യേശുവിനേക്കുറിച്ചും അള്ളാഹുവിനേക്കുറിച്ചും പാടുന്നു: കർണാടകസംഗീതജ്ഞര്‍ക്കെതിരെയും വാളോങ്ങി സംഘപരിവാര്‍ ...എം ജെ ശ്രീചിത്രന്‍ എഴുതുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2018, 08:22 AM | 0 min read

അടുത്തകാലത്ത് കർണാടകസംഗീതം ഇളകിമറിയേണ്ടിയിരുന്ന ഒരു വിഷയമുണ്ടായി. പക്ഷേ കാര്യമായൊന്നും സംഭവിച്ചില്ല. ടി എം കൃഷ്ണ പറയും പോലെ സവർണ്ണർ സവർണ്ണർക്കായി പാടുകയും കേൾക്കുകയും ചെയ്യുന്ന സൗവർണലോകത്തിന് അവയൊന്നും വിഷയമായതേയില്ല.

കർണാടകസംഗീതത്തിന് അനേകം കൈവഴികളുണ്ട്. ക്രൈസ്തവരും മുസ്ലീങ്ങളും കർണാടകസംഗീതം പാടിയിട്ടുണ്ട്. യേശുവിനേക്കുറിച്ചും അള്ളാഹുവിനേക്കുറിച്ചും കീർത്തനങ്ങളുണ്ടായിട്ടുണ്ട്. ‘മുഖ്യധാരാകർണാടകസംഗീതം’ അവയെ കണക്കാക്കിയിട്ടില്ലെങ്കിലും അവരെല്ലാം പാടിക്കൊണ്ടേയിരുന്നു, അനേകവർഷങ്ങളായി. ഇപ്പൊൾ പുതിയൊരു കുഴപ്പം തലപൊക്കിയിരിക്കുന്നു. പശുവിന്റെ കരച്ചിലൊഴികെ മറ്റൊന്നും സംഗീതമായിത്തോന്നാത്ത സംഘികൾ കർണാടകസംഗീതജ്ഞരെ ഭീഷണിപ്പെടുത്താനിറങ്ങിയിരിക്കുന്നു. സംഭവപരമ്പരയാണ്, എണ്ണമിട്ട് ചിലതെഴുതാം.

1) ലാൽഗുഡി ജയരാമന്റെ ശിഷ്യനും ചലച്ചിത്ര സംഗീത സംവിധായകനുമായ ശ്യാം (മലയാളത്തില്‍ ഏറെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ ശ്യാം തന്നെ) യേശുവിൻ സംഗമസംഗീതം എന്ന പരിപാടി വർഷങ്ങളായി  നടത്തുന്നതാണ്.സാമുവൽ ജോസഫ് എന്നാണ്  ശ്യാമിന്റെ ശരിയ്ക്കും പേര്.  നിരവധി പ്രമുഖസംഗീതജ്ഞർ അവിടെ പാടാറുണ്ട്. നിത്യശ്രീ, അരുണാ സായ്റാം, അനുരാധ ശ്രീരാം, ഉണ്ണികൃഷ്ണൻ, ബോംബെ ജയശ്രീ – അങ്ങനെ അനേകം പേർ. ഇപ്പോൾ പുതിയൊരു വിവാദം ഹിന്ദുത്വവാദികൾ പൊക്കിക്കൊണ്ടുവന്നു. നിത്യശ്രീ കർണാടകസംഗീതത്തിലെ ‘ഹൈന്ദവകൃതികൾ’ ക്രിസ്തീയവൽക്കരിച്ച് പാടി മതംമാറ്റത്തിനെ പ്രോൽസാഹിപ്പിക്കുന്നു എന്നാണ് ആരോപണം. പതിവുപോലെ തന്നെ ഒരടിസ്ഥാനവുമില്ലാത്ത വങ്കത്തമാണ്. സാമാന്യസൗന്ദര്യബോധമുള്ള ആരും ചെയ്യാത്ത കാര്യമാണ് വർഷങ്ങളായി സംഗീതരംഗത്തുള്ള സംഗീതജ്ഞർ ചെയ്തു എന്ന് ആരോപിക്കുന്നത്. തുരുതുരാ പലവശത്തു നിന്നായി തെറിവിളിപ്പോസ്റ്റുകൾ, ഭീഷണികൾ, വ്യാജവാർത്തകൾ ഇവയുടെ പ്രവാഹമാണ്. ആരോപണമൊന്നാകെ ‘സമാനുലവരു പ്രഭോ’ എന്നൊരു സെമിക്ലാസിക്കൽ പാട്ടിലൂന്നിയാണ്. അതു ‘രാമ നീ സമാനമെവരൂ’ എന്ന കീർത്തനത്തിന്റെ കോപ്പിയാണെന്നാണ് ചിലപ്പ്. രണ്ടും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല. അതു പോട്ടെ, ഇനി ആണെങ്കിൽ തന്നെ എന്താണ് കുഴപ്പം എന്ന ചോദ്യമുയർത്തപ്പെടുന്നുമില്ല.

ടി എം കൃഷ്ണ,നിത്യശ്രീ, ഒ എസ്‌ അരുൺ, അരുണാ സായിറാം

2) മറ്റൊരു സംഭവം പ്രശസ്തസംഗീതജ്ഞൻ ഒ എസ് അരുണിനു നേരെയാണ്. ചെന്നൈ ലയോള കോളേജിലെ കിങ്സ് ചർച്ചിൽ പാടാൻ ക്ഷണിക്കപ്പെട്ടതു കൊണ്ട് ചെന്നൈയിലെ ആർ എസ് എസ് കാര്യവാഹ് ഒ എസ് അരുണിനെ വിളിച്ച് പച്ചക്കു ഭീഷണിപ്പെടുത്തുന്നു. ഞങ്ങൾ പരിപാടി കുളംതോണ്ടുമെന്നൊക്കെയാണ് ഭീഷണി. മറ്റുമതക്കാർക്ക് സംഗീതം വിൽക്കുന്ന പണി അംഗീകരിക്കില്ല എന്നാണ് രോഷം. ഒ എസ് അരുൺ ഡിപ്ലോമസിയിൽ ബുരുദാനന്തരദുരിതമുള്ള ബാലൻസ് കെ നായരായതുകൊണ്ട് പരിപാടി ക്യാൻസൽ ചെയ്ത് രക്ഷപ്പെടുന്നു.

3) ഒ എസ് അരുണിനോടുള്ള സംഘിഭീഷണി ഫോൺകോളിൽ ‘പൊറുക്കി’ എന്ന ബിരുദം കിട്ടിയ ഒരു സംഗീതജ്ഞനുണ്ട് – സ്വാഭാവികമായും ടി എം കൃഷ്ണ. കൃഷ്ണ ആ ബിരുദം സസന്തോഷം ഏറ്റെടുക്കുന്നു. പുറമ്പോക്ക് പാടലുമായി നടക്കുന്ന ഞാൻ സംഗീതത്തിലെ പൊറുക്കി തന്നെയാണെന്ന് പ്രഖ്യാപിക്കുന്നു. ഇനി ഈ പൊറുക്കി എല്ലാ മാസവും ഓരോ ക്രിസ്തീയകീർത്തനം കമ്പോസ് ചെയ്യാനാണുദ്ദേശിക്കുന്നത് എന്നും പ്രസ്താവിക്കുന്നു. അവിടെയും നിർത്തിയില്ല, രാമനേക്കുറിച്ചും പാടും അള്ളാഹുവിനേക്കുറിച്ചും പാടും യേശുവിനെക്കുറിച്ചും പാടും ഇവർ മൂന്നുപേരും ഇല്ല എന്നും പാടും എന്നു പറയുന്നു. ക്ലോസ്.

വളരെക്കുറച്ച് സംഗീതജ്ഞരേ ഈ കോലാഹലത്തിൽ പ്രതികരിച്ചിട്ടുള്ളൂ. സ്വന്തം സഭാസ്ഥാനങ്ങളിലും സിൽക്കുജുബ്ബകളിലും പട്ടുസാരികളിലും കലാനിധിമണിപ്പട്ടങ്ങളിലും കിടന്നുകറങ്ങുന്നവർക്ക് ഇതൊന്നും പ്രശ്നമേയല്ല. അങ്ങനെയല്ലാതെ അത്യപൂർവ്വം മനുഷ്യർ മാത്രമുള്ള സംഗീതലോകം പഴയ ആകാശവും ഭൂമിയും അതേപടി നിലനിൽക്കും എന്ന മൗഢ്യത്തിൽ നിലനിൽക്കുന്നു.

അടിയിൽ നിന്ന് കുലുങ്ങുകയാണ്, എല്ലാ കലാവ്യവഹാരവും. ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയിൽ നിങ്ങൾക്ക് ചലിക്കാതിരിക്കാനാവും എന്നു കരുതുന്നത് വങ്കത്തമാണ്. തിരിച്ചറിഞ്ഞാൽ നല്ലത്.



deshabhimani section

Related News

View More
0 comments
Sort by

Home