കൽക്കരി ശേഖരിച്ചതിൽ വീഴ്ച ; താപവൈദ്യുത നിലയങ്ങളിൽ വൈദ്യുതി ഉൽപാദനം പ്രതിസന്ധിയിൽ

കൽക്കരി
ന്യൂഡൽഹി : രാജ്യത്തെ താപവൈദ്യുത നിലയങ്ങൾക്ക് ആവശ്യമായ കൽക്കരി ശേഖരിക്കുന്നതിൽ ഉണ്ടായ വിടവ് പ്രതിസന്ധിയാവുന്നു. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ 50 താപവൈദ്യുത നിലയങ്ങളിലെ കൽക്കരി സംഭരണം അപായ നിലയിലാണ്. സെപ്റ്റംബർ രണ്ടിലെ വിവരമനുസരിച്ച് 28.2 ദശലക്ഷം ടൺ കൽക്കരി മാത്രമാണ് നിലയങ്ങളിൽ അവശേഷിക്കുന്നത്.
ഇത് സാധാരണ ഉണ്ടാകേണ്ട സ്റ്റോക്കിന്റെ 48 ശതമാനം മാത്രമാണ്. നിലവിലുള്ള ശേഖരം ഉപയോഗിച്ച് ഏകദേശം ഒൻപത് ദിവസത്തേക്ക് മാത്രമേ വൈദ്യുതി ഉത്പാദനം മുന്നോട്ട് കൊണ്ടുപോകാനാകൂ എന്നാണ് കണക്കുകൾ. സാധാരണയായി 19 ദിവസത്തേക്കുള്ള കൽക്കരി ശേഖരമാണ് പ്ലാന്റുകളിൽ സൂക്ഷിക്കേണ്ടത്. സ്റ്റോക് ഉറപ്പു വരുത്തുന്നതിലെ വിടവാണ് പ്രതിസന്ധി തീര്‍ത്തിരിക്കുന്നത്.
കനത്ത മൺസൂൺ മഴയെ തുടർന്ന് കൽക്കരി ഖനനത്തിലും ഗതാഗതത്തിലുമുണ്ടായ തടസമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഇപ്പോൾ ന്യായീകരിക്കുന്നത്. എന്നാൽ മൺസൂൺ മഴയും പ്രതികൂല കാലാവസ്ഥയും മുൻകൂട്ടി കണ്ട് സ്റ്റോക് ഉറപ്പുവരുത്തുന്നതാണ് മുൻകാലങ്ങളിലെ രീതി. വീഴ്ച പരിഹരിക്കാൻ കൽക്കരി വിതരണം വേഗത്തിലാക്കാനും അടിയന്തരമല്ലാത്ത അറ്റകുറ്റപ്പണികൾ നിർത്തിവെച്ച് ഉത്പാദനം തുടരാനും നിർദേശം നൽകിയിരിക്കുകയാണ്.









0 comments