തോരുന്നില്ല, നിലാമഴയുടെ ഈണങ്ങൾ

കെ വി രഞ്ജിത്
Published on May 18, 2025, 12:00 AM | 2 min read
ഗസലിന്റെ ഇഴകളാൽ കോർത്തുകെട്ടിയ ഒരുകൂട്ടം മനുഷ്യർ. സംഗീതത്തിനോടുള്ള ഇഷ്ടത്താൽ ഒരേ മനസ്സുമായി അവരൊന്നുചേർന്നപ്പോഴാണ് ‘നിലാമഴ’ പെയ്തുതുടങ്ങിയത്. വടക്കേ മലബാറിൽ ഇവരുടെ പാട്ടുകൾ നിലയ്‌ക്കുന്നില്ല. അനീഷ് ഫോക്കസും ഷിജിൽ പഴയങ്ങാടിയും പാടുമ്പോൾ എന്നും മലയാളിയുടെ പ്രണയഭാവങ്ങൾ നിറയുന്നു. കാമുകരുടെ പ്രാണവേദന ഏറ്റുവാങ്ങി അണിയാരം മോഹൻദാസ് ഹാർമോണിയവുമായെത്തുമ്പോൾ ദേശാടനപ്പക്ഷികളുടെ ചിറകടിയുമായി തബലയിൽ മഹേഷ് ലാൽ തൃക്കരിപ്പൂർ. പ്രണയം അഗ്നിയായി കത്തുന്ന പാട്ടുകൾ. അതിനൊപ്പം ലയിച്ച് ആസ്വാദകർ. കത്തുന്ന വേദനകൾ, വിരഹം, ഇടയ്‌ക്ക് സന്തോഷം, നഷ്ടബോധം, വിഷാദം, പൊഞ്ഞേറ് (ഗൃഹാതുരത്വം) പ്രണയപ്രതീക്ഷ– ഇവയെല്ലാം കൂടിച്ചേരുമ്പോൾ നിലാമഴയിലെ പാട്ടുകളാകുന്നു.
കാമുകന്റെ പ്രാണവേദന ഏറ്റുവാങ്ങിയ പാട്ട്. ഈ പാട്ടുകൾ കേൾക്കുമ്പോൾ ഹൃദയമിടിപ്പിൽ ചിറകടിയുടെ താളം. പ്രണയം അഗ്നിയായി കത്തുന്നു. ഗായകനും കേൾവിക്കാരും ദഹിച്ചുരുകുന്നു. കാസർകോടിന്റെ തെക്കേ അതിർത്തിയായി കാലിക്കടവിൽ സ്റ്റുഡിയോ നടത്തുന്ന ഫോട്ടോഗ്രാഫറായ അനീഷ് ഫോക്കസാണ് നിലാമഴ ട്രൂപ്പിനു പിന്നിൽ. ഒപ്പം മൊറാഴ കോ–- ഓപ്പറേറ്റീവ് കോളേജ് കംപ്യൂട്ടർ സയൻസ് അധ്യാപകൻകൂടിയായ ഷിജിൽ പഴയങ്ങാടി എത്തിയപ്പോൾ കേൾക്കാൻ കൊതിക്കുന്ന ഈണവുമായി ‘നിലാമഴ’ ട്രൂപ്പ് പിറവിയെടുത്തു.
പിന്നണിയിൽ എരഞ്ഞോളി മൂസ, പീർ മുഹമ്മദ് തുടങ്ങിയ പ്രഗത്ഭരോടൊപ്പം ഹാർമോണിയം വായിച്ച അണിയാരം മോഹൻദാസ് കൈവിരലുകളാൽ മാന്ത്രികത തീർക്കുന്നു. ഒപ്പം ഉസ്‌താദ് ഹാരിസ് ഭായിയുടെ ശിഷ്യനും ഓൾ ഇന്ത്യ റേഡിയോ തബല ഗ്രേഡഡ് ആർട്ടിസ്റ്റും അധ്യാപകനുമായ മഹേഷ് ലാൽ തൃക്കരിപ്പൂർ തബലയിൽ താളമൊരുക്കുന്നു. കണ്ണൂർ സർവകലാശാലാ യൂണിയൻ ആദ്യ കലോത്സവത്തിൽ കലാപ്രതിഭകൂടിയാണ് മഹേഷ് ലാൽ. റിഥം പാഡിൽ വിസ്മയം തീർക്കുന്നത് ഉണ്ണിക്കൃഷ്ണൻ മടിക്കൈ.
പ്രണയത്തിന്റെ നനുത്ത സ്വരമാണ് ഷിജിലിന്. കാറ്റുപോലെ ആർദ്രമാണ് അനീഷിന്റെ സ്വരവും. A വിരഹ ഗാനങ്ങൾക്കൊപ്പം അടിച്ചുപൊളി പാട്ടുകളുമായപ്പോൾ ട്രൂപ്പിനെ ആസ്വാദകർ ഏറ്റെടുത്തു. ശാസ്‌ത്രീയമായി സംഗീതം പഠിച്ചിട്ടില്ലാത്ത അനീഷും ശാസ്‌ത്രീയമായി സംഗീതം അഭ്യസിച്ച ഷിജിലും പാടുമ്പോൾ ആലാപനത്തിൽ ഒരുമയുടെ രസതന്ത്രം പിറക്കുന്നു. ചെറുപ്രായംമുതൽ പാട്ടിനോടുള്ള ഇഷ്ടമാണ് ഇരുവരുടെയും കൈമുതൽ.
പറയുകയും പാടുകയും ചൊല്ലുകയും ഏറ്റുചൊല്ലാൻ കൂടെവിളിക്കുകയും ചെയ്യുന്ന പാട്ടുകളാണ് നിലാമഴ സംഗീത ട്രൂപ്പിന്റെ പ്രത്യേകത. അടിച്ചമർത്തപ്പെട്ടവരുടെയും അരികുകളിൽ അതിജീവിക്കാൻ കഷ്ടപ്പെടുന്നവരുടെയും മുഖ്യധാരയിൽനിന്ന് പുറംതള്ളപ്പെട്ടവരുടെയും കൂടെനിന്ന് ഒ എൻ വിയും വയലാറും ഏഴാച്ചേരിയും തിരുനെല്ലൂർ കരുണാകരനുമെഴുതിയ വിപ്ലവ, നാടക ഗാനങ്ങളും ഇവർ ആലപിക്കുന്നു. പി കെ മേദിനിയും കെ പി നാണിയും കെ പി ആർ പണിക്കരും അനശ്വരമാക്കിയ വിപ്ലവഗാനങ്ങളും ആലപിക്കുമ്പോൾ കണ്ണൂർ, കാസർകോട് ജില്ലകളിലെ സിപിഐ എം പൊതുസമ്മേളന വേദികളിലും ഇവർ താളമായി. പുഞ്ചിരികളിലേക്ക് മൂളിപ്പാട്ടുകളിലേക്ക് ചെറിയ ഇടവേളകളിലെ വലിയ സന്തോഷങ്ങളിലേക്ക്, മാറിമാറി ഒടുവിൽ പ്രതിരോധത്തിന്റെ സമരത്തിന്റെ താളമായി മാറിയ പാട്ടുകൾ.
‘‘ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ’’, ‘‘താമസമെന്തേ വരുവാൻ’’, ‘‘തളിരിട്ട കിനാക്കൾതൻ താമരമാല വാങ്ങാൻ’’ തുടങ്ങി മലയാള സംഗീതത്തിൽ ഹിന്ദുസ്ഥാനി രാഗത്തെ ലയിപ്പിച്ച എം എസ് ബാബുരാജിന്റെ പാട്ടുകൾ. കണ്ണൊന്നു മുറുക്കിയടച്ചാൽ കാതിൽ വന്നുതൊടുന്ന യേശുദാസിന്റെ അനശ്വര ഗാനങ്ങൾ, അനുരാഗികളുടെ ഹൃദയം കവരുന്ന ജയചന്ദ്രന്റെ മൃദുവായ ആലാപനത്താൽ ഹിറ്റായ ഗാനങ്ങൾമുതൽ കലാഭവൻ മണിയുടെ നാടൻപാട്ടുകൾവരെ പാടുകയാണിവർ.









0 comments