മുത്തുമഴ തോരുന്നില്ല

ആർ ഹേമലത
Published on Jul 12, 2025, 10:01 PM | 2 min read
"ഇന്നും വരും എന്തൻ കഥൈ...’ തമിഴ് സംഗീതലോകത്ത് ‘മുത്തുമഴൈ’ പെയ്യിക്കുകയാണ് പിന്നണി ഗായിക ചിന്മയി ശ്രീപാദ. മധുരതരമായ ഒരു പകരംവീട്ടലിന്റെ ഇഴചേരലുണ്ട് ആ പാട്ടിൻ തന്തികളിൽ. തുറന്നു പറച്ചിലിന്റെ പേരിൽ വർഷങ്ങളായി വിലക്ക് നേരിടുകയാണ് ചിന്മയി. മണിരത്നത്തിന്റെ തഗ്‌ലൈഫ് എന്ന സിനിമയുടെ തെലുങ്ക്, ഹിന്ദി പതിപ്പുകളിൽ പാടാനുള്ള അവസരം നൽകിയെങ്കിലും വിലക്ക് നേരിടുന്നതിനാൽ ഏറെ പിന്തുണച്ച എ ആർ റഹ്‌മാനുപോലും തമിഴ് വേർഷനിൽനിന്ന് അവരെ മാറ്റിനിർത്തേണ്ടി വന്നു. പകരം ധീയാണ് പാടിയത്. എന്നാൽ, തഗ്‌ലൈഫിന്റെ ഓഡിയോ ലോഞ്ചിൽ ധീ-ക്ക് എത്താൻ സാധിക്കാതെ വന്നു. സ്‌റ്റേജിൽ ലൈവ് പാടാൻ അപ്രതീക്ഷിത അവസരം ലഭിച്ചതോടെ ചിന്മയിയും അവരുടെ പാട്ടും സർവ സീമകളും ലംഘിച്ച് പുറത്തുവന്നു. സംഗീതലോകം ഇന്നത് ഇരു കൈയുംനീട്ടി ആഘോഷിക്കുന്നു. മണിരത്നവും കമൽ ഹാസനും എ ആർ റഹ്‌മാനും തൃഷയുമൊക്കെ അടങ്ങുന്ന സദസ്സിനു മുമ്പിൽ ചിന്മയി പാടി. യഥാർഥ പാട്ടിലും അപ്പുറം ചിന്മയിയുടെ വേർഷൻ അഞ്ചുകോടിയിലധികം പേരാണ് സോഷ്യൽ മീഡിയയിലും യുട്യൂബിലും കണ്ടത്.
ഇന്ത്യയിലെ മികച്ച ഗായകരിൽ ഒരാളാണ് ചിന്മയി. തമിഴ് സിനിമയിൽ തുടങ്ങി, തെലുങ്ക്, കന്നഡ, മലയാളം, ഗുജറാത്തി, കൊങ്കിണി, മറാത്ത, ഹിന്ദി ഭാഷകളിലായി അഞ്ഞൂറിലധികം ഗാനങ്ങൾ ആലപിച്ചു. മൂന്നു പ്രാവശ്യം തമിഴ്‌നാട് സർക്കാർ മികച്ച ഗായികയ്‌ക്കുള്ള അവാർഡ് നൽകി. 2002-ൽ പുറത്തിറങ്ങിയ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ എന്ന തമിഴ് ചിത്രത്തിൽ എ ആർ റഹ്മാന്റെ സംഗീതത്തിൽ "ഒരു ദൈവം തന്ത പൂവേ...' എന്ന കന്നിപ്പാട്ടിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടെങ്കിലും അത് ലഭിച്ചില്ല. എന്നാൽ, തമിഴ്നാട് സർക്കാരിന്റെ മികച്ച പിന്നണിഗായികയ്ക്കുള്ള പുരസ്കാരം ആ പാട്ടിലൂടെ ചിന്മയിയെ തേടിയെത്തി.
ആരും സ്വപ്‌നം കാണുന്ന സ്വീകാര്യതയാണ് സിനിമാ ഗാനരംഗത്ത് ചിന്മയിക്ക് ലഭിച്ചത്. 2006ൽ സില്ലുനു ഒരു കാതൽ ചിത്രത്തിൽ ഭൂമിക ചൗളയ്ക്കുവേണ്ടി ശബ്ദം നൽകി ഡബ്ബിങ് ആർട്ടിസ്‌റ്റായി. തമിഴ് സിനിമാ സംഗീതത്തെ അടക്കിഭരിക്കുന്ന വൈരമുത്തുവിന്റെ ലൈംഗികാതിക്രമങ്ങളിലെ മീട്ടൂ ആരോപണത്തെ തുടർന്നാണ് തമിഴ് സിനിമയിൽനിന്ന് അവർക്ക് വിലക്ക് നേരിട്ടത്. മീട്ടൂ മൂവ്‌മെന്റിന്റെ ഭാഗമായുള്ള തുറന്നുപറച്ചിൽ തമിഴ് സിനിമാ മേഖലയെ പിടിച്ചുകുലുക്കി. എങ്കിലും ചിന്മയിയുടെ കരിയർ പെട്ടെന്ന് അവസാനിച്ചപോലെയായി. ഡബ്ബിങ് ആർട്ടിസ്റ്റ് യൂണിയൻ പ്രസിഡന്റ് രാധാ രവിയെക്കുറിച്ചുള്ള തുറന്നുപറച്ചിലിന്റെ പേരിൽ യൂണിയനിൽനിന്ന് പുറത്തായി. തൊഴിലെടുക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു. ഈ കാലയളവിൽ വലിയ പിന്തുണ നൽകി സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത ചിന്മയിയെ ചേർത്തു നിർത്തി. 96 അടക്കമുള്ള സിനിമകളിൽ അവസരം ലഭിച്ചു. വിജയ്– ലോകേഷ് കനകരാജ് ചിത്രം ലിയോയിൽ തൃഷയ്‌ക്കു ശബ്ദമായി. തമിഴ് സിനിമയിൽ പാടുന്നതിൽനിന്നും ഡബ്ബ് ചെയ്യുന്നതിൽനിന്നും വിലക്ക് നേരിടുന്നതിനിടയിലാണ് തഗ്‌ലൈഫ് എത്തുന്നത്.
1984 സെപ്തംബർ 10ന് മുംബൈയിലാണ് ചിന്മയിയുടെ ജനനം. ചിന്മയിക്ക് ഒരു വയസ്സു കഴിഞ്ഞപ്പോഴേക്കും അച്ഛനും അമ്മയും വേർപിരിഞ്ഞു. അമ്മയോടൊപ്പം താമസം ചെന്നൈയിലേക്ക് മാറ്റി. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ചിന്മയിയുടെ ആദ്യ ഗുരു സംഗീതപാരമ്പര്യമുള്ള അമ്മതന്നെയായിരുന്നു. ചിന്മയിയുടെ ‘മൂത്തു മഴൈ...’ യുട്യൂബിൽ റിലീസായി മണിക്കൂറുകൾക്കകം അഭിനന്ദന പ്രവാഹമായി. ധീ പാടിയ തമിഴ് ഒറിജിനൽ ട്രാക്കിനു പകരം ചിന്മയി പാടിയ ട്രാക്ക് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങൾ ക്യാമ്പയിൻ തുടങ്ങി.
നീതിക്കായി പുറത്തെടുത്ത പോരാട്ടവീര്യത്തെ നിശ്ശബ്ദമാക്കാൻ ശ്രമിച്ചവർക്കു നേരെ താൻ ഇനിയും ഉയിർകൊള്ളുമെന്ന പ്രഖ്യാപനം, നമ്മൾ കണ്ട; കേട്ട ഉയിർത്തെഴുന്നേൽപ്പുകളുടെ കഥകളിൽ ഏറ്റവും മിഴിവേറിയ കാഴ്‌ചയായി മാറുന്നതിന് തഗ്‌ലൈഫിന്റെ ഓഡിയോ ലോഞ്ച് വേദി സാക്ഷ്യം വഹിച്ചു. സംഗീത ചുംബനങ്ങളുടെ മഴ അവസാനിക്കുന്നില്ല. മുല്ലപ്പൂ മണമുള്ള രാത്രികൾ അണഞ്ഞു തീരുന്നില്ല. "ഇന്നും ഒരു മുറൈ എന്തെൻ കഥൈ സൊല്ലുവാ...’ ചിന്മയി തുടരുകയാണ്...









0 comments