വിമാനങ്ങൾ വൈകുന്നത് തുടർക്കഥ; വലഞ്ഞ് ജനം

എഐ പ്രതീകാത്മകചിത്രം
കൊച്ചി/ കോഴിക്കോട് : വിമാനങ്ങൾ വൈകുന്നത് സംസ്ഥാനത്ത് വീണ്ടും തുടർക്കഥയാകുന്നു. രണ്ടുമാസമായി നിരന്തരമായി ചില സർവീസുകൾ മുടങ്ങുകയും റദ്ദാക്കുകയും ചെയ്യുന്നത് ജനങ്ങളെ സാരമായി ബാധിച്ചു. പ്രധാനമായും സ്പൈസ്ജെറ്റിന്റെ വിമാന സർവീസുകളാണ് തടസപ്പെട്ടത്.
എന്നാൽ പ്രശ്നങ്ങൾ പതിവായിട്ടും കൃത്യമായ നടപടികൾ എയർലൈൻ അധികൃതർ സ്വീകരിക്കുന്നില്ല. പകരം മോശം കാലാവസ്ഥയെ പഴിച്ച് രക്ഷപെടാനാണ് ശ്രമം. വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്ന സർവീസുകൾക്കു പകരം മറ്റ് സർവീസുകളും സംവിധാനങ്ങളും ഒരുക്കുന്നതിലും കമ്പനികൾ പരാജയപ്പെടുന്നതായി യാത്രക്കാർ പറയുന്നു. പത്ത് മണിക്കൂറോളം കാത്തിരുന്ന ശേഷം വിമാനം റദ്ദാക്കുന്ന അവസ്ഥ നേരിടേണ്ടി വന്നിട്ടും യാത്രക്കാരോടുള്ള കമ്പനികളുടെ പെരുമാറ്റം മോശമായി തന്നെ തുടരുകയാണ്.
സർവീസുകൾ റദ്ദാക്കിയതും വൈകുന്നതും മുൻകൂട്ടി അറിയിക്കാത്തതിനാൽ വിമാനത്താവളങ്ങളിൽ വന്ന് കാത്തുകെട്ടിക്കിടക്കുന്നവരും ഏറെ. പ്രധാനമായും ഗൾഫ് മേഖലകളിലുള്ള പ്രവാസികളെയാണ് സർവീസ് റദ്ദാക്കലുകൾ ബാധിക്കുന്നത്. ഓണക്കാലത്ത് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി ജനങ്ങളെ പിഴിഞ്ഞതിനുപുറമെയാണ് ഈ ദ്രോഹവും.
ജൂലൈ 31ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പോകേണ്ട സ്പൈസ് ജെറ്റ് വിമാനം 12 മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. യാത്രക്കാരെ വിമാനത്തിനുള്ളിൽ കയറ്റിയ ശേഷമാണ് അനിശ്ചിതമായി വൈകിയത്. പിന്നാലെ കൊച്ചി - ഡൽഹി വിമാനം വൈകുമെന്ന് അറിയിപ്പ് നൽകിയ ശേഷം യാത്രക്കാർ വിമാനത്താവളത്തിലെത്തിയതിനു പിന്നാലെ റദ്ദാക്കിയെന്ന് അറിയിച്ചു. യാത്രക്കാർ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും കാര്യമുണ്ടായില്ല.
ആഗസ്തിൽ തുടരെതുടരെ സർവീസുകൾ റദ്ദാക്കി. ആഗസ്ത് 18ന് കരിപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള വിമാനം അനിശ്ചിതമായി വൈകിയതോടെ യാത്രക്കാർ പ്രതിഷേധിച്ചു. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാർക്ക് താമസിക്കാൻ മുറികളോ മറ്റ് സൗകര്യങ്ങളോ നൽകിയില്ല. യാത്രക്കാർ ദീർഘ സമയം വിമാനത്താവളത്തിൽ കാത്തിരുന്ന ശേഷമാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചത്. ആഗസ്ത് 30നും സെപ്തംബർ 1, 4 തിയതികളിലും സമാനമായി സർവീസ് റദ്ദാക്കുകയും അനിശ്ചിതമായി വൈകുകയും ചെയ്തു.
ഇതിനിടയിൽ കൊച്ചിയിൽ നിന്നുള്ള സർവീസുകൾ മുടങ്ങാൻ കാരണം മോശം കാലാവസ്ഥയാണെന്ന ന്യായീകരണവുമായി കമ്പനി രംഗത്തെത്തി. എന്നാൽ കമ്പനിയുടേത് വ്യാജ ആരോപണമാണെന്ന് ഉന്നയിച്ച് വസ്തുതകൾ നിരത്തി സിയാൽ രംഗത്തെത്തിയതോടെ ആ കള്ളം പൊളിഞ്ഞു. സാമ്പത്തിക ബാധ്യതയെ തുടർന് വിമാനത്തിന് ഇന്ധനം നൽകാൻ വിതരണ കമ്പനികൾ തയ്യാറാകാതിരുന്നതാണ് വിമാനങ്ങൾ മുടങ്ങാൻ കാരണമായതെന്ന് സൂചനയുണ്ട്.










0 comments