മലയാളത്തിന്റെ മഞ്ജുഭാവത്തിന് ഇന്ന് പിറന്നാൾ

പ്രതിസന്ധികളെ ഒരു ചെറു പുഞ്ചിരിയോടെ നേരിട്ടവൾ, മലയാളത്തിന്റെ മഞ്ജു ഭാവത്തിന് ഇന്ന് പിറന്നാൾ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നായികയാണ് മഞ്ജു വാര്യർ. 1978 സെപ്റ്റംബർ 10 ന് മാധവൻ വാര്യര്‍ - ഗിരിജ ദമ്പതികളുടെ മകളായി കന്യാകുമാരിയിലാണ് മഞ്ജുവിന്റെ ജനനം. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു, രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകമായിരുന്നു. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 1999-ൽ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു.
അഭിനയ ജീവിതത്തിന്റെ രണ്ടാം വരവിൽ പ്രേക്ഷകര്‍ ആരവത്തോടെ അതിലേറെ നിറഞ്ഞ മനസോടെ സ്വീകരിച്ച ഒരു നായിക വേറെയുണ്ടാവില്ല.. കല്യാൺ ജ്വല്ലറിയുടെ പരസ്യത്തിൽ അമിതാഭ് ബച്ചനൊപ്പമായിരുന്നു മഞ്ജു തന്റെ രണ്ടാം വരവ് അടയാളപ്പെടുത്തിയത്. തുടർന്ന് ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ അവർ മലയാള സിനിമാ രംഗത്തേക്കും മടങ്ങിയെത്തി. മഞ്ജു വാര്യർ തൻ്റെ അഭിനയപാടവം മലയാളത്തിൽ മാത്രം ഒതുക്കി നിർത്തിയില്ല. തമിഴ്, ഹിന്ദി സിനിമകളിലും തന്റെ കഴിവ് തെളിയിച്ച് അവർ ഇന്ത്യൻ സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തി. 2019-ൽ ധനുഷിനൊപ്പം അഭിനയിച്ച ‘അസുരൻ’ എന്ന തമിഴ് സിനിമയിലെ പച്ചയമ്മാൾ എന്ന കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഈ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ മഞ്ജുവിനെ തേടിയെത്തി.
നർത്തകിയിൽ തുടങ്ങി നായികയായും ഗായികയായും സിനിമാ ലോകത്തെ വിസ്മയിപ്പിക്കാൻ മഞ്ജുവിനായിട്ടുണ്ട്. കണ്ണെഴുതി പൊട്ടുംതൊട്ട്' എന്ന ചിത്രത്തിലെ 'ചെമ്പഴുക്കാ ചെമ്പഴുക്കാ...' എന്ന ഗാനം ആലപിച്ച മഞ്ജു ആ രംഗത്തും പ്രേക്ഷകപ്രീതി നേടി. ജാക്ക് ആൻഡ് ജിൽ എന്ന സിനിമയ്ക്കായി ആലപിച്ച 'കിം കിം കിം...' ഗാനവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. മലയാള സിനിമയിലെ സ്റ്റീരിയോടൈപ്പ് സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി കൗമാരക്കാരിയുടെ അമ്മയായും ഭാര്യയായും ചുറുചുറുക്കുള്ള പെൺകുട്ടിയായും ധീരയായ സ്ത്രീ കഥാപാത്രങ്ങളാലും മഞ്ജു സിനിമാ ലോകത്ത് തിളങ്ങി നിൽക്കുന്നു..









0 comments