ad
Deshabhimani

കവർസ്‌റ്റോറി

വാർത്തയും രാഷ്‌ട്രീയവും

ബുക്ക്‌
avatar
സനീഷ്‌ ഇളയിടത്ത്‌

Published on Sep 05, 2026, 12:57 PM | 4 min read

എം ടിയുടെ ചിരി

ന്ത്യാവിഷനിലൂടെയാണ് ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയ്‌ക്കുള്ള യാത്ര തുടങ്ങുന്നത്, അതിനും രണ്ട് വര്‍ഷം മുമ്പ് മാധ്യമജോലി ആരംഭിച്ചിരുന്നെങ്കിലും. കോട്ടയത്ത് എംജി സർവകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍നിന്ന് എംഎ പൂര്‍ത്തിയാക്കി അധികം വൈകാതെ തന്നെ മംഗളം പത്രത്തിന്റെ കൊച്ചി ബ്യൂറോയില്‍ റിപ്പോര്‍ട്ടറായിട്ടാണ് മാധ്യമപ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്. ഒരു വര്‍ഷം അവിടെ തികയ്‌ക്കുംമുമ്പ് തന്നെ കോഴിക്കോട് വര്‍ത്തമാനം പത്രത്തിലേക്ക് മാറി. അവിടെയും ഏതാണ്ട് അത്രതന്നെ കാലം. അപ്പോഴാണ് ഇന്ത്യാവിഷനിലേക്ക് ആളെ വിളിക്കുന്നതായിട്ട് പത്രപരസ്യം കണ്ടത്. അവരുടെ പരീക്ഷ എഴുതുകയും എം ടി വാസുദേവന്‍ നായര്‍ ഉള്‍പ്പെടെ ഉണ്ടായിരുന്ന ഇന്റർവ്യൂ ബോര്‍ഡിന് മുന്നില്‍ ഹാജരാവുകയും രണ്ടും പാസായിട്ട് അവിടെ ജോലിക്ക്‌ കയറുകയും ചെയ്‌തു. (എം ടി താഴേക്ക്‌ നോക്കി മൗനമായി ഇരിക്കുകയായിരുന്നു ഏതാണ്ട് മുഴുവന്‍ നേരവും. ഒന്നും ചോദിച്ചില്ല, ഒരക്ഷരം മിണ്ടിയില്ല. ഒടുവില്‍ വായിച്ച പുസ്‌തകമേതാണ് എന്ന് എന്‍ പി ചന്ദ്രശേഖരന്‍ ചോദിച്ചതിന് എം ടിയുടെ നോവല്‍ ‘വാരണാസി’ എന്ന് ഉത്തരം പറഞ്ഞപ്പോള്‍പോലും മുഖത്ത് നോക്കിയില്ല, വാരണാസിയാണോ വരാണസിയാണോ ശരി എന്ന് ചിരിച്ചുകൊണ്ട് എന്‍ പി ചന്ദ്രശേഖരന്‍ ഉപചോദ്യം ചോദിച്ചപ്പോള്‍ മാത്രം ഒന്ന് നേര്‍ക്ക് നേരെ മുഖത്തേക്ക് നോക്കി. നേരിയ, വളരെ നേരിയ ഒരു ചിരി അപ്പോള്‍ മുഖത്തുണ്ടായിരുന്നു എന്ന് ഇപ്പോഴും ഓര്‍ക്കുന്നു.)

ഇന്ത്യാവിഷനില്‍ റിപ്പോര്‍ട്ടറായിട്ട്, ദീര്‍ഘകാലം എന്ന് തോന്നിക്കുന്നത്രയ്‌ക്ക്‌ സംഭവങ്ങളിലൂടെ കടന്നുപോയി. സാമ്പത്തികപ്രശ്‌നം ഇനി താങ്ങാനാകില്ല എന്ന മട്ടായപ്പോള്‍ ഏഷ്യാനെറ്റിലേക്ക് മാറി. അവിടെ വച്ചാണ് വാര്‍ത്താ അവതാരകനായത്. ഏഷ്യാനെറ്റിലെ ഏഴരമണി ചര്‍ച്ചാ പരിപാടിയുടെ അവതാരകനായിട്ട് ചോദ്യം ചോദിക്കല്‍ പണിയും തുടങ്ങി. അവിടെ ഏതാണ്ട് അഞ്ച് കൊല്ലം ഒക്കെ ആയപ്പോ നികേഷ് കുമാര്‍ വിട്ട ഇന്ത്യാവിഷനിലേക്ക് തിരിച്ചുവന്നു. അങ്ങനെ പോകവേ ഇന്ത്യാവിഷന്‍ തകര്‍ന്നു (വന്‍ സംഭവമായിരുന്നു അത്). മീഡിയാ വണ്‍ ചാനലിലേക്ക് വിളി വന്നു. പോയി. നല്ല കാലമായിരുന്നു അവിടുത്തേതും. അത് കഴിഞ്ഞ് ന്യൂസ് 18‐ലേക്ക് പോയി. പ്രളയ, കോവിഡ് കാലങ്ങളൊക്കെ ചേര്‍ത്ത് അഞ്ചിലേറെ വര്‍ഷം. അത് കഴിഞ്ഞ്, ന്യൂസ് ചാനല്‍ പരിപാടികളില്‍ മടുപ്പ് വന്നതിനാൽ ‘ദി മലബാര്‍ ജേണല്‍’ എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം നടത്തിപ്പുകാര്‍ക്ക് ഒപ്പം ചേര്‍ന്നു. രണ്ട് വര്‍ഷത്തിന് ശേഷം അത് വിട്ട് ഇപ്പോള്‍ ന്യൂസ് മലയാളം ചാനലിന്റെ ന്യൂസ് ഡയറക്ടറായിട്ട് പ്രവര്‍ത്തിക്കുന്നു.

കടപ്പാട്‌: ഗൂഗിൾകടപ്പാട്‌: ഗൂഗിൾ

മലയാളം ചാനലുകൾ

കേരളത്തിലെ ന്യൂസ് ചാനലുകള്‍ വളരെ മോശം അവസ്ഥയിലാണ് എന്ന് ഞാന്‍ വിചാരിക്കുന്നില്ല. എല്ലായിടത്തും ഉണ്ടായിരിക്കുന്ന സ്ഥിതിവിശേഷം പൊതുവില്‍ മാധ്യമരംഗത്തെയും അതില്‍ തന്നെ വാര്‍ത്താ ചാനലുകളെയും ബാധിച്ചിട്ടുണ്ട് എന്ന് പറയാമെന്നല്ലാതെ തീര്‍ത്തും ജനവിരുദ്ധമായിട്ട് പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളായിട്ടില്ല നമ്മുടെ നാട്ടിലേത്. പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്ന് വരുന്ന വിമര്‍ശങ്ങള്‍ ഒരു മാറ്റവും ഉണ്ടാക്കാത്ത വിധത്തിലുള്ള അടഞ്ഞ ഒരു ഏരിയയല്ല ഇത്. കുറേക്കൂടെ നന്നാകണം എന്ന തോന്നല്‍ ഇതിനകത്ത് പണിയെടുക്കുന്നവരെ നയിക്കുന്നുണ്ട്. സത്യസന്ധമായിട്ട്‌ വാര്‍ത്ത നല്‍കുക എന്നതാണ് തങ്ങളുടെ പ്രധാന തൊഴില്‍ എന്ന് സ്വയം കരുതുകയും അതിനനുസരിച്ച് ദിനേനയുള്ള പ്രവര്‍ത്തനങ്ങളെ മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ പണിയെടുക്കുന്നുണ്ട് പല ടിവി സ്ഥാപനങ്ങളിലും. പൊതുവില്‍ ചില വീഴ്‌ചകള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഇത് മോശം പണിയോ, മോശം സംവിധാനങ്ങളോ ആയി മാറിയിട്ടില്ല.

ദൃശ്യമാധ്യമങ്ങള്‍ വലുതായ രീതിയില്‍ ജനത്തെ സ്വാധീനിക്കുന്നവയാണ്. വര്‍ത്തമാനകാലത്തെ ചര്‍ച്ചകളെ സ്വാധീനിക്കുകയും അതുവഴി ഭാവിയെ രൂപപ്പെടുത്തുകയും ചെയ്യുന്നതില്‍ അവ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്‌. ഇത്‌ കണക്കിലെടുത്ത്‌ മാധ്യമപ്രവർത്തകർ കാണിക്കേണ്ട പ്രൊഫഷണലിസം സമ്പൂര്‍ണമായിട്ട് പാലിക്കപ്പെടുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് മറുപടി പറയേണ്ടിവരും. എങ്കിലും ചിലപ്പോഴൊക്കെ മറ്റ് സംസ്ഥാനങ്ങളിലൊക്കെ ഉള്ള മാധ്യമസ്ഥാപനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മൾ അത്ര മോശമല്ലല്ലോ എന്ന് തോന്നുകയും ചെയ്യുന്നുണ്ട്. സമീപകാലത്ത് സിജെപി സമരവും അനുബന്ധ രാഷ്‌ട്രീയസംഭവങ്ങളും നോക്കൂ. ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങളില്‍ പലരും എടുത്ത നിലപാടല്ലല്ലോ കേരളത്തിലെ ടിവി വാര്‍ത്തകളിൽ കണ്ടത്.

വാര്‍ത്ത വസ്‌തുനിഷ്ഠമായിരിക്കണം എന്ന ശാഠ്യം ഡൈല്യൂട്ട്‌ ചെയ്യപ്പെട്ടു എന്ന വിമര്‍ശത്തെ തള്ളിക്കളയാന്‍ ഈ കാലത്ത് ആര്‍ക്കുമാകില്ല എന്ന് തന്നെ എനിക്കും തോന്നുന്നു. പക്ഷെ ഇത് കേരളത്തിലെ മാത്രം പ്രശ്‌നമല്ലല്ലോ. സത്യാനന്തരകാലം എന്നൊക്കെ സാമൂഹ്യശാസ്‌ത്രജ്ഞര്‍ പേരിട്ടിരിക്കുന്നൊരു കാലത്ത് മാധ്യമങ്ങള്‍ക്ക് വരാവുന്ന സ്വാഭാവികമായ തേയ്‌മാനം എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. (സ്വാഭാവികം എന്ന് പറയുന്നതുകൊണ്ട് എനിക്കതിനോട് വിമര്‍ശമില്ല എന്ന് മനസ്സിലാക്കാതിരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.)

ബുക്ക്‌

വാർത്തകളിൽ കലരുന്ന

രാഷ്‌ട്രീയം

പണവും വലതുപക്ഷരാഷ്‌ട്രീയവും നമ്മുടെ സമൂഹത്തെ ഭരിക്കുന്നു; സമൂഹത്തിന്റെ ദൈനംദിന രീതികളെ അവ ഷെയ്‌പ്പ്‌ ചെയ്യുന്നു. വസ്‌തുനിഷ്ഠത ഈ കാലത്ത് നിലനിര്‍ത്തേണ്ട മൂല്യമായിട്ട് കണക്കാക്കപ്പെടുന്നില്ല. ഞങ്ങള്‍ക്ക് ഇഷ്ടമുള്ളതാണ് ഞങ്ങള്‍ക്ക് വേണ്ടത്, അത് സത്യമോ കള്ളമോ ആയ്‌ക്കോട്ടെ എന്ന സമീപനമാണ്‌ പൊതുവെ ഇന്നത്തെ സമൂഹത്തിനുള്ളത്‌. ഇത് നമ്മുടെ വാര്‍ത്താമാധ്യമങ്ങളെയും ബാധിച്ചിട്ടുണ്ട്. പക്ഷെ ഈ ദുരവസ്ഥതിരിച്ചറിഞ്ഞ് വസ്‌തുനിഷ്ഠതയാണ് നമുക്ക് വേണ്ടത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ നിലപാട് സ്വീകരിക്കേണ്ടതുണ്ട് എന്ന് തന്നെയാണ് എന്റെ നിലപാട്‌. ഏത് വിധേനയെങ്കിലും സത്യത്തില്‍ ചെന്ന് തട്ടിത്തടഞ്ഞ് വീഴുക എന്നതാണ് മാധ്യമപ്രവര്‍ത്തകരുടെ അടിസ്ഥാന പ്രൊഫഷണല്‍ തത്വം എന്ന കാര്യത്തില്‍ ആര്‍ക്കാണ് അഭിപ്രായവ്യത്യാസമുണ്ടാവുക.

എല്ലാ ദിവസവും വന്ന് രാഷ്‌ട്രീയപ്രസംഗം നടത്തുകയല്ല മാധ്യമപ്രവര്‍ത്തകരുടെ ജോലി. ഏതെങ്കിലും രാഷ്‌ട്രീയ പാർടിയെ പിന്തുണയ്‌ക്കുക എന്നതൊന്നും അവതാരകരുടെ ഉത്തരവാദിത്വമല്ല, ലക്ഷ്യമല്ല. വാര്‍ത്ത അവതരിപ്പിക്കുക എന്നതാണ് വാര്‍ത്താവതാരകരുടെ ജോലി. പക്ഷെ അങ്ങനെ പറയുമ്പോള്‍ തന്നെയും മറ്റ് പല കാര്യങ്ങളും നമ്മൾ ആലോചിക്കണം. വാര്‍ത്ത അറിയുന്നതിന് ഇപ്പോള്‍ ജനങ്ങള്‍ക്ക് വാര്‍ത്താ ചാനലുകളെയോ വാര്‍ത്താ അവതാരകരെയോ ആവശ്യമില്ല. സംഭവങ്ങള്‍ നടക്കുമ്പോള്‍ തന്നെ പല മാധ്യമങ്ങളിലൂടെയും മനുഷ്യര്‍ അതെക്കുറിച്ച്‌ അറിയുന്നുണ്ട്. സോഷ്യല്‍ മീഡിയ വന്നതോടെ മാധ്യമപ്രവര്‍ത്തനത്തിന് പരമ്പരാഗത അര്‍ഥം മാത്രമല്ല ഇപ്പോഴുള്ളത്. സംഭവങ്ങളെ വിശകലനം ചെയ്‌ത്‌ മനസ്സിലാക്കാനുള്ള ഉപാധികളായി കണ്ടുകൂടിയാണ് ഇപ്പോള്‍ ന്യൂസ് ചാനലുകൾ കാണാന്‍ ആളുകൾ വരുന്നത്.

നേരത്തെ അറിഞ്ഞ വാര്‍ത്തയുടെ വിശകലനവും വിശദാംശങ്ങളും പ്രതീക്ഷിച്ച്‌ പ്രേക്ഷകര്‍ വരുമ്പോള്‍ അവര്‍ക്ക് മുന്നില്‍ ആ രീതിയിൽ അത് അവതരിപ്പിക്കുക എന്ന ദൗത്യം ന്യൂസ്‌്‌ റീഡർമാരിലേക്ക്‌ വന്ന്‌ ചേരുകയാണ്. അങ്ങനെ വരുമ്പോള്‍ അത് കുറേക്കൂടെ ഗൗരവത്തിലെടുക്കേണ്ട ഉത്തരവാദിത്വമാകുന്നു. നമ്മൾ അത്‌ ചെയ്യുമ്പോള്‍, അതായത് വാര്‍ത്താവിശകലനം നടത്തുമ്പോള്‍ നമ്മുടെ രാഷ്‌ട്രീയം അതിൽ കലരുക എന്നത്‌ സ്വാഭാവികമാണ്‌. ഒരു സംഭവത്തെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്ന ആര്‍ക്കും, അത് എന്ത് തരം സംഭവവുമായിക്കൊള്ളട്ടെ, അവരവരുടെ മനസ്സിലെ രാഷ്‌ട്രീയ നിലപാടുകൾ വച്ച് മാത്രമേ അത് ചെയ്യാനാവുകയുള്ളൂ. ഒരു വലതുപക്ഷ മാധ്യമപ്രവർത്തകന്‍ വാര്‍ത്താവിശകലനം നടത്തുമ്പോള്‍ അയാളുടെ ഉള്ളിലെ വലതുപക്ഷ രാഷ്ട്രീയ ടൂളുകള്‍ വച്ച് അവയെ വിശകലനം ചെയ്യും, ഇടതുപക്ഷ പ്രവര്‍ത്തകന്‍ തിരിച്ചും. ഇത് സാധാരണമായിട്ടുള്ള കാര്യമാണ്. ഈ കാര്യങ്ങള്‍ പ്രേക്ഷകർ തിരിച്ചറിയുക എന്നതാണ് പ്രധാനമായിട്ടും വേണ്ടത് എന്ന്‌ തോന്നുന്നു .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home