കോൺഗ്രസില്‍ ഗ്രൂപ്പ് പോര് തുടര്‍കഥയാവുന്നു; പരസ്യയുദ്ധത്തില്‍ എംഎല്‍എയും

തിരുവനന്തപുരം: പാർടിക്ക് അധികാരം കിട്ടി 100 ദിവസം കഴിയുന്പഴേക്കും കോൺഗ്രസിലെ ഗ്രൂപ്പ് പോരിന് പിന്നാലെയുള്ള പരസ്യയുദ്ധം തുടര്‍കഥയാവുന്നു. മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ട് തുടങ്ങിയ കോൺഗ്രസിനുള്ളിലെ കൂട്ടയടി, ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കളെ എംഎൽഎ രമ്യ ഹരിദാസും സംഘവും വീട്ടിൽ കയറി മർദിക്കുന്ന നിലവരെ എത്തിച്ചിരുക്കുകയാണ്. സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ നാഥനില്ലാതെ കോൺഗ്രസ് ഉലയുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ചിറയിൻകീഴിൽ കണ്ടത്.
വർഷങ്ങളുടെ പഴക്കമുള്ള കോൺഗ്രസിലെ ഗ്രൂപ്പ് പോര്, ഭരണം കിട്ടയതിന് പിന്നാലെയാണ് കൂട്ടയടിയിലേക്ക് നീങ്ങിയത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പിന്തള്ളി വി ഡി സതീശൻ മുഖ്യമന്ത്രിയായതോടെ തന്നെ പുതിയ പ്രശ്നങ്ങൾ തുടങ്ങി. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കൂടി മന്ത്രിസഭയിലേക്ക് എത്തിയതോടെ കോൺഗ്രസിന് മുഴുവൻ സമയ പ്രസിഡന്റില്ലാതെയായി. ഇതോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെയായി. ജനറൽ സെക്രട്ടറിമാർ വല്ലപ്പോഴും എത്തുമെന്നല്ലാതെ പ്രമുഖ നേതാക്കളാരും തിരിഞ്ഞുനോക്കാറില്ല. നേതൃത്വം ഇല്ലാതായതോടെ പ്രവർത്തകരും നേതാക്കളും തമ്മിലുള്ള പ്രശ്നങ്ങൾ കീറാമുട്ടിയായി തുടർന്നു.
കോഴിക്കോട് സ്വദേശിയായ രമ്യ ഹരിദാസ് എംഎൽഎയുടെ അനുയായികൾ, ചിറയിൻകീഴ് പ്രദേശത്ത് നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളാണ് പ്രശ്നങ്ങൾക്ക് തുടക്കം. എംഎൽഎയുടെ പ്രധാന അനുയായിയും കോഴിക്കോട് സ്വദേശിയുമായ പാളയം പ്രദീപിനെതിരെയാണ് പരാതി ഉയർന്നത്. മണ്ഡലത്തിൽപോലും ഇല്ലാത്ത പാളയം പ്രദീപ് മണ്ഡലംകമ്മിറ്റി യോഗത്തിൽ ഉൾപ്പെടെ ഇടപെടുന്നത് പ്രവർത്തകരെ ചൊടിപ്പിച്ചു. ഇത് കോൺഗ്രസ് പ്രവർത്തകർ വാട്സാപ്പ് ഗ്രൂപ്പിൽ ചോദ്യംചെയ്തു.
എന്നാൽ പ്രശ്നം പരിഹരിക്കാൻ നേതൃത്വം ഇല്ലെന്ന് ഉറപ്പുള്ള എംഎൽഎയും സംഘവും വീടുകയറി ആക്രമണം നടത്തുകയായിരുന്നു. പ്രദീപിനെതിരെ ആരോപണം ഉന്നയിച്ച കോൺഗ്രസ് പ്രവർത്തകനായ സജാദിന്റെ വീട്ടിൽ രാത്രി ഒൻപതിനാണ് എംഎൽഎയും സംഘവുമെത്തി അതിക്രമം നടത്തിയത്. സജിത്തിനെ രമ്യ ഹരിദാസ് തല്ലുന്ന വീഡിയോ പുറത്തുവന്നു. വീഡിയോ പകർത്തിയ ആളെയും രമ്യ ആക്രമിച്ചു. രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ കയ്യാങ്കളിയിൽ ഇരുവിഭാഗത്തിന്റെയും പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. വിഷയം ഗൗരവത്തിൽ കാണുന്നു എന്ന് മാത്രമാണ് കെപിസിസി പ്രസിഡന്റെ പ്രതികരിച്ചത്. ഇരകൂട്ടരും തമ്മിലുണ്ടായ ആക്രമണങ്ങൾ അന്വേഷിക്കാൻ കെപിസിസി സമിതിയെ നിയോഗിച്ചിരുക്കുകയാണ്. പ്രശ്നങ്ങൾ കൂടുതൽ വഷളാവാതിരിക്കാനാണ് ശ്രമം.
ശ്രീകാര്യത്ത് ഡിസിസി അംഗവും സംഘവും മുഖ്യമന്ത്രി വിഡി സതീശനെ വഴിയിൽ തടഞ്ഞതും ഇതേ ഗ്രൂപ്പ് തർക്കത്തിന്റെ ബാക്കിപത്രമാണ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അനുയായിയാണ് അറസ്റ്റിലായ ചേന്തി അനിൽ. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ഓഫീസിന് മുന്നിൽ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചവരിൽ അനിലും ഉണ്ടായിരുന്നു.
മുഖ്യമന്ത്രിയുമായും അനിലിന് നല്ല അടുപ്പമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ചേന്തിയിലെ ശ്രീനാരായ ജയന്തിയാഘോഷ ചടങ്ങിൽ പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചത്. തുടർന്ന് ഡിസിസി ഓഫീസിനുമുമ്പിലടക്കം ചേന്തിയിലെ ഗുരുജയന്തിയുടെ ബോർഡ് വച്ചു. എന്നാൽ, ചടങ്ങിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി ചേന്തിവഴി കടന്നുപോയപ്പോഴാണ് അനിലും സംഘവും അദ്ദേഹത്തിന്റെ വാഹനവ്യൂഹം തടഞ്ഞത്. ഇതോടെ അനിലിനെതിരെ ഗുരുതര വകുപ്പുകൾ ചേർത്ത് ശ്രീകാര്യം പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. അനിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. അനിലിന്റെ പേരിൽ ആറ് സ്‌റ്റേഷനുകളിലായി കേസുകളുള്ളതായി ശ്രീകാര്യം പൊലീസ് വ്യക്തമാക്കി. ക്രിമിനലായ അനിൽ എങ്ങനെ നേതൃത്വത്തിലെത്തി എന്നതിന് കോൺഗ്രസ് മറുപടിയില്ല.









0 comments