ചെയർമാൻ സ്ഥാനാർഥിയുടെ പത്രിക തള്ളി തുടക്കത്തിലേ 
കോൺഗ്രസിന്‌ തിരിച്ചടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2025, 12:01 AM | 1 min read

കൽപ്പറ്റ തദ്ദേശ തെരഞ്ഞെടുപ്പ്‌ സ്ഥാനാർഥി നിർണയത്തിലെ തമ്മിലടിയ്‌ക്കും വിമതശല്യത്തിനും പിന്നാലെ വയനാട്ടിൽ യുഡിഎഫിന്‌ വീണ്ടും തിരിച്ചടി. കൽപ്പറ്റ നഗരസഭയിൽ ചെയർമാനായി പരിഗണിച്ച കോൺഗ്രസ്‌ സ്ഥാനാർഥിയുടെ പത്രിക സൂക്ഷ്‌മ പരിശോധനയിൽ തള്ളി. പട്ടികവർഗ സംവരണ വാർഡായ 23– വെള്ളാരംകുന്നിലെ സ്ഥാനാർഥി കെ ജി രവീന്ദ്രന്റെ പത്രികയാണ്‌ വരണാധികാരിയായ ജില്ലാ ജോയിന്റ്‌ രജിസ്‌ട്രാർ അബ്‌ദുൾ റഷീദ്‌ തള്ളിയത്‌. കൽപ്പറ്റ നഗരസഭ മുൻ സെക്രട്ടറിയാണ്‌. ഒ‍ൗദ്യോഗിക കാലയളവിൽ രവീന്ദ്രൻ നഗരസഭയ്‌ക്ക്‌ ബാധ്യതയുണ്ടാക്കിയെന്ന്‌ വ്യക്തമായതിനെ തുടർന്നാണ്‌ പത്രിക തള്ളിയത്‌. നാമനിർദേശ പത്രികയോടൊപ്പം നൽകിയ ബാധ്യതകളുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിൽ ഇത്‌ വ്യക്തമാക്കിയിരുന്നില്ല. എൽഡിഎഫ്‌ രേഖകൾ സഹിതം ഇത്‌ ചൂണ്ടിക്കാട്ടി. മത്സരിക്കുന്ന തദ്ദേശ സ്ഥാപനത്തോട്‌ സ്ഥാനാർഥിയ്‌ക്ക്‌ ബാധ്യതയുണ്ടാകരുതെന്ന തെരഞ്ഞെടുപ്പ്‌ വ്യവസ്ഥയും യുഡിഎഫിന്‌ തിരിച്ചടിയായി. 2017 കാലത്ത്‌ വിവിധ പദ്ധതികളുടെ നിർവഹണവുമായി ബന്ധപ്പെട്ട്‌ നഗരസഭയ്‌ക്ക്‌ 3 ലക്ഷം രൂപയിലധികം രവീന്ദ്രൻ നഷ്‌ടമുണ്ടാക്കിയതായി ലോക്കൽ ഫണ്ട്‌ ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ഇ‍ൗ തുക തിരിച്ച്‌ പിടിക്കണമെന്ന്‌ ലോക്കൽ ഫണ്ട്‌ ഓഡിറ്റ്‌ വകുപ്പ്‌ ഡയറക്ടർ റിപ്പോർട്ടും നൽകിയിരുന്നു. ശനി രാവിലെ പത്തോടെ ജില്ലാ ജോയിന്റ്‌ രജിസ്‌ട്രാർ ഓഫീസിൽ ആരംഭിച്ച സൂക്ഷ്‌മ പരിശോധനയിൽ എൽഡിഎഫ്‌ നേതാക്കൾ വിഷയം ഉന്നയിച്ചു. എൽഡിഎഫ്‌ സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിച്ച വരണാധികാരി യുഡിഎഫിന്‌ വാദമുന്നയിക്കാൻ ഒരുമണിക്കൂർ സമയം നൽകി. യുഡിഎഫ്‌ നേതാക്കളുടെയും സ്ഥാനാർഥിയുടെ അഭിഭാഷകരുടെയും വാദം അംഗീകരിക്കാതെയാണ്‌ വരണാധികാരി പത്രിക തള്ളിയത്‌. ചെയർമാൻ സ്ഥാനം പട്ടികവർഗ വിഭാഗത്തിന്‌ സംവരണംചെയ്‌ത കൽപ്പറ്റ നഗരസഭയിൽ രവീന്ദ്രനെയാണ്‌ യുഡിഎഫ്‌ പരിഗണിച്ചിരുന്നത്‌. രണ്ട്‌ വർഷം മുമ്പ്‌ വിരമിച്ച കോൺഗ്രസ്‌ അനുകൂല സർവീസ്‌ സംഘടനാ നേതാവായ രവീന്ദ്രനെ ഉയർത്തിക്കാട്ടിയായിരുന്നു പ്രചാരണം. അപ്രതീക്ഷിതമായി ലഭിച്ച തിരിച്ചടിയായി പത്രിക തള്ളൽ.



deshabhimani section

Related News

View More
0 comments
Sort by

Home