എഡിഎച്ച്ഡി ലക്ഷണങ്ങൾ നമ്മളിലും ഉണ്ടാവാം; നിർണ്ണയത്തിന് എളുപ്പവഴികൾ തേടുന്നത് അപകടം ചെയ്യുമെന്ന് ഗവേഷകർ

അറ്റൻഷൻ-ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) സ്വയം നിർണ്ണയിക്കുന്നത് അപകടം ചെയ്യുമെന്ന് ഗവേഷകർ. ഏകദേശം 2.5% മുതിർന്നവരെയും 7% കുട്ടികളെയും ബാധിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ശ്രദ്ധ, അമിതാവേശം, ഹൈപ്പർ ആക്ടിവിറ്റി, എന്നിവ ലക്ഷണങ്ങളായി വുരുന്നു. വ്യക്തികൾക്ക് ഇവ സ്വയം തന്നെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.
കൃത്യമായി തിരിച്ചറിഞ്ഞ് ഉചിതമായി ചികിത്സിക്കുമ്പോൾ, ഈ നെഗറ്റീവ് ഫലങ്ങൾ ഗണ്യമായി കുറയ്ക്കാൻ കഴിയും. എന്നാൽ എഡിഎച്ച്ഡി തിരിച്ചറിയാൻ ഓൺലൈൻ ചോദ്യാവലികളെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെയും ആശ്രയിക്കുന്നത് വിപരീത ഫലം ചെയ്യും.
തിരിച്ചറിയപ്പെടാതെയും ചികിത്സിക്കാതെയും പോയാൽ, ADHD വിദ്യാഭ്യാസപരവും തൊഴിൽപരവുമായ നേട്ടങ്ങളെ ബാധിക്കാം. സാമൂഹികവും വൈകാരികവുമായ ക്ഷേമത്തെയും ഇടപെടൽ ശേഷിയേയും ഇത് സാരമായി തരാറിലാക്കും. ഗുരുതരമായ അപകടങ്ങളുടെയും പരിക്കുകളുടെയും അപകടസാധ്യതകൾ ഈ അവസ്ഥയിലുള്ള വ്യക്തിക്ക് എപ്പോഴും സംഭവിക്കാം. കുറ്റകൃത്യങ്ങൾ, മാനസികരോഗങ്ങൾ, ലഹരിവസ്തുക്കളോടും മറ്റുമുള്ള അടിമത്തം എന്നിവ വർദ്ധിപ്പിക്കാനും ഈ അവസ്ഥ കാരണമാകും.
മെഡിക്കൽ ജേണൽ ഓഫ് ഓസ്‌ട്രേലിയയിലെ ഒരു പഠനം ഇത് തിരിച്ചറിയാനും നേരിടാനുമുള്ള കുറുക്കുവഴികൾ തേടുന്നത് അപകടം ചെയ്യും എന്ന് ചൂണ്ടികാണിക്കുന്നു. ADHD യ്‌ക്കായി ഓൺലൈൻ “ടെസ്റ്റുകൾ” നൽകുന്ന ജനപ്രിയ സോഷ്യൽ മീഡിയ ചാനലുകളും സ്വകാര്യ സൈബർ ക്ലിനിക്കുകളും വർധിച്ച് വരികയാണ്. ഇത് അമിത രോഗനിർണയത്തിലൂടെയും തെറ്റായ നിഗമനങ്ങളിലൂടെയും അപകടം ചെയ്യുന്നു.

ഇതിന്റെ ലക്ഷണങ്ങൾ മറ്റ് രോഗാവസ്ഥകളുടെ ലക്ഷണങ്ങളുമായി ഓവർലാപ്പ് ചെയ്ത് വരാം. ശ്രദ്ധക്കുറവ്, മാനസികാവസ്ഥകളിലെ അസ്ഥിരത തുടങ്ങിയ ADHD ലക്ഷണങ്ങൾ ഉത്കണ്ഠ, വിഷാദം, ബൈപോളാർ ഡിസോർഡർ, ട്രോമ തുടങ്ങിയ മറ്റ് അവസ്ഥകളുമായി ഗണ്യമായി ബന്ധപ്പെട്ട് വരാവുന്നതാണ്. ഇവയെ പരസ്പരം വേർതിരിച്ച് തിരിച്ചറിയണം.
ഒരു ഹ്രസ്വമായ വിലയിരുത്തൽ ഈ അവസ്ഥ തിരിച്ചറിയാൻ ഫലപ്രദമല്ല. എന്തുകൊണ്ട് പര്യാപ്തമല്ല ? തെളിവുകൾ അടിസ്ഥാനമാക്കിയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതല്ല ഇത്തരം തത്കാല പരീക്ഷകൾ എന്നതാണ് പ്രശ്നം. എഡിഎച്ച്ഡിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒരു വ്യക്തിയുടെ ബുദ്ധിമുട്ടുകളുടെ മറ്റ് വശങ്ങൾ വിലയിരുത്താൻ ശ്രമിക്കുന്നില്ല. ചോദ്യം ഉത്തരം എന്ന നിലയിൽ അവസാനിക്കുന്നു.
വിലയിരുത്തപ്പെടുന്ന വ്യക്തിയിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിച്ചാവും ഇവർ തീരുമാനത്തിലെത്തുന്നത്. ഇത് ചിലപ്പോൾ ഈ അവസ്ഥ സംശയിക്കുന്നവരുടെ സ്വയം തന്നെയുള്ള മുൻവിധികളെ ശക്തിപ്പെടുത്തുകയാവാം ചെയ്യുന്നത്. സൂക്ഷിച്ച് നോക്കിയാൽ ഇത്തരം ലക്ഷണങ്ങൾ ചിലപ്പോൾ എല്ലാവരിലും കാണാം. അവ പലപ്പോഴും സ്വാഭാവിക പെരുമാറ്റങ്ങളുടെ വ്യതിയാനം മാത്രമാവാം.
ADHD ലക്ഷണങ്ങൾ സാമൂഹിക, അക്കാദമിക് അല്ലെങ്കിൽ തൊഴിൽ പരമായ ഇടപെടലുകളിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന ഘട്ടം ഉണ്ടാവണം. അപ്പോഴാണ് അത് പ്രശ്നമാവുന്നത്. നിങ്ങൾക്ക് എത്ര ലക്ഷണങ്ങൾ ഉണ്ടായാലും, അവ നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നില്ലെങ്കിൽ, എഡിഎച്ച്ഡി രോഗനിർണയം നടത്തരുത്. അങ്ങിനെ ഒരു കണ്ടെത്തലിലേക്ക് സ്വയം പോകരുത്. അത് മുൻവിധിയാവാം എന്നും പഠനം പറയുന്നു.

ADHD യുടെ 18 പ്രധാന ലക്ഷണങ്ങളുടെയും അനുബന്ധ വൈകല്യത്തിന്റെയും നിലവിലുള്ളതും മുൻകാലത്ത് അനുഭവിച്ചിരുന്നിരിക്കാവുന്നതുമായ സാന്നിധ്യം വിലയിരുത്താൻ എളുപ്പവഴി സ്വീകരിക്കരുത്. നിദാനത്തിനായി പലപ്പോഴും നേരിട്ടുള്ള ഒരു ക്ലിനിക്കൽ അഭിമുഖം ആവശ്യമാണ് എന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.
ഉപയോഗിക്കുന്നത് ലോക മാനകങ്ങൾ ആവാം
അപ്പോഴും, ഈ താത്കാലിക നിർണ്ണയ ഗ്രൂപ്പുകൾ ഉപയോഗിക്കുന്നത് ലോക മാനകങ്ങൾ ആവാം. അവ പരസ്യപ്പെടുത്തി നിങ്ങളെ ആകർഷിക്കാം. വിലയിരുത്തലിനെ സഹായിക്കുന്ന വെയ്‌സ് ഫങ്ഷണൽ ഇംപെയർമെന്റ് റേറ്റിംഗ് സ്കെയിൽ, ലോകാരോഗ്യ സംഘടനയുടെ ഡിസെബിലിറ്റി അസസ്‌മെന്റ് ഷെഡ്യൂൾ എന്നിങ്ങനെ സ്കെയിലുകൾ നിലവിലുണ്ട്. അവയുടെ പേരിലാവും ചിലപ്പോൾ നിങ്ങളെ ആകർഷിക്കാനുള്ള പരസ്യം പ്രത്യക്ഷപ്പെടുന്നത്. ഇവ രോഗാവസ്ഥ തിരിച്ചറിയാൻ ഉള്ളവയല്ല. സംഭാഷണത്തിനുള്ള തുടക്കമായി ഉപയോഗിക്കുന്നതാണ് എന്ന നിലയിൽ തിരിച്ചറിയണം.
ഒരു ലളിതമായ ടിക്ക്-ബോക്‌സ് വ്യായാമമായി ഇത് നടത്തരുത് എന്നാണ് വ്യക്തമാക്കുന്നത്. അതെ എന്നും ഇല്ല എന്നും ഉത്തരങ്ങൾ നൽകുന്നതാവരുത് രോഗനിദാന ശ്രമങ്ങൾ. ലക്ഷണങ്ങൾ പര്യവേക്ഷണം ചെയ്യാനും തിരിച്ചറിയാനും നിത്യജീവിതത്തിലെ പ്രവർത്തനത്തിൽ അവയുടെ സ്വാധീനം വിലയിരുത്താനും വിശദമായ അഭിമുഖവും പഠന നിരീക്ഷണങ്ങളും ആവശ്യമാണ്. ഇക്കാര്യങ്ങൾ ഉറപ്പ് വരുത്തണം.
പലരൂപത്തിൽ അനുഭവപ്പെടാം
ADHD ലക്ഷണങ്ങൾ പലപ്പോഴും വൈകാരികമായ നിയന്ത്രണമില്ലായ്മ
മാനസികവും ശാരീരികവുമായ അസ്വസ്ഥതയുടെ തീവ്രമായ ഏറ്റ കുറച്ചിലുകൾ. ക്ഷീണിപ്പിക്കുന്ന അളവിലുള്ള വൈകാരിക കയറ്റിറക്കങ്ങൾ, ആത്മാഭിമാനം കുറവ്, തുടർച്ചയായ ക്ഷീണം, ഉയർന്ന സമ്മർദ്ദ നിലകൾ എന്നിവയിലൂടെ എല്ലാം പ്രത്യക്ഷപ്പെടാം.

ഇവ കുറ്റകൃത്യങ്ങളിലേക്കും ഏതെങ്കിലും തരത്തിലുള്ള അടിമത്തത്തിലേക്കും നയിക്കുന്നതും വെല്ലുവിളിയാണ്. അവ രോഗാവസ്ഥയായി തിരിച്ചറിയുന്ന ചുറ്റുപാടുകൾ ഉണ്ടാവണം. ഇല്ലെങ്കിൽ വ്യക്തി തളരും.
അതേ സമയം ADHD യുടെ പ്രധാന ലക്ഷണങ്ങളുമായി ബന്ധപ്പെടുത്തി പഠിക്കുമ്പോൾ ഒരു യഥാർത്ഥ വൈകല്യമാണോ അല്ലയോ എന്ന് ഉറപ്പ് ലഭിക്കുന്നതുവരെ വിശദാംശങ്ങൾ പരിശോധിക്കേണ്ടത് നിർണായകമാണ്. ഇതിന് ക്ലിനീഷ്യൻ പരിശീലനം അത്യാവശ്യമാണ്.
എഡിഎച്ച്ഡിയിലെ വൈകല്യങ്ങൾ കൃത്യമായി വിലയിരുത്തുന്നതിനുള്ള കഴിവ് പരിശീലിക്കയോ പഠിക്കുകയോ ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. പരിചയസമ്പന്നരായ ക്ലിനിക്കുകളെ ആശ്രയിച്ചും ഘടനാപരമായ പ്രോട്ടോക്കോളുകൾ ഉപയോഗിച്ച് പരിശീലിച്ചുമാണ് ശേഷി നേടേണ്ടത്. അല്ലാത്ത വിലയിരുത്തലുകൾ മുൻവിധികളുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയെ മുദ്രകുത്തലാകും എന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.
പരസ്യത്തിന്റെയും സോഷ്യൽ മീഡിയയുടെയും സ്വാധീനം, ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന്റെ നേരിട്ടുള്ള-ഉപഭോക്തൃ പരസ്യവും സോഷ്യൽ മീഡിയയിലെ വ്യാപകമായ ചർച്ചയും എല്ലാം നമ്മെ സ്വാധീനിക്കാം. ഇവ മുൻനിർത്തി സ്വയം വിലയിരുത്തുകയോ എളുപ്പ മാർഗ്ഗങ്ങൾ അവലംബിച്ച് തീരുമാനത്തിൽ എത്തുകയോ ചെയ്യുരുത്.
പ്രചാരണങ്ങൾ എല്ലാം ചേർന്ന് ADHD-യെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിച്ചിട്ടുണ്ട്. അംഗീകാരം വർദ്ധിക്കുന്നതിനൊപ്പം, ലളിതമായ വിവരങ്ങളെ അടിസ്ഥാനമാക്കി സ്വയം രോഗനിർണയത്തിലേക്ക് എത്തുന്നവരുടെ എണ്ണവും വർധിക്കുന്നു. അതിന് അനുസൃതമായി ഓൺലൈൻ പോലുള്ള മീഡിയങ്ങളിലൂടെ അപകടത്തിലേക്ക് നയിക്കുന്ന സംവിധാനങ്ങളും സജീവമാവുന്നു. ഇതിൽ കരുതൽ വേണം.









0 comments