ad
Deshabhimani

കവർസ്‌റ്റോറി

കാഴ്‌ചയും കാഴ്‌ചപ്പാടും

ബുക്ക്‌
avatar
അപർണ കുറുപ്പ്‌

Published on Sep 05, 2026, 02:57 PM | 6 min read

സ്‌കൂൾ പഠനകാലം തൊട്ടേ മനസിൽ കൊണ്ടുനടന്ന ആഗ്രഹമായിരുന്നു മാധ്യമപ്രവർത്തനം. എങ്കിലും ടെലിവിഷൻ ജേർണലിസത്തിലേക്കെത്തും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. പ്രിന്റ് ജേർണലിസത്തിലായിരുന്നു തുടക്കത്തിൽ ശ്രദ്ധ. തീർത്തും അപ്രതീക്ഷിതമായാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമാകുന്നത്. ടി എൻ ഗോപകുമാർ അടക്കമുള്ള പ്രഗല്ഭരായ മാധ്യമപ്രവർത്തകരുടെ എഡിറ്റോറിയൽ ടീമുള്ള ഏഷ്യാനെറ്റ് ന്യൂസിലേക്ക് 2005-‐ന്റെ അവസാനത്തോടെയാണ് ഞാനെത്തുന്നത്.

ഏഷ്യാനെറ്റും മനോരമയും ഇന്ത്യവിഷനും സജീവമായിരുന്ന, സ്വകാര്യ ന്യൂസ് ചാനലുകൾ ശക്തമായി രംഗപ്രവേശം ചെയ്‌ത ഒരു കാലഘട്ടമായിരുന്നു അത്. ദൂരദർശൻ നൽകിയിരുന്ന ഏകമുഖമായ വാർത്താ സംസ്‌കാരത്തിൽനിന്ന് വ്യത്യസ്‌തമായി ‘കണ്ണാടി' പോലെയുള്ള പ്രോഗ്രാമുകളിലൂടെ സാധാരണക്കാരുടെ പ്രശ്നങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാൻ ചാനലുകൾക്ക് കഴിഞ്ഞു. വാർത്തകൾ ദൃശ്യങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തുമ്പോൾ അത് വാർത്തയുടെ വസ്‌തുതാപരമായ സത്യസന്ധത വർധിപ്പിച്ചു. വാർത്തകളെ നാടകീയതയില്ലാതെ, കൃത്യതയോടെയും നിഷ്‌പക്ഷമായും ഉത്തരവാദിത്വത്തോടും കൂടി അവതരിപ്പിക്കുന്ന ഒരു രീതി അന്നുണ്ടായിരുന്നു. ഓണത്തിനോ വിഷുവിനോപോലും ഒരു പ്രത്യേക മതചിഹ്നങ്ങളോ അടയാളങ്ങളോ വസ്‌ത്രധാരണത്തിലോ അവതരണത്തിലോ വരാൻ പാടില്ലെന്ന കർശനമായ മാധ്യമനിഷ്‌പക്ഷത അന്ന് നിലനിന്നിരുന്നു.

റിപ്പോർട്ടറായി ബ്യൂറോയിൽ തുടങ്ങിയ യാത്ര പിന്നീട് വാർത്താ അവതാരകയിലേക്ക് വഴിമാറി. ‘വാർത്തയാണ് സത്യം, വാർത്ത നമ്മെ നയിക്കും' എന്ന ബോധ്യത്തോടെ തന്നെയാണ് അന്നും ഇന്നും മാധ്യമപ്രവർത്തനത്തെ കാണുന്നത്.

പിന്നീട് മാതൃഭൂമി ന്യൂസ് ആരംഭിച്ചപ്പോൾ അതിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പങ്കാളിയാകാൻ കഴിഞ്ഞു. ഏഷ്യാനെറ്റിൽനിന്ന് വലിയൊരു സംഘം തന്നെ അന്ന് മാതൃഭൂമിയിലേക്കെത്തിയിരുന്നു. എന്നാൽ സോളാർ കേസ് പോലെയുള്ള സംഭവങ്ങൾ വന്നതോടെ വാർത്താമാധ്യമങ്ങളുടെ സ്വഭാവത്തിലും വലിയ മാറ്റങ്ങൾ വന്നുതുടങ്ങി. സിഡി തപ്പിയുള്ള വാർത്താ അന്വേഷണങ്ങളും അതിനുമേലുണ്ടായ വിമർശനങ്ങളും മാധ്യമരംഗത്ത് വലിയ ചോദ്യങ്ങളുയർത്തി. എങ്കിലും പ്രേക്ഷകരുടെ വലിയ സ്വീകാര്യതയും റെക്കോർഡ് റേറ്റിങ്ങുമാണ് അന്നത്തെ വാർത്തകൾക്ക് ലഭിച്ചത്. ജനങ്ങൾ എന്താണോ കാണാൻ ആഗ്രഹിക്കുന്നത് എന്നതിലേക്ക് വാർത്തകളുടെ ഫോക്കസ് മാറിയ ഒരു വഴിത്തിരിവായിരുന്നു അത്.

പിന്നീട് ഒരു മാറ്റത്തിനായി ഞാൻ ന്യൂസിലാൻഡിലേക്ക് പോകുകയും കോർപറേറ്റ് കമ്യൂണിക്കേഷനിൽ കോഴ്സ് ചെയ്യുകയും ചെയ്‌തു. മനസ്സുകൊണ്ട് മാധ്യമപ്രവർത്തനം അവസാനിപ്പിച്ചു എന്ന് കരുതിയിടത്തുനിന്നാണ് വീണ്ടും മടങ്ങിയെത്തി ന്യൂസ് 18-‐ന്റെ ഭാഗമായത്.

എന്നാൽ ന്യൂസ് 18 പോലുള്ള ഒരു ദേശീയ നെറ്റ്‌വർക്കിലേക്ക് എത്തുമ്പോൾ മാധ്യമസ്വാതന്ത്ര്യം ഏറക്കുറെ പരിമിതപ്പെടുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു. ശക്തമായ സംഘപരിവാർ അജൻഡകളും ‘മോദി മീഡിയ' എന്ന നിലയിലുള്ള രാഷ്‌ട്രീയ സ്വാധീനങ്ങളും വാർത്തകളുടെ നിഷ്പക്ഷതയെയും നിയന്ത്രണങ്ങളെയും സ്വാധീനിക്കുന്ന ഒന്നായിരുന്നു. പ്രളയകാലത്ത് കേരളം ഒറ്റക്കെട്ടായി നിന്നപ്പോൾ ‘കേരളം' എന്ന വികാരത്തെ പോലും എതിർക്കുന്ന തരത്തിലുള്ള ദേശീയ ക്യാമ്പയിനുകൾക്ക് പരോക്ഷ പിന്തുണ നൽകുന്ന നിലപാടുകൾ അവിടെയുണ്ടായിരുന്നു. നമ്മൾ എന്തൊക്കെ പറയണം, എന്തൊക്കെ പറയരുത് എന്ന് നിരന്തരം ചിന്തിക്കേണ്ടിവന്ന, മാധ്യമസ്വാതന്ത്ര്യം തീർത്തും അന്യമായിരുന്ന ഒരു ബുദ്ധിമുട്ടേറിയ ഘട്ടമായിരുന്നു അത്.

 ടി എൻ ഗോപകുമാർ ടി എൻ ഗോപകുമാർ

ആ സമയത്താണ് ‘24', ‘റിപ്പോർട്ടർ' തുടങ്ങിയ ന്യൂജനറേഷൻ ചാനലുകൾ കടന്നുവരുന്നത്. വാർത്തകളെ കുറച്ചുകൂടി ലൈറ്റാക്കി, സോഷ്യൽ മീഡിയ റീൽസുകളുടെ വേഗതയിൽ ജനങ്ങളിലേക്ക് എത്തിക്കുന്ന രീതി എന്നെ കൗതുകപ്പെടുത്തി. അതിവേഗത്തിൽ മാറിയ ഈ മാധ്യമ സംസ്‌കാരത്തോടൊപ്പം സഞ്ചരിക്കാനാണ് ഞാൻ ബിഗ് ടിവിയിൽ ചേരുന്നത്. പത്രവാർത്തകളുടെ മെല്ലെപ്പോക്കിൽനിന്ന് തുടങ്ങി, 2005-‐ൽ ഏഷ്യാനെറ്റ് ന്യൂസിലൂടെ പടിപടിയായി വളർന്ന്, ഇന്ന് അതിവേഗ ന്യൂജനറേഷൻ മാധ്യമങ്ങളിൽ എത്തിനിൽക്കുമ്പോൾ എന്റെ ഇരുപത് വർഷത്തെ മാധ്യമജീവിതം കൗതുകവും വെല്ലുവിളികളും നിറഞ്ഞ ഒരു യാത്രയായിരുന്നു എന്ന്‌ തിരിച്ചറിയുന്നു.

ന്യൂസ് ചാനലുകളുടെ ഇന്നത്തെ അവസ്ഥയെ വിലയിരുത്തിയാൽ, ഒരു സമ്പൂർണ മാറ്റത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. മുമ്പ്‌ ടെലിവിഷൻ സ്‌ക്രീനിൽനിന്ന് നമ്മൾ വാർത്തകൾ പറയുകയും പ്രേക്ഷകർ അത് അതുപോലെ കാണുകയും ചെയ്യുന്ന ഒരു രീതിയായിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥ അതല്ല; ഒരു വലിയ ജനക്കൂട്ടത്തിന് നടുവിൽ നിന്നുകൊണ്ടാണ് നമ്മൾ ഇന്ന് സംസാരിക്കുന്നത്. ഇന്ന് എല്ലാവരുടെയും കൈകളിൽ മൊബൈൽ ഫോണുകളുണ്ട്. റീൽസുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ തത്സമയം വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഒരു വാർത്ത അറിയിക്കുക എന്നത് മാത്രമായി ചാനലുകളുടെ ധർമം ഒതുങ്ങുന്നില്ല.

ഒരു സംഭവം നടന്നു എന്നോ അല്ലെങ്കിൽ ഇവിടെയൊരു അനീതി നടന്നു എന്നോ ജനങ്ങളെ അറിയിക്കാൻ ഇന്ന് ഒരു ന്യൂസ് ചാനൽ തന്നെ വേണമെന്നില്ല. എന്നാൽ ആ വാർത്തയുടെ സത്യമെന്താണ്? അതിന്റെ ശരിയായ ഫോക്കസ് എങ്ങോട്ടാണ്? യാഥാർഥ്യം ഏത് പക്ഷത്താണ് എന്ന് വേർതിരിച്ചു കാണിച്ചുകൊടുക്കുക എന്നതിലേക്കാണ് ന്യൂസ് ചാനലുകളുടെ ഉത്തരവാദിത്വം മാറിയിരിക്കുന്നത്. വാർത്തകളുടെ സത്യാവസ്ഥ വ്യക്തമാക്കുന്ന ആധികാരികമായ മാധ്യമങ്ങൾക്കാണ് ഇനി നിലനിൽപ്പ്‌.

മറ്റൊരു പ്രധാന മാറ്റം പ്രേക്ഷകരുടെ ഇടപെടലാണ്. പണ്ട് ചാനലുകൾ പറയുന്നത് അതുപോലെ വിഴുങ്ങിയിരുന്ന ഒരു ജനതയല്ല ഇന്നുള്ളത്. സോഷ്യൽ മീഡിയയിലൂടെ മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും കൃത്യമായി ചോദ്യം ചെയ്യുകയും വിമർശിക്കുകയും ചെയ്യുന്നവരാണ്‌ മുന്നിലുള്ളത്. അതുകൊണ്ടുതന്നെ വലിയ ഉത്തരവാദിത്വവും ബാധ്യതയും ഇന്നുണ്ട്. ഒരു വരി പോലും ഒഴുക്കൻ മട്ടിൽ അലക്ഷ്യമായി പറയാൻ ഇന്നത്തെ അന്തരീക്ഷത്തിൽ സാധിക്കില്ല. ഈ മാറ്റങ്ങൾക്കൊപ്പം മാധ്യമപ്രവർത്തകർ ദിനംപ്രതി അപ്‌ഡേറ്റ് ആയിക്കൊണ്ടിരിക്കണം. അല്ലെങ്കിൽ ഈ പുതിയ മാധ്യമ സംസ്‌കാരത്തിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞെന്ന് വരില്ല. വല്ലാത്തൊരു വേഗതയിലും പരിണാമത്തിലുമാണ് മലയാളം ന്യൂസ് ചാനലുകൾ മുന്നോട്ട് പോകുന്നത്. മാറ്റങ്ങളെ മാറ്റിനിർത്താൻ ആർക്കും കഴിയില്ല. ആ മാറ്റങ്ങളെ ഉൾക്കൊണ്ട് മുന്നോട്ട് പോകുക മാത്രമാണ് വഴി.

ബുക്ക്‌

ഇന്നത്തെ അന്തരീക്ഷത്തിൽ പ്രൊഫഷണലിസം ഇല്ലാതെ ഒരു ദൃശ്യമാധ്യമ വാർത്താ ചാനലിനും നിലനിന്നുപോകാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തുമില്ലാത്തത്ര ശക്തമായ മത്സരവും സാന്നിധ്യവുമാണ് കേരളത്തിലെ ന്യൂസ് ചാനലുകൾക്കുള്ളത്. സോഷ്യൽ മീഡിയയുടെ കണിശമായ നിരീക്ഷണവും വിമർശനങ്ങളും നിലനിൽക്കുന്ന ഈ കാലത്ത് മത്സരവും പ്രൊഫഷണലിസവും തമ്മിൽ കൃത്യമായി ബാലൻസ് ചെയ്‌തുകൊണ്ടുപോകുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ഏറ്റവും തലമുതിർന്ന ന്യൂസ് ചാനലുകൾക്ക് പോലും ഈ ബാലൻസിങ്‌ എളുപ്പമല്ല. ഒരുവശത്ത് പ്രൊഫഷണലിസവും മത്സരബുദ്ധിയും മറുവശത്ത് പാലിക്കേണ്ട മാധ്യമ ധാർമികതയും‐ ഇവയെല്ലാം ഒന്നിച്ച് കൊണ്ടുപോകുക എന്നതാണ് ന്യൂസ് ചാനലുകൾ നേരിടുന്ന ഏറ്റവും വലിയ പരീക്ഷണം.

കേരളം പോലൊരു ചെറിയ വിപണിയിൽ പത്തോളം ന്യൂസ് ചാനലുകളാണ് സജീവമായി പ്രവർത്തിക്കുന്നത്. കഴിഞ്ഞ പത്ത്‐പതിനഞ്ച് വർഷത്തെ ദൃശ്യമാധ്യമ ചരിത്രം എടുത്തുനോക്കിയാൽ വലിയ മാറ്റങ്ങളും ചർച്ചകളും സൃഷ്ടിച്ചത് ഇവിടുത്തെ ന്യൂസ് ചാനലുകളാണ്; എന്റർടൈൻമെന്റ് പ്രോഗ്രാം ചാനലുകളല്ല. പ്രോഗ്രാം ചാനലുകൾ ഉള്ളടക്കത്തിന്റെ കാര്യത്തിൽ വലിയ മാറ്റങ്ങളില്ലാതെ തുടങ്ങിയേടത്തു തന്നെ നിൽക്കുമ്പോൾ, അവരെയെല്ലാം ബഹുദൂരം പിന്നിലാക്കി ജനശ്രദ്ധ നേടാൻ ന്യൂസ് ചാനലുകൾക്ക് കഴിഞ്ഞത് അതിലുള്ള പ്രൊഫഷണലിസവും കണ്ടന്റിന്റെ കരുത്തും കൊണ്ടുതന്നെയാണ്. ബിഗ് ടിവി പോലെയുള്ള മാധ്യമങ്ങളിൽ ഞങ്ങൾ ശ്രമിക്കുന്നതും ഈ പ്രൊഫഷണലിസവും ജനകീയതയും എങ്ങനെ മനോഹരമായി സമന്വയിപ്പിക്കാം എന്നാണ്.

തീവ്രമായ മത്സരങ്ങൾക്കിടയിൽ മാധ്യമ ധർമവും പ്രൊഫഷണലിസവും പൂർണമായി പാലിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യങ്ങൾ ഉയർന്നേക്കാം. എങ്കിലും, പ്രൊഫഷണലിസത്തിൽ നിന്ന് തീർത്തും പിന്തിരിഞ്ഞുനിൽക്കുന്ന ഒന്നാണ് കേരളത്തിലെ ന്യൂസ് ചാനൽ രംഗം എന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല.

കേരളത്തിലെ ന്യൂസ് ചാനലുകളിൽ വസ്‌തുനിഷ്ഠത പരിപൂർണമായി ഇല്ലാതായി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെ വസ്‌തുനിഷ്ഠത തീർത്തും ഉപേക്ഷിച്ച് ഇവിടെയൊരു മാധ്യമത്തിനും നിലനിൽക്കാനാകില്ല. ശക്തമായ പ്രേക്ഷക നിരീക്ഷണവും സോഷ്യൽ മീഡിയ സ്‌ക്രൂട്ടിനിയും നിലനിൽക്കുന്ന ഈ കാലത്ത് ഒരു വാർത്തയും മൂടിവയ്‌ക്കാനോ പൂർണമായി തമസ്‌കരിക്കാനോ കഴിയില്ല; അത് ഏതെങ്കിലും ഒരു വഴിയിലൂടെ പുറത്തുവരിക തന്നെ ചെയ്യും.

ഇന്നത്തെ മാധ്യമ അന്തരീക്ഷത്തിൽ സംഭവിക്കുന്നത് നൂറുകണക്കിന് വസ്‌തുതകളും വ്യത്യസ്‌ത തലങ്ങളും ജനങ്ങളിലേക്ക് ഒരുമിച്ച് എത്തുന്നതാണ്. മുമ്പ്‌ മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ അതുപോലെ വിഴുങ്ങിയിരുന്ന സ്ഥാനത്ത്, ഇന്ന് അതിൽനിന്ന് യഥാർഥ സത്യം തിരിച്ചറിയേണ്ട വലിയൊരു ബാധ്യത പ്രേക്ഷകരിൽ വന്നെത്തിയിരിക്കുകയാണ്. കേരളം പോലെ രാഷ്‌ട്രീയ പ്രബുദ്ധതയുള്ള ഒരു സമൂഹത്തിൽ പ്രേക്ഷകന്റെ റോൾ വളരെ വലുതാണ്.

വിമർശനങ്ങളും തർക്കങ്ങളും കാരണം വാർത്തകൾ കാണുന്നത് നിർത്തി എന്ന് ചിലരൊക്കെ പറയാറുണ്ടെങ്കിലും, പൂർണമായി ഇതിൽനിന്ന് മാറിനിൽക്കുക സാധ്യമല്ല. ജനാധിപത്യത്തിൽ വാർത്തകളുടെ തമസ്കരണം വൻതോതിൽ നടക്കുമ്പോൾ, കൂടുതൽ ശബ്ദങ്ങൾ ഉയരട്ടെ എന്നാണ് ഞാൻ കരുതുന്നത്. ആ അനേകം ശബ്ദങ്ങളിൽനിന്നും അഭിപ്രായങ്ങളിൽനിന്നും വസ്തുത എന്തെന്ന് തിരിച്ചറിയാൻ പ്രേക്ഷകന് സാധിക്കണം. അതുകൊണ്ടുതന്നെ വസ്‌തുനിഷ്ഠത മാധ്യമങ്ങളിൽനിന്ന് പരിപൂർണമായി ഇല്ലാതായിട്ടില്ല; ഒരിടത്ത് അത് തടയപ്പെട്ടാലും മറ്റൊരിടത്തിലൂടെ അത് പുറത്തുവരിക തന്നെ ചെയ്യും.

വാർത്താ അവതാരകർ നിലപാട് വ്യക്തമാക്കുന്നത് ഒരു രാഷ്‌രടീയ പക്ഷം പറയലല്ല; മറിച്ച് വാർത്തകളെ ‘എഡിറ്റോറിയലൈസ്' ചെയ്യുന്ന രീതിയാണ് ഇന്നുള്ളത്. കേരള സമൂഹത്തെ സംബന്ധിച്ചിടത്തോളം മാധ്യമങ്ങളുടെ ‘നിഷ്പക്ഷത' എന്നത് ഒരുതരത്തിൽ അരാഷ്ട്രീയതയാണ്. മാധ്യമപ്രവർത്തകർ നിഷ്പക്ഷരായി നിൽക്കുകയല്ല, മറിച്ച് എപ്പോഴും ജനങ്ങളുടെ പക്ഷത്ത്‌ നിൽക്കുകയാണ്‌ വേണ്ടത്‌. ഏത് രാഷ്‌ട്രീയ പ്രസ്ഥാനം തെറ്റ് ചെയ്‌താലും അത് ഒരുപോലെയാണെന്ന് പറയുന്നതിൽ അർഥമില്ല, അത് ജനങ്ങൾ വിശ്വസിക്കുകയുമില്ല.

നേരത്തെ സൂചിപ്പിച്ചതുപോലെ, മുഖ്യമന്ത്രി സ്ഥാനത്തിനായി രണ്ട് നേതാക്കൾ മത്സരിക്കുന്നു എന്നത് കേവലം ഒരു വാർത്ത മാത്രമാണ്. ആ വാർത്ത ഏത് വഴിയിലൂടെയും ജനങ്ങൾക്ക് ലഭിക്കും. എന്നാൽ ആ വാർത്തയ്‌ക്ക്‌ പിന്നിൽ എന്താണ് സംഭവിക്കുന്നത്, അതിന്റെ യഥാർഥ വശം എന്താണ് എന്ന് വിശകലനം ചെയ്‌ത്‌ അവതരിപ്പിക്കുമ്പോഴാണ്‌ അതിന്‌ വ്യക്തത വരുന്നത്. അവതാരകർ തങ്ങളുടെ മാധ്യമത്തിന്റെ എഡിറ്റോറിയൽ പോളിസിക്ക് അനുസരിച്ചാണ് ഇത്തരം നിലപാടുകൾ പ്രകടിപ്പിക്കുന്നത്.

ഇന്ന് ഇതൊന്നും പ്രേക്ഷകരിൽ നിന്ന് ഒളിച്ചുവയ്‌ക്കാൻ കഴിയില്ല. മുൻകാലങ്ങളിൽ പത്രങ്ങളുടെയോ മാധ്യമങ്ങളുടെയോ രാഷ്ട്രീയ നിലപാടുകൾ പരസ്യമായിരുന്നില്ല. എന്നാൽ ഇന്ന് ഒരു വാർത്താ അവതാരകൻ തുടർച്ചയായി നിലപാടുകൾ എടുക്കുമ്പോൾ അവരുടെ രാഷ്ട്രീയവും കാഴ്ചപ്പാടും എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാനുള്ള ബുദ്ധിയും പ്രബുദ്ധതയും മലയാളി പ്രേക്ഷകർക്കുണ്ട്. അതുകൊണ്ടുതന്നെ ഇതിൽ ആശയക്കുഴപ്പത്തിന് സ്ഥാനമില്ല.

എന്നാൽ, ജനങ്ങൾക്കൊപ്പം നിൽക്കേണ്ട നിർണായക ഘട്ടങ്ങളിൽപോലും മാധ്യമപ്രവർത്തകർ സ്വന്തം രാഷ്‌ട്രീയ നിലപാടുകളിൽ മാത്രം തൂങ്ങിനിൽക്കുകയാണെങ്കിൽ അവിടെ മാധ്യമപ്രവർത്തനത്തിന്റെ ധാർമികത തകരുകയും അത് വലിയ തിരിച്ചടിയാവുകയും ചെയ്യും. അത്തരം മാധ്യമപ്രവൃത്തികളോട് യോജിക്കാൻ കഴിയില്ല. എങ്കിലും, എഡിറ്റോറിയൽ നിലപാടുകൾ പറയേണ്ട സമയത്ത് രാഷ്‌ട്രീയ ബോധ്യം വ്യക്തമാക്കുന്നതിൽ തെറ്റില്ല. അത് സമൂഹത്തിൽ ആശയക്കുഴപ്പമല്ല, മറിച്ച് ആരോഗ്യകരമായ ആശയസംവാദങ്ങളും ചർച്ചകളുമാണ് സൃഷ്ടിക്കുന്നത്.

വാർത്താ ചാനലുകളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ചോദ്യം ഏറെ പ്രസക്തവും ഗൗരവമേറിയതുമാണ്. ഇരുപത് വർഷം മുമ്പ്‌ ഞാൻ ഈ രംഗത്തേക്ക് കടന്നുവരുമ്പോൾ, ജനങ്ങൾക്ക് മാധ്യമങ്ങളോട് തികഞ്ഞ വിശ്വാസ്യതയും ആശ്രയത്വവും ഉണ്ടായിരുന്നു. അന്ന് ഏഷ്യാനെറ്റിൽ ടി എൻ ഗോപകുമാറിനൊപ്പം ‘കണ്ണാടി' പോലെയുള്ള പ്രോഗ്രാമുകളിൽ ജൂനിയർ റിപ്പോർട്ടറായി പ്രവർത്തിക്കുമ്പോൾ, ഹൃദയസ്‌പർശിയായ ഒട്ടേറെ മനുഷ്യജീവിതങ്ങൾ ഞങ്ങൾക്ക് മുന്നിലെത്തിയിരുന്നു. ‘ഞങ്ങളുടെ പ്രശ്നങ്ങൾ ചാനലിൽ വന്നാൽ അതിന് നീതി ലഭിക്കും' എന്ന ഉറച്ച വിശ്വാസം അന്ന് ജനങ്ങൾക്കുണ്ടായിരുന്നു.

ബുക്ക്‌

എന്നാൽ ഇന്ന് കാര്യങ്ങൾ മാറി. അനേകം ന്യൂസ് ചാനലുകൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, യൂട്യൂബ് ചാനലുകൾ, പോർട്ടലുകൾ എന്നിവയുടെ പ്രളയമാണ് നമുക്ക് ചുറ്റും. വ്യക്തിപരമായ താൽപ്പര്യങ്ങളും സ്വാർഥ ലക്ഷ്യങ്ങളും വാർത്തകളുടെ രൂപത്തിൽ കടന്നുവരുന്നതും, വാർത്തകളിൽ പലതരത്തിലുള്ള മാനിപ്പുലേഷനുകൾ നടക്കുന്നതും ജനങ്ങളിൽ വലിയ സംശയങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത് മാധ്യമരംഗത്ത് മാത്രമല്ല; പൊലീസ്, കോടതി അടക്കമുള്ള എല്ലാ മേഖലകളിലും പൊതുവായ ഒരു നിഴൽ വീഴ്‌ത്തിയിട്ടുണ്ട്.

എങ്കിലും, വാർത്താ ചാനലുകൾക്ക് വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ടു എന്ന് ഞാൻ കരുതുന്നില്ല. ഇന്ന് ഒരു പോർട്ടലിലൂടെയോ ഫേസ്ബുക്ക് ലൈവിലൂടെയോ ആർക്കും വാർത്തകൾ പറയാം. പക്ഷേ, അതിൽ ആധികാരികമായ ഒരു സത്യമുണ്ട് എന്ന് ജനങ്ങൾക്ക് ഉറപ്പുവരണമെങ്കിൽ ഇപ്പോഴും അവർ ന്യൂസ് ചാനലുകളെ തന്നെയാണ് ആശ്രയിക്കുന്നത്. ‘ചാനലിൽ വന്നാലേ ഇതിനൊരു പരിഹാരമാകൂ' എന്ന് കരുതി വ്യക്തിപരമായി ഇപ്പോഴും സഹായത്തിനായി വിളിക്കുന്ന ഒട്ടേറെ മനുഷ്യരുണ്ട്. വാർത്താ മാധ്യമങ്ങൾക്ക് ഇപ്പോഴും ജനങ്ങൾക്കിടയിലുള്ള സ്ഥാനമാണ് അത് കാണിക്കുന്നത്.

തീർച്ചയായും മാധ്യമങ്ങൾ വിമർശനങ്ങൾ നേരിടുന്നുണ്ട്. അത് മാധ്യമങ്ങൾ നടത്തുന്ന സ്വയംവിമർശനത്തിനും സ്വയം തിരുത്തലുകൾക്കുമുള്ള അവസരമാണ്. സ്വാതന്ത്ര്യസമര കാലത്തോ 20 വർഷം മുമ്പോ ഉണ്ടായിരുന്ന അതേ മാധ്യമ ധാർമികതയോ ഉത്തരവാദിത്വമോ ഇന്ന് പൂർണമായി നിലനിൽക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ അതിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. എങ്കിലും, ഒരു പ്രതിസന്ധി ഘട്ടത്തിൽ ആധികാരികമായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കാൻ വാർത്താ ചാനലുകൾക്ക് ഇപ്പോഴും കഴിയും എന്ന് വിശ്വസിക്കുന്ന വലിയൊരു ജനവിഭാഗം ഇവിടെയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home