ad
Deshabhimani

കവർസ്‌റ്റോറി

ആരുടെ പക്ഷം

കടപ്പാട്‌: ഗൂഗിൾ
avatar
ലക്ഷ്‌മി പത്മ

Published on Sep 05, 2026, 02:00 PM | 5 min read

ക്‌സിഡന്റൽ പ്രൈംമിനിസ്റ്റർ എന്ന് മൻമോഹൻ സിങ്‌ പറഞ്ഞതുപോലെ ഒരു ആക്‌സിഡന്റൽ ജേർണലിസ്റ്റാണ് ഞാനും. 2004‐ൽ തിരുവനന്തപുരം പ്രസ്‌ ക്ലബ്ലിലെ ഇലക്ട്രോണിക് ജേർണലിസം ക്ലാസിൽ ചെന്നുകയറുമ്പോൾ മാധ്യമപ്രവർത്തനം തൊഴിലായി സ്വീകരിക്കണമെന്ന ഒരു ഐഡിയയും തലയിലില്ലായിരുന്നു. പ്രസ് ക്ലബ് ഡയറക്ടർ വി കെ സോമൻ ആണ് ടെലിവിഷൻ ജേർണലിസത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങൾ പറഞ്ഞുതന്നത്. കോഴ്സിന്റെ ഭാഗമായി

ക്യാമറയെടുത്ത് സുനാമി ദുരിതബാധിത മേഖലകളിലടക്കം സഞ്ചരിച്ച് പ്രോഗ്രാം തയ്യാറാക്കി. പിന്നെയും നിരവധി യാത്രകൾ, ഷൂട്ടുകൾ... ഡോക്യുമെന്ററി സ്വഭാവമുള്ള പലവിധ പ്രോഗ്രാമുകൾ തയ്യാറാക്കി. സത്യത്തിൽ ആ പ്രോസസ് ആണ് എന്നെ ഈ തൊഴിലിലേക്ക് ആകർഷിച്ചത്. മനുഷ്യരുടെ പ്രശ്നങ്ങളിൽ ഇടപെടുക, യാത്ര ചെയ്യുക, എല്ലായ്‌പ്പോഴും സജീവമായിരിക്കുക... സംഗതി കൊള്ളാമല്ലോ എന്ന തോന്നൽ അങ്ങനെ തലയിൽ കയറിക്കൂടി. എം വി നികേഷ്‌ കുമാറിന്റെ നേതൃത്വത്തിൽ ഇന്ത്യാവിഷൻ ഉണ്ടാക്കുന്ന തരംഗങ്ങളിൽ കൂടി സ്വാധീനിക്കപ്പെടുന്നുണ്ടായിരുന്നു. മാധ്യമപ്രവർത്തനത്തിന്റെ പ്ലസും മൈനസും സോമൻ സർ കൃത്യമായി തന്നെ ഞങ്ങളിൽ സന്നിവേശിപ്പിച്ചിരുന്നു.

കോഴ്സ് കഴിഞ്ഞ ഉടൻ 2006‐ൽ സൂര്യ ടിവിയിൽ ജോലിക്ക് ചേർന്നു. തിരുവനന്തപുരം ബ്യൂറോയിൽ റിപ്പോർട്ടറായി തുടക്കം. എങ്കിലും മുഴുവൻ സമയ ന്യൂസ് ചാനൽ അല്ലല്ലോ എന്ന സങ്കടം അലട്ടി. ഒരു വർഷം കഴിഞ്ഞ് 2007‐ൽ ഞാൻ വളരെ അധികം ആഗ്രഹിച്ച ഇന്ത്യാവിഷനിൽ ജോലികിട്ടി. അവിടെയും തിരുവനന്തപുരം റിപ്പോർട്ടർ.

 ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭം ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭം

സ്വാശ്രയപ്രശ്നമടക്കം കത്തിനിന്ന സമയത്ത് വിദ്യാഭ്യാസ ബീറ്റ് നന്നായി കൈകാര്യം ചെയ്യാൻ കഴിഞ്ഞു എന്നതായിരുന്നു ആ കാലത്തെ ആത്മവിശ്വാസം. റിപ്പോർട്ടുകൾ ലൈവ് റിപ്പോർട്ടുകളായി മാത്രം മാറിയ ഈ കാലത്തിരുന്ന് പിന്നിലേക്ക് നോക്കുമ്പോൾ നിരവധി മാനുഷിക, സാമൂഹ്യ വിഷയങ്ങൾ ടെലിവിഷൻ സ്റ്റോറികളാക്കി. 2012 മുതലാണ് വാർത്താവതരണം തുടങ്ങുന്നത്. ഇന്ത്യാവിഷനിൽ ‘വോട്ട് ആൻഡ്‌ ടോക്ക്’ എന്ന ഡിബേറ്റ് ഷോ സ്ഥിരമായി ചെയ്‌തിരുന്നു. ഇന്ത്യാവിഷൻ തകർച്ചയുടെ വക്കിലേക്ക് എത്തുമ്പോഴാണ് ഏഷ്യാനെറ്റ് ന്യൂസിലേക്ക് മാറിയത്. എട്ട്‌ കൊല്ലം ഏഷ്യാനെറ്റിൽ ജോലി ചെയ്‌തു. ഏഷ്യാനെറ്റ് ന്യൂസിന്റെ റീച്ചും സ്വീകാര്യതയും മാധ്യമപ്രവർത്തക എന്ന നിലയ്‌ക്ക്‌ ആവേശകരമായി തോന്നി. ഇടയ്‌ക്ക്‌ ഏഷ്യാനെറ്റ് ന്യൂസിന്റെയും തിരുവനന്തപുരം റിപ്പോർട്ടറായി. ആ സമയത്താണ് സ്റ്റോറി ക്രാഫ്റ്റിലും സ്‌ക്രിപ്റ്റിങ്ങിലുമൊക്കെ കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ ധൈര്യം കിട്ടിയത്. ഏഷ്യാനെറ്റിൽനിന്നും ഇറങ്ങി ചാനൽ ആകാതെപോയ ‘ദി ഫോർത്തി’ന്റെ ഭാഗമായി. പിന്നീട് ‘ന്യൂസ് മലയാള’ത്തിൽ അസോസിയറ്റ് എഡിറ്റർ, ആ യാത്ര ഇപ്പോൾ ബിഗ് ടിവിയിൽ കോ ഓർഡിനേറ്റിങ്‌ എഡിറ്ററായി നിൽക്കുന്നു.

മലയാള ദൃശ്യ മാധ്യമ മേഖലയുടെ വളർച്ചയ്‌ക്കൊപ്പം സഞ്ചരിച്ച തലമുറയാണ് എന്റേത്. ന്യൂസ് ചാനലുകൾ വന്നപ്പോൾ പത്രങ്ങളുടെ പ്രസക്തി കുറയുമോ എന്ന് ശങ്കിച്ചതുപോലെ ഓൺലൈൻ മീഡിയകളുടെയും സോഷ്യൽ മീഡിയയുടെയും അതിപ്രസരം ന്യൂസ് ചാനലുകളുടെ പ്രസക്തി കുറയ്‌ക്കുമോ എന്ന ചോദ്യവും ഉയർന്നു.പക്ഷേ ദൃശ്യ മാധ്യമ മേഖല കേരളത്തിൽ സ്വയം പുതുക്കലുകളിലൂടെയാണ് കടന്നുപോകുന്നത് എന്നാണ് എന്റെ നിരീക്ഷണം.

വാർത്തകളെ തമസ്‌കരിക്കുന്ന ഇരുണ്ടകാലം നമുക്കില്ല ഇന്ന്.

മാധ്യമസാന്ദ്രതയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ ഒരു വാർത്ത ഒരു ചാനൽ കൈകാര്യം ചെയ്‌തില്ല എങ്കിൽ അത് അവരുടെ മാത്രം നഷ്ടമായി മാറും. നമ്മൾ മുക്കിയതുകൊണ്ടുമാത്രം ഒരു വാർത്തയും ഇല്ലാതാകില്ല, മാത്രമല്ല അങ്ങനെ ഒരു ചീത്തപ്പേര് സ്വന്തമായിക്കിട്ടും എന്നതുകൊണ്ടുകൂടി ഏത് മാനേജ്മെന്റ് താൽപ്പര്യത്തിനും അപ്പുറം വാർത്താതാൽപ്പര്യം മുന്നിൽ നിൽക്കും.ഉദാഹരണത്തിന്, ഒരുകാലത്ത് നഴ്സുമാരുടെ വിഷയങ്ങൾ മാധ്യമങ്ങൾ തൊടാൻ മടിച്ചിരുന്നു. ഇന്ത്യാവിഷൻ ആദ്യമായി നഴ്സുമാരുടെ സമരം ലൈവ് ചെയ്‌തു. പതിനൊന്നാം ചാനലായി വന്ന ബിഗ് ടിവിയിൽ ഞങ്ങൾ നഴ്സുമാരുടെ സമരം ഇടവേളകളില്ലാതെ സംപ്രേഷണം ചെയ്‌തപ്പോൾ ആ വിഷയം ഏറ്റെടുക്കാൻ മറ്റ് മാധ്യമങ്ങളും നിർബന്ധിതരായി. സോഷ്യൽ മീഡിയ ദൃശ്യ മാധ്യമങ്ങൾക്കുമേൽ നിരന്തര ഓഡിറ്റിങ്‌ നടത്തുന്ന കാലമാണിത്. അതിന്റെ ഗുണവും ദോഷവും ഒരുപോലെ ദൃശ്യ മാധ്യമ മേഖലയിൽ പ്രകടമാണ്. ഏതെങ്കിലും ഒരു രാഷ്‌ട്രീയ പാർടിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച് അതിന് ആ പാർടി അണികളുടെ കയ്യടി കിട്ടിക്കഴിഞ്ഞാൽ പിന്നെ തങ്ങൾ ആ പാർടിയുടെ വക്താക്കൾ എന്ന് ചില അവതാരകർ സ്വയം ധരിച്ച് വശാകും. മാത്രമല്ല, ഒരു നിഷ്‌പക്ഷ നിലപാട് സ്വീകരിക്കാൻ പിന്നീടവർ ക്ലേശപ്പെടുന്നതും കാണാറുണ്ട്. സോഷ്യൽ മീഡിയ ഗ്യാലറിയുടെ കയ്യടികൾക്ക് ചെവികൊടുക്കാതെ ഓരോ വിഷയത്തെയും അതിന്റെ മെറിറ്റിൽ ഇഴകീറി നിലപാട് സ്വീകരിക്കുന്നവരോട് സവിശേഷമായ ഇഷ്ടം തന്നെ പ്രേക്ഷകസമൂഹത്തിനുണ്ടാകും.

നമ്മുടെ ടാർഗറ്റ് ഓഡിയൻ നാൽപ്പത് മുതൽ എൺപത്‌ വയസ്സുവരെയോ അതിനും മുകളിൽ ഉള്ളവരോ ഒക്കെ ആവും. അവരെല്ലാവരും ഒരുപക്ഷേ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ളവരൊന്നും ആകണമെന്നില്ല. അതുകൊണ്ട് സോഷ്യൽ മീഡിയ മാത്രം അടിസ്ഥാനമാക്കി നിലപാട് സ്വീകരിച്ചാൽ നമുക്ക് തെറ്റിപ്പോകും.

കടപ്പാട്‌: ഗൂഗിൾ

ഇനി മറ്റൊരു കൂട്ടരുണ്ട്, സ്വന്തം രാഷ്‌ട്രീയ നിലപാടുകളെ അനാവശ്യമായി വാർത്തയിൽ സന്നിവേശിപ്പിക്കുന്നവർ. ചിലപ്പോൾ അത് രാഷ്‌ട്രീയ നിലപാട് പോലും ആകണമെന്നില്ല. സങ്കുചിതമായ വ്യക്തിവിരോധങ്ങൾ, വൈരാഗ്യങ്ങൾ, പക ഇതൊക്കെയാവും അവരെ മുന്നോട്ട് നയിക്കുക. ചാനലിന്റെ എഡിറ്റോറിയൽ പോളിസിയിലെ നിഷ്‌പക്ഷതയെ മറികടക്കാൻ പോന്ന സ്വാധീനം ഒരു പക്ഷേ അവർക്ക് ആ സ്ഥാപനത്തിന് അകത്തുണ്ടാകും. നിലവിലെ മുഖ്യധാരാ ചാനലുകളിൽ ചുരുക്കം ചിലരെങ്കിലും ഈ രീതിയിൽ ഏകപക്ഷീയമായി ഡിബേറ്റ് ഷോകൾ അവരുടെ സങ്കുചിത ലൈനിലേക്ക് ചുരുക്കുന്നത് നമ്മൾ പതിവായി കാണാറുണ്ട്.അതുകൊണ്ടാണ് ഒരു പക്ഷത്തെ കുറ്റം പറയുമ്പോൾ മാത്രം ചില അവതാരകർ അലറുകയും ആക്രോശിക്കുകയും ചെയ്യുന്നത്, മറ്റൊരു കൂട്ടരെ വിമർശിക്കുമ്പോൾ ഇതേ അവതാരകർ തന്നെ ഇങ്ങനെ ഒക്കെ ചെയ്യാമോ ലൈനിൽ പതിതാളം പിടിക്കുന്നതും.

പത്രങ്ങളെ അപേക്ഷിച്ച് സ്‌ത്രീസമൂഹം ഏറ്റവും കൂടുതൽ ജോലിയെടുക്കുന്ന മേഖല കൂടിയായി ദൃശ്യമാധ്യമരംഗം മാറിയിട്ടുണ്ട്. അത് വാർത്തകളിലെ സ്‌ത്രീ പക്ഷത്തെ പരുവപ്പെടുത്തുന്നതിൽ കാര്യമായ പങ്ക് വഹിക്കുന്നു. കുറച്ചുകാലം മുമ്പുവരെ സ്‌ത്രീകൾ അവതാരകരായി മാത്രമേ എത്തുന്നുള്ളൂ, എഡിറ്റോറിയൽ പദവികൾ വഹിക്കുന്നില്ല എന്ന വിമർശനം ഉയർന്നുകേട്ടിരുന്നു. ഇന്നത് മാറി. ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റോറിയൽ തലപ്പത്ത് സിന്ധു സൂര്യകുമാറാണ്,ബിഗ് ടിവി ചീഫ് എഡിറ്റർ സ്ഥാനത്തേക്ക് കണ്ടെത്തിയത് സുജയ പാർവതിയെയാണ്. ബിഗ് ടിവിയിൽ ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിൽ ഞാനടക്കം മൂന്ന് സ്‌ത്രീകളും മൂന്ന് പുരുഷൻമാരുമാണ്. ദൃശ്യമാധ്യമരംഗത്തെ വനിതാ മുന്നേറ്റത്തിന്റെ ദിശാസൂചികകളായി തന്നെ വേണം ഈ വസ്‌തുതകളെ പരിഗണിക്കാൻ. ഞാൻ റിപ്പോർട്ടിങ്‌ തുടങ്ങുന്ന കാലത്ത് പെൺകുട്ടികൾക്ക് പൊളിറ്റിക്കൽ ബീറ്റ് നൽകാനുള്ള ആത്മവിശ്വാസം ബ്യൂറോ ചീഫുമാർക്കില്ലായിരുന്നു. ഇന്ന് കഥ മാറി. പെൺകുട്ടികൾ മിടുമിടുക്കരായി പൊളിറ്റിക്കൽ ബീറ്റുകൾ കൈകാര്യം ചെയ്യുന്നു, വാർത്തകൾ ബ്രേക്ക് ചെയ്യുന്നു. ബ്യൂറോ ചീഫുമാർ തന്നെ സ്‌ത്രീകളാണ് പലയിടങ്ങളിലും. ബിഗ് ടിവിയുടെ തിരുവനന്തപുരം ബ്യൂറോയെ നയിക്കുന്നത് പി ആർ പ്രവീണയാണ്. കൈരളി ടിവിയുടെ തിരുവനന്തപുരം ബ്യൂറോയെ നയിക്കുന്നത് ഷീജയാണ്.

വിവിധ രാഷ്‌ട്രീയ പാർടികളുടെ സോഷ്യൽ മീഡിയ അണികൾ മാധ്യമപ്രവർത്തകരെ അവർ വെട്ടുന്ന വഴിയിലൂടെ നടത്താൻ പ്രേരിപ്പിക്കുന്ന സന്ദർഭങ്ങൾ പലതുണ്ട്. അതിൽ വീഴാത്തവരെ സംഘടിതമായി സൈബർ അറ്റാക്ക് ചെയ്യാനും ഡിസ്ക്രെഡിറ്റ് ചെയ്യാനുമുള്ള ശ്രമങ്ങളും അവർ നടത്തും.

അമ്പുകൊള്ളാത്തവരില്ല കുരുക്കളിൽ എന്ന് പറയുന്നതുപോലെ എല്ലാ ഗുരുക്കളിൽനിന്നും അമ്പേൽക്കാനുള്ള യോഗം വന്നുചേർന്നിട്ടുണ്ട് എനിക്കെന്ന് പലപ്പോഴും തമാശയായി സുഹൃത്തുക്കളോട് പറയാറുണ്ട്. വനിതാ മാധ്യമ പ്രവർത്തകർ സൈബർ ഇടങ്ങളിൽ അതിനീചമായാണ് ആക്രമിക്കപ്പെടുന്നത്. പലപ്പോഴും കേസും കൂട്ടവുമായൊന്നും നടക്കാൻ മെനക്കെടാതെ ഇതൊക്കെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകലാണ് പതിവ്. സഹികെടുമ്പോൾ മാത്രമാണ് നമ്മളിൽ പലരും നിയമവഴിയിലേക്ക് നീങ്ങുന്നത്. ഏഷ്യാനെറ്റ് ന്യൂസിൽ ഞാൻ വാർത്ത വായിക്കുന്ന ക്ലിപ്പിങ്ങെടുത്ത് അതിനൊപ്പം എന്തൊക്കെയോ അശ്ലീല ഓഡിയോ ട്രാക്കിട്ട് ഒരു യൂട്യൂബർ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമീഷണറെ നേരിട്ട് കണ്ട് പരാതി കൊടുത്തതോടെ സൈബർ പൊലീസ് അയാളെ കയ്യോടെ പിടികൂടി. മാധ്യമപ്രവർത്തകരെന്ന വ്യാജേന അശ്ലീലവും അധിഷേപവും ചൊരിഞ്ഞ രണ്ട്‌ യൂട്യൂബർമാർക്കെതിരായ സൈബർ കേസുകൾ കോടതിയുടെ പരിഗണനയിലാണ്. രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ നേരിൽ കണ്ട കാര്യം തുറന്ന് പറഞ്ഞതിന്റെ പേരിൽ ചില വ്യാജ ഐഡികളിൽ നിന്നും ഇപ്പോഴും നിരന്തരം സോഷ്യൽ മീഡിയ ആക്രമണം നേരിടുന്നുണ്ട്.


ദേശീയ മാധ്യമങ്ങളെ താരതമ്യം ചെയ്യുമ്പോൾ വിശ്വാസ്യതയുടെ കാര്യത്തിൽ ബഹുദൂരം മുന്നിലാണ് മലയാള മാധ്യമങ്ങൾ. രാഷ്‌ട്രീയ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മുന്നിലായ മലയാളികളാണ് ഇവിടുത്തെ പ്രേക്ഷകർ. അവരെ കയ്യിലെടുക്കാൻ പ്രത്യക്ഷത്തിൽ ഏതെങ്കിലും പക്ഷം പിടിച്ച് മുന്നോട്ട് പോയാൽ ഒരിക്കലും സാധിക്കില്ല. ഒളിച്ചുകടത്തലുകൾ ഉണ്ടാകും, പക്ഷേ പച്ചയ്‌ക്ക്‌ പക്ഷം പിടിക്കൽ പ്രായോഗികമല്ല; പ്രത്യേകിച്ചും വാർത്താചാനലുകൾക്ക്. അതുകൊണ്ടാണ് മനോരമ പത്രത്തിന്റെ അത്രയും കോൺഗ്രസ് താൽപ്പര്യം സൂക്ഷിക്കാൻ മനോരമ ചാനലിന് കഴിയാതെ പോകുന്നത്. വാർത്താ തമസ്‌കരണം അവരുടെ ബിസിനസിനെ തന്നെ ബാധിക്കും എന്ന തിരിച്ചറിവാണ് ഓരോ ന്യൂസ് റൂമിനെയും മുന്നോട്ട് നയിക്കുന്നത്.

ഭരണകൂടങ്ങളെ വിമർശിക്കാനുള്ള ആർജവവും ഇഛാശക്തിയും മലയാള മാധ്യമങ്ങൾക്ക് കൈമോശം വന്നിട്ടില്ല. അപ്പോഴും മോദി സർക്കാരിനെ അതിനിശിതമായി വിമർശിക്കുവാനുള്ള ഭയം മലയാളം ചാനലുകൾക്കില്ലേ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ തെറ്റുപറയാനാകില്ല. മീഡിയ വണ്ണിനെതിരായ കേന്ദ്രവാർത്താവിതരണ മന്ത്രാലയത്തിന്റെ നടപടി മലയാള മാധ്യമങ്ങളെയും കേന്ദ്രവിമർശനത്തിൽ നിശ്ശബ്ദരാക്കിയിട്ടുണ്ട്. പക്ഷേ ഗോദി മീഡിയയെ പോലെ കേന്ദ്രഭരണകൂടത്തിന്റെ അടിമകളായി ഇവിടുത്തെ മാധ്യമങ്ങൾ മാറിയിട്ടുമില്ല. മോദി ഭരണകൂടത്തിന്റെ പങ്കുകച്ചവടക്കാർ മാത്രമായി ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളെ കണ്ടതുകൊണ്ടാണ് അവരെ ജെൻ സികൾ സിജെപി സമരവേദിയിൽനിന്നും ആട്ടിയോടിച്ചത്. പാറ്റകളുടെ സമരത്തിലൂടെ ഇന്ത്യൻ ജനാധിപത്യത്തിൽ പുതിയ വാതായനങ്ങൾതുറക്കുന്നതും ഭയത്തിന്റെ മൂടുപടങ്ങളിൽ സുഷിരങ്ങൾ വീഴുന്നതും നമ്മൾ കണ്ടു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ഏതു മുന്നേറ്റത്തെയും തുറന്ന മനസ്സോടെ സ്വീകരിക്കുവാനും അതിനെതിരായ ഭരണകൂട ചാപ്പകളിൽ വീണുപോകാതിരിക്കാനും അധിക ശ്രദ്ധ പുലർത്തേണ്ടവരാണ് മാധ്യമങ്ങൾ. മലയാള മാധ്യമ മേഖല കുറച്ചുകൂടി മൂർച്ചയോടെ കേന്ദ്രഭരണത്തെ വിമർശിക്കുന്ന, തിരുത്തുന്ന നല്ല നാളെക്കായി പ്രത്യാശയോടെ കാത്തിരിക്കുന്നു .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home