ള നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനം, ആമസോൺ മഴക്കാടുകളുടെ സംരക്ഷണം, ലാറ്റിൻ അമേരിക്കൻ സഹകരണം ശക്തിപ്പെടുത്തൽ തുടങ്ങിയ പ്രധാന ആഗോള വിഷയങ്ങളിൽ പൊതുവായ നിലപാട് പങ്കിടുന്ന രണ്ട് ലോക നേതാക്കളാണ് ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡസിൽവയും കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയും.
സെപ്റ്റംബർ 23-ന് ഗുസ്താവോ പെട്രോ യുഎൻജിഎയിൽ നടത്തിയ ഒരു തീക്ഷ്ണമായ പ്രസംഗത്തിൽ ഗാസയിലെ സ്ഥിതി വംശഹത്യയാണെന്ന് അപലപിക്കുകയും ശക്തമായ അന്താരാഷ്ട്ര നടപടിക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു.

ഗുസ്താവോ പെട്രോയ്ക്ക് എതിരെ നടപടിയുമായി അമേരിക്ക
യുഎൻ വേദിയിൽ നിന്ന് ഇറങ്ങി ന്യൂയോർക്ക് നഗരത്തിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധക്കാരോട് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ വിസ റദ്ദാക്കുമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് മുന്നറിയിപ്പ് നൽകിയിരിക്കയാണ്.
"ലോകത്തിന്റെ രക്ഷയ്ക്കായി ഒരു സൈന്യം" സ്ഥാപിക്കാൻ ശ്രമിക്കുന്ന ഒരു പ്രമേയം ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിക്കാൻ തന്റെ രാജ്യം പദ്ധതിയിടുന്നു. അതിന്റെ ആദ്യ ജോലി "പലസ്തീൻ വിമോചനം" ആയിരിക്കും എന്നായിരുന്നു പ്രസംഗത്തിലെ ഊന്നൽ.
ലോകരാഷ്ട്രങ്ങൾ സൈന്യത്തിലേക്ക് സൈനികരെ സംഭാവന ചെയ്യുമെന്നും അത് "അന്താരാഷ്ട്ര നീതിയുടെ ഉത്തരവുകൾ നടപ്പിലാക്കും" എന്നും യുഎസ് സൈന്യത്തേക്കാൾ "വലുതായിരിക്കണം" എന്നും പെട്രോ പറഞ്ഞു.
"യുഎസ് സൈന്യത്തിലെ എല്ലാ സൈനികരും മനുഷ്യത്വത്തിന് നേരെ തോക്കുകൾ ചൂണ്ടരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ട്രംപിന്റെ ഉത്തരവുകൾ അനുസരിക്കരുത്. മനുഷ്യത്വത്തിന്റെ ഉത്തരവുകൾ അനുസരിക്കുക," തുടങ്ങിയ വാക്കുകളും അമേരിക്കയെ പ്രകോപിപ്പിച്ചു.









0 comments