നീലക്കുറിഞ്ഞി പറിച്ചെടുത്തതിന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ചു; കുറ്റിയാർ സ്വദേശിക്കെതിരെ കേസ്

മൂന്നാർ : സമൂഹമാധ്യമങ്ങളിൽ വൈറലാവാൻ വേണ്ടി കാണിച്ചത് അബദ്ധമായെന്ന അവസ്ഥയാണ് നിലവിൽ മൂന്നാർ, കുറ്റിയാർ സ്വദേശിയുടേത്. മൂന്നാറിൽ നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തിൽ യുവാവിനെതിരെ വനംവകുപ്പ് കേസെടുത്തു. നീലക്കുറിഞ്ഞിയുമായി നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് കേസെടുത്തത്.
കൈയിൽ നീലക്കുറിഞ്ഞിയുമായി നിൽക്കുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. നീലക്കുറിഞ്ഞി പൂക്കൾ കൊണ്ടുണ്ടാക്കിയ ഒരു ഹെയർ ക്രൗണും യുവാവിന്റെ തലയിലുള്ളതായി ചിത്രങ്ങളിൽ കാണാം. കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച ശേഷം നടപടിടെയുക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. സംരക്ഷിത വിഭാഗത്തിൽപ്പെടുന്ന സസ്യമായ നീലക്കുറിഞ്ഞി പറിക്കരുതെന്ന് ജില്ലാ ഭരണകൂടവും വനംവകുപ്പും കർശന നിർദേശം നൽകിയിരുന്നു. ഇത് മറികടന്നാണ് സഞ്ചാരി നീലക്കുറിഞ്ഞി ചെടി പറിച്ചെടുത്ത് ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ഫോം വൺ, മഹസർ എന്നിവ തയ്യാറാക്കി കോടതി മുമ്പാകെ സമർപ്പിക്കും.
അതേസമയം, യുവാവിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കുറ്റിയാർ സ്വദേശിയാണെന്നും യുവാവിനായി അന്വേഷണം ആരംഭിച്ചുവെന്നും അധികൃതർ അറിയിച്ചു. ഇടുക്കിയിൽ നീലക്കുറിഞ്ഞി വസന്തം കാണാൻ സന്ദർശകരെത്തുന്നതിനിടെയാണ് നിർദേശം മറികടന്നുള്ള പ്രവൃത്തി. മൊട്ടിട്ടപ്പോൾ തന്നെ ജില്ലാ ഭരണകൂടവും വനം വകുപ്പും പറിക്കരുതെന്ന് നിർദേശം നൽകിയതാണ്. നീലക്കുറിഞ്ഞി നശിപ്പിച്ചതിൽ കൂടുതൽ പേർക്കെതിരെ അന്വേഷണമുണ്ട്.








0 comments