ad
Deshabhimani

നോവൽ

തെറം

ബുക്ക്‌
avatar
പി വി ഷാജികുമാർ

Published on Sep 05, 2026, 05:11 PM | 5 min read

അന്വേഷണം


‘കാസർകോട്ടെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് വയലന്‍സ് ഉജ്ജിറയില്‍ അടുത്തകാലത്തായി ഏറെ കൂടിയിട്ടുണ്ട്.

അതിന് പ്രധാന കാരണങ്ങളിലൊന്നായി ഞാന്‍ കാണുന്നത് ഉജ്ജിറ കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമായതുകൊണ്ടാണ്. നമ്മുടെ നാട്ടില്‍ എല്ലാത്തിനും ടാക്‌സ് കൂടുതലാണല്ലോ.

ഇവിടെയുള്ള നിരോധിച്ച പലതിനും അവിടെ നിരോധനവുമില്ല. അതുകൊണ്ട് കാശുണ്ടാക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് കടത്തില്‍ താല്‍പ്പര്യം കൂടും. അത് കുറേനാളായി സംഭവിച്ചുകൊണ്ടിരിക്കുന്നു.

ഇറച്ചിക്കോഴികളില്‍നിന്നാണ് അതിന്റെ തുടക്കം.

പൂഴിക്കടത്തായി.

ചാരായം നിരോധിച്ചപ്പോള്‍ അത് മൂലവെട്ടിയായി. സ്‌പിരിറ്റായി. അതിനിയും തുടരും.

‘പത്തോ പതിനഞ്ചോ പൊലീസുകാരെ മാത്രം വച്ച് നമ്മള്‍ക്കെന്തെങ്കിലും ചെയ്യുന്നതിന് പരിമിതികളുണ്ടല്ലോ..!

അമ്പതോ നൂറോ കൊടുത്താല്‍ വലിയ പരിശോധനയ്‌ക്കൊന്നും തയ്യാറാവാത്ത പൊലീസുകാരും ഉണ്ട്.

എന്തായാലും ഞാനൊരു കാര്‍ട്ടോഗ്രാഫറെക്കൊണ്ട് മഞ്ചേശ്വരത്തിന്റെ മാപ്പ് ഉണ്ടാക്കി. മഞ്ചേശ്വരത്ത് തലപ്പാടി വഴി വരുന്ന എന്‍എച്ച് ആണ് ആകെയുള്ളൊരു ചെക്ക് പോസ്‌റ്റ്‌. ഇതുള്‍പ്പെടെ കേരളത്തിലേക്ക് വരാന്‍ പതിനെട്ട് പോക്കറ്റ് റോഡുകളുണ്ട്. എന്‍എച്ചിലും ആര്‍ടിഒ ചെക്ക് പോസ്റ്റ് മാത്രമേ ഉള്ളൂ. സ്‌കാനര്‍ വയ്‌ക്കാന്‍ ആരും തയ്യാറാവുന്നുമില്ല. ഇടവഴികള്‍, മഡ് റോഡുകള്‍... കുറേ...

രാഷ്‌ട്രീയക്കാരിലേക്കും മുതലാളിമാരിലേക്കുമാണ് വരുമാനം പോകുന്നത്. അപ്പോള്‍ പിന്നെ അവരും പണിയുമല്ലോ.

അപ്പോള്‍ പിന്നെ നമ്മള്‍ എന്ത് ചെയ്യല്.. നമ്മളും നമ്മളുടെ പണിയെടുക്കുക. അത്ര തന്നെ..!'

അത്രയും പറഞ്ഞ് പുതുതായി വന്ന മഞ്ചേശ്വരം സിഐ ജോര്‍ജ് മാത്യു മേശയ്‌ക്ക്‌ മുകളില്‍ മദ്യപിച്ച് നടുറോഡില്‍ കിടന്നുറങ്ങിയവര്‍ക്കെതിരായുള്ള എഫ്ഐആര്‍ എഴുതിയ ഫയലിനടുത്ത് വച്ച പാതിതണുത്ത ചായ ഒറ്റവലിക്ക് അകത്താക്കി.

അയാളുടെ തലയ്‌ക്കടുത്തുള്ള ജനലിലെ ചിലന്തിവലയില്‍ കുടുങ്ങിയ ഓട്ടോറിക്ഷ എന്ന്‌ വിളിക്കപ്പെടുന്ന ജീവി ചിലന്തിയാകുന്ന മരണം എത്രയും വേഗത്തില്‍ എത്താന്‍ പോകുകയാണെന്ന ഞെട്ടലിന്റെ തണുപ്പില്‍ വിറച്ചുകൊണ്ടിരിക്കുകയായിരുന്നു.

പൊടുന്നെനെ അസ്‌ത്രം പോലെ ജനലിലൂടെ തിളച്ച് വന്ന കാറ്റ് ഓട്ടോറിക്ഷയുടെ വിധി മാറ്റിയെഴുതി.

ചിലന്തിവലയില്‍നിന്ന് വേർപെട്ട് അത് മാത്യു കുടിച്ചുവച്ച ഗ്ലാസിലേക്ക് തലകുത്തനെ വീഴുന്നത് ചിലന്തി ആര്‍ത്തി നിറഞ്ഞ സങ്കടത്തില്‍ നോക്കിനിന്നു.

ഓട്ടോറിക്ഷയാവട്ടെ മരണമുറപ്പ് തെറ്റിയതിന്റെ ആശ്ചര്യത്തില്‍ നിമിഷങ്ങളോളം ഗ്ലാസിലെ തണുത്ത കറുത്ത ചായപ്പൊടിയില്‍ തല കുത്തനെ കിടന്നു.

തലയൊന്ന് തണുത്തപ്പോള്‍ രണ്ട് പിടച്ചിലില്‍ ശരീരം നേരെയാക്കി, ഗ്ലാസിന്റെ മുകളറ്റംവരെ പറ്റിനില്‍ക്കുന്ന ചായപ്പൊടിയുടെ കുഞ്ഞുമല കയറി സ്വഗൃഹത്തില്‍ തിരിച്ചെത്തിയ ഓട്ടോറിക്ഷ മരണത്തിന്റെ മറുവശം കണ്ടതിന്റെ അമ്പരപ്പില്‍ ശിഷ്ടകാലം തത്വങ്ങള്‍കൊണ്ട് ജീവിതത്തെ ദര്‍ശിച്ചു.

ജോര്‍ജ് മാത്യു സംസാരിക്കുമ്പോള്‍ ഗൗതമന്റെ മനസ്സ് മുസ്‌തഫയിലായിരുന്നു.

കെഎപി പരീക്ഷയെഴുതി, ഫിസിക്കല്‍ ടെസ്‌റ്റും പാസായി അവന്റെ ആദ്യത്തെ പോസ്‌റ്റ്‌ മഞ്ചേശ്വരത്തായിരുന്നു.

മുസ്‌തഫ പോയതിനുശേഷം യത്തീംഖാനയിലെ ദിവസങ്ങള്‍ വിരസമായിരുന്നെങ്കിലും പത്താംക്ലാസ് അവന്‍ പൂര്‍ത്തിയാക്കി.

ബുക്ക്‌

കാസർകോട്‌ ഗവണ്‍മെന്റ് കോളേജില്‍ പ്രീഡിഗ്രിയും ഡിഗ്രിയും അവന്‍ പൂര്‍ത്തിയാക്കി.

നഗരത്തില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടികളിലേക്ക് കൗമാരകാലത്ത് അവനെ മദ്യപിക്കാന്‍ പഠിപ്പിച്ച കലാകാരന്മാര്‍ വീണ്ടും കൊണ്ടുപോവാന്‍ തുടങ്ങി. അവര്‍ക്കൊപ്പം പഴയതില്‍ നിന്ന് കൂടിയ അളവില്‍ അവന്‍ മദ്യപിക്കാനും രാത്രികളില്‍ വീട്ടിലേക്ക് പലപ്പോഴും എത്തിച്ചേരാതിരിക്കാനും തുടങ്ങി.

കവിതയുടെ ലോകത്ത് എത്തിപ്പെടുമെന്ന് പരിപാടിക്ക് വന്ന് മദ്യപിക്കുന്ന എഴുത്തുകാര്‍ ലഹരി മൂക്കുമ്പോള്‍ അവനെ ചേര്‍ത്തുപിടിച്ച് പറയും. വൈകാരികത മൂത്ത് എഴുതുന്ന കാസർകോട്ടെ പല കവികളേക്കാളും മെച്ചത്തിലും വേഗത്തിലും കവിതകള്‍ എഴുതാനുള്ള കഴിവ് അവനുണ്ടായിരുന്നു. എന്നാല്‍ അവന്‍ ആ ലോകം ആഗ്രഹിച്ചില്ല. അവന് അവന്റേതായ ഒരു ലോകമുണ്ടായിരുന്നു. അവന് ആ ലോകത്ത് അങ്ങനെയങ്ങ് ജീവിച്ചുപോകണമെന്നേ ഉണ്ടായിരുന്നുള്ളൂ. ഒതുങ്ങിജീവിക്കുന്നതിന്റെ സമാധാനവും സുഖവും അവന് കൗമാരകാലം മുതലേ ബോധ്യപ്പെട്ട ഒന്നായിരുന്നു.

എന്നാല്‍ മധുരപ്പതിനേഴില്‍ പ്രീഡിഗ്രിക്ക് ചരിത്രം പഠിച്ചൊരു മധുരപ്പതിനേഴുകാരി അവന്റെ മനസ്സില്‍ അനുരാഗത്തിന്റെ കവിതയെഴുതിയതോടെ അവന്റെ ജീവിതം വേറൊന്നായി.

അവള്‍ക്ക് ചുറ്റിലുമായി അവന്റെ ലോകം.

വികാരതീവ്രമായ വാക്കുകളില്‍ അവന്‍ അവള്‍ക്ക് പ്രണയലേഖനങ്ങളെഴുതി. അക്കാലത്ത് കവിയരങ്ങുകളില്‍ കേട്ട പല കവിതകളും അവന്റെ പ്രണയലേഖനങ്ങളില്‍ കടന്നുവന്നു. അതില്‍ പാബ്ലോ നെരൂദയും മയോക്കോവസ്‌കിയും ഷെല്ലിയുമൊക്കെയുണ്ടായിരുന്നു. എന്നാല്‍ പ്രണയം അവനെ ഉപേക്ഷിച്ച് ഷാര്‍ജയില്‍ പത്ത് വര്‍ഷമായി ജോലിചെയ്യുന്ന ഒരുവനില്‍ താലി ചാര്‍ത്തിയതോടെ അവന്‍ ആകെ തകര്‍ന്നു. അത്രയും ആത്മാർഥതയോടെ സ്‌നഹവും കരുതലും നല്‍കിയ മറ്റൊരു ബന്ധവും അവന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. സാഹചര്യങ്ങളാല്‍ അവള്‍ക്ക് അവനെ ഉപേക്ഷിക്കേണ്ടിവന്നു. ഏറെക്കാലം താടിയും മുടിയും വളര്‍ത്തി, സങ്കടങ്ങള്‍ മാത്രം നിറഞ്ഞ പാട്ടുകള്‍ കേട്ട്, മൂലവെട്ടിയടിച്ച് അവന്‍ പരാജയത്തോട് പകവീട്ടി.

അപ്പോഴാണ് പിഎസ്‌സി പരീക്ഷയുടെ നോട്ടിഫിക്കേഷന്‍ വന്നത്.

ഒന്നിച്ച് പഠിച്ചവന്‍ ഗൗതമന്റെയും അപേക്ഷ അയച്ചു.

അവന് കിട്ടിയില്ല. ഗൗതമന് കിട്ടി.

മാങ്ങാട്ടുപറമ്പിലായിരുന്നു അവന്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. അവിടുത്തെ പരിശീലനം അവന്റെ ജീവിതത്തിലെ വൃത്തികെട്ട നാളുകളായിരുന്നു. പരിശീലകന്റെ നെറിയില്ലാത്ത പെരുമാറ്റവും എന്തിനും ഏതിനും ശിക്ഷ വിധിക്കുന്നതും അവന്റെ മനോവീര്യം തകര്‍ത്തിരുന്നു. രണ്ട് പേര്‍ പരിഭ്രമം മറികടക്കാന്‍ കഴിയാതെ ഒരാഴ്‌ചയ്‌ക്കുള്ളില്‍ തന്നെ ക്യാമ്പില്‍നിന്ന് വീട്ടിലേക്ക് ഒളിച്ചോടി.

ഗൗതമനും തിരിച്ചുപോകാന്‍ ആഗ്രഹിച്ചതാണ്. പ്രണയപരാജയത്താല്‍ അവന്റെ മനസ്സ് ചത്തത് പോലെയായിരുന്നു.

പ്രണയത്തിന്റെ ശിക്ഷയില്‍ നിന്നുള്ള രക്ഷയായിട്ടാണ് ഗൗതമന്‍ ജോലിയെ കണ്ടത്.

എന്നാല്‍ പ്രണയത്തിന്റെ ശിക്ഷയില്‍നിന്ന് പൊലീസിന്റെ ശിക്ഷയിലേക്ക് അവന്‍ വീഴപ്പെട്ടു.

മഞ്ചേശ്വരത്ത് എത്തിയപ്പോള്‍ തന്നെ അവന്‍ ആദ്യമോര്‍ത്തത് മുസ്‌തഫയെയായിരുന്നു.

സ്റ്റേഷനില്‍നിന്ന് ഉജ്ജിറ അത്രയൊന്നും അകലത്തല്ലാത്തതുകൊണ്ട് അവനെ കാണണമെന്നും കൂട്ടുകൂടണമെന്നും അവന്‍ ആഗ്രഹിച്ചിരുന്നു.

അവനിപ്പോള്‍ ശത്രുസ്ഥാനത്താണെന്ന് മഞ്ചേശ്വരത്തെത്തി രണ്ട് ദിവസങ്ങള്‍ കഴിഞ്ഞുമാത്രമാണ് അവന്‍ മനസ്സിലാക്കിയത്.

അത് അവനെ വേദനിപ്പിച്ചു.

ഹൃദയത്തില്‍ ചേര്‍ത്തുനിര്‍ത്തിയ ഒരുവന്‍ അകലത്തായതിന്റെ വേദന.

ജോര്‍ജ് മാത്യുവിന്റെ തുടര്‍സംസാരത്തില്‍ ഉജ്ജിറയില്‍ സംഭവിക്കുന്നതിന്റെ ഏകദേശം ചിത്രം ഉണ്ടായിരുന്നു.

അയാള്‍ എന്തൊക്കെയോ ചെയ്യാന്‍ പോകുന്നതിന്റെയും.

ബുക്ക്‌

മുസ്‌തഫയുടെ ടീം ഉജ്ജിറ കടപ്പുറത്തുള്ളവര്‍.

പുസ്ലീംസ് എന്ന് വിളിക്കപ്പെടുന്നവര്‍.

പുസ്ലീങ്ങള്‍, മുസ്ലീങ്ങള്‍ക്കിടയില്‍ താഴ്‌ന്നവര്‍.

കടത്ത് മാത്രമല്ല, മുസ്‌തഫ അഫ്തയും പിരിക്കുന്നുണ്ട്. ഉഡുപ്പിയിലെ റിയല്‍ എസ്റ്റേറ്റ് ഗുണ്ട കലി മഹേന്ദ്ര നായിക്കുമായി മുസ്‌തഫയ്‌ക്ക്‌ വലിയ ബന്ധം. ഓരോ ഗുണ്ടകള്‍ക്കും ഓരോ ഏരിയയാണ്.

നായിക്കിന്റെ മംഗലാപുരം മുതല്‍ കാസർകോട്‌ വരെയുള്ള അഫ്ത പിരിക്കുന്നത് മുസ്‌തഫയാണ്.

അടുത്തുണ്ടായ ഒരു സംഭവം ജോര്‍ജ് മാത്യു വിവരിച്ചു.

മംഗലാപുരത്ത് ബാര്‍ നടത്തുന്ന മനോഹര ഷെട്ടിയുണ്ട്. അയാള്‍ കഴിഞ്ഞ മാസം സ്‌റ്റേഷനില്‍ വന്നു.

മുസ്‌തഫ വിളിച്ചിരുന്നെന്ന് അയാള്‍ പരാതി പറഞ്ഞു.

‘‘പൈസ ആവശ്യമുണ്ട്... ഞാന്‍ നിങ്ങളുടെ വീട്ടിലേക്ക് വരാം.’’

മുസ്‌തഫ പറഞ്ഞത് അയാള്‍ വിശദീകരിച്ചു.

മുസ്‌തഫ വരുമെന്ന പറഞ്ഞ ദിവസം പൊലീസ് മഫ്ടിയില്‍ കാവല്‍ നിന്നു. അയാള്‍ വന്നില്ല. പകരം രണ്ടാളുകള്‍ വന്നു. പൊലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയ അവര്‍ രക്ഷപ്പെട്ടു. പിറ്റേന്നത്തെ ആഴ്‌ച ബൈന്തൂരില്‍ വച്ച് ഷെട്ടി കൊല്ലപ്പെട്ടു.

മുസ്‌തഫയാണോ അതോ വേറേതെങ്കിലും ശത്രുക്കളാണോ കൊന്നതെന്ന് കര്‍ണാടക പൊലീസിനും മനസ്സിലായില്ല, കേരള പൊലീസിനും മനസ്സിലായില്ല.

മുസ്‌തഫയുടെ മുഖ്യ എതിരാളികള്‍ ഉജ്ജിറയിലാണ്.

കടപ്പുറത്തല്ല, ഉജ്ജിറ ടൗണില്‍.

കസായി ടീം.

വലിയവരുടെ സംഘം.

ഇറച്ചിവെട്ടുകാര്‍.

കസായി ഖുജ്‌രി അമീന്‍ നേതാവ്. കസായി ഇബ്രാഹിം, കസായി റാഫി, കസായി റഷീദ് എന്നിവര്‍ അനിയന്മാര്‍.

ഏട്ടന്റെയും അനിയന്റെയും മക്കള്‍. ഖുജ്‌രി അമീനും ഇബ്രാഹിമും സഹോദരങ്ങള്‍.

കസായി ഇബ്രാഹിം കോടതിയില്‍നിന്ന് നാല് പൊലീസുകാരുടെ എസ്‌കോര്‍ട്ടില്‍ പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ നാല് പൊലീസുകാരെയും ഭേദിച്ച് പ്രതിയായ എതിരാളിയുടെ കൈവെട്ടിയ മനുഷ്യന്‍.

നാഷണല്‍ ഹൈവേ ഇവരുടെ നിയന്ത്രണത്തിലാണ്. എന്‍എച്ചിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഇവര്‍ പണം കവര്‍ന്നെടുക്കും. വേറൊരു ഗ്യാങ്ങും എന്‍എച്ചില്‍ നില്‍ക്കാന്‍ പാടില്ല. എന്‍എച്ചില്‍ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അവര്‍ അപ്പോള്‍ തന്നെ സ്വർണമൊക്കെ അടിച്ചെടുത്ത ശേഷമേ ആശുപത്രിയില്‍ കൊണ്ടുപോവൂ.

അവരുടെ എതിരാളിയായതിന് മുസ്‌തഫയ്‌ക്ക്‌ വലിയൊരു കാരണമുണ്ട്.

കസായി ഇബ്രാഹിം എല്ലാം തികഞ്ഞ വൃത്തികെട്ടവനായിരുന്നു.

പ്രത്യേകിച്ച് പെണ്ണുങ്ങളോട്.

നാട്ടുകാര്‍ പറയും, ഇരുന്നൂറിലധികം പെണ്ണുങ്ങളുടെ അടുത്തേക്ക് കസായി പോയിട്ടുണ്ട്.

പെണ്ണുങ്ങളെ ഭീഷണിപ്പെടുത്തുക. അവിഹിതം പിടിച്ചാല്‍ ബ്ലാക്ക് മെയില്‍ ചെയ്യും.

‘‘പൈസ വാങ്ങില്ല, സെക്‌സ്‌... ഞാന്‍ നാളെ വരും...''

അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.

നല്ലൊരു പെണ്ണിനെ കണ്ടാല്‍ ഭീഷണിപ്പെടുത്തി ചെയ്യും.

മുസ്‌തഫയുടെ കൂടെയുള്ള ഷംസുവിന്റെ കാമുകിയായ റസിയയെ ഇബ്രാഹിം പുരയില്‍ ആരുമില്ലാത്ത നേരത്ത് ബലാത്സംഗം ചെയ്‌തു.

മൂന്ന് ദിവസം റസിയ നിര്‍ത്താതെ കരഞ്ഞു.

ഒരു തുള്ളി വെള്ളം കുടിച്ചില്ല.

മൂന്നാം ദിനം സന്ധ്യയുറങ്ങുന്നതിന് മുമ്പ്‌ മുസ്‌തഫയും ഷംസുവും കൂടി ഇബ്രാഹിമിനെ മംഗാലപുരത്ത് ബാറില്‍ വച്ച് വെടിവച്ച് കൊന്നു.

റസിയ കരച്ചില്‍ നിര്‍ത്തി.

കഥ അവിടെവരെയെത്തിയപ്പോള്‍ ബദിയടുക്കയില്‍ നിന്ന് ഒരു കോള്‍ ജോര്‍ജ് മാത്യുവിനെ തേടിയെത്തി.

അയാളുടെ മുഖം വിടര്‍ന്നു.

‘‘ഒരു അർജന്റ് കേസുണ്ട്.. ഞാന്‍ വേഗം വരാം...’’

അതും പറഞ്ഞ് അയാള്‍ സ്‌റ്റേഷനില്‍നിന്നിറങ്ങി സ്വന്തം ബുള്ളറ്റില്‍ വേഗത്തില്‍ ഓടിച്ചുപോയി.

വിളിച്ചത് ഒരു സ്ത്രീയായിരുന്നു.

വ്യവസായിയായ ഭര്‍ത്താവ് മംഗലാപുരത്തേക്ക് പോയി എന്നായിരുന്ന വിളിച്ചതിന്റെ കാതല്‍.

അന്ന് രാത്രിയില്‍ ഇരിട്ടിക്കാരനായ ശ്രീധരന്‍ എന്ന ഹെഡ്‌കോണ്‍സ്റ്റബിളുമായി മദ്യപിച്ച് മത്തായപ്പോള്‍ ഗൗതമന്‍ ഉജ്ജിറ കടപ്പുറത്തേക്ക് ഒറ്റയ്‌ക്ക് ബൈക്കില്‍ പോയി.

കടപ്പുറത്തെത്തി മുസ്‌തഫയുടെ പുര അവന്‍ അന്വേഷിച്ചു.

ആരും അവിടെ ഉണ്ടായിരുന്നില്ല.

അനിയന്‍ മുത്തലി കടപ്പുറത്തുണ്ടാവുമെന്ന് അയല്‍ക്കാരില്‍ ഒരാള്‍ പറഞ്ഞു.

കടപ്പുറത്ത് ആമകള്‍ മുട്ടയിട്ട സ്ഥലത്തായിരുന്നു മുത്തലി.

ചുറ്റിലും വേലികെട്ടിയിട്ടുണ്ടായിരുന്നു.

ശ്രദ്ധയോടെ ചുറ്റിലും നോക്കിക്കൊണ്ട് മുത്തലി നടക്കുന്നു.

പലയിടത്തും കുത്തിയിരുന്ന് നോക്കുന്നു.

പലയിടത്തും കുഴിച്ച് നോക്കുന്നു.

ഗൗതമന്‍ അവന്‍ ചെയ്യുന്നത് കൗതുകത്തോടെ കണ്ടുനിന്നു.

ആമക്കുഞ്ഞുങ്ങള്‍ കുഴിയില്‍നിന്ന് എഴുന്നേറ്റ് വരുന്നത് ഗൗതമന്‍ കണ്ടു.

വഴിയറിയാതെ ആമക്കുഞ്ഞുങ്ങള്‍ നിശ്ചലരായി നില്‍ക്കുന്നു.

നിലാവ് അവര്‍ക്ക് മുന്നില്‍ നിവര്‍ന്നുകിടന്നു.

മുത്തലി കടലിലേക്ക് ഒരു വര വരച്ചു.

കൂട്ടത്തില്‍ ധൈര്യവും സാമർഥ്യവുമുള്ള ഒന്ന് വരയിലൂടെ കടലിലേക്കിറങ്ങി.

ആമയുടെ നിഴല്‍ ആ എന്ന അക്ഷരമാണ്. ഗൗതമന് മനസ്സിലായി.

ജാഥ പോലെ മറ്റുള്ളവ അതിനെ അനുഗമിച്ചു. നിലാവില്‍ അവ കടലില്‍ ഇറങ്ങുന്നത് കണ്ട് മുത്തലി ഒച്ചയേതുമില്ലാതെ തന്നോടെന്ന പോലെ കയ്യടിച്ചു.

അപ്പോള്‍ ഗൗതമന്റെ കണ്ണുകള്‍ നിറഞ്ഞു . (തുടരും)




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home