തൃക്കാക്കരയിൽ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല...രേണു രാമനാഥ്‌ എഴുതുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 04, 2022, 12:15 PM | 0 min read

തൃക്കാക്കര തെരഞ്ഞെടുപ്പ്‌ ഫലത്തെപ്പറ്റി പ്രമുഖ മാധ്യമപ്രവർത്തകയും മണ്ഡലത്തിലെ വോട്ടറുമായ രേണു രാമനാഥ്‌ എഴുതുന്നു.

പൊതുവെ എറണാകുളത്തെ തെരഞ്ഞെടുപ്പുകളും, എറണാകുളത്തമ്പലത്തിലെ ഉത്സവവും ഏതാണ്ടൊരുപോലെയാണു കടന്നു പോകാറുള്ളത്.  തെരഞ്ഞെടുപ്പ് പ്രചരണവും ഉത്സവവും അതിന്റെ വഴിക്ക് നടക്കും, പ്രത്യേകിച്ചാരും മൈൻഡ് ചെയ്യില്ല, നഗരം അതിന്റെ വഴിക്കും നടക്കും.
 
എറണാകുളം നഗരവും, ജില്ലയും പൊതുവെ ഒരുകാലത്തും ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്നിട്ടില്ല.  1952-ൽ, കേരളം രൂപീകരിക്കും മുമ്പ്, എറണാകുളം പാർലമെൻ്റ് മണ്ഡലം രൂപീകരിക്കപ്പെട്ടതിനു ശേഷം,  സിപിഐ എം ചിഹ്നത്തിൽ മത്സരിച്ച ഒരേയൊരു സ്ഥാനാർത്ഥി മാത്രമേ അവിടെ ജയിച്ചിട്ടുള്ളൂ - വി. വിശ്വനാഥമേനോൻ (1967).  പിന്നെ എൽ. ഡി. എഫ് സ്വതന്ത്രന്മാരായിട്ട് സേവിയർ അറയ്ക്കലും, സെബാസ്റ്റ്യൻ പോളും.  ഈ സെബാസ്റ്റ്യൻ പോൾ തന്നെയാണു 2016-ൽ അരിവാൾ-ചുറ്റിക-നക്ഷത്രം അടയാളത്തിൽ തൃക്കാക്കരയിൽ നിന്ന് അസംബ്ലിയിലേക്കു മത്സരിച്ച് പി. ടി. തോമസിനോട് പരാജയപ്പെട്ടതും.  സെബാസ്റ്റ്യൻ പോൾ പാർട്ടി ആദ്യമായി പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നുവെന്നത് അന്ന് വാർത്തയായിരുന്നു.  

2011-ൽ നടന്ന അസംബ്ലി മണ്ഡല ഡി ലിമിറ്റേഷൻ അനുസരിച്ചാണു  തൃക്കാക്കര അസംബ്ലി മണ്ഡലം രൂപം കൊള്ളുന്നത്.  തൃപ്പൂണിത്തുറ, എറണാകുളം അസംബ്ലി മണ്ഡലങ്ങളിൽ നിന്ന് എടുത്ത പ്രദേശങ്ങൾ ചേർത്താണു പുതുതായി തൃക്കാക്കര മണ്ഡലത്തിനു രൂപം കൊടുത്തത്.  ഇതിൽ എറണാകുളം അസംബ്ലി മണ്ഡലം രൂപം കൊണ്ട 1957 മുതൽ ഇന്നു വരെ ഒരൊറ്റ തവണ പോലും സിപിഐ എം പാർട്ടി ചിഹ്നത്തിൽ വിജയിച്ചിട്ടില്ല. രണ്ടേ രണ്ടു  എൽ. ഡി. എഫ് സ്വതന്ത്രന്മാർ - സാനു മാഷും സെബാസ്റ്റ്യൻ പോളും - മാത്രമാണവിടെ കോൺഗ്രസിനെ പരാജയപ്പെടുത്തിയിട്ടുള്ളത്.   

തൃപ്പൂണിത്തുറയിലാണെങ്കിൽ, കോൺഗ്രസും സി പി ഐ എമ്മും മാറി മാറിവരുന്ന പ്രവണതയായിരുന്നു ആദ്യകാലത്തൊക്കെ.  പക്ഷെ, 1991 മുതൽ 2016 വരെ തുടർച്ചയായി അവിടെ വിജയിച്ചു പോന്നത് കെ. ബാബുവായിരുന്നു.  ബാബുവിന്റെ ഈ തേരോട്ടത്തിനു വിരാമമിട്ടത് 2016-ൽ എം. സ്വരാജാണു.  പക്ഷെ, 2021-ലെ എൽ. ഡി. എഫിന്റെ തകർപ്പൻ പ്രകടനത്തിനിടയിലും സ്വരാജിനെ പരാജയപ്പെടുത്തി ബാബു മണ്ഡലം തിരിച്ചു പിടിക്കുകയായിരുന്നു.  

തൃക്കാക്കര മണ്ഡലം രൂപീകരിക്കപ്പെട്ട  2011-ൽ ബെന്നി ബഹനാൻ 22,406 വോട്ടിന്റെ ഭൂരിപക്ഷത്തിനു സിപിഐ എമ്മിന്റെ എം. ഇ. ഹസൈനാറെ തോല്പിച്ചു.  ഹസൈനാർക്കു കിട്ടിയത് 43,448 വോട്ട്.

2016-ൽ പി. ടി. തോമസിന്റെ ഭൂരിപക്ഷം 11,966 ആയി കുറഞ്ഞു. സെബാസ്റ്റ്യൻ പോൾ ജയിച്ചില്ലെങ്കിലും മണ്ഡലത്തിൽ ഇടതുപക്ഷത്തിനു ഇന്നു വരെ കിട്ടിയ ഏറ്റവും ഉയർന്ന വോട്ട് (49,455) നേടാൻ കഴിഞ്ഞു. 
   
2021-ൽ പി. ടി. തോമസ് ജയിക്കുന്നത് 13,813 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു.  അന്ന് എൽ. ഡി. എഫ് സ്വതന്ത്രൻ ഡോ. ജെ. ജേക്കബിനു കിട്ടിയത് 44,894 വോട്ട്.  
2021ലെ വോട്ടിംഗ്‌ നില
2022-ൽ ഉമാ തോമസിനു 25,015 വോട്ട് ഭൂരിപക്ഷം കിട്ടുമ്പോൾ, എൽ. ഡി. എഫ് സ്ഥാനാർത്ഥി (ചിഹ്നത്തിൽ മത്സരിച്ച) ഡോ. ജോ ജോസഫിനു 47,752 വോട്ടാണു കിട്ടിയിട്ടുള്ളത്.  അതായത്, കഴിഞ്ഞ വർഷം ലഭിച്ചതിലും 2,858 വോട്ടു കൂടുതൽ.  ഇത്തവണ പോളിങ്ങ് ശതമാനം കഴിഞ്ഞ തവണത്തേതിലും കുറവായിരുന്നു.
 
2021-ൽ ബി. ജെ. പിക്കു കിട്ടിയ 15,218 വോട്ട് ഇത്തവണ 12,588 ആയി കുറഞ്ഞു.  ഠ20-ക്ക് കഴിഞ്ഞ തവണ 13,773 വോട്ടായിരുന്നു.  ഇക്കുറി സ്ഥാനാർത്ഥിയില്ലാത്തതിനാൽ ആ വോട്ടെല്ലാം മുഖ്യ സ്രോതസ്സായ യു. ഡി. എഫ് വോട്ടുബാങ്കിലേക്കു തന്നെ ചെന്നു ചേർന്നിരിക്കും.  പിന്നെ കഴിഞ്ഞ തവണ ആടജ, ഉലടഖജ എന്നിവയും മൂന്ന് സ്വതന്ത്രന്മാരും ചേർന്ന് ഏതാണ്ട് ആയിരത്തോളം വോട്ടും പിടിച്ചിട്ടുണ്ട്.  ഇക്കുറി സ്വതന്ത്രന്മാർ മാത്രം ചേർന്ന് ഏതാണ്ട് 700 വോട്ടും, പുറമെ ആയിരത്തിൽപ്പരം നോട്ടയും.  

അതായത് മണ്ഡലം രൂപീകരിക്കപ്പെട്ട 2011 മുതൽ തൃക്കാക്കരയിൽ എൽ. ഡി. എഫിനു കിട്ടിപ്പോന്ന വോട്ടിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടില്ല എന്നതാണു സത്യം.  ബി ജെ പി വോട്ടുകളിൽ വരുന്ന ഏറ്റക്കുറച്ചിലുകളും ശ്രദ്ധിക്കേണ്ടതാണു.  ബി. ജെ. പി. ഏറ്റവും കൂടുതൽ വോട്ടു നേടിയത് പി. ടി. തോമസിനു 11,966 മാത്രം ഭൂരിപക്ഷം കിട്ടിയ 2016-ൽ ആയിരുന്നു.  അന്നത്തെ ബി. ജെ. പി വോട്ട് 21,247.  
2022 ലെ വോട്ടിംഗ്‌ നില
എന്നുവെച്ചാൽ, ഉണ്ടായ കാലം മുതൽ യു. ഡി. എഫിനെ മാത്രം വിജയിപ്പിച്ചു വന്ന ഒരു മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ. ഡി. എഫിന്റെ വോട്ട് കൂടിയിട്ടുണ്ട് എന്നതാണു ഇടതുപക്ഷത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യം.

തൃക്കാക്കരയിലും എറണാകുളത്തും വർഷങ്ങളായി വീണുകൊണ്ടിരിക്കുന്ന യു. ഡി. എഫ്. - എൽ. ഡി. എഫ് വോട്ടുകൾ ഏറെക്കുറെ പരമ്പരാഗതവോട്ടുകളാണു.  ഈ പരമ്പരാഗത യു. ഡി. എഫ് വോട്ടുകളുടെ സ്വഭാവമെന്താണെന്നു വച്ചാൽ, അതു വീഴുന്നത് പ്രതേകിച്ചെന്തെങ്കിലും രാഷ്ട്രീയബോധത്തിന്റെയോ, പ്രത്യയശാസ്ത്രത്തിന്റെയോ അടിസ്ഥാനത്തിലല്ല എന്നതാണു.  ശീലത്തിന്റെ പുറത്ത് എന്നു വേണമെങ്കിൽ പറയാം.  എന്തെങ്കിലും രാഷ്ട്രീയബോധമുണ്ടെങ്കിൽ അത് കമ്യൂണിസ്റ്റ് വിരുദ്ധത എന്നതായിരിക്കും.   വോട്ട് ചെയ്യണമെന്നു താല്പര്യമുള്ള, അതായത് ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാൻ വൈമുഖ്യമില്ലാത്ത, എന്നാൽ കമ്യൂണിസ്റ്റുകാർ മൊത്തം ചെകുത്താന്റെ അവതാരങ്ങളാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു വിഭാഗം.
 
ആ വിഭാഗത്തിനെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കുകയെന്നത് അത് എളുപ്പമല്ല.  തെരഞ്ഞെടുപ്പ് പ്രക്രിയയോടു തന്നെ മുഖം തിരിച്ചു നിൽക്കുന്ന നഗരവാസികളായ മദ്ധ്യവർഗ്ഗത്തിനെ ആകർഷിക്കുകയെന്നതും ഒന്നൊന്നരപ്പണിയാണു.  ജോ ജോസഫിനു പകരം ആരു വന്നാലും ഇപ്പോഴത്തെ വോട്ടിങ്ങ് പാറ്റേണിൽ വലിയ വ്യത്യാസമൊന്നും വരില്ല.  എറണാകുളത്ത് ഏറ്റവുമധികം വേരുകളുള്ള  സെബാസ്റ്റ്യൻ പോളിനു പോലും ജയിക്കാനാവാത്ത മണ്ഡലമാണെന്നും ഓർക്കണം.  

എന്തായാലും നാടും നാട്ടാരുമ റിയാതെ നടന്നു പോകാറുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ ഇക്കുറി ആദ്യമായിട്ടാണു ആളും ആരവവും ആയി നടക്കുന്നത്.  തുറന്നു പറഞ്ഞാൽ, ഒരു പാർട്ടി ഘടനയുടെ സാന്നിദ്ധ്യം എറണാകുളത്തു വന്നതിനു ശേഷം നേരിട്ടറിയുന്നതും ഇത്തവണയാണു.  ബൂത്ത് തലത്തിൽ ഉറപ്പുള്ള വോട്ടർമാരെ ബന്ധപ്പെട്ട് പോളിങ്ങ് ബൂത്തിലെത്തിക്കുന്ന പ്രവർത്തനവും ഇക്കുറി ശുഷ്കാന്തിയോടെ നടന്നിട്ടുണ്ടെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാൻ കഴിയും.  അതിന്റെ ഫലമാണു കൂടിയ 2000 ത്തിൽപ്പരം വോട്ട് എന്നും സംശയമില്ലാതെ പറയാം.  

പരമ്പരാഗത വോട്ട് ബേസ് വ്യാപിപ്പിക്കാനുള്ള അടിത്തറ പ്രവർത്തനങ്ങളിലൂടെ മാത്രമേ തൃക്കാക്കരയിലും എറണാകുളത്തും അടുത്ത പൊതു തെരഞ്ഞെടുപ്പിലെങ്കിലും എന്തെങ്കിലും ഒരു അത്ഭുതം സൃഷ്ടിക്കാൻ സാധിക്കൂ.  ഈ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ നേതൃത്വത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ കൂടുതൽ മെച്ചപ്പെട്ട ഒരു പാർട്ടി ഘടന കെട്ടിപ്പടുക്കാനും അടിത്തറ ഉറപ്പിക്കാനും  എറണാകുളത്തെ പ്രവർത്തകരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Home