ad
Deshabhimani

കവർസ്‌റ്റോറി

നാലാം തൂണിനെ തെരുവിൽ നേരിടുന്ന കാലം

ബുക്ക്‌
avatar
അസിത സഹീർ

Published on Sep 05, 2026, 03:25 PM | 3 min read

പൊതുവെ മാധ്യമങ്ങൾ വലത് വ്യതിയാനങ്ങൾക്ക് കീഴ്പ്പെട്ടു എന്ന് വിമർശനം നേരിടുന്ന കാലത്താണ് ഞാൻ ഈ രംഗത്തേക്ക്‌ കടന്നുവരുന്നത്‌. 2019‐ൽ റിപ്പോർട്ടറിൽ തുടങ്ങി കൈരളിയിലൂടെ 24 ന്യൂസിൽ എത്തിനിൽക്കുന്ന എന്റെ ഏഴ് വർഷങ്ങൾ, വിശേഷിച്ചും ദൃശ്യ മാധ്യമ മേഖലയിൽ കെട്ടിലും മട്ടിലും ഒരുപാട് മാറ്റങ്ങൾക്ക് നിർബന്ധിതമായ കാലയളവ് കൂടിയാണ്. വാസ്‌തവം അറിയിക്കുക എന്നതിനൊപ്പമോ അതിലേറെയോ ആദ്യം അറിയിക്കുക എന്നത് ചാനലുകളുടെ പ്രധാന ലക്ഷ്യമായി മാറി. റേറ്റിങ്‌ ചാർട്ടിൽ ഒന്നാമനാകുക, സമൂഹ മാധ്യമ കാഴ്‌ചക്കാരിൽ ഒന്നാമനാകുക എന്നതിലേക്ക് മാത്രം മാധ്യമധർമം മാറുന്നതിന്റെ സൂചനകൾ എല്ലായിടത്തും കാണാം. ജനാധിപത്യത്തിന്റെ നാലാം തൂണിനെ പുതുതലമുറ തെരുവിൽ കൂക്കിവിളികൾ കൊണ്ട് നേരിടുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യത എത്രമേൽ നഷ്ടമായിരിക്കുന്നു എന്നതിന്റെ നേർക്കാഴ്‌ചയാണ്. ഭരണകൂടത്തിന്റെ ഓശാന വാഴ്‌ത്തുകാരെ ഭാവിയിൽ ജനങ്ങൾ എങ്ങനെ നേരിടും എന്നതിന്റെ സൂചനയും.

ലോകത്ത് എല്ലാ മേഖലകളിലും മൂലധന ശക്തികൾ (Capital Forces) പിടിമുറുക്കിക്കഴിഞ്ഞ കാലമാണ്. വിവിധ രാജ്യങ്ങളിൽ ആരോഗ്യ മേഖലയിലുണ്ടായ കോർപറേറ്റ്‌വൽക്കരണം കാരണം മനുഷ്യർ നേരിട്ട കൊടിയ അനീതിയുടെ വിവരങ്ങൾ സമീപകാലത്ത് പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഏറ്റവും സുരക്ഷിതമാകുമെന്ന് കരുതുന്ന മരുന്നുകൾ പോലും ‘ലാഭത്തിന്റെ' കോർപറേറ്റ് താൽപ്പര്യങ്ങൾക്ക് വിധേയമാകുന്നുണ്ട്. ഇത് സൂചിപ്പിക്കുന്നത് ഏതെങ്കിലും ഒരു മേഖലയ്‌ക്ക്‌ മാത്രമായി ഈ മൂലധനശക്തികളുടെ ഇടപെടലിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ലെന്നാണ്. ഏറിയും കുറഞ്ഞും നമ്മുടെ ജനാധിപത്യക്രമത്തെ, നീതിയിൽനിന്ന് ലാഭത്തിലേക്ക് ഈ കോർപറേറ്റ്‌വൽക്കരണ നയങ്ങൾ കൊണ്ടുപോകുന്നുണ്ട്.

ബുക്ക്‌

നേര് അകലെ

മാധ്യമ രംഗത്തും മൂലധന ശക്തികൾ സൃഷ്ടിക്കുന്ന പ്രതിസന്ധി അതിരൂക്ഷമാണ്. കഴിഞ്ഞവർഷം അമേരിക്കയിലെ വലതുപക്ഷ മാധ്യമമായ ‘ഫോക്സ് ന്യൂസി’നെതിരെ മറ്റൊരു വലതുപക്ഷ മാധ്യമമായ ‘ന്യൂസ്‌മാക്സി’ന്റെ പരാതി ഉയർന്നു. വിപണിയിലെ ആധിപത്യം നിലനിർത്താൻ നിയമവിരുദ്ധമായ വഴികളിലൂടെ മറ്റ് സമാനമായ ചാനലുകളെ അടിച്ചമർത്താൻ കേബിൾ ടിവി പ്രൊവൈഡർമാർക്കുമേൽ ഫോക്സ് ന്യൂസ് സമ്മർദം ചെലുത്തുന്നുവെന്നായിരുന്നു ആരോപണം. സമാന സ്വഭാവമുള്ള മാധ്യമങ്ങൾക്കിടയിൽപോലുമുള്ള ഈ മത്സരബുദ്ധി, എന്തു പറഞ്ഞും വിപണി പിടിക്കണമെന്ന നിലയിൽ എത്തിക്കഴിഞ്ഞതിന്റെ നേർ ഉദാഹരണമാണ്. സമീപകാലത്ത് ഈ രണ്ട് ചാനലുകളും റിപ്പോർട്ട് ചെയ്‌ത വാർത്തകളുടെ സ്വഭാവം ഇത് വ്യക്തമാക്കുന്നു.വാർത്തകൾ സത്യസന്ധമായിരിക്കണം എന്നതിന് പകരം കളവ് ആണെങ്കിലും ‘വിൽക്കാൻ' കഴിയണമെന്ന പുതിയ ‘അശ്ലീല തന്ത്രം' മാധ്യമ മേഖലയെ ആകെ ബാധിച്ചിട്ടുണ്ട്.


പണം എവിടെ

ന്യൂസ് ചാനൽ നടത്തിപ്പിന് വലിയ അളവിൽ പണം ആവശ്യമാണ്. അതിഭീമമായ രീതിയിൽ പരസ്യങ്ങളിലൂടെ ലാഭമുണ്ടാക്കാൻ കഴിയുന്ന കാലം ഏതാണ്ട്‌ അവസാനിച്ചു. ചാനലുകൾക്ക് പരസ്യം നൽകുന്ന കമ്പനികൾ ഇന്ന് അതിന്റെ പകുതിയിലധികം തുക സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്യാനാണ്‌ ഉപയോഗിക്കുന്നത്‌. ഈ മാറ്റത്തിനനുസരിച്ച്‌ പരസ്യദാതാക്കളും മാറിയ കാലത്തിന്റെ സാധ്യതകളെ ഉപയോഗിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇതോടെ വരുമാനം കൂടുതൽ കണ്ടെത്താൻ മറ്റു മേച്ചിൽപ്പുറങ്ങൾ അന്വേഷിക്കേണ്ടി വരുന്നു ചാനൽ ഉടമകൾക്ക്‌. സർക്കാരുകളെ പുകഴ്‌ത്തൽ, അധികാര കേന്ദ്രത്തിലുള്ളവരോടുള്ള വിധേയത്വം, പിആർ പ്രവർത്തനം ഇവയൊക്കെ വരുമാന രൂപീകരണത്തിന്റെ പുതിയ സാധ്യതകളാകുന്നത് അങ്ങനെയാണ്. ഇവയെല്ലാം നേരിന്റെ മുകളിലുള്ള മുനയുള്ള സൂചിയാണ്. കോടികളുടെ നഷ്ടക്കണക്കുകൾ മാത്രമാകുമെന്ന് അറിഞ്ഞിട്ടും ഈ മേഖലയിലേക്ക് ‘ചിലർ' കടന്നുവരുന്നുണ്ട്. മാധ്യമം എന്നത് ലാഭകരമായ ബിസിനസ്‌ എന്നതിലുപരി മറ്റ് പല വലിയ ലക്ഷ്യങ്ങൾക്കുമുള്ള "തന്ത്രപരമായ ആയുധം’ (Strategic Tool) ആയാണ് ഇവർ കാണുന്നത്. അവിടെ മാധ്യമങ്ങളുടെ വിശ്വാസ്യത ആകെ സംശയനിഴലിലാകുന്നു. മാധ്യമപ്രവർത്തകർക്കെതിരെ തെരുവുകളിൽ മുദ്രാവാക്യം മുഴങ്ങുന്നത് ഇതിന്റെ ഭാഗമായാണ്. മാധ്യമങ്ങൾ എന്ത് പറയുന്നു എന്നത് കാത്തിരുന്ന കാലത്തിൽ നിന്നും മാധ്യമങ്ങൾ പറയുന്നതിലെ യാഥാർഥ്യം എന്ത് എന്ന് ജനങ്ങൾ തിരയുന്ന കാലത്തേക്കുള്ള മാറ്റമാണ് ഈ കോർപറേറ്റ് വൽക്കരണത്തിന്റെ ഏറ്റവും മികച്ച അടയാളപ്പെടുത്തൽ.


ഏറ്റവും അവസാനത്തെ മനുഷ്യൻ

കോർപറേറ്റ് താൽപ്പര്യങ്ങൾക്കിടയിലും മാധ്യമ രംഗത്തെ സൂക്ഷ്‌മമായി മനസ്സിലാക്കാനും ഓരോ വാർത്തയും മനുഷ്യജീവിതത്തെ നേരിട്ടു ബാധിക്കുന്ന പ്രവർത്തനമാണെന്നു തിരിച്ചറിയാനും മാധ്യമപ്രവർത്തകർക്ക്‌ കഴിയേണ്ടത്‌ അനിവാര്യമാണ്. ഏറ്റവും അവസാന മനുഷ്യനിലേക്കും നീതിപൂർവം എത്തുമ്പോഴേ മാധ്യമപ്രവർത്തനത്തിന് അതിന്റെ പൂർണമായ അർഥം കൈവരിക്കാൻ കഴിയൂ.

എങ്കിലും കേരളത്തിലെ ദൃശ്യ മാധ്യമ രംഗത്തിന് ഇപ്പോഴും സമൂഹത്തിലെ അനീതികൾക്ക് നേരെ ഏറിയും കുറഞ്ഞും ശബ്‌ദമുയർത്താൻ കഴിയുന്നുണ്ട്‌. ഒരു വിഷയത്തിലെ വ്യത്യസ്‌തങ്ങളായ കാഴ്‌ചപ്പാടുകൾ (different perspectives) സമൂഹത്തിന്‌ മുന്നിൽ മാധ്യമങ്ങൾ അവതരിപ്പിക്കുന്നു. ഏതു പ്രതിസന്ധി ഉണ്ടായാലും ചോദ്യങ്ങൾ ചോദിക്കാൻ മടി ഉണ്ടാകരുതെന്ന പൊതുവായ ബോധ്യം മാധ്യമ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട് എന്നത് പ്രതീക്ഷ നൽകുന്നതാണ്. ജനങ്ങളാൽ ഓഡിറ്റ് ചെയ്യപ്പെടുന്നു എന്നത് മാധ്യമങ്ങളെ കൂടുതൽ ഉത്തരവാദിത്വ ബോധമുള്ളവരാക്കി മാറ്റുന്നു. മാധ്യമപ്രവർത്തനത്തിൽ നിഷ്‌പക്ഷതയുടെ പക്ഷത്തിനേക്കാൾ മൂല്യം ഉണ്ടാകേണ്ടത് ശരിയുടെ പക്ഷത്തിനാണ്.

കടപ്പാട്‌: ഗൂഗിൾകടപ്പാട്‌: ഗൂഗിൾ

ആരുടെ നിഷ്‌പക്ഷത

നിഷ്‌പക്ഷ മാധ്യമപ്രവർത്തനം എന്നത് പലപ്പോഴും കാപട്യമാണ്. അങ്ങനെ പറയുന്നവരെ സൂക്ഷ്‌മതയോടെ ശ്രദ്ധിച്ചാൽ അവരുടെ പക്ഷം എന്താണെന്ന് ബോധ്യമാകും. നിഷ്‌പക്ഷതയേക്കാൾ അപകടം നിഷ്‌പക്ഷത ചമഞ്ഞുള്ള ഒളിച്ചുകടത്തലാണ്. രാജ്യത്ത് ഭൂരിഭാഗം സംസ്ഥാനങ്ങളിലും കേന്ദ്രം ഭരിക്കുന്ന പാർടിയെയും കേന്ദ്ര സർക്കാരിനെയും വിമർശിക്കാൻ ഭയമുള്ള മാധ്യമങ്ങളുണ്ട്. വിമർശിക്കേണ്ടി വന്നാൽ പോലും ‘തിരുവുള്ളക്കേട്' തോന്നാത്തവിധം വരികൾ ചേർത്ത് വയ്‌ക്കാൻ അറിയാവുന്നവർ. ജന്തർ മന്തറിലെ പാറ്റ സമര കാലത്ത് രാജ്യത്തെ മാധ്യമങ്ങളുടെ നിഷ്‌പക്ഷത ജനം കണ്ടതാണ്. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തെ സ്‌നേഹിക്കുന്ന ഏതൊരു മനുഷ്യനും ആദ്യവും അവസാനവും കൂറ് ഉണ്ടാവേണ്ടത് ഭരണഘടനയോടാണ്. ഭരണഘടന തന്നെ അട്ടിമറിക്കാൻ ശ്രമം നടക്കുന്ന കാലത്ത് ജനാധിപത്യത്തെക്കുറിച്ച് സംസാരിച്ചു കൊണ്ടേ ഇരിക്കുക എന്നതാണ് ഏറ്റവുംവലിയ രാഷ്‌ട്രീയ പ്രവർത്തനം, മാധ്യമപ്രവർത്തനവും.

ഭരണഘടനയ്‌ക്ക്‌ തീ പിടിക്കുമ്പോൾ വീണ വായിച്ചിരിക്കാൻ ചക്രവർത്തിമാർപോലും തയ്യാറാകുമോ? രാജ്യത്താകെ മാധ്യമ മേഖലയ്‌ക്ക്‌ സംഭവിച്ച മൂല്യച്യുതികൾ ഏറിയും കുറഞ്ഞും നമ്മുടെ കാഴ്‌ചപ്പാടുകളെയും പരുവപ്പെടുത്തുന്ന മട്ടിൽ സ്വാധീനിക്കപ്പെടുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. കേരളവും ഇതിൽനിന്ന്‌ വേറിട്ടു നിൽക്കുന്നില്ല .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home