'തമിഴ്‌നാടും ഇന്ത്യയിലാണ് സര്‍, തൂത്തുക്കുടി കത്തുമ്പോള്‍ കോഹ്‌ലിയുമായി നിങ്ങള്‍ ഫിറ്റ്‌നസ് കളിക്കുകയാണോ'?; പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 24, 2018, 06:17 AM | 0 min read

 

കൊച്ചി > തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ സമരത്തില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായിട്ടും  ഒരു വാക്കുപോലും പറയാതിരിക്കുകയും വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്തത് ട്വീറ്റ് ചെയ്യാന്‍ സമയം കണ്ടെത്തുകയും ചെയ്ത പ്രധാനമന്ത്രിയുടെ നടപടിക്കെതരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമാകുന്നു

'മോഡീ, തമിഴ്നാട്ടില്‍ പൊലീസ് 12 പേരെ കൊന്നു. നിങ്ങള്‍ വാ തുറന്നിട്ടില്ല. ഇവിടെ നിങ്ങള്‍ ഒരു കായിക താരത്തോടൊപ്പം കളിക്കുകയാണ്, നാണക്കേട്'.

'തമിഴ്നാട്ടില്‍ കഴിഞ്ഞ മൂന്നുദിവസമായി സ്ഥിതി നിയന്ത്രണാതീതമാണ്. ഇതുവരെ 12 പൗരന്മാര്‍ കൊല്ലപ്പെട്ടു. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഇതുവരെ ട്വീറ്റുകളൊന്നും ഈ വിഷയത്തില്‍ വന്നിട്ടില്ല. ഇപ്പോള്‍ നിങ്ങള്‍ വിരാടിന്റെ ഫിറ്റ്നസ് ചലഞ്ച് കളിക്കുകയാണ്. ഇതുപോലെ നാണംകെട്ട ഒരു പ്രധാനമന്ത്രിയുള്ളതില്‍ ലജ്ജതോന്നുന്നു'; എന്നാണ് മറ്റൊരു പ്രതികരണം.

 മലിനീകരണമുണ്ടാക്കുന്ന സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരായ ജനകീയസമരത്തിനുനേരെ പൊലീസ് നടത്തിയ വെടിവയ്പിലാണ് കൂട്ടമരണമുണ്ടായത്. പ്രക്ഷോഭത്തിന്റെ നൂറാം ദിവസമായ ചൊവ്വാഴ്ച രാവിലെ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനുനേരെയാണ് വെടിവയ്പുണ്ടായത്. വെടിവയ്പിലും ലാത്തിച്ചാര്‍ജിലും 40 പൊലീസുകാര്‍ അടക്കം ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കുപറ്റി.

കൊല്ലപ്പെട്ടവരില്‍ രണ്ടു യുവതികളും 17വയസുള്ള വിദ്യാര്‍ഥിയും ഉള്‍പ്പെടുന്നു. കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളും മലിനീകരണവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്ന സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി അവസാനവാരം മുതല്‍ ജനങ്ങള്‍ പ്രക്ഷോഭത്തിലാണ്.

സമാധാനപരമായി നടക്കുന്ന പ്രക്ഷോഭത്തെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. നിരോധനാജ്ഞ ലംഘിച്ച് ഇരുപതിനായിരത്തിലേറെ പേര്‍ അണിനിരന്ന മാര്‍ച്ച് കലക്ടറേറ്റ് പരിസരത്ത് എത്തുന്നതിനുമുമ്പ് പൊലീസ് തടഞ്ഞതോടെ സംഘര്‍ഷമായി. തുടര്‍ന്ന് പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി.  പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയെങ്കിലും ജനക്കൂട്ടം പിരിഞ്ഞുപോയില്ല.

   ജനങ്ങള്‍ക്കുനേരെ പലതവണ കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. ഇതിനിടയിലാണ് പൊലീസ് വെടിവച്ചത്.വെടിവയ്പില്‍ ആറുപേര്‍ തല്‍ക്ഷണം മരിച്ചു.

ചൊവ്വാഴ്ച കേന്ദ്ര ഐ.ടി മന്ത്രി രാജ്യവര്‍ധന്‍ റാത്തോറാണ് ട്വിറ്ററില്‍ ഫിറ്റ്നസ് ചലഞ്ചിന് തുടക്കമിട്ടത്. പുഷ് അപ്പ് ചെയ്യുന്ന വീഡിയോ പോസ്റ്റു ചെയ്തുകൊണ്ടായിരുന്നു റാത്തോര്‍ ചലഞ്ച് നടത്തിയത്. കൊഹ്‌ലിയേയും സൈന നെഹ്വാളിനേയും ഹൃത്തിക് റോഷനേയും റാത്തോര്‍ വെല്ലുവിളിക്കുകയായിരുന്നു

 



deshabhimani section

Related News

View More
0 comments
Sort by

Home