ജില്ലാ സ്‌കൂൾ കലോത്സവം
മദ്യപിച്ച് നാടകം അലങ്കോലമാക്കിയ അധ്യാപകനെതിരെ പരാതി

മാനന്തവാടി ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മദ്യപിച്ചെത്തി ഹൈസ്‌കൂൾ വിഭാഗം നാടകമത്സരം അലങ്കോലമാക്കിയ അധ്യാപകനെതിരെ മത്സരാർഥികൾ വിദ്യാഭ്യാസ മന്ത്രിക്കും ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്‌ടർക്കും പരാതി നൽകി. കലോത്സവ പ്രോഗ്രാം കമ്മിറ്റി ചുമതലയുള്ള കോൺഗ്രസ് അധ്യാപക സംഘടനയുടെ സംഘാടകനായി എത്തിയ നടവയൽ സെന്റ് തോമസ് സ്‌കൂളിലെ അധ്യാപകൻ മാത്യുവിനെതിരെയാണ് വിദ്യാർഥികൾ പരാതി നൽകിയത്. കാക്കവയൽ ഹൈസ്‌കൂളിലെ കുട്ടികൾ വെള്ളി രാത്രി ഏഴിന് ഫാസിസത്തിനെതിരെ അവതരിപ്പിച്ച നാടകമാണ് ക്ലൈമാക്‌സ് രംഗത്തിനിടെ വേദിയിലേക്ക് കടന്നുചെന്ന് കർട്ടൺ താഴ്‌ത്താൻ ആവശ്യപ്പെട്ട് അലങ്കോലമാക്കിയത്. സംഘാടകന്റെ ബാഡ്‌ജണിഞ്ഞ് നാടക അവതരണത്തിനിടെ പെൺകുട്ടികളോടുൾപ്പെടെ മോശമായി സംസാരിച്ചെന്ന് മത്സരാർഥികൾ പറഞ്ഞു. ചില മാധ്യമങ്ങൾ മദ്യപിച്ചെത്തിയ അധ്യാപകൻ കെഎസ്‌ടിഎ പ്രവർത്തകനാണെന്ന വ്യാജപ്രചാരണവും നടത്തി. അധ്യാപകനെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്‌ടർ വി എ ശശീന്ദ്രവ്യാസ് പറഞ്ഞു.








0 comments