'അടങ്ങാത്ത സിപിഐ എം വിരോധം മനുഷ്യത്വത്തിന്റെ കണിക പോലുമില്ലാത്ത ജനവിരോധമായി പരിണമിച്ചിരിക്കുന്നു; ആസാദ്, ഇത്രയ്‌ക്കും അപഹാസ്യനാകരുത്'-അശോകന്‍ ചരുവില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 23, 2021, 07:17 PM | 0 min read

കേന്ദ്രവാക്‌‌സിന്‍ നയത്തില്‍ പ്രതിഷേധിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ആരംഭിച്ച വാക്‌‌സിന്‍ ചലഞ്ചിനെ വിമര്‍ശിച്ച ഡോ.ആസാദിന് മറുപടിയുമായി എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. ബിജെപിക്കും നരേന്ദ്രമോഡിക്കും ക്ഷീണമുണ്ടായാല്‍ അത് സഹിക്കാനാവാത്തവര്‍ കേരളത്തില്‍ വേറെയുണ്ട് എന്നാണ് ആസാദിന്റെ നീക്കം പ്രഖ്യാപിക്കുന്നതെന്ന് ആശോകന്‍ ചരുവില്‍ പറഞ്ഞു. മഹാമാരി കാലത്തും ജനങ്ങളെ ചൂഷണം ചെയ്യാന്‍ മരുന്നു കമ്പനികളെ അനുവദിക്കുന്ന നയങ്ങള്‍ക്കെതിരായ രോഷപ്രകടനമാണ് വാക്‌സിന്‍ ചലഞ്ച്. ഒപ്പം തങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന സംസ്ഥാന സര്‍ക്കാരിനോടുള്ള കളങ്കമില്ലാത്ത സ്‌നേഹപ്രകടനവും. ആസാദിന്റെ അടങ്ങാത്ത സിപിഐ എം വിരോധം എവിടേക്കാണ് എത്തിച്ചേരുകയെന്ന് ശങ്കിച്ചിരുന്നു. ഇപ്പോഴത് മനുഷ്യത്വത്തിന്റെ കണിക പോലുമില്ലാത്ത ജനവിരോധമായി പരിണമിച്ചിരിക്കുകയാണെന്നും അശോകന്‍ ചരുവില്‍ ഫെയ്‌‌സ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌‌സ്‌ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

കോവിഡ് വാക്‌സിന്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് ഡോ.ആസാദ്.

എന്റെ പ്രിയപ്പെട്ട സുഹൃത്ത് ഡോ.ആസാദുമായി നിരവധി സംവാദങ്ങള്‍ ഈ മാധ്യമം ഉപയോഗിച്ച് ഞാന്‍ നടത്തിയിട്ടുണ്ട്. അതിലെല്ലാം അദ്ദേഹത്തിന്റെ അടങ്ങാത്ത സി.പി.എം. വിരോധത്തെ ഞാന്‍ സൂചിപ്പിച്ചിരുന്നു. ആശയപരമല്ലാത്ത ഈ വിരോധം എവിടേക്കാണ് എത്തിച്ചേരുക എന്നായിരുന്നു എന്റെ ശങ്ക. ഇപ്പോഴത് മനുഷ്യത്വത്തിന്റെ കണിക പോലുമില്ലാത്ത ജനവിരോധമായി പരിണമിച്ചിരിക്കുന്നു.

കോവിഡ് വാക്‌സിന്‍ ലഭിച്ചവര്‍ സ്വമേധയാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്ന ഒരു കാംപയിന്‍ ആരംഭിച്ചിട്ടുണ്ടല്ലോ. അതിനെതിരായിട്ടാണ് ഡോക്ടരുടെ രോഷം. അദ്ദേഹത്തിന്റെ വാക്കുകള്‍ പകര്‍ത്തട്ടെ: 'കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെക്കുന്നതിന് കേന്ദ്രം അംഗീകരിച്ച നിരക്ക് സമ്മതിച്ച് അടിവര ചാര്‍ത്തുന്നതു പോലെ ആ സംഖ്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നത് തുടര്‍ന്നു കൂടാ.'

വിരോധവ്രണം പ്രദര്‍ശിപ്പിച്ചു നടക്കേണ്ടി വരുന്ന മുന്‍കമ്യൂണിസ്റ്റുകളുടെ ദൗര്‍ഭാഗ്യത്തെക്കുറിച്ച്  'ശേഷക്രിയ' (എം.സുകുമാരന്‍) നോവലിലെ കുഞ്ഞയ്യപ്പന്‍ എന്ന കഥാപാത്രം ആലോചിക്കുന്നുണ്ട്. ആ പ്രദര്‍ശനത്തേക്കാള്‍ ഭേദം ആത്മഹത്യയാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു. അടിസ്ഥാന ജനവിഭാഗത്തില്‍ നിന്നു വരുന്നതു കൊണ്ടാണ് കുഞ്ഞയ്യപ്പന് അങ്ങനെയൊരു മനോനിലയുണ്ടായത്. അതേസമയം, വിട്ടുപോയ ദത്തുപുത്രന്മാര്‍ ബുദ്ധിജീവികള്‍ ഭാഗ്യവാന്മാര്‍. അവര്‍ക്ക് അങ്ങനെയൊരു മാനസീകസംഘര്‍ഷം ഇല്ല. പ്രദര്‍ശനം വളരെ കേമമായി നടക്കുന്നു.

തന്റെ രോഗകാലം കഴിഞ്ഞുള്ള ആദ്യത്തെ പത്രസമ്മേളനത്തിലാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട കേന്ദ്രനിലപാടുകളെക്കുറിച്ചുള്ള ആശങ്കകള്‍ ജനങ്ങളുമായി പങ്കുവെച്ചത്. കേന്ദ്രസര്‍ക്കാര്‍ എങ്ങനെ നിലപാടുകള്‍ മാറ്റിയാലും കേരളത്തിലെ ജനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുന്‍തീരുമാനത്തില്‍ മാറ്റം വരുത്തുകയില്ല എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതിനുവേണ്ടി ആരുടെയെങ്കിലും സംഭാവനയോ സഹായമോ അദ്ദേഹം അഭ്യത്ഥിച്ചില്ല.

പക്ഷേ ജനങ്ങളില്‍നിന്ന് വിവേകപൂര്‍ണ്ണവും ആവേശകരവുമായ പ്രതികരണമാണ് തുടര്‍ന്നുണ്ടായത്. പ്രളയവും മഹാമാരിയും അതിജീവിച്ചു മുന്നേറുന്ന സര്‍ക്കാരിനെ അവര്‍ക്കു പരിചയമുണ്ടല്ലോ. അവര്‍ വാക്‌സിന് ആവശ്യമായ പണം സ്വമേധയാ CMRDFലേക്ക് സംഭാവനയായി നല്‍കാന്‍ തുടങ്ങി. അനുനിമിഷം സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് പണം ഒഴുകിയെത്തി. ഇങ്ങനെ കിട്ടുന്ന പണം കൊണ്ടൊന്നും വാക്‌സിന്‍ വിഷയത്തില്‍ സര്‍ക്കാരിനുണ്ടാകുന്ന ബാധ്യത പരിഹരിക്കപ്പെടില്ല എന്നത് ഉറപ്പാണ്. പക്ഷേ ഇത് ജനങ്ങളുടെ പ്രതിരോധമാണ്. സംസ്ഥാനങ്ങളെ തകര്‍ക്കുന്ന മോദിസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ ജനകീയസമരം. കത്തുന്ന പുരയുടെ കഴുക്കോല്‍ ഊരുന്ന മട്ടില്‍ ഈ മഹാമാരി കാലത്തും ജനങ്ങളെ ചൂഷണം ചെയ്യാന്‍ മരുന്നു കമ്പനികളെ അനുവദിക്കുന്ന കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരായ രോഷപ്രകടനം. ഒപ്പം തങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന സംസ്ഥാന സര്‍ക്കാരിനോടുള്ള കളങ്കമില്ലാത്ത സ്‌നേഹം. ഈ സ്‌നേഹപ്രവാഹം ഉണ്ടാക്കുന്ന ഇംപാക്ട് രാഷ്ട്രീയത്തില്‍ വളരെ പ്രധാനമാണ്. ഏതു തെരഞ്ഞെടുപ്പ് തോല്‍വിയേക്കാളും ദയനീയമായ അവസ്ഥയില്‍ തലക്ക് അടികൊണ്ട മട്ടിലാണ് ഇന്ന് കേന്ദ്രസര്‍ക്കാരിന്റെ കേരളത്തിലെ വക്താക്കള്‍ കഴിയുന്നത്. അവര്‍ മിണ്ടുന്നില്ല.

പക്ഷേ ബി.ജെ.പി.ക്കും നരേന്ദ്രമോദിക്കും ക്ഷീണമുണ്ടായാല്‍ അത് സഹിക്കാനാവാത്തവര്‍ കേരളത്തില്‍ വേറെയുണ്ട് എന്നാണ് ഡോ.ആസാദിന്റെ നീക്കം പ്രഖ്യാപിക്കുന്നത്.
പ്രിയപ്പെട്ട ആസാദ്, നമ്മള്‍ സുഹൃത്തുക്കളാണ്. താങ്കള്‍ ഇത്രക്കും അപഹാസ്യനാകരുത്.



deshabhimani section

Related News

View More
0 comments
Sort by

Home