മിത്തും റിയാലിറ്റിയും ഭൂതകാലവുമെല്ലാം ഇഴചേർന്ന ഉറുമിയുടെ രണ്ടാം ഭാഗം വരും; ചിത്രം ഒരുങ്ങുന്നെന്ന് ശങ്കര്‍ രാമകൃഷ്ണൻ

തിരുവനന്തപുരം: മേക്കിങ് മികവുമുതൽ ആക്ഷൻ രംഗങ്ങൾ വരെയുള്ള കാര്യങ്ങളിൽ ഇന്നും മലയാള സിനിമയ്ക്ക് ബെഞ്ച് മാർക്കാണ് ഉറുമി. മിത്തും റിയാലിറ്റിയും ഭൂതകാലവുമെല്ലാം ഇഴ ചേർന്നുള്ള ഉറുമിയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നെന്ന വിവരം തിരക്കഥാകൃത്തും നടനും കൂടിയായ ശങ്കര്‍ രാമകൃഷ്ണൻ തന്നെയാണ് സഭാ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ചിത്രത്തിന്റെ അടുത്ത ഭാഗം ഒരുങ്ങുന്നെന്ന വിവരം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
'എന്നെ സംബന്ധിച്ചിടത്തോളം ഉറുമി നമ്മൾ മറന്നുപോയ മലയാളികൾക്ക് അറിയാമായിരുന്ന സംസ്‌കൃതിയെ പുനരുദ്ധരിക്കുക തിരിച്ചു കൊണ്ടുവരുക എന്നതാണ്. അതിന്റെ പിന്തുടർച്ചയായിട്ട് രണ്ട് സിനിമകൾ കൂടി മനസിലുണ്ട്. ഒന്നിന്റെ രചന പൂർത്തിയാക്കിയതേയുള്ളു. 12 വർഷത്തോളമായി അതിന്റെ പുറകിലാണ്. എഴുതി കഴിഞ്ഞു. ഇനി അത് സ്‌ക്രീനുകളിലേക്ക് എത്തിക്കുക എന്ന വലിയ ശ്രമത്തിലാണ് ഞാൻ. ഉറുമി കഴിഞ്ഞതിന് ശേഷം 100 വർഷം കഴിഞ്ഞുള്ള കേരളം എന്നതാണ് സിനിമയുടെ പ്രമേയം. വടകര ബേസ് ചെയ്ത് മലബാർ ആണ് ലൊക്കേഷൻ. 25 ഏക്കറിൽ അതിന്റെ ലാൻഡ്‌സ്‌കേപ് കണ്ടുവെച്ചിട്ടുണ്ട്. കഥാപാത്രങ്ങൾ, കോസ്റ്റ്യൂം കാര്യങ്ങളാണ് നടക്കുന്നത്. ആ സിനിമയുടെ പ്രോസസിലാണ് ഇപ്പോഴുള്ളത്'–- ശങ്കർ രാമകൃഷ്‌ണൻ പറഞ്ഞു.
പൃഥ്വിരാജിന് പുറമേ പ്രഭുദേവ, ആര്യ, ജെനീലിയ, നിത്യ മേനന്‍, ജഗതി ശ്രീകുമാര്‍, വിദ്യ ബാലന്‍ എന്നിവരായിരുന്നു ഉറുമിയിലെ മറ്റ് താരങ്ങള്‍.









0 comments