ഹണിട്രാപ്പ്: 56 കാരനിൽ നിന്ന് പൊലീസുകാരനുൾപ്പടെ 17 ലക്ഷം രൂപ തട്ടിയതായി പരാതി

താനെ: സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മഹാരാഷ്ട്രയിലെ താനെയിൽ 56 കാരനിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ഏഴ് പേർ ചേർന്ന് 17.65 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
വ്യാഴാഴ്ച രജിസ്റ്റർ ചെയ്ത എഫ്‌ഐആർ പ്രകാരം, കല്യാണിൽ താമസിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പരാതിക്കാരനെ 28 വയസ്സുള്ള ഒരു യുവതി ഹണിട്രാപ്പിൽ കുടുക്കുകയും അദ്ദേഹത്തിന്റെ സ്വകാര്യ വീഡിയോ പകർത്തുകയും തുടർന്ന് യുവതിയും കൂട്ടാളികളും ചേർന്ന് ആ വീഡിയോ ഉപയോഗിച്ച് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പരാതിക്കാരനിൽ നിന്ന് 17.65 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം.
പ്രധാന പ്രതിയായ ഡോംബിവ്‌ലിയിൽ താമസിക്കുന്ന സീമ ജഗ്താപ്, അവരുടെ അമ്മ ഭാരതി ശ്യാം ഠാക്കൂർ, ഭർത്താവ് സുമിത് സിങ് എന്നിവരെയും ഒരു പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ മറ്റ് മൂന്ന് പേരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്.
ബിഎൻഎസ് സെക്ഷൻ 308(2) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.










0 comments