പരിസ്ഥിതി ലോല മേഖല വിജ്ഞാപനം; മലയോര ജനതയുടെ ആവശ്യങ്ങളോട് മുഖം തിരിച്ച് സർക്കാർ

തിരുവനന്തപുരം : കേരളത്തിലെ സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റും പരിസ്ഥിതി ലോല മേഖല നിശ്ചയിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ കരട് വിജ്ഞാപനത്തെ എതിര്‍ക്കാതെ സംസ്ഥാന സർക്കാർ. ജൂലൈ 27 ന് പ്രഖ്യാപിച്ച കരട് വിജ്ഞാപനത്തെ എതിർക്കണമെന്ന മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യത്തെ സർക്കാർ അവഗണിച്ചു.
വിഷയത്തിൽ കേന്ദ്രം നിയോഗിച്ച അഞ്ചംഗ സംഘവുമായി ചർച്ച നടത്തിയെന്നും കേരളം ആവശ്യപ്പെടുന്ന ഭേദഗതികളെക്കുറിച്ച് പഠിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കുമെന്നും പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ചർച്ചയിൽ കേരളത്തിന്റെ ആവശ്യങ്ങൾ സംഭാഷണരൂപത്തിൽ അവതരിപ്പിച്ചുവെന്ന് പറഞ്ഞ് വിഷയത്തെ നിസാരമാക്കുകയാണ് മന്ത്രി ചെയ്തത്. ഒരു പരിധിവരെ അനുകൂല പ്രതികരണം ലഭിച്ചതിനാൽ കരട് വിജ്ഞാപനത്തെ എതിർക്കാൻ സർക്കാർ മുതിർന്നില്ല. മാത്രമല്ല, കേരളത്തിന്റെ ആവശ്യം നന്നായി പഠിക്കാൻ ഇനിയും സമയമുണ്ടെന്നും അതിന് ശേഷം ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് സണ്ണി ജോസഫ് പറഞ്ഞത്.
ജനവാസമേഖലകളെയും തോട്ടങ്ങളെയും ഇഎസ്എയിൽ(ഇക്കോളജിക്കലി സെൻസിറ്റീവ് ഏരിയ) നിന്ന് ഒഴിവാക്കുകയാണ് കേരളത്തിന്റെ ആവശ്യം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ കരട് വിജ്ഞാപന പ്രകാരം സംസ്ഥാനത്തെ 131 വില്ലേജുകളാണ് പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെടുന്നത്. കേരളം പരിസ്ഥിതി ലോല മേഖല നിയമം നടപ്പാക്കാൻ യോജിച്ച സംസ്ഥാനമല്ല. ഒരു വില്ലേജിലെ ജനസംഖ്യ നൂറിൽ താഴെയാണെങ്കിൽ മാത്രമേ ആ പ്രദേശത്തെ പരിസ്ഥിതി ലോല മേഖലയായി പരിഗണിക്കാൻ കഴിയുകയുള്ളൂ. സംസ്ഥാനത്ത് നൂറിൽ താഴെ ജനസംഖ്യയുള്ള ഒരു വില്ലേജ് പോലുമില്ല. അതുകൊണ്ടു തന്നെ ഈ കരട് വിജ്ഞാപനത്തിൽ കേരളത്തെ ഉൾപ്പെടുത്താൻ കഴിയില്ല.
പതിറ്റാണ്ടുകളായി ഈ പ്രദേശങ്ങളിൽ താമസിച്ചുവരികയും കൃഷി ചെയ്തു ജീവിക്കുകയും ചെയ്യുന്നവരെ കേൾക്കാതെയും ആശങ്കകൾ പരിഹരിക്കാതെയും ഇഎസ്എ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.








0 comments