ad
Deshabhimani

വിദ്യാർഥികളെ തല്ലിയപ്പോൾ മൗനം; വീമ്പുപറഞ്ഞപ്പോൾ കൈവിട്ടു

ജന്തർമന്തറില്‍ സമരക്കാരെ അടിച്ചമര്‍ത്തി; സംഘപരിവാർ ഗുണ്ടയ്ക്ക് സംരക്ഷണം

swatantra bharadwaj
avatar
ഹർഷി​ദ ബത്താലി

Published on Sep 05, 2026, 05:51 PM | 3 min read

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജന്തർമന്തറിൽ തെരുവിലിറങ്ങിയ വിദ്യാർഥികളെ പൊലീസ് ആദ്യം നേരിട്ടത് ലാത്തിച്ചാർജുകളിലൂടെയും അടിച്ചമർത്തലുകളിലൂടെയുമായിരുന്നു. എന്നാൽ അതേ സമരവേദിയിൽ വിദ്യാർഥികളെയും സമരക്കാരെയും ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് അത്ര ആവേശം പോരായിരുന്നു.


ഒരു വിദ്യാർഥിയുടെ പിതാവിനെ ആക്രമിച്ച ഹിന്ദുത്വ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിനെതിരായ നടപടിയും അത്ര വേഗത്തിലായിരുന്നില്ല. ജൂണിൽ നടന്ന ആക്രമണത്തിന് പിന്നാലെ ജാമ്യം ലഭിക്കുന്ന ചെറിയ വകുപ്പുകള്‍ ചേര്‍ത്ത് വിട്ടയച്ച ഭരദ്വാജ്, രണ്ടരമാസത്തിന് ശേഷം ആക്രമണം സ്വന്തം നേട്ടമായി പോഡ്കാസ്റ്റിൽ വീമ്പുപറഞ്ഞതോടെയാണ് വീണ്ടും ദേശീയ ശ്രദ്ധയിൽ വന്നത്. പിന്നാലെ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായപ്പോഴാണ് പൊലീസ് നടപടിയെടുക്കാൻ നിർബന്ധിതരായത്.


ജൂൺ 23ലെ സംഭവമാണ് ഇപ്പോഴത്തെ വിവാദത്തിന്റെ കേന്ദ്രം. ജന്തർമന്തറിൽ സംഘടിപ്പിച്ച വിദ്യാർഥി-യുവജന സമരത്തിനിടെയാണ് പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുടെ പിതാവിനെ സ്വതന്ത്ര ഭരദ്വാജ് ആക്രമിച്ചത്. വീഡിയോയിൽ ഭരദ്വാജ് ഇരുമ്പുവള ഉപയോഗിച്ച് ഇയാളുടെ തലയിൽ അടിക്കുന്ന ദൃശ്യമുണ്ട്. എന്നാൽ അന്ന് ഇരുവിഭാഗത്തെയും പൊലീസ് സ്റ്റേഷനിലെത്തിച്ച് BNS 115(2), 126(2), 3(5) എന്നീ ജാമ്യവകുപ്പുകൾ ചുമത്തി വിട്ടയക്കുകയായിരുന്നു.


അതേ സമയം ജന്തർമന്തറിലെ വിദ്യാർഥി സമരത്തോട് പൊലീസ് സ്വീകരിച്ച സമീപനം വേറെയായിരുന്നു. വൈകിട്ട് അഞ്ചിന് ശേഷമുള്ള പ്രതിഷേധം അനധികൃതമാണെന്ന് പ്രഖ്യാപിച്ചു. ആവശ്യങ്ങൾ കേൾക്കാതെ സർക്കാരിന്റെ നിർദേശത്തെ തുടർന്ന് സമരക്കാരെ ഒഴിപ്പിക്കാൻ പരമാവധി ശ്രമിക്കുകയുണ്ടായി. പാർലമെന്റിലേക്കുള്ള മാർച്ചുകൾ തടയൽ, ലാത്തിച്ചാർജ്, ഭക്ഷണവും സഹായവും തടഞ്ഞുവെക്കൽ തുടങ്ങിയവയെല്ലാം വിദ്യാർഥികൾ തുടർച്ചയായി നേരിടേണ്ടിവന്നു. സമരം ഒതുക്കാൻ പൊലീസ് സാന്നിധ്യം സ്ഥിരമായിരുന്നു. എന്നാൽ ആക്രമണത്തിൽ പ്രതിയായ ഭരദ്വാജ് സ്വതന്ത്രനായി പുറത്തുതന്നെ തുടർന്നു. അതയാൾതന്നെ ​ഗർവ്വോടെ പറയുന്നുമുണ്ട്.


എന്നാൽ ഇതിനാണ് പിന്നീട് ഭരദ്വാജിന്റെ സ്വന്തം പോഡ്കാസ്റ്റ് തന്നെ അന്ത്യം കുറിച്ചത്. വിദ്യാർഥിയുടെ പിതാവിന്റെ “തല പൊട്ടിച്ചുവെന്ന്” ഇയാൾ അവകാശപ്പെട്ടു. സംഭവം വധശ്രമക്കുറ്റമാകാവുന്നതാണെന്നും, എന്നിട്ടും തനിക്ക് ജയിലിൽ പോകേണ്ടിവന്നില്ലെന്നും ചിരിച്ചുകൊണ്ട് പറയുന്നത് പുറത്തുവന്ന വീഡിയോയിൽ കാണാം. ഡൽഹി മന്ത്രി കപിൽ മിശ്രയുടെയും കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെയും പേരുകൾ ചൂണ്ടിക്കാട്ടി രാഷ്ട്രീയ പിന്തുണയും ഇയാൾ അവകാശപ്പെട്ടു. പൊലീസിന്റെ ഷൂ ആണ് താനിപ്പോഴും ധരിച്ചിരിക്കുന്നതെന്ന് പറ‍ഞ്ഞു. ഞങ്ങൾ വരാം അവരെ ശരിയാക്കാൻ എന്ന് പറഞ്ഞപ്പോൾ ഡൽഹി പൊലീസ് ഞങ്ങൾക്കാവശ്യമായ ആയുധങ്ങൾ തന്നു എന്ന് അയാൾ വെളിപ്പെടുത്തി.


ജൂണിലെ സംഭവത്തിന് ശേഷം വലിയ നടപടിയൊന്നും നേരിടാത്ത ഒരാൾ രണ്ടരമാസത്തിന് ശേഷം അതേ ആക്രമണം പൊതുവേദിയിൽ വീമ്പോടെ വിവരിച്ചത് ഭരണകൂടെ എത്രത്തോളം പരാജയപ്പെട്ടു എന്നതിന്റെ തെളിവായിരുന്നു. അതോടെ ചോദ്യം വീണ്ടും പൊലീസിലേക്ക് തിരിഞ്ഞു. ഗത്യന്തരമില്ലാതെ പൊലീസിന് നടപടിയെടുക്കേണ്ടി വന്നു.


ഇതോടെ ഭരദ്വാജിന്റെ സോഷ്യൽ മീഡിയ ചരിത്രവും ഇതിനൊപ്പം വീണ്ടും ചർച്ചയായിരിക്കുകയാണ്. മുസ്ലിങ്ങൾ, പ്രതിപക്ഷ നേതാക്കൾ, സംവരണം എന്നിവയെ ലക്ഷ്യമിട്ട പ്രകോപനപരമായ കുറിപ്പുകൾ, അക്രമഭീഷണികൾ, അടുത്ത സമരത്തിൽ കൂടുതൽ അക്രമം ഉണ്ടാകുമെന്ന സൂചനകൾ എന്നിവയെല്ലാം ഇയാളുടെ അക്കൗണ്ടുകളിൽ ഉണ്ടായിരുന്നു. “ഇരുമ്പുവള” കഴിഞ്ഞാൽ അടുത്തത് തോക്കാണെന്ന തരത്തിലുള്ള ഭീഷണിയും സിജെപി സമരത്തിൽ “യഥാർഥ ഗുണ്ടായിസം” കാണിക്കുമെന്ന തരത്തിലുള്ള പോസ്റ്റുകളും പുറത്തുവന്നു. ഇത്രയും ഉള്ളടക്കങ്ങൾ ഉണ്ടായിട്ടും നേരത്തെ പൊലീസ് അനങ്ങിയിരുന്നില്ല.


ഇവിടെയാണ് സംഭവത്തിന്റെ രാഷ്ട്രീയ സ്വഭാവം കൂടുതൽ തെളിയുന്നത്. ഒരു ഭാഗത്ത് വിദ്യാഭ്യാസത്തിലെ ക്രമക്കേടുകൾക്കെതിരെ തെരുവിലിറങ്ങിയ വിദ്യാർഥികൾ. മറുഭാഗത്ത് അവരെ അടിച്ചമർത്താൻ തുനിഞ്ഞിറങ്ങിയ പൊലീസും സർക്കാരും. ഇതിനിടയിൽ സമരവേദിയിലെ ആക്രമണത്തിൽ പങ്കെടുത്ത ഹിന്ദുത്വ പ്രവർത്തകൻ മാസങ്ങളോളം സ്വതന്ത്രനായി പുറത്ത് കറങ്ങി നടക്കുന്നു. പിന്നീട് സ്വന്തം വായിൽ നിന്നുതന്നെ ആക്രമണവും രാഷ്ട്രീയ ബന്ധങ്ങളും പുറത്തുവന്നപ്പോൾ മാത്രമാണ് കാര്യങ്ങൾ മാറുന്നത്.


സെപ്തംബർ നാലിന് സിജെപി പ്രവർത്തകർ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി എത്തി. വധശ്രമ വകുപ്പ് ചുമത്തണം, എസ്‍സി/എസ്‍ടി അതിക്രമനിരോധന നിയമത്തിലെ വകുപ്പുകൾ ചേർക്കണം, കേസ് പുനരന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു മുന്നോട്ട് വച്ചത്. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു. അതിന് പിന്നാലെയാണ് എഫ്ഐആറിൽ എസ്‍സി/എസ്‍ടി ആക്ട് വകുപ്പുകൾ ചേർത്തതും പിന്നീട് ഭരദ്വാജിനെ ബുലന്ദ്ഷഹറിൽനിന്ന് പിടികൂടിയതും.


കൂടാതെ ആക്രമിക്കപ്പെട്ടയാളുടെ പ്രായപൂർത്തിയാകാത്ത മകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപവും ബലാത്സംഗ ഭീഷണിയും മോർഫ് ചെയ്ത ചിത്രങ്ങളുടെ പ്രചാരവും നടന്നെന്ന പരാതിയിൽ ഭരദ്വാജിനെ പ്രതിയാക്കി പോക്സോ, ഐടി നിയമങ്ങൾ പ്രകാരം പ്രത്യേക എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.


ഭരദ്വാജിനെതിരായ നടപടി വൈകിയതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇതോടെ കൂടുതൽ ശക്തമാകുകയാണ്. ജൂൺ 23ന് ആക്രമണം നടന്നപ്പോൾ തന്നെ ഭരദ്വാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം ചുമത്തി വിട്ടയച്ചു. ആക്രമിക്കപ്പെട്ടയാളുടെ പരിക്ക് നിസാരമാണെന്ന മെഡിക്കൽ റിപ്പോർട്ടാണ് പൊലീസ് ഇതിന് ന്യായീകരണമായി ചൂണ്ടിക്കാട്ടുന്നത്. തലയിൽ ലോഹവളകൊണ്ട് അടിച്ചതായി പൊലീസ് തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും തലയോട്ടിക്ക് പൊട്ടലുണ്ടായെന്ന ഭരദ്വാജിന്റെ അവകാശവാദം മെഡിക്കൽ രേഖകൾ ശരിവയ്ക്കുന്നില്ലെന്നാണ് പൊലീസിന്റെ നിലപാട്. കുടുംബം ഈ വാദം അംഗീകരിച്ചിട്ടില്ല.


സമരക്കാരെ ഭീഷണിപ്പെടുത്തുന്ന പരാമർശങ്ങൾ ഭരദ്വാജ് നേരത്തെയും നടത്തിയിരുന്നു. അടുത്ത സമരത്തിൽ കൂടുതൽ അക്രമം നടത്തുമെന്ന സൂചന നൽകുന്ന കുറിപ്പുകളും ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലുണ്ടായിരുന്നു. മുസ്ലിങ്ങൾക്കും പ്രതിപക്ഷ നേതാക്കൾക്കും സംവരണത്തിനുമെതിരായ വിദ്വേഷപരവും പ്രകോപനപരവുമായ കുറിപ്പുകളും പുറത്തുവന്നു. ഇത്രയും പരസ്യമായ ഭീഷണികൾ ഉണ്ടായിട്ടും അവയുടെ പേരിൽ നേരത്തെ എന്തെങ്കിലും നടപടി സ്വീകരിച്ചിരുന്നോ എന്നതിൽ വ്യക്തതയില്ല.


ജന്തർമന്തറിൽ വിദ്യാർഥികൾക്ക് നേരിടേണ്ടിവന്ന സമീപനവുമായി ചേർത്തുവായിക്കുമ്പോഴാണ് ഈ വൈരുധ്യം കൂടുതൽ പ്രകടമാകുന്നത്. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്തവരെ നിയന്ത്രിക്കാനും ഒഴിപ്പിക്കാനും അവരുടെ മാർച്ചുകൾ തടയാനും പൊലീസ് തുടർച്ചയായി രംഗത്തുണ്ടായിരുന്നു. എന്നാൽ അതേ സമരത്തെ ലക്ഷ്യമിട്ട് അക്രമവും ഭീഷണിയും നടത്തിയവർക്കെതിരെ നടപടി എടുക്കാൻ വിദ്യാർഥികൾക്ക് വീണ്ടും തെരുവിലിറങ്ങേണ്ടിവന്നു. പൊലീസ് തന്നെയാണ് ഞങ്ങളെ അയച്ചത് എന്ന അക്രമിയുടെ വാദവും പരിശോധിക്കപ്പെടേണ്ടതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home