‘വടക്കൻ’ സിനിമയിലെ ‘രംഗ് ലിഖ’ ഗാനത്തിന്റെ വീഡിയോ പുറത്ത്
കൊച്ചി: ലോക പ്രശസ്ത ഗായികയും ബോളിവുഡിൽ ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ളയാളുമായ സെബ് ബംഗാഷ് ആദ്യമായി മലയാള സിനിമയിൽ ആലപിച്ച ‘വടക്കൻ’ സിനിമയിലെ ‘രംഗ് ലിഖ’ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. പൂർണ്ണമായും ഫിൻലൻഡിൽ മഞ്ഞു പെയ്യുന്ന സമയത്ത് ചിത്രീകരിച്ച ഗാനമാണ് രംഗ് ലഖ. ബോംബെ മലയാളിയായ സജീദ് എ ആദ്യമായി സംവിധാനം ചെയ്ത 'വടക്കനി'ൽ തെന്നിന്ത്യൻ താരങ്ങളായ കിഷോർ, സ്വാതി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.
2008 മുതൽ സിനിമാലോകത്ത് സജീവമായുള്ള സെബ് ബംഗാഷ് 2013-ൽ 'മദ്രാസ് കഫേ'യിലെ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് ബോളിവുഡിൽ അരങ്ങേറിയത്. പതിനെട്ടോളം ചലച്ചിത്ര അവാർഡുകൾ നേടിയ ബോളിവുഡ് ചിത്രമായ ‘ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ’യുടെ സംഗീത സംവിധാനം നിർവ്വഹിച്ചതും സെബ് ബംഗാഷ് ആയിരുന്നു. കരിയറിൽ ഉറുദു, പഷ്തു, പഞ്ചാബി, ടർക്കിഷ്, പേർഷ്യൻ, സരായികി തുടങ്ങിയ വിവിധ ഭാഷകളിൽ ഇവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പ്രശസ്ത ടെലിവിഷൻ ഷോകളായ കോക്ക് സ്റ്റുഡിയോ , പെപ്‌സി ബാറ്റിൽ ഓഫ് ദി ബാൻഡ്‌സ് തുടങ്ങിയവയിലും ശ്രദ്ധാകേന്ദ്രമായിരുന്നു സെബ് ബംഗാഷ്. ഇത്തരത്തിൽ ആഗോളതലത്തിൽ ശ്രദ്ധേയയായ ഇവർ സംഗീത സംവിധായകൻ ബിജിബാലിനും ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവായ ഷെല്ലെയ്ക്കുമൊപ്പം ഒരുക്കിയ ഒരു പ്രണയ ഗാനമാണ് വടക്കനിലേത്.
ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയും ഗ്രാഫിക്‌സും ശബ്‍ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് ‘വടക്കൻ’ ഒരുക്കിയിരിക്കുന്നത്. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. ഉണ്ണി ആറിന്റേതാണ് തിരക്കഥയും സംഭാഷണങ്ങളും. കിഷോറിനേയും ശ്രുതിയേയും കൂടാതെ മെറിൻ ഫിലിപ്പ്, മാലാ പാർവ്വതി, രവി വെങ്കട്ടരാമൻ, ഗാർഗി ആനന്ദൻ, ഗ്രീഷ്മ അലക്സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കർ, ആര്യൻ കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിറാജ് നാസർ, രേവതി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്.









0 comments