ad
Deshabhimani

കവർസ്‌റ്റോറി

സത്യാനന്തര കാലത്തെ മീഡിയ റൂം

ബുക്ക്‌
avatar
ശ്യാമിലി ശശിധരൻ

Published on Sep 05, 2026, 03:17 PM | 3 min read

രുപത്തിയൊന്നാം വയസ്സിലാണ്‌ മാധ്യമ മേഖലയിൽ ഔദ്യോഗികമായി ജോലിചെയ്യാൻ തുടങ്ങിയത്‌. റേറ്റിങ്ങിൽ രണ്ടാമത് എത്തിയത് ആഘോഷിക്കുകയായിരുന്നു സ്ഥാപനം അന്ന്. ആദ്യ പാഠം... റേറ്റിങ്‌.

വാർത്തയ്‌ക്ക്‌ റേറ്റിങ്‌ ഉണ്ടാവണം. വാർത്തയെ ആ വിധം തയ്യാറാക്കി അവതരിപ്പിക്കുക കൂടിയാണ് തൊഴിൽ. മറ്റ് ചാനലുമായുള്ള മത്സരക്ഷമതയാണ് സ്ഥാപനത്തിന്റെ ശക്തി ദൗർബല്യം അളക്കുന്നത് എന്നുപോലും തോന്നിയിരുന്നു അപ്പോൾ. തീർത്തും സ്വകാര്യമായ തൊഴിൽ യാത്രയായാണ് ഞാൻ ഈ കാലയളവിനെ അടയാളപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. ചെയ്യുന്നത് ഓൺ എയർ ചെയ്യപ്പെടുകയും പൊതുമധ്യത്തിൽ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നുവെങ്കിലും എനിക്ക് ഇത് തീർത്തും സ്വകാര്യമായ യാത്രയാണ്. അവനവന്റെ സ്വകാര്യതകളിൽ സത്യസന്ധമായിരിക്കാൻ ശ്രമിക്കണമല്ലോ, അതുകൊണ്ട് തൊഴിലിലും ഇത് പാലിക്കാൻ ശ്രമിക്കുന്നു. മത്സരബുദ്ധി, കുടിലത, ഈഗോ തുടങ്ങിയ പ്രവണതകൾ ധാരാളമുള്ള തൊഴിലിടമാണ് ഇത്. സമയത്തോട് മത്സരിക്കാനായിരുന്നു ശ്രമം. വസ്‌തുത, മനുഷ്യ വികാരങ്ങൾ, സാഹചര്യം എന്നിവ ഒരു മിനിറ്റിൽ ഗ്രഹിക്കാവുന്ന കഥകളാക്കി മാറ്റിയാണ്‌ സമയത്തോടുള്ള ഈ മൽപ്പിടുത്തം.

മരണം, പ്രകൃതിക്ഷോഭം, തെരഞ്ഞെടുപ്പ്‌, വെള്ളപ്പൊക്കം, കോവിഡ്, ലോക്ഡൗൺ, നിപാ തുടങ്ങി മനുഷ്യ, മൃഗ ജീവനും ജീവിതവും വാർത്തകളായി പറഞ്ഞപ്പോൾ തൊഴിലിൽ അനുഭവങ്ങളായി... ട്രെയിനിയിൽനിന്ന് സ്ഥാനക്കയറ്റത്തിലേക്കുള്ള ഈ അനുഭവപരിചയമാണ് എന്റെ അടിസ്ഥാനം. ആ അനുഭവ ങ്ങളൊക്കെയാണ്‌ എന്നെ പരുവപ്പെടുത്തിയത്‌.

ഫോട്ടോ: മിഥുൻ അനിലാ മിത്രൻഫോട്ടോ: മിഥുൻ അനിലാ മിത്രൻ

റേറ്റിങ്ങിൽ ഊന്നിയുള്ള മാറ്റങ്ങളും പരിഷ്‌കാരങ്ങളുമാണ് മാധ്യമ മേഖലയുടെ അവസ്ഥയും വ്യവസ്ഥയും ഒക്കെ. ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി ത്രയ കാഴ്ചാസംസ്‌കാരത്തിനുമേൽ ഇടിച്ചിറങ്ങുകയായിരുന്നു 24 ന്യൂസ് ചാനൽ. പിന്നീടിങ്ങോട്ട് ചാനൽ ഫ്‌ളോർ ഒരു നാടകശാലയോ സിനിമാ തിയറ്ററോ ഒക്കെയായി പരിണമിക്കുന്നതാണ് കണ്ടത്. വിഷ്വലുകൾക്കും അതിനെ വിവരിച്ചുള്ള വാക്കുകൾക്കുമപ്പുറം ഗ്രാഫിക് കണ്ടന്റുകൾ ചടുലമായി മാറി മറിഞ്ഞു. ഓഗ്മെന്റ്‌ റിയാലിറ്റി വാർത്ത പറയുന്നതിന്റെ വളയമായി മാറി. വാർത്താ വായനക്കാർ അവിടംമുതൽ പെർഫോമേഴ്സ് ആയിക്കൂടി മാറേണ്ടത് അവരുടെ തൊഴിലിനും മൂല്യത്തിനും കൂടി അനിവാര്യതയായി മാറി. ഈ മാറ്റത്തിന്റെ തുടക്കം മൊബൈലും 3G, 4G, 5G നെറ്റ് വർക്കുകൾ കൂടിയാണ്. ഒരു ഹാളിലെ ടിവിയും റിമോട്ടിലുമായി ചാനലുകൾ മാറിമറിഞ്ഞ് അറിയുന്ന വിവരങ്ങൾ വിരൽത്തുമ്പിലാക്കിക്കൊണ്ട് സോഷ്യൽ മീഡിയ എത്തിയതോടെയാണ്.

അവതാരകർ പെർഫോമേഴ്സ് ആയി, ചാനൽ ഫ്ലോർ വലിയൊരു കൊട്ടക ആയി. സംവേദന ഭാഷ ജനപ്രിയമായി. ഈ നിരയിലേക്ക് പഴയതും പുതിയതുമായ ചാനലുകൾ മാറിയപ്പോൾ വിശ്വാസ്യത വിഷയമായി. നിഷ്‌പക്ഷത എന്നതിനേക്കാൾ ഒരു പക്ഷമുണ്ടാകുന്നതാണ് സത്യമെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഭൂരിപക്ഷവും എന്ന് തോന്നുന്നു. പക്ഷേ ആരുടെയെങ്കിലും കയ്യാളും കാലാളും നാവുമായി വാർത്തകളും അവതാരകരും മാറുന്നു എന്നുള്ളിടത്താണ് വിശ്വാസ്യത വിഷയമാകുന്നത്. സാറ്റലൈറ്റ് ചാനലുകളേക്കാൾ ഓൺലൈൻ ചാനലുകളാണ് ഇക്കാര്യത്തിൽ ദുരന്ത സംഭാവനകൾ നൽകി വിശ്വാസ്യതയെ ചവറ്റുകുട്ടയിലാക്കുന്നത്.

പ്രൊപ്പഗാൻഡയുടെ ഉത്തരേന്ത്യൻ മോഡലിന് മലയാള ഭാഷ്യം നൽകുന്നത് ഇവിടുത്തെ ചില ഓൺലൈൻ മാധ്യമങ്ങളാണെന്ന് വ്യക്തിപരമായി ഞാൻ കരുതുന്നു. അതിന്റെ ചുവട് പിടിക്കുന്ന ചിലർ മുഖ്യധാര മാധ്യമങ്ങളിലും ഉണ്ടെന്നത് നിരാശയാണ്.

ഫാക്ട് ചെക്ക് വാർത്തയിലും ദൃശ്യത്തിലും നടത്തേണ്ടതും അതിൽ നിലപാട് എടുക്കേണ്ടതും ഓരോ മാധ്യമപ്രവർത്തകന്റെയും ബേസിക് എത്തിക്‌സ്‌ ആയിരിക്കണം. എത് വിഷയത്തിലെയും രാഷ്‌ട്രീയ ശരികൾ പറയാൻ കഴിയണം. അല്ലാത്തപക്ഷം അത് വലിയ ശരികേട് ആകുമെന്നതിൽ തർക്കമില്ല. അത് പ്രേക്ഷകരിൽ ചിന്താക്കുഴപ്പം ഉണ്ടാക്കാത്തവിധം പറയാനുള്ള ഗൃഹപാഠം മാധ്യമപ്രവർത്തകരും ചെയ്യണം. സ്വയം തിരുത്തിയും പഠിച്ചും മുന്നേറാനുള്ള ബാല്യം എല്ലാ അനുഭവ തഴമ്പിനിടയിലും കൈമുതലായിരിക്കണം.

സിനിമ പോലെ ജനങ്ങളെ വലിയരീതിയിൽ സ്വാധീനിക്കുന്ന മേഖലയാണ് മാധ്യമങ്ങളുടേത്‌. സിനിമയിൽ കെട്ടുകഥകളും യാഥാർഥ്യത്തിന്റെ പുനരാവിഷ്‌കരണവുമാണെങ്കിൽ വാർത്താമാധ്യമങ്ങൾ ഒരു കണ്ണാടി പോലെയാണ് പ്രവർത്തിക്കേണ്ടത്. പക്ഷേ വാണിജ്യവൽക്കരിക്കപ്പെട്ട സംവിധാനത്തിൽ വാർത്തയും കമേഴ്സ്യലാക്കാൻ പരാമവധി ശ്രമങ്ങൾ എഡിറ്റോറിയൽ തലത്തിൽ തന്നെ നടക്കുന്നുണ്ട്. വിറ്റുവരവുള്ള ഏറ്റവും നല്ല വാർത്ത, ചോരയിറ്റുന്ന ക്രൈമും സ്‌ത്രീകൾക്കെതിരായ അതിക്രമ വാർത്തയും, പിന്നെ ചാനൽ മുറിയിലെ അനൗദ്യോഗിക ഭാഷയിൽ പറഞ്ഞാൽ ആനമയിൽ ഒട്ടകം വാർത്തകളുമാണ്. ഇവയ്ക്ക് അൽപ്പം രാഷ്‌ട്രീയ ഫ്‌ളേവർ കൂടിയായാൽ ലക്ഷണമൊത്ത ഒരു കമേഴ്സ്യൽ വാർത്ത തയ്യാർ. രാവിലെ തുടങ്ങുന്ന വാർത്താ ദിനത്തിൽ വളർത്തി കൊണ്ടുവരുന്ന ഈ വാർത്തകൾക്ക് അന്തിച്ചർച്ചയോടെ ആധികാരികത ഉണ്ടാക്കും, സ്ഥാപിക്കും. മുഖ്യധാര മാധ്യമങ്ങളുടെ വിജയമന്ത്രം ഇതൊക്കെ തന്നെയാണ്. അവിടെ സത്യങ്ങളിലെ ഊതിപ്പെരുപ്പിക്കലുകളും അർധസത്യങ്ങളും ഉണ്ടെന്നുള്ളത് സങ്കടകരമാണെങ്കിലും സത്യമാണ്‌.

വസ്‌തുതയും ഡാറ്റയും അസ്‌തമിച്ച സായാഹ്നത്തിലെ അടുപ്പുകൂട്ടി ചർച്ച പോലെ പ്രഹസനം മറ്റെന്തുണ്ട്! ഈ നിരയിലേക്ക് ഇനിയൊരു ചാനലോ എന്ന മുഖംചുളിക്കലുകൾക്ക് ഇടയിലേക്കാണ് പുതിയൊരു വാർത്താ സംസ്‌കാരം സൃഷ്ടിച്ച് ന്യൂസ് മലയാളം 24*7 കടന്നുവരുന്നത്. ഡാറ്റ ജേർണലിസം ആണ് ആധാരം. സൂര്യനസ്‌തമിക്കുമ്പോൾ നടത്തുന്ന വാർത്തയിലെ വിധിപറച്ചിൽ വേണ്ടെന്നായിരുന്നു എഡിറ്റോറിയൽ തീരുമാനം. വിശകലനം മാത്രം. അതായത്‌ രാഷ്‌ട്രീയ ശരിയിലൂന്നിയ വിശകലനം മാത്രം.

ഫോട്ടോ: ബിനുരാജ്‌ഫോട്ടോ: ബിനുരാജ്‌

മാധ്യമ വിദ്യാർഥി എന്ന നിലയിൽ ഒമ്പത്‌ വർഷക്കാലയളവിനുള്ളിൽ വിദ്യാലയം ആയി അനുഭവപ്പെട്ട ഇടംകൂടിയാണ്‌ ന്യൂസ് മലയാളം. കാരണം, വാർത്താടീമിനെ നയിക്കുന്നവരിലെ രാഷ്‌ട്രീയ, സാമൂഹിക ബോധവും ബോധ്യവും സെൻസേഷണലിസത്തിനപ്പുറം വസ്‌തുതയിൽ ഊന്നാൻ പഠിപ്പിച്ചു. പറയുന്ന, എഴുതുന്ന ഓരോ വാക്കിനും വരിക്കും ഉത്തരവാദിത്വം ഉണ്ടെന്ന് ഓർമിപ്പിച്ചു.

എഡിറ്റോറിയൽ പരിപാടിയായ ആർഡിഎക്സാണ് വാർത്തയോടുള്ള നമ്മുടെ നിലപാട്. താരതമ്യേന ജൂനിയറായ എനിക്കുപോലും അവിടെ നിലപാട് പറയാനുള്ള പ്രാപ്തി ഉണ്ടാവുന്നത് ആ നേരംവരെയും ചാനൽ ഒരു വാർത്തയോട് സ്വീകരിക്കുന്ന സമീപനം കൊണ്ടുകൂടിയാണ്. അത്തരം ഒരു വാർത്താ അന്തരീക്ഷം സൃഷ്ടിക്കുന്ന മുൻനിര ഈ ചാനലിന് ഉണ്ട്.

ബാഹ്യശക്തികളെ ഭയപ്പെടേണ്ട, അതായത് മാർക്കറ്റിനെ ഭയക്കേണ്ട, അത് നിയന്ത്രിക്കുന്നവരേയും എന്നതാണ് ഇതിലൊക്കെ പ്രധാനം. ‘സത്യം പറയട്ടെ’ എന്ന ടാഗ് ലൈൻ ഒരു സൂചികയാണ്. അത് പറയാൻ ധൈര്യം ആവശ്യമാണ്. മുകളിൽ പറഞ്ഞ ഭയമില്ലാത്തതിനാൽ വാർത്തകളിൽ ആ ധൈര്യമുണ്ട്. സത്യാനന്തര കാലത്ത് ഈ തൊഴിൽ തുടരാൻ മറ്റെന്ത് വേണം... .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home