സംഭാഷണം
കർണാടക സംഗീതവും ജാതിവ്യവസ്ഥയും

ടി എം കൃഷ്‌ണ/ ഡോ. എം വി നാരായണൻ
Published on Sep 05, 2026, 03:48 PM | 11 min read
പ്രൊഫ. എം വി നാരായണൻ: "സത്യമായ ഓരോ കലാസൃഷ്ടിയും അന്യതയെ/ അപരതയെ (alterity/otherness) തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്നു’ എന്നൊരു മഹത്തായ പ്രസ്‌താവനയുണ്ട്. ആ അർഥത്തിൽ, നിങ്ങളിൽ നിന്നുതന്നെ മാറിനിന്നുകൊണ്ട്, സ്വന്തം അഹന്ത കലരാത്ത ഒരു കാര്യം അവിടെ സംഭവിക്കുന്നത് കാണുക എന്ന താങ്കളുടെ ആശയം തീർത്തും ശരിയാണെന്ന് തോന്നുന്നു. നമുക്ക് അൽപ്പംകൂടി മുന്നോട്ട് പോകാം. ആ സംഗീതത്തിൽനിന്ന് താങ്കൾ ഒരു ആക്ടിവിസ്റ്റായി മാറി. അത് എങ്ങനെയാണ് സംഭവിച്ചത്? കാരണം, താങ്കൾ ഇപ്പോൾ സംസാരിക്കുന്ന ഈ സൗന്ദര്യാത്മകമായ (aesthetic) സംഭാഷണങ്ങൾ കേൾക്കാൻ നല്ല സുഖമുണ്ട്, എന്നാൽ പിന്നീട് താങ്കൾ ഒരുപാട് ആളുകൾക്ക് അപ്രിയനായി (objectionable) മാറാൻ തുടങ്ങിയല്ലോ.
ടി എം കൃഷ്‌ണ: ഞാൻ ഇപ്പോഴും അങ്ങനെ തന്നെയാണെന്ന് തോന്നുന്നു. അതെ...
എം വി എൻ: താങ്കൾ വെറും പ്രഭാഷണങ്ങളും പ്രസ്‌താവനകളും മാത്രമല്ല, സമഗ്രമായ പുസ്‌തകങ്ങൾ തന്നെ എഴുതാൻ തുടങ്ങി. - വെറും സാമൂഹിക പ്രശ്നങ്ങൾ മാത്രമല്ല, വളരെ സമകാലികമായ രാഷ്‌ട്രീയ പ്രശ്നങ്ങളെക്കൂടി അഭിസംബോധന ചെയ്യുന്ന പുസ്‌തകങ്ങൾ. അത് എങ്ങനെയാണ് സംഭവിച്ചത്? കാരണം കലാകാരന്മാർ ഇത്തരമൊരു വലിയ കുതിപ്പിന് (leap) തയ്യാറാകുന്നത് പലപ്പോഴും കാണാറില്ല.
ടി എം കെ: സത്യം പറഞ്ഞാൽ എനിക്കറിയില്ല. എനിക്ക് ഒരു കാര്യം മാത്രമേ അറിയൂ‐ ജീവിതത്തിൽ എന്നെ ഏറ്റവും ആവേശം കൊള്ളിക്കുന്ന ഒന്നാണ് ആശയങ്ങൾ (ideas). ഞാൻ ഇത് ഇന്നലെ ഒരാളോട് പറഞ്ഞതേയുള്ളൂ, മറ്റൊരാളെ സന്തോഷിപ്പിക്കുന്നതാണോ എനിക്ക് ആവേശം നൽകുന്നത്? അല്ല, അത് ആശയങ്ങളാണ്.
എന്നെ സംബന്ധിച്ചിടത്തോളം, ഒരു ആശയം മനസ്സിൽ വന്നാൽ ഞാൻ അതിൽ മുഴുകും. ഞാൻ അത് വെറുതെ കൊണ്ടുനടക്കുന്ന ഒരാളല്ല, ഉടനെ അതിലേക്ക് എടുത്തുചാടും. അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചൊന്നും ഞാൻ ചിന്തിക്കാറില്ല. ഇപ്പോൾ പ്രായമായതുകൊണ്ട് ഒരുപക്ഷേ അൽപ്പം ചിന്തിക്കുമായിരിക്കും, എന്നാൽ 15-‐20 വർഷം മുമ്പ് അതൊന്നും നോക്കാറില്ലായിരുന്നു. ഞാൻ അത് ചെയ്യും. പരാജയപ്പെട്ടാൽ പരാജയപ്പെടട്ടെ, എനിക്കതിൽ കുഴപ്പമില്ല. ഞാൻ അതിനെ അതിജീവിക്കും, വീണാൽ പൊടിതട്ടി എഴുന്നേറ്റ് വീണ്ടും നടക്കും. അങ്ങനെയൊരാളാണ് ഞാൻ.
അതുകൊണ്ട്, പലരും പറയുന്നതുപോലെ വളരെ ജൈവികമായാണ് ഞാൻ ഒരു ആക്ടിവിസ്റ്റായി മാറിയത്. ഞാൻ എഴുതിയ ‘എ സതേൺ മ്യൂസിക്' (A Southern Music) എന്ന പുസ്‌തകം ഒരു ആക്ടിവിസ്റ്റാകാൻ എന്നെ പ്രേരിപ്പിച്ച ഒരു ഘടകമായിരുന്നു എന്ന് ഞാൻ കരുതുന്നു. കാരണം, ഒട്ടനവധി മേഖലകളെ ഒന്നിപ്പിച്ച ആദ്യത്തെ പുസ്‌തകമായിരുന്നു അത്. രാഷ്‌ട്രീയം, സാമൂഹികം, സൗന്ദര്യശാസ്‌ത്രം, ചരിത്രം എന്നിവയെല്ലാം ഒരേ പ്രസിദ്ധീകരണത്തിൽ കൊണ്ടുവരികയും, ഒരു കലാരൂപത്തെ ഈ വശങ്ങളിലൂടെയെല്ലാം നോക്കിക്കാണുകയും ചെയ്‌തു. മുമ്പ് ഇത്തരത്തിൽ ആരും എഴുതാത്തതുകൊണ്ട് അതിനൊരു വ്യത്യസ്‌ത ഭാഷ നൽകാനും ആ പുസ്‌തകത്തിന് കഴിഞ്ഞു.
ടി എം കൃഷ്‌ണ ചെന്നൈ ബസന്ത് നഗറിലെ എലിയറ്റ്‌സ് ബീച്ചിൽ കച്ചേരി അവതരിപ്പിക്കുന്നു
യഥാർഥത്തിൽ ആ പുസ്‌തകം എഴുതിയത് എന്റെ വളർച്ചയുടെ വലിയൊരു ഭാഗമായിരുന്നു. കാരണം അതുവരെ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ആശയങ്ങൾ മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്. അവ എങ്ങനെയാണ് പരസ്‌പരം ബന്ധപ്പെടുന്നത് എന്ന് ആലോചിക്കാൻ നാല് വർഷംകൊണ്ട് ആ പുസ്‌തകമെഴുത്ത് എന്നെ സഹായിച്ചു. അവ പരസ്‌പരം സംവദിക്കുന്നുണ്ടോ? ഒരു മനുഷ്യൻ എന്ന നിലയിലും കലാകാരൻ എന്ന നിലയിലും എനിക്ക് ഇതിനെ എങ്ങനെ മനസ്സിലാക്കാൻ കഴിയും? കർണാടക സംഗീതം കുറച്ചുകൂടി ആധുനികമായ രീതിയിൽ പാടുക എന്നതിനപ്പുറം, ഒരു കലാകാരൻ എന്ന നിലയിൽ ഈ വിഷയങ്ങളിൽ എങ്ങനെ ഇടപെടാം എന്നതിനെക്കുറിച്ച് എനിക്ക് വലിയ വ്യക്തത ലഭിച്ചു.
ആ സമയത്താണ് ഞാൻ കാര്യങ്ങൾ ശ്രദ്ധിക്കാനും എഴുത്തിലൂടെ പ്രതികരിക്കാനും തുടങ്ങിയത്. അതിനുമുമ്പും ഞാൻ കവിതകളൊക്കെ എഴുതാറുണ്ടായിരുന്നു. എന്നാൽ അക്കാലംമുതൽ എന്റെ എഴുത്തിന്റെ രീതി മാറി. കലാലോകത്തിന് അപ്പുറത്തുള്ള വിഷയങ്ങളെക്കുറിച്ച് ഞാൻ എഴുതാൻ തുടങ്ങി. എഴുത്ത് പ്രഭാഷണങ്ങളിലേക്കും മറ്റു പ്രവർത്തനങ്ങളിലേക്കും നയിച്ചു. ഒരു ഗായകൻ എന്ന നിലയിൽ ഈ സംവാദങ്ങളിൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും എന്ന ചോദ്യത്തിലേക്ക് ഇത് എത്തിച്ചു. അത് ഗാനശേഖരത്തെ (repertoire) സംബന്ധിച്ച ചോദ്യങ്ങളിലേക്കു നീണ്ടു. അത് ഒടുവിൽ കലയിലെ മൂന്ന് പ്രധാന ഘടകങ്ങളെ വെല്ലുവിളിക്കുന്നതിലേക്കാണ് നയിച്ചത്: മനുഷ്യർ, ഇടം, ഉള്ളടക്കം (People, space and content). കലയുടെ പൂർണരൂപത്തെ ഇത് ഉൾക്കൊള്ളുന്നുണ്ടെന്ന് ഞാൻ കരുതുന്നു. ആര് പാടണം, ആര് പാടരുത്, എവിടെ പാടണം, എന്തിനുവേണ്ടി പാടണം എന്നീ കാര്യങ്ങളിലെ നമ്മുടെ ധാരണകളെ അത് ചോദ്യം ചെയ്‌തു. എവിടെയാണ് പാടേണ്ടത്? ശാസ്‌ത്രീയ സംഗീതത്തിന് എന്തിനാണ് ചില പ്രത്യേക നിബന്ധനകൾ? എന്തുകൊണ്ട് നമുക്ക് തെരുവിൽ പാടിക്കൂടാ? അതുപോലെ തന്നെ ഞാൻ എന്തിനെക്കുറിച്ചാണ് പാടുന്നത് എന്നത്. പാടുന്ന കാര്യങ്ങൾക്ക് എന്തെങ്കിലും പരിമിതികൾ ഉണ്ടോ? ഇതെല്ലാം വളരെ ജൈവികമായാണ് സംഭവിച്ചത്. ഒന്നിൽനിന്ന് മറ്റൊന്നിലേക്ക്, പിന്നെ മറ്റൊന്നിലേക്ക് എന്ന രീതിയിൽ.
ഇത് മറ്റൊരു കാര്യത്തിലേക്ക് കൂടി നയിച്ചു. നിങ്ങൾ മുമ്പ് ഒരു കാര്യം ചോദിച്ചിരുന്നു, വേദിയിലെ സഹപ്രവർത്തകരുമായി ഇത് എങ്ങനെ വിനിമയം ചെയ്യപ്പെടുന്നു എന്ന്. വർഷങ്ങൾക്ക് മുമ്പ് ഞാൻ ചെയ്‌ത ലളിതമായ ഒരു കാര്യം എന്റെ സഹപ്രവർത്തകർക്കിടയിൽ വലിയ മാറ്റമുണ്ടാക്കി‐അതായത് സ്റ്റേജിൽ ഞങ്ങൾ ഇരിക്കുന്ന രീതി. പല കാരണങ്ങൾ കൊണ്ടാണ് ഞാൻ അത് മാറ്റിയത്. അത് ചെയ്‌തുകഴിഞ്ഞപ്പോൾ എന്റെ സഹപ്രവർത്തകർ പറഞ്ഞത് ‘ഞങ്ങൾക്ക് വലിയൊരു സ്വാതന്ത്ര്യം അനുഭവപ്പെടുന്നു' എന്നാണ്. അത് അത്ഭുതകരമായിരുന്നു. ഇത്രയും കാലത്തിനിടയിൽ ഇത്രത്തോളം സ്വാതന്ത്ര്യം അനുഭവിച്ചിട്ടില്ല എന്നാണ് അവർ പറഞ്ഞത്.
എം വി എൻ: ഇത് കേവലം ശ്രേണീബദ്ധതയുടെ (hierarchy) പ്രശ്നം മാത്രമാണോ? അതോ ഇതിൽ സംഗീതപരമായ മറ്റെന്തെങ്കിലും യുക്തിയുണ്ടോ?
ടി എം കെ: ഇതിൽ സംഗീതപരമായ ഒരു യുക്തിയുണ്ട്. അതിന്റെ അടിസ്ഥാനപരമായ കാര്യം ശബ്ദമാണ് (sound). ഘടമോ ഗഞ്ചിറയോ ഗായകന്റെ പിറകിലിരുന്ന് വായിക്കുന്നത് സാങ്കേതികമായി തികച്ചും തെറ്റാണ്. കാരണം മൃദംഗത്തിന്റെ ഇടതുവശത്തെ മൈക്കിൽ ഘടത്തിന്റെയോ ഗഞ്ചിറയുടെയോ ശബ്ദം പ്രതിഫലിക്കും (bounce). ഗഞ്ചിറയാണെങ്കിൽ കൂടുതൽ പ്രശ്നമാണ്, കാരണം അതൊരു ‘ബാസ്' വാദ്യമാണ്. അവയുടെ ശബ്ദങ്ങൾ തമ്മിൽ കൂട്ടിമുട്ടും. അതുകൊണ്ട് ശബ്ദക്രമീകരണത്തിന്റെ കാര്യത്തിൽ ഒരു ‘സി' (C) ആകൃതിയിൽ ഇരിക്കുന്നതാണ് ഏറ്റവും യുക്തിസഹം.
എന്നാൽ പ്രശ്നം മറ്റൊന്നാണ്. ഞാൻ കേന്ദ്രസ്ഥാനത്താണ് (centre) ഇരിക്കുന്നത്. ഞാൻ ആ കേന്ദ്രത്തിൽ നിന്ന് എന്തിന് മാറണം? കാരണം ഞാനാണല്ലോ അവിടുത്തെ താരം (star). എന്നെ ആ കേന്ദ്രത്തിൽനിന്ന് വശത്തേക്ക് മാറ്റിയപ്പോൾ എനിക്കുണ്ടായ അസ്വസ്ഥത പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. ഞാൻ ശരിക്കും ബുദ്ധിമുട്ടി. അത് വളരെ മോശമായ അനുഭവമായിരുന്നു. ഇരുവശത്തും അംഗരക്ഷകരെപ്പോലെ ആളുകൾ ഇരിക്കുമ്പോൾ നടുവിൽ ഇരിക്കുന്നതാണല്ലോ പതിവ്. ആ പാവം ഘടം വായനക്കാരനെ എപ്പോഴെങ്കിലും ഒരിക്കൽ മാത്രമേ പിറകിൽ കാണാൻ കഴിയൂ. ഞാൻ അവിടുത്തെ രാജാവായിരുന്നു. പെട്ടെന്ന് ഒരു ദിവസം ഞാൻ സദസ്സിലെ നാല് മന്ത്രിമാരിൽ ഒരാളായി മാറി. ആ മാറ്റം വലിയ പ്രയാസമുണ്ടാക്കി. ഇത് കേവലം ഇരിപ്പിടത്തിന്റെ മാറ്റം മാത്രമല്ല, അത് എന്റെ ശീലങ്ങളെയും ചിന്തകളെയും കൂടിയാണ് മാറ്റിയത്. ഇരിപ്പിടത്തിലെ ഈ മാറ്റം സംഗീതത്തിലും മാറ്റമുണ്ടാക്കി. അത് സംഭാഷണങ്ങളുടെ വ്യാപ്തി വർധിപ്പിച്ചു.
എന്റെ ‘സെബാസ്റ്റ്യൻ ആൻഡ് സൺസ്' (Sebastian and Sons) എന്ന പുസ്‌തകത്തിലൂടെ ഞാൻ മനസ്സിലാക്കിയത് ജാതി എന്നത് വേദിയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല എന്നാണ്. ജാതി വേദിക്ക് പുറത്തുള്ള എല്ലാ കാര്യങ്ങളിലുമുണ്ട്. അതുകൊണ്ട് നമ്മൾ സമൂഹങ്ങളെക്കുറിച്ചും മനുഷ്യരെക്കുറിച്ചും സംസാരിക്കേണ്ടതുണ്ട്. ഇത് കേവലം മൃദംഗത്തെക്കുറിച്ച് മാത്രമല്ല, അത് ആര് പാടുന്നു എന്നതിനെക്കുറിച്ച് കൂടിയാണ്. ആർക്കൊക്കെയാണ് ഇത്രയും കാലം വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തത്? അങ്ങനെ എന്റെ ആക്ടിവിസം സംഗീതവേദിയിലേക്ക് തിരിച്ചുവന്നു.
പിന്നീട് ഞാൻ പറഞ്ഞു, ഞാൻ അല്ലാഹുവിനെക്കുറിച്ച് പാടും, യേശുവിനെക്കുറിച്ച് പാടും, ഈ ഭൂമിയിലുള്ള എല്ലാവരെക്കുറിച്ചും പാടും, എനിക്ക് ഇഷ്ടമുള്ള ആരെക്കുറിച്ചും ഞാൻ പാടും. ആരെക്കുറിച്ചും അല്ലാതെയും പാടും. ഞാൻ അംബേദ്കറെക്കുറിച്ചും പെരിയാറെക്കുറിച്ചും പാടും. അത് ലളിതമാണ്. എന്നാൽ എന്തിനാണ് അങ്ങനെ ചെയ്യുന്നത്? കാരണം അത് നമ്മൾ നടത്തുന്ന വലിയൊരു സംവാദത്തിന്റെ ഭാഗമാണ്. കേവലം കലാനിർമാണം മാത്രമല്ല, മനുഷ്യർ തമ്മിലുള്ള പങ്കുവയ്‌ക്കലുകൾ എന്ന നിലയിൽ ഈ ലോകത്ത് നമുക്ക് എങ്ങനെ ഒരു സമൂഹമായി ഇടപെടാം എന്നതാണത്. ഒരു സമൂഹം എന്നാൽ അങ്ങനെയായിരിക്കണം. നമ്മൾ പരസ്‌പരം പങ്കുവയ്‌ക്കണം, അത് എത്ര പ്രയാസകരമാണെങ്കിലും.
എം വി എൻ: ഇത് ദൃശ്യതയുടെ (visibility) പ്രശ്നം കൂടിയാണെന്ന് എനിക്ക് തോന്നുന്നു. വേദിയിലെ കലാകാരന്മാരുടെ ക്രമീകരണം മാറ്റുമ്പോൾ, നിങ്ങൾ പറഞ്ഞതുപോലെ, നിങ്ങൾ വശത്തേക്ക് മാറേണ്ടി വരുന്നു. അപ്പോൾ അവിടെ ഒരു വ്യക്തിയല്ല കേന്ദ്രസ്ഥാനത്ത് വരുന്നത്. വയലിനിസ്റ്റ് നിങ്ങളുടെ ഇടതുവശത്ത് ഇരിക്കുന്നു, ഏകദേശം ഒരു അർധവൃത്തം പോലെ. കാഴ്‌ചയിൽ തന്നെ വലിയ മാറ്റമാണത്. എന്നാൽ ഇത് കേവലം ദൃശ്യതയല്ല, മറിച്ച് സമത്വത്തിന്റെ ദൃശ്യതയാണ്.
ടി എം െക: അതെ, അങ്ങനെ തന്നെയാണ്.
ടി എം കൃഷ്‌ണ നെയ്‌ത്തിന്റെ താളത്തിനൊപ്പം പാടുന്നു
എം വി എൻ: ഇതിന്റെ തുടർച്ചയായി മറ്റൊന്നുകൂടി. താങ്കളുടെ കച്ചേരികളുടെ അറിയിപ്പുകളിൽ മൃദംഗം നിർമാതാക്കളുടെയും വയലിൻ നിർമാതാക്കളുടെയും അവ നന്നാക്കുന്നവരുടെയും പേരുകൾ കൂടി താങ്കൾ പറയാൻ തുടങ്ങി. പെട്ടെന്ന് ഒരു ദിവസം, അതുവരെ ആരും അംഗീകരിക്കാതിരുന്നവരുടെ, അല്ലെങ്കിൽ രണ്ടാം നിരക്കാരായി കണ്ടിരുന്നവരുടെ, ഒരു വലിയ ലോകം ദൃശ്യമാവാൻ തുടങ്ങി. അതൊരു രാഷ്‌ട്രീയപരമായ നീക്കമായിരുന്നു. കർണാടക സംഗീത ലോകം (Carnatic music establishment) ഇതിനോട് എങ്ങനെയാണ് പ്രതികരിച്ചത്?
ടി എം കെ: ഞാൻ ആ ചോദ്യത്തിന് ശരിക്കും മറുപടി പറയണോ? നോക്കൂ, അവരുടെ അസ്വസ്ഥത എനിക്ക് മനസ്സിലാകും. അവരുടെ ദേഷ്യവും എനിക്ക് മനസ്സിലാകും. കാരണം ആ ലോകം എനിക്ക് അത്രമേൽ സുപരിചിതമാണ്. ഞാൻ ആ ലോകത്തിന്റെ തന്നെ ഭാഗമായതുകൊണ്ടാണ് അവരുടെ ദേഷ്യം ഇത്രയധികം വർധിക്കുന്നത്. പുറത്തുള്ള ആരെങ്കിലും ആണ് ഇത് പറഞ്ഞിരുന്നതെങ്കിൽ ആരും അത് ഗൗനിക്കുകപോലുമില്ലായിരുന്നു. ഏതെങ്കിലും സർവകലാശാലയിലെ ഗവേഷകൻ എഴുതിയ കാര്യമായി കണ്ട് അവർ അതിനെ തള്ളിക്കളയുമായിരുന്നു.
എന്നാൽ, നിർഭാഗ്യവശാൽ ഞാൻ അത്യാവശ്യം നന്നായി പാടുന്ന ഒരാളാണ്. ഒരു ഈണമൊക്കെ തെറ്റുകൂടാതെ നിലനിർത്താൻ എനിക്കു കഴിയും. അതോടൊപ്പം ഈ ലോകം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നും എനിക്കറിയാം. ജാതിലോകം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും, ആ ജാതിവ്യവസ്ഥയ്‌ക്കുള്ളിൽ കർണാടക സംഗീതലോകം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും എനിക്ക് കൃത്യമായ അറിവുണ്ട്. അവിടുത്തെ എല്ലാ തന്ത്രപരമായ നീക്കങ്ങളും സൂചനകളും ഒളിഞ്ഞുള്ള പരിഹാസങ്ങളും ഒക്കെ എനിക്ക് മനസ്സിലാകും. അതുകൊണ്ടുതന്നെ ഞാൻ പറയുന്ന കാര്യങ്ങളെ യുക്തിപരമായി തടയാൻ അവർക്ക് കഴിയില്ല, ദേഷ്യപ്പെടുക എന്നതല്ലാതെ. ആ ദേഷ്യം എനിക്ക് മനസ്സിലാകും. 30 വർഷം മുമ്പുള്ള പഴയ ടി എം കൃഷ്‌ണയായിരുന്നെങ്കിൽ ഒരുപക്ഷേ ഞാനും ഇങ്ങനെ ദേഷ്യപ്പെടുമായിരുന്നു. ‘ഇതൊക്കെ പറയാൻ ഇയാൾ ആരാണ്?' എന്ന് ഞാനും ചോദിക്കുമായിരുന്നിരിക്കാം.
ഇത്തരം മാറ്റങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നത് സ്വാഭാവികമാണ്. ആ അസ്വസ്ഥത വരുന്നത് ഒരുതരം ആശങ്കയിൽ (anxiousness) നിന്നാണ്. എല്ലാം മാറാൻ പോകുകയാണെങ്കിൽ പിന്നെ എനിക്ക് എന്തിനെയാണ് ആശ്രയിക്കാൻ ഉണ്ടാവുക എന്ന ആശങ്കയാണത്. സമൂഹത്തിലുണ്ടാകുന്ന ഏത് മാറ്റത്തിലും ഇത്തരം ഭയങ്ങൾ ഉണ്ടാവാറുണ്ട്. പഴയതിനെ മുറുകെ പിടിക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ ശക്തിയോടെ അതിനെ പിടിച്ചുവയ്‌ക്കാൻ ശ്രമിക്കും.
എന്നാൽ അതേസമയം ഒരു കാര്യംകൂടി എനിക്ക് പറയാനുണ്ട്‐ ഇതൊന്നും എനിക്ക് അത്ര എളുപ്പമായിരുന്നില്ല. ഞാൻ ഗൗരവമായ രാഷ്‌ട്രീയ നിലപാടുകൾ കൂടി എടുത്തിട്ടുണ്ട്. ഈ രാജ്യം ഏത് ദിശയിലേക്കാണ് പോകുന്നത് എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ രാഷ്‌ട്രീയമുണ്ട്. അതിൽനിന്ന് ഞാൻ ഒരിക്കലും പിന്നോട്ട് പോകില്ല. ഇതു രണ്ടും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു; കലയും രാഷ്‌ട്രീയവും ആഴത്തിൽ പരസ്‌പരബന്ധിതമാണ്.
എന്നാൽ ഇതിനപ്പുറം സംസ്‌കാരം, കല, സമൂഹം, രാഷ്‌രടീയം എന്നിവയെല്ലാം ഒന്നിച്ചു ചേരുന്ന ഇത്തരം സംവാദങ്ങൾ ആവശ്യപ്പെടുന്ന, അവയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന, ധാരാളം യുവാക്കൾ ഇന്ന് ഈ രാജ്യത്തുണ്ട്. അത് കാണുമ്പോഴാണ് പാരമ്പര്യവാദികൾക്ക് ഭയം തോന്നുന്നത്. യുവാക്കൾ എന്തിനാണ് ചിന്തിക്കുന്നത് എന്നതാണ് അവരുടെ ആശങ്ക. തങ്ങൾ ആഗ്രഹിക്കുന്നതുപോലെ യുവാക്കൾ ചിന്തിക്കണം എന്നാണ് അവർ കരുതുന്നത്. എല്ലാ യുവാക്കളും എന്നോടു യോജിക്കണം എന്നൊന്നുമില്ല. എന്നാൽ, ഇതൊരു വലിയ ചർച്ചയായി മാറേണ്ട വിഷയമാണെന്ന് അവർക്ക് ബോധ്യമുണ്ട്. നമ്മുടെ സമൂഹം രൂപപ്പെട്ടിരിക്കുന്ന രീതിയിൽ പ്രശ്നങ്ങളുണ്ടെന്നും ഓരോരുത്തരുടെയും പെരുമാറ്റത്തിൽ മാറ്റം വരേണ്ടതുണ്ടെന്നും അവർ തിരിച്ചറിയുന്നു. പഴയ രീതികൾ മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ സമത്വമുള്ള ഒരു സമൂഹത്തിലേക്ക് മാറാൻ നമ്മൾ എത്രത്തോളം വിട്ടുവീഴ്‌ചകൾക്ക് തയ്യാറാണ് എന്നതാണ് ചോദ്യം.
എം വി എൻ: അൽപ്പം കുസൃതി കലർന്ന ഒരു ചോദ്യം ചോദിക്കട്ടെ. താങ്കളെ എതിർക്കുന്നവർ ഉള്ളതുപോലെ തന്നെ വലിയൊരു വിഭാഗം ആളുകൾ ടി എം കൃഷ്‌ണയെ വലിയ തോതിൽ ആഘോഷിക്കുന്നുമുണ്ട്. താങ്കൾ ഒരു പ്രത്യേക രാഷ്ട്രീയ നിലപാട് സ്വീകരിച്ച ആക്ടിവിസ്റ്റ് ആയതുകൊണ്ട് ചില വിഭാഗങ്ങൾക്ക് താങ്കളോട് വലിയ താൽപ്പര്യമുണ്ട്. അതുകൊണ്ട് തന്നെ, സാധാരണയായി ശാസ്ത്രീയ സംഗീതം ഒട്ടും കേൾക്കാത്തവരോ, ഒരിക്കൽ പോലും ഒരു കച്ചേരിക്കു പോകാത്തവരോ പോലും താങ്കളുടെ കച്ചേരികൾക്ക് തടിച്ചുകൂടി വരുന്നുണ്ട്. ഇതിനെ എങ്ങനെ കാണുന്നു?
ടി എം കെ: ഞാൻ എല്ലാ ഇടതുപക്ഷക്കാരോടും പറയാറുണ്ട്, നിങ്ങൾക്ക് സംസ്‌കാരത്തെക്കുറിച്ച് (culture) ഒന്നുമറിയില്ല എന്ന്. ഞാൻ അത് ഇവിടെ ഉറക്കെ പറയുന്നു. നമ്മുടെ ചർച്ചയെ അൽപ്പം സങ്കീർണമാക്കാൻ വേണ്ടി തന്നെയാണിത്.
ഇടതുപക്ഷ ആക്ടിവിസ്റ്റുകൾ പലപ്പോഴും സംസ്‌കാരത്തെ ഒരു ലക്ഷ്യം നേടാനുള്ള ഉപകരണമായി (tool) മാത്രമാണ് കാണുന്നത്. അത് അടിസ്ഥാനപരമായി തെറ്റാണ്. നിങ്ങൾ ഒരു മനുഷ്യനായതുകൊണ്ട് തന്നെ നിങ്ങൾക്ക് സംസ്‌കാരവുമായുള്ള ബന്ധമെന്താണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഒരു പ്രത്യയശാസ്ത്ര നിലപാടിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ഒരു മനുഷ്യൻ എന്ന നിലയിൽ നിങ്ങൾക്ക് ഭൂതകാലവുമായി ബന്ധമുണ്ടാകണം. അത് മനസ്സിലാക്കിയാൽ പഴയ കലാരൂപങ്ങളോടും സംസ്‌കാരത്തോടും ഉള്ള നിങ്ങളുടെ കാഴ്‌ചപ്പാട് മാറും.
അവിടെനിന്നും നമുക്ക് ആരംഭിക്കാം. ഇതും വിളിച്ചു പറഞ്ഞുകൊണ്ട് വേണമെങ്കിൽ എനിക്ക് വീട്ടിലേക്ക് ഓടാം. പക്ഷെ, ഞാൻ പറയുന്നത് നിങ്ങൾക്കു മനസ്സിലാകുന്നില്ലേ? ഇതൊരു പ്രശ്നമാണ് എന്നതാണ് ഞാൻ പറയാൻ ശ്രമിക്കുന്നത്.
നിങ്ങൾ പറഞ്ഞതിൽ ഒരു നല്ല കാര്യമുണ്ട്. കർണാടക സംഗീത കച്ചേരികൾക്ക് ഇതുവരെ വരാത്ത ആളുകൾ ഇപ്പോൾ കച്ചേരികൾക്ക് എത്തുന്നുണ്ട്. അതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ജീവിതത്തിൽ ആദ്യമായി അവർ പറയുന്നു, ‘ഞാൻ ഇതുവരെ കർണാടക സംഗീതം കേട്ടിട്ടില്ല, എന്തോ ഒരു കാരണത്താൽ ഞാൻ ടി എം കൃഷ്‌ണയെ കേട്ടു' എന്ന്. നിങ്ങൾ വരുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ശരി, അത് ഒരു വശം.
പക്ഷേ എനിക്ക് പറയാനുള്ള പ്രധാന കാര്യം മറ്റൊന്നാണ്. എല്ലാറ്റിനും ഉപരിയായി, നമ്മൾ എന്തിനാണ് കലയുമായി ബന്ധപ്പെടുന്നത്? നിങ്ങളുടെ രാഷ്‌ട്രീയ നിലപാടുകളോട് യോജിക്കുന്ന നിലപാടുകൾ ഞാൻ സ്വീകരിക്കുന്നതുകൊണ്ട് മാത്രം നിങ്ങൾക്ക് എന്നെ ആഘോഷിക്കാൻ കഴിയില്ല. അതൊരു കാരണമായേക്കാം, ഞാൻ അത് സമ്മതിക്കുന്നു. എന്നാൽ സൃഷ്ടിക്കപ്പെടുന്ന ആ കലയെ കേവലം ‘രാഷ്‌ട്രീയമായ ഒരു ചേർച്ചയായി' (alignment) മാത്രം കാണാതിരിക്കാൻ നിങ്ങൾക്ക് സാധിക്കുമോ? അതാണ് കൃത്യമായ പോയിന്റ്.
ആ രാഷ്‌ട്രീയ നിലപാടുകൾക്ക് പുറമെ ആ കലയെക്കൂടി അനുഭവിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ? അത് പ്രധാനമാണ്. കല എന്നത് അടിസ്ഥാനപരമായ ഒരു ഘടകമാണ്. എനിക്ക് നിങ്ങളോട് അഭ്യർഥിക്കാനുള്ളത്, നിങ്ങൾ രാഷ്‌ട്രീയമായി ഒരേ നിലപാടുള്ളവരാകാം, എന്നാൽ നമുക്ക് ആ അടിസ്ഥാനപരമായ തലത്തിലേക്ക്, -കലാപരമായ തലത്തിലേക്ക്, - കൂടി കടന്നുചെല്ലേണ്ടതുണ്ട്. അപ്പോൾ നിങ്ങളുടെ രാഷ്‌ട്രീയ ബോധം കൂടുതൽ മെച്ചപ്പെടും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അപ്പോൾ നിങ്ങൾ കലയേയും സംസ്‌കാരത്തേയും വ്യത്യസ്‌തമായി കാണും. അതും സംഭവിക്കേണ്ടതുണ്ട്.
കാരണം, നമ്മൾ ഭാവിയെക്കുറിച്ചുകൂടിയാണ് സംസാരിക്കുന്നത്. നമ്മൾ എങ്ങോട്ടാണ് പോകുന്നത് എന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അതിൽ ആത്മപരിശോധന നമുക്കൊക്കെ അനിവാര്യമാണ്.
പാലക്കാട് കൊടുമുണ്ടയിൽ നടന്ന ചർച്ചയിൽ ടി എം കൃഷ്‌ണയും ഡോ. എം വി നാരായണനും
സംസ്‌കാരം എന്നത് എന്തോ ആകട്ടെ, അത് ബഹുവചനത്തിൽ മാത്രം പ്രതിപാദിക്കാവുന്ന ഒന്നായിരിക്കാം, പക്ഷെ അത് നമ്മുടെ ഈ സംഭാഷണത്തിന്റെ കാതലാണ്. അതിന്റെ ഹൃദയഭാഗത്തു തന്നെയാണ് അതിന്റെ സ്ഥാനം. അത് സംസ്‌കാരത്തെ മാറ്റുന്നതിനെ കുറിച്ചു മാത്രമല്ല; മറ്റുള്ളവരെ നമ്മുടെ വഴിയിലേക്ക് മാറ്റുന്നതിനെക്കുറിച്ചുമല്ല. കലയിലെയും സംസ്‌കാരത്തിലെയും അടിസ്ഥാന തലങ്ങളെ തിരിച്ചറിയുകയും അതിൽ നിന്ന് രാഷ്‌ട്രീയം വളർന്നുവരാൻ അനുവദിക്കുകയുമാണ് വേണ്ടത്. ഞാൻ സംസാരിക്കുന്നത്, ഒരു പക്ഷേ, ഞാൻ ചെയ്‌ത യാത്രകളുടെ അനുഭവത്തിൽ നിന്നായിരിക്കാം. കാരണം എന്റെ യാത്ര സംഗീതവുമായി ബന്ധപ്പെട്ട ഒന്നായിരുന്നു. അതിൽനിന്നാണ് എന്റെ രാഷ്‌ട്രീയമുണ്ടായത്.
മുൻവിധികളില്ലാതെ ഒരു സംസ്‌കാരത്തിലേക്ക് ഊളിയിട്ടിറങ്ങാൻ നമ്മൾക്ക് കഴിയുമോ എന്നതാണ് ചോദ്യം. ഒരു നൂറു പാതകങ്ങൾ, സാമൂഹികമായി അസ്വീകാര്യമായ കീഴ്‌വഴക്കങ്ങൾ ആ സംസ്‌കാരത്തിൽ ഉണ്ടാകാം. എങ്കിലും എനിക്ക് അതിലേക്ക് ഊളിയിട്ടിറങ്ങാൻ കഴിയുമോ? അതിൽനിന്നും കിട്ടുന്ന കാര്യങ്ങൾ അനുഭവിക്കാൻ കഴിയുമോ? ഈ അനുഭവമാണ് എനിക്കു വേണ്ടത് എന്നു പറയാൻ കഴിയുമോ? അപ്പോഴാണ് നിങ്ങൾ ആ അനുഭവത്തെ വിലമതിക്കുന്നത്. ആ അനുഭവം സ്വീകരിക്കുവാനും അതോടൊപ്പം കെട്ടി ഉയർത്തിയിട്ടുള്ള മറ്റനേകം കാര്യങ്ങളെ വെല്ലുവിളിക്കുവാനും ഒരേസമയം നിങ്ങൾക്കു കഴിയുമോ? ചുറ്റുമുള്ള മോശമായ കാര്യങ്ങൾ തള്ളിക്കളയുന്നതിനോടൊപ്പം നല്ല കാര്യങ്ങളെക്കൂടി കളയരുത് (Don't throw the baby with the bathwater). പലപ്പോഴും നമ്മുടെ ആക്ടിവിസം അത്തരം നല്ല കാര്യങ്ങളെക്കൂടി തള്ളിക്കളയുന്നുണ്ട്. അതൊരു പ്രശ്നം തന്നെയാണ്.
അങ്ങനെ ചെയ്യുമ്പോൾ, മറുഭാഗത്തുള്ളവർക്ക് ദേഷ്യവും വിദ്വേഷവും എടുത്തുപയോഗിക്കുവാനും സാഹചര്യത്തെ വളച്ചൊടിക്കാനും എല്ലാ മാറ്റങ്ങളെയും നിരസിക്കാനും എളുപ്പമായി മാറുന്നു. മാറ്റങ്ങളുടെ സാധ്യതകളെ എങ്ങനെയാണ് പൂർണമായി തള്ളിക്കളയുക? അതു സാധ്യമല്ലല്ലോ. പക്ഷെ അതാണ് നാം പരക്കെ കാണുന്നത്.
മറ്റൊന്നുകൂടിയുണ്ട്, പുരോഗമനവാദി ആവുക എന്നാൽ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് നമ്മൾ വച്ചുപുലർത്തുന്ന കുറെ കടുംപിടുത്തങ്ങൾ ഉണ്ട്. എന്തു വിഡ്ഢിത്തമാണത്! നമ്മൾ തന്നെ പലപ്പോഴും പൂർണമായ പുരോഗമനവാദികളല്ല. പക്ഷെ ലോകത്തിൽനിന്നും നാം അതു പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വീട്ടിൽ നിങ്ങൾ എങ്ങനെയാണ് പെരുമാറുന്നത് എന്ന് മാത്രം ഒന്നു നോക്കൂ, അവിടെ "പുരോഗമനപരം’ അല്ലാത്ത എത്രയോ കാര്യങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ മറ്റുള്ളവരോടും ആ കടുംപിടുത്തം കാണിക്കേണ്ട ആവശ്യമില്ല.
അപ്പോൾ, മാറ്റമുണ്ടായി എന്നു നിശ്ചയിക്കാൻ ഏതെല്ലാം കള്ളികളാണ് ഒരാൾ ടിക്ക് ചെയ്യേണ്ടത്? ആരാണ് അത് വിലയിരുത്തുന്നത്? അത്തരം യാന്ത്രികതകൾക്കപ്പുറം ആഴത്തിലുള്ള ഒരു ഇടപെടൽ, ഒരു സംഭാഷണം സാധ്യമാണോ എന്നതാണ് കൂടുതൽ പ്രധാനപ്പെട്ട ചോദ്യം. അക്രമമില്ലാത്ത, സത്യസന്ധമായ സംഭാഷണങ്ങൾ ആയിരിക്കണം അവ. അത് സാധ്യമാണോ?
അതുകൊണ്ട്, പഴയ ഭാരങ്ങളൊന്നും മുറുകെ പിടിക്കാതെ നമ്മളെല്ലാവരും ഒരു പ്രത്യേക രീതിയിൽ മുന്നോട്ട് നീങ്ങേണ്ടതുണ്ട് എന്നൊരു ധാരണയിലെത്താൻ നമുക്ക് സാധിക്കുമോ?
പക്ഷേ അത് ബഹുമാനത്തിലേക്ക് നയിക്കുമോ? അത് അഹിംസയിലേക്ക് നയിക്കുമോ? അല്ലെങ്കിൽ അതിന്റെ ഏറ്റവും ആഴത്തിലുള്ള അർഥത്തിൽ, ഇത് കേവലം മനുഷ്യരെ കൊല്ലുന്നതിനെക്കുറിച്ച് മാത്രമല്ല, മറിച്ച് ആശയങ്ങളെ കൊല്ലുന്നതിനെക്കുറിച്ചും ശബ്ദങ്ങളെ കൊല്ലുന്നതിനെക്കുറിച്ചും, അല്ലെങ്കിൽ ശരീരഭാഷയെ കൊല്ലുന്നതിനെക്കുറിച്ചുകൂടിയുമാണ്. നിങ്ങൾ അത് മറക്കുന്നു. ഒരു സ്‌ത്രീ എങ്ങനെ നടക്കണം എന്ന് സമൂഹം നിശ്ചയിക്കുമ്പോൾ പോലും അതിൽ ഒരു അക്രമമുണ്ട്. നിങ്ങൾ ഒരു സ്‌ത്രീയുടെ ശരീരഭാഷയെ കൊല്ലുകയാണ്. പുരുഷന്ഏതുരീതിയിലും നടക്കാം, സ്‌ത്രീക്ക് അതു പാടില്ല.
ജീവിതത്തിലെ വളരെ ലളിതമായ കാര്യങ്ങളിൽ നിന്നാണ് ഇത് തുടങ്ങുന്നത്. അതുകൊണ്ട് ആക്ടിവിസ്റ്റ് ലോകം ഇതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഞാനും ആ ലോകത്തിന്റെ ഭാഗമാണ്. ഞാൻ എന്നെക്കുറിച്ച് കൂടിയാണ് പറയുന്നത്, കാരണം ഞാനും ഈ പ്രശ്നങ്ങളിൽ അത്രതന്നെ പങ്കാളിയാണ്. അങ്ങനെ സമീപിക്കുമ്പോൾ അവിടെ ഒരു വഴിയുണ്ടെന്ന് ഞാൻ കരുതുന്നു.
ഈ കാര്യങ്ങൾക്കെല്ലാം ഒരുപാട് സമയമെടുക്കും. നമുക്ക് കാത്തിരിക്കേണ്ടിവരും. നമുക്ക് ഇതിനായി കഠിനാധ്വാനം ചെയ്യേണ്ടിവരും. ചിലപ്പോൾ ഒരു പതിറ്റാണ്ട്, അല്ലെങ്കിൽ അതിൽ കൂടുതൽ. പക്ഷേ പൊതുപ്രവർത്തനത്തിന് (public action) ഒരു നിശ്ചിത അളവിലുള്ള ദാർശനികമായ കാഴ്‌ചപ്പാട് (philosophical perception) ഉണ്ടായിരിക്കുക എന്നത് അത്യന്താപേക്ഷിതമാണ്.
എം വി എൻ: പക്ഷെ ഒരു വൈരുധ്യം തോന്നുന്നത്, നമ്മുടെ രാജ്യത്ത്, ഇപ്പോൾ സംസാരിച്ച കാര്യങ്ങളെ കുറിച്ചു മാത്രമല്ല, ഒരാൾക്കു താൽപ്പര്യമുള്ള കാര്യങ്ങൾ സംസാരിക്കാനോ, ആഗ്രഹിക്കുന്ന രീതിയിൽ വസ്‌ത്രം ധരിക്കാനോ പോലും കഴിയാത്ത വിധം അസഹിഷ്‌ണുത വർധിച്ചു വരുന്ന ഒരു കാലത്താണല്ലോ നിങ്ങൾ ഇത് പറയുന്നത് എന്നതാണ്. താങ്കളുടെ വസ്‌ത്രധാരണം പോലും പലർക്കും അപ്രിയകരമാണ്. താങ്കൾ ധരിച്ചിരിക്കുന്ന "ലുങ്കി’ തന്നെ‐ ലുങ്കി എന്നു ഞാൻ കരുതിക്കൂട്ടി പറഞ്ഞതാണ്, അതോ ദോത്തി എന്നോ സരോങ് എന്നോ അതിനെ വിളിക്കേണ്ടത്?‐ - വലിയ വിമർശനങ്ങൾക്ക് പാത്രമായിട്ടുണ്ട്.
ടി എം കെ: അതെ, എന്റെ വസ്‌ത്രധാരണത്തെക്കുറിച്ച് പോലും ഇവിടെ ധാരാളം എതിർപ്പുകളുണ്ടായിട്ടുണ്ട്.
എം വി എൻ: അതെ. ആ അർഥത്തിൽ അസഹിഷ്‌ണുതയുടെ സംസ്‌കാരം ഇവിടെ വർധിച്ചു കൊണ്ടിരിക്കയാണ്, അനുദിനമല്ല, അനുനിമിഷം. അതിനു പിന്നാലെ, ഭീഷണികളും അക്രമങ്ങളും തുടർന്നുകൊണ്ടിരിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ഒരു കലാകാരനും ആക്ടിവിസ്റ്റും എന്ന നിലയിൽ താങ്കൾ എങ്ങനെയാണ് കലയെ മുന്നോട്ട് കൊണ്ടുപോകുന്നത്?
ടി എം കെ: ഞാൻ ഇതിനുവേണ്ടി എത്രത്തോളം കഷ്ടപ്പെടുന്നുണ്ട് എന്ന് അറിയാൻ ഗൂഗിളിൽ എന്റെ പേര് തിരഞ്ഞാൽ മാത്രം മതി. കഴിഞ്ഞ പത്തു വർഷമായി ഞാൻ വലിയ പോരാട്ടത്തിലാണ്. നിശ്ശബ്ദമാക്കാനുള്ള പല ശ്രമങ്ങളെയും എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇതൊട്ടും എളുപ്പമല്ല. അതിനെ കുറിച്ച് കൂടുതൽ പറയാനൊന്നും ഞാൻ ഒരുമ്പെടുന്നില്ല. ഒട്ടുമേ എളുപ്പമല്ല കാര്യങ്ങൾ എന്നതാണ് സത്യം. നിങ്ങൾക്ക് സവിശേഷ ആനുകൂല്യങ്ങൾ (previlege) ഉണ്ടായിരിക്കാം, അധികാരത്തിന്റെ ശ്രേണികളിലേക്ക് കടന്നു ചെല്ലാൻ കഴിയുമായിരിക്കാം, അക്രമിക്കപ്പെടുമ്പോൾ നിങ്ങളോടൊപ്പം നിൽക്കാൻ തയ്യാറുള്ള പല മേഖലകളിൽ നിന്നുള്ള സുഹൃത്തുക്കളുണ്ടായിരിക്കാം; പക്ഷെ അക്രമിക്കപ്പെടുമ്പോൾ നിങ്ങൾ ഒറ്റയ്‌ക്കാണ്. അതോടൊപ്പം നിങ്ങളുടെ കൂടെയുള്ളവരും അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുന്നു. അത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു.
അതെ, ഭീഷണികൾ വരാറുണ്ട്, മുമ്പും വന്നിട്ടുണ്ട്. ഒട്ടും സുഖകരമായ കാര്യമല്ല അത്. ഇത്തരം അക്രമങ്ങൾ ഉണ്ടാക്കുന്ന വലിയൊരു അപകടം അത് നിങ്ങളിൽ ഒരു പേടി ബാക്കിയാക്കുന്നു എന്നതാണ്. എപ്പോഴും തോളിനു മുകളിലൂടെ തിരിഞ്ഞു നോക്കാൻ തോന്നിപ്പിക്കുന്ന ഒരവസ്ഥ. സത്യമായും, അത് എന്നെയും ബാധിച്ചിട്ടുണ്ട്. ഒരു ലേഖനം എഴുതുമ്പോൾ ‘ഈ വരി വേണോ?' അതോ ‘അൽപ്പംകൂടി മയപ്പെടുത്തി എഴുതണോ?' എന്ന് ഞാൻ ചിന്തിക്കാറുണ്ട്. അത് ഒരുതരം സ്വയം സെൻസർഷിപ്പ് (self-censorship) ആണ്. കച്ചേരിയിൽ ഒരു പാട്ട് പാടാൻ തുനിയുമ്പോൾ ‘ഇവിടെ ഇത് പാടുന്നത് ശരിയാണോ?' എന്ന് ഞാൻ ആലോചിക്കാറുണ്ട്. ഇത് വലിയൊരു ബുദ്ധിമുട്ടാണ്. ഇഷ്ടമുള്ളത് പാടാൻ കഴിയാത്ത അവസ്ഥ നിങ്ങളെ തളർത്തും, വല്ലാതെ അലോസരപ്പെടുത്തും. എന്തിനാ അങ്ങനെയൊക്കെ ആലോചിക്കുന്നത്, നേരെയങ്ങ് പാടിയാൽ പോരേ എന്നു ചോദിക്കാം. അതു കഴിയില്ല. ആ പേടിയെ നേരിട്ട്, അതിനെ മറികടക്കാൻ ഓരോരുത്തരും അവരുടേതായ വഴി കണ്ടെത്തണം. അല്ലെങ്കിൽ ആ പേടി മാറിക്കഴിഞ്ഞേ പാടുന്നുള്ളൂ എന്നു വയ്‌ക്കണം. എന്നിരുന്നാലും അപകടങ്ങൾ (risks) ഉണ്ട്, അനേകം അപകടങ്ങൾ. ഇനിയും വരും അത്തരം സാഹചര്യങ്ങൾ. പക്ഷെ, മുന്നോട്ടു പോകാതെ നിവൃത്തിയില്ല. അതിനുള്ള കാരണം ഞാൻ പറയാം.
ടി എം കൃഷ്‌ണ
എന്നെപ്പോലെയുള്ള ആളുകൾ ഇത് ചെയ്യേണ്ടത് കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം ദളിതരും ട്രാൻസ് വ്യക്തികളും സ്‌ത്രീകളും ഉൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർ ഇത് നൂറ്റാണ്ടുകളായി ചെയ്‌തുകൊണ്ടിരിക്കുകയാണ്. അവർ പാട്ടുകൾ പാടുന്നു‐ രാഷ്‌ട്രീയഗാനങ്ങൾ. അവർ അസമത്വത്തെക്കുറിച്ച് സംസാരിക്കുന്നു. ആ സമയമെല്ലാം ഞാൻ സന്തോഷത്തോടെ സംഗീതം പാടി ഇരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ എനിക്ക് അൽപ്പം റിസ്‌ക് എടുക്കാവുന്നതേയുള്ളൂ. സ്‌ത്രീകൾ എത്രയെത്ര കവിതകൾ എഴുതിയിരിക്കുന്നു, അവർ അക്ഷരാർഥത്തിൽ അവരുടെ വികാരങ്ങൾ ജനങ്ങൾക്കു മുന്നിൽ തുറന്നു വയ്‌ക്കുകയാണ് ചെയ്‌തത്. അവരെല്ലാം എനിക്കൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത ആപത് സാധ്യതകളെയാണ് നേരിട്ടിട്ടുള്ളത്. അതുകൊണ്ട്, ഞാൻ എശന്റ ജീവിതത്തിലും ഇത്തിരി റിസ്‌ക് ഒക്കെ എടുക്കണം.
എം വി എൻ: സന്ദിഗ്ധതയാണ് ഈ കാലത്തിന്റെ സവിശേഷത. ഞാൻ താങ്കളോടു നന്ദി പറയുന്നില്ല. പക്ഷെ, ഇവിടെ കൂടിയിരിക്കുന്ന എല്ലാവർക്കും വേണ്ടി, അവരുടെ ആകാംക്ഷകൾ പങ്കുവച്ചുകൊണ്ട്, ഒരു കാര്യം മാത്രം പറയുന്നു: ദയവായി കരുതലോടെ ഇരിക്കുക (be careful). കാരണം, ഈ ലോകത്തിനും രാജ്യത്തിനും സംഗീതത്തിനും ഈ കാലത്തിനും താങ്കളെ ആവശ്യമുണ്ട്. താങ്കളെപ്പോലെയുള്ള കൂടുതൽ ആളുകളെ ആവശ്യമുണ്ട്. അതുകൊണ്ട്, വളരെ, വളരെ ശ്രദ്ധിക്കുക!
ടി എം കെ: തീർച്ചയായും! ഞാൻ ശ്രദ്ധിക്കാം.
(അവസാനിച്ചു)










0 comments