Deshabhimani

ബീച്ച് ബോയ്സ് ഗായകൻ ബ്രയാൻ വിൽസൺ അന്തരിച്ചു

bryan wilson
വെബ് ഡെസ്ക്

Published on Jun 12, 2025, 11:40 AM | 1 min read

ബീച്ച് ബോയ്‌സിന്റെ പ്രധാന ഗായകനും സംഗീതസംവിധായകനും ഫ്രണ്ട് മാനും ആയ ബ്രയാൻ വിൽസൺ (82) അന്തരിച്ചു. കാലിഫോർണിയയിൽ ജനിച്ചു വളർന്ന ബ്രയാൻ ഐ ഗെറ്റ് എറൗണ്ട്, സർഫിൻ യുഎസ്എ, ഗുഡ് വൈബ്രേഷൻസ് തുടങ്ങിയ ഗാനങ്ങളിലൂടെ സർഫ്-റോക്കിനെ ലോകത്തിന് മുന്നിൽ കൊണ്ടുവന്ന സംഗീതജ്ഞനാണ്.


"ഇന്ന് ബ്രയനെക്കുറിച്ചുള്ള ദുഃഖകരമായ വാർത്ത കേട്ടു, അദ്ദേഹത്തെ ആസ്വദിച്ചും ആദരിച്ചും കഴിഞ്ഞ വർഷങ്ങളത്രയും മനസിലേക്ക് ഓടിയെത്തി, പ്രിയ ബ്രയാൻ ശാന്തനായി വിശ്രമിക്കൂ"- എന്നാണ് വേർപാടിനെ കുറിച്ച് ബോബ് ഡിലൻ പ്രതികരിച്ചത്.


1942-ൽ ജനിച്ച് കാലിഫോർണിയയിലെ ഹത്തോൺ എന്ന സ്ഥലത്ത് വളർന്ന ബ്രയാൻ ഇളയ സഹോദരന്മാരായ കാൾ, ഡെന്നിസ്, കസിൻ മൈക്ക് ലവ്, സുഹൃത്ത് ആൽ ജാർഡിൻ എന്നിവരുമായി ചേർന്നാണ് ആദ്യ ട്രൂപ്പ് രൂപീകരിക്കുന്നത്. അവർ ലോകമെമ്പാടും 100 ദശലക്ഷത്തിലധികം റെക്കോർഡുകൾ വിറ്റു.


1966-ൽ പുറത്തിറങ്ങിയ ബീച്ച് ബോയ്‌സിന്റെ ആൽബമായ പെറ്റ് സൗണ്ട്സ് - ഏതാണ്ട് പൂർണ്ണമായും വിൽസൺ എഴുതിയതും നിർമ്മിച്ചതുമായിരുന്നു. സ്റ്റുഡിയോ റെക്കോഡിങ്ങിന്റെ പരിമിതകൾ മറികടന്നുള്ള അദ്ദേഹത്തിന്റെ ശബ്ദ പരീക്ഷണങ്ങളും ലോകം ഏറ്റെടുത്തു. റോക്ക് എൻ റോൾ, ഡൂ-വോപ്പ്, പോപ്പ് ശാഖയിലായിരുന്നു പാട്ടുകൾ അധികവും.


സൈക്കഡെലിക് മരുന്നുകളുടെ ഉപയോഗം ചിത്തഭ്രമ സമാനമായ അവസ്ഥയിൽ എത്തിച്ചു. 1984-ൽ അദ്ദേഹത്തിന് ഒരു പാരാനോയിഡ് സ്കീസോഫ്രീനിയ ഉണ്ടെന്ന് കണ്ടെത്തി. മയക്കു മരുന്ന് പ്രതിഭയെ തകർത്തു. 2024 ഫെബ്രുവരിയിൽ ഡിമെൻഷ്യ തിരിച്ചറിഞ്ഞു. ഇടക്കാലത്ത് പാട്ടിലേക്ക് തിരിച്ചെത്തിയത് ആസ്വാദക ലോകം ആഘോഷിച്ചിരുന്നു. കുടുംബമാണ് മരണവിവരം പുറത്തു വിട്ടത്.





deshabhimani section

Related News

View More
0 comments
Sort by

Home