ആസ്തമ രോഗികൾ ഉപയോ​ഗിക്കുന്ന മരുന്നിനും വ്യാജൻ; 2 ലക്ഷത്തിലധികം രൂപയുടെ വ്യാജമരുന്നുകൾ പിടികൂടി

inhaler.jpg
വെബ് ഡെസ്ക്

Published on Nov 19, 2025, 03:39 PM | 1 min read

തിരുവനന്തപുരം: ആസ്തമ രോഗികൾ വ്യാപകമായി ഉപയോഗിച്ച് വരുന്ന മരുനിന്നും വ്യാജൻ. Cipla Ltd എന്ന കമ്പനിയുടെ SEROFLO Rotacaps 250 ഇൻഹേലറിന്റെ വ്യാജ മരുന്നുകള്‍ ഡ്രഗ്‌സ് ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പിടികൂടി. സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നടത്തിയ പരിശോധനകളിൽ രണ്ടു ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകളാണ് പിടിച്ചെടുത്തത്. വ്യാജ മരുന്നുകൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ഡ്രഗ്‌സ് കൺട്രോളറുടെ ഏകോപനത്തിൽ നടത്തി വന്നിരുന്ന പരിശോധയിലാണ് വ്യാജ മരുന്നുകൾ കണ്ടെത്തിയത്. അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതാണ്.


വ്യാജമരുന്ന് ശൃംഖലയിൽ മരുന്നുകൾ വാങ്ങി വിൽപനയ്ക്കായി സ്റ്റോക്ക് ചെയ്തിരുന്നത് കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം ബാലരാമപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശ്വാസ് ഫാർമ, തൃശൂർ, പൂങ്കുന്നം ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡ് വേൾഡ്ഫാർമ എന്നീ സ്ഥാപനങ്ങൾക്കെതിരെ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം നിയമനടപടികൾ സ്വീകരിച്ചു. ഈ സ്ഥാപനങ്ങൾക്കെതിരെ കേസും എടുത്തിട്ടുണ്ട്. കൂടാതെ ഈ സ്ഥാപനങ്ങളുടെ ഡ്രഗ്‌സ് ലൈസൻസുകൾ റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.


വ്യാജമരുന്ന് ശൃംഖല സംബന്ധിച്ച തുടരന്വേഷണം ഊർജിതമായി നടത്തി അനിവാര്യമായ നടപടികൾ സ്വീകരിക്കും. സംസ്ഥാനത്തിന് പുറത്തുനിന്നും മരുന്ന് വാങ്ങുന്ന വ്യാപാരികൾ, നിർമ്മാതാവിൽ നിന്നും വ്യാപാരികളുടെ പക്കലേക്ക് എത്തുന്നത് വരെ വിതരണ ശൃംഖലയിൽ നിന്നുമുള്ള എല്ലാ ബില്ലുകളും സൂക്ഷിക്കേണ്ടതും പരിശോധനയ്ക്ക് ഹാജരാക്കേണ്ടതുമാണ്. പരിശോധനയിൽ, മതിയായ രേഖകൾ ഇല്ലാതെ നിയമ വിരുദ്ധമായി മരുന്നുകൾ സൂക്ഷിക്കുന്നത് കണ്ടെത്തുന്ന പക്ഷം പ്രസ്തുത സ്ഥാപനങ്ങളുടെ ഡ്രഗ് ലൈസൻസുകൾ റദ്ദാക്കുന്നതാണെന്നും സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home