ഡൽഹിയിൽ ശമനമില്ലാതെ മഴ; ഗതാഗതം തടസപ്പെട്ടു, മുന്നറിയിപ്പുമായി എയർലൈനുകൾ

ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴയെത്തുടർന്ന് ജനജീവിതം സ്തംഭിച്ചു. പല പ്രധാനറോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ട സ്ഥിതിയിലാണ്. ഗീതാ കോളനി, അക്ബർ റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെ തന്നെ ചെറിയ അളവിൽ വെള്ളക്കെട്ട് രൂപപ്പെട്ട് തുടങ്ങിയിരുന്നു.
ഉച്ചയോടെ മഴ കാണാതാകുകയും വെള്ളക്കെട്ട് രൂക്ഷമായി ഗതാഗതം തടസപ്പെടുകയും ചെയ്തു. മഴ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിലെ പല പ്രദേശത്തും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും വെള്ളക്കെട്ട് രൂക്ഷമായതോടെ പല എയർലൈനുകളും മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് അതാത് എയര്ലൈനുകളുമായി ബന്ധപ്പെട്ട ഫ്ലൈറ്റിന്റെ നില പരിശോധിക്കണമെന്ന് എയർലൈനുകൾ യാത്രക്കാരോട് ആവശ്യപ്പെട്ടു. മഴയെത്തുടർന്ന് ഡൽഹിയിലെ കുറഞ്ഞ താപനില 24.8 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു.
കനത്ത മഴ വായുനിലവാരത്തെ മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും വെള്ളക്കെട്ടുമൂലം ജനം വലയുകയാണ്. ഞായറാഴ്ചയുടെ മഴയുടെ അളവ് കുറയുമെങ്കിലും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുണ്ട്.










0 comments