സ്വീഡനില്‍ ട്രെൻഡായി ‘പ്രേമം’: കമന്റുമായി നിവിൻപോളിയും

‘പ്രേമം’ഇറങ്ങീട്ട് വർഷം കുറച്ച് കഴിഞ്ഞെങ്കിലും സിനിമയിലെ ‘പതിവായ് ഞാൻ അവളെ കാണാൻ പോകാറുണ്ടേ’ എന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ്. ഗാനം പുനരാവിഷ്കരിച്ച് സ്വീഡൻ ആക്ടർ കാൾ സ്വാൻബർഗ്. സിനിമയിൽ കാണുന്നത് പോലെ പ്രണയിക്കുന്ന കുട്ടിയെ കാണാൻ സുഹൃത്തിനൊപ്പം അവളുടെ വീടിന്റെ ഗേറ്റ് തുറന്ന് കയറുന്നതും അച്ഛനെ കണ്ട് തിരിച്ച് ഓടുന്നതുമാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. ശബരീഷ് വർമ വരികൾ എഴുതിയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് രാജേഷ് മുരുകേശനാണ്. ശബരീഷും രാജേഷും ചേർന്ന് ആലപിച്ച ഗാനം അക്കാലത്ത് വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
വലിയ ജനശ്രദ്ധയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ‘പ്രേമം’ സിനിമയുടെ സംവിധായകൻ അൽഫോൺസ് പുത്രനും സിനിമയിലെ നായകൻ നിവിൻ പോളിയും വീഡിയോയ്ക്ക് താഴെ സ്നേഹം അറിയിച്ചിട്ടുണ്ട്. കൂടാതെ നിരവധി മലയാളികളും കമന്റുമായി എത്തിയിട്ടുണ്ട്. ‘ഇത് നമ്മുടെ വിജയം’, ‘പണ്ട് നാട് വിട്ട് പോയ സുകുവിന്റെ മോൻ’, ‘മകനെ മടങ്ങി വരൂ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ഇന്ത്യൻ സിനിമകളിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്ന സ്വീഡിഷ് അഭിനേതാവാണ് കാൾ സ്വാൻബർഗ്. ഇന്ത്യൻ ഭാഷകളിലെ ലിപ് സിങ്ക് വിഡിയോകളും ഡാൻസ് വിഡിയോകളും ചെയ്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ള താരത്തിന് ഒരു മില്യണിലധികം ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിലുള്ളത്.








0 comments