ad
Deshabhimani

കവർസ്‌റ്റോറി

ചോദ്യം ചെയ്യപ്പെടുന്ന വിശ്വാസ്യത

ബുക്ക്‌
avatar
ശരത്‌ ചന്ദ്രൻ

Published on Sep 05, 2026, 01:46 PM | 4 min read

നുണകൾക്കെതിരായ പോരാട്ടം

ണ്ടായിരത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കൈരളിയുടെ ആലപ്പു‍ഴ ബ്യൂറോയില്‍നിന്നു തുടങ്ങിയ യാത്ര... പിന്നീട് ദൂരദര്‍ശനില്‍ കുറച്ചുകാലം.

ചേര്‍ത്തല നിയമസഭാ സീറ്റില്‍ എ കെ ആന്റണി മത്സരിക്കുന്ന കാലം, പരസ്യപ്രചാരണം തീരുന്ന ദിവസം ആലപ്പു‍ഴ പ്രസ്‌ ക്ലബ്ബിലെ വാര്‍ത്താസമ്മേളനം. അവസാനത്തെ ചോദ്യം തുടക്കക്കാരനായ എന്റേതായിരുന്നു, മദനിയുടെ പിന്തുണ സംബന്ധിച്ചുള്ള ചോദ്യത്തിന് എ കെ ആന്റണി നല്‍കിയ മറുപടി ആ തെരഞ്ഞെടുപ്പിലെ തന്നെ പ്രധാന വാര്‍ത്തകളില്‍ ഒന്നായി മാറി.

വാര്‍ത്തകളെ അഭിമുഖീകരിക്കുന്തോറും മാധ്യമപ്രവര്‍ത്തകരുെട ആത്മവിശ്വാസവുമേറുമെന്ന് തോന്നിയിട്ടുണ്ട്. കെ കരുണാകരന്റെ നിലപാടുകൊണ്ട് ശ്രദ്ധേയവും വിവാദവുമായ എറണാകുളം ഉപതെരഞ്ഞെടുപ്പാണ് ഡെസ്‌കിലെ ആദ്യ അനുഭവം. സുനാമിയുടെ ഭീതിദമായ കാഴ്‌ചകള്‍ കണ്ട മലയാളികളും സുനാമി ദുരന്തം കൈകാര്യം ചെയ്‌ത ദൃശ്യമാധ്യമപ്രവര്‍ത്തകരും അവരറിയാതെ തന്നെ മു‍ഴുവന്‍സമയ ന്യൂസ് ചാനല്‍ എന്ന ആശയത്തിലേക്ക് നീങ്ങുകയായിരുന്നുവെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. വേളാങ്കണ്ണിയേയും ആലപ്പാടിനേയും വലയ‍ഴീക്കലിനേയും ബന്ധിപ്പിക്കാന്‍ മൊബൈല്‍ഫോണ്‍ മാത്രമുള്ള കാലം. ഇ കെ നായനാരുടെ വിലാപയാത്രയാണ് കൈരളിയുടേയും എന്റേയും ആദ്യ തത്സമയ ലൈവ്. മ‍ഴ പെയ്‌തുകൊണ്ടേയിരുന്ന പയ്യാമ്പലവും നായനാര്‍ക്കായി അവിടേക്കെത്തിയ മനുഷ്യരും ഇന്നും ലൈവ് ഓർമകളാണ്. 2004 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ തകര്‍പ്പന്‍ ജയവും ആന്റണി സര്‍ക്കാരിന്റെ പതനവും ഉമ്മന്‍ചാണ്ടിയുടെ വരവും കെ കരുണാകരന്റെ ഡിഐസിയുമൊക്കെ അക്കാലത്തെ വിസ്മയങ്ങളായിരുന്നു. 2011‐ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ തലവര കുറിച്ച സോളാര്‍ സാമ്പത്തിക തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് കൈരളി ന്യൂസായിരുന്നു. പി വി കുട്ടന്റെ ആദ്യ എക്സ്ക്ലൂസീവും പിന്നീട് നിരവധി വെളിപ്പെടുത്തലുകളുമായി കൈരളിയുടെ തുടർവാര്‍ത്തകള്‍... ഇക്കാലത്ത് കൈരളിയുടെ ചോദ്യങ്ങളില്‍ അസ്വസ്ഥരാകുന്നവരെ കാണുമ്പോള്‍ ആ സോളാര്‍ കാലം ഓർമവരും.

കടപ്പാട്‌: ഗൂഗിൾ കടപ്പാട്‌: ഗൂഗിൾ

മുംബൈ ഭീകരാക്രമണ വാര്‍ത്ത ആ രാത്രിയില്‍ മലയാളത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്‌തത് കൈരളിയായിരുന്നു. പാർലമെന്റ് കമ്മിറ്റിക്കായി പോയി മുംബൈ താജില്‍ കുടുങ്ങിപ്പോയ എന്‍ എന്‍ കൃഷ്‌ണദാസും സംഘവും ഭീകരരുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്. ഹോട്ടല്‍ ജീവനക്കാര്‍ അവരെ രക്ഷിച്ച് സ്വമ്മിങ്‌ പൂളിനടുത്ത് എത്തിക്കുമ്പോ‍ഴാണ് ന്യൂസ് പ്രൊഡക്ഷന്‍ റൂമില്‍നിന്ന് ഫോണില്‍ കൃഷ്‌ണദാസിനെ വിളിക്കുന്നത്. അദ്ദേഹവുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ ഭീകരരുടെ വെടിയൊച്ച കേട്ടത് മറക്കാനാവില്ല.

ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മലയാളിയുടെ ജീവിതപരിസരങ്ങളെ സ്വാധീനിച്ച രാഷ്‌ട്രീയവും സാമൂഹ്യവുമായ ഘടകങ്ങള്‍ അടുത്തറിയാനായി എന്നു തോന്നാറുണ്ട്. 2014 മുതല്‍ രണ്ടു വര്‍ഷക്കാലം ഏഷ്യാനെറ്റ് ന്യൂസില്‍ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചു. ടി എന്‍ ഗോപകുമാറും രാധാകൃഷ്‌ണന്‍ എം ജിയും എഡിറ്ററായ പ്രവര്‍ത്തിച്ച കാലത്തായിരുന്നു എന്റെ ഏഷ്യാനെറ്റ് ജീവിതം. ഏഷ്യാനെറ്റില്‍ നിന്നും രാജിവച്ച് ന്യൂസ് 18‐ലേക്ക്, അവിടെ അസോസിയറ്റ് എഡിറ്ററായിരുന്നു. പ്രളയത്തിന്റേയും കോവിഡിന്റേയും കാലമായിരുന്നു അത്. പ്രതിസന്ധികളെ അതിജീവിക്കാന്‍ കേരളത്തെ പ്രാപ്തമാക്കിയുള്ള പിണറായി സര്‍ക്കാരിന്റെ മികവുറ്റ ഇടപെടലുകള്‍, ഞങ്ങളുടെ എഡിറ്റോറിയല്‍ ടീം മുന്നോട്ടുവച്ച ആശയങ്ങളില്‍ ചിലത് സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കിയത് ആ കാലത്തെ അവിസ്മരണീയ അനുഭവമായിരുന്നു. 2020‐ല്‍ എക്സിക്യൂട്ടീവ് എഡിറ്ററായി വീണ്ടും കൈരളിയിലേക്ക്. നയതന്ത്ര ബാഗേജിലെ സ്വർണക്കള്ളക്കടത്തിനെ തുടര്‍ന്ന് രാഷ്ട്രീയ വിവാദം കത്തിനിന്ന കാലം, അശേഷം വസ്‌തുതകള്‍ ഇല്ലാതെ വെറും നുണയില്‍ നിന്നും വിവാദങ്ങള്‍ കെട്ടിപ്പൊക്കാന്‍ മാധ്യമങ്ങള്‍ മത്സരിച്ച കാലം... വസ്‌തുതകള്‍ വിശദീകരിച്ച് നുണകളോട് കൈരളി പോരാടിയ കാലമായിരുന്നു അത്. ശക്തമായ സമൂഹമാധ്യമ പിന്തുണകൂടി ആയപ്പോള്‍ പ‍ഴയപോലെ പലരുടേയും നുണകള്‍ ഫലിക്കാതെ പാ‍ഴായി.

പക്ഷേ പരാജയപ്പെട്ടിട്ടും അതേ ശൈലി വലതുപക്ഷ മാധ്യമങ്ങള്‍ തുടരുന്നത് ഇന്നത്തേയും അനുഭവമാണ്. ഞാന്‍കൂടി പങ്കാളിയായ രണ്ടു പതിറ്റാണ്ട് ന്യൂസ് ചാനലുകളുടെ വളര്‍ച്ചയുടെ കാലമാണ്. സാങ്കേതിക മികവിലേക്കുമുള്ള ദ്യശ്യമാധ്യമ വളര്‍ച്ചയുടെ രണ്ടു പതിറ്റാണ്ടു കാലം.


ഇടതുപക്ഷ വിരുദ്ധത

സോഷ്യൽ ഓഡിറ്റ് ശക്തമായതോടെ പല ദൃശ്യമാധ്യമങ്ങളുടേയും വിശ്വാസ്യത തുടർച്ചയായി ചോദ്യം ചെയ്യപ്പെടുന്ന നിലയാണിപ്പോഴുള്ളത്. അവതാരകരുടെ ഇടതുപക്ഷ വിരുദ്ധത എഡിറ്റോറിയൽ നയമായി മാറുന്നു. വസ്‌തുതകൾക്ക് ഇടമില്ലാത്തതും അപവാദ പ്രചാരണത്തിന്റെ മുഖ്യ ഉറവിടമായും വാർത്തകളും എഡിറ്റോറിയൽ ചർച്ചകളും മാറുന്നു. ഇതിലൂടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഡിജിറ്റല്‍ വീഡിയോകള്‍ അപകടകരവും തീര്‍ത്തും വ്യാജവുമായ കാര്യങ്ങളാണ് പലപ്പോ‍ഴും ആളുകളിലേക്ക് എത്തിക്കുന്നത്. ഇതിനു പിന്നിലെ അവതാരകരേയും അവര്‍ അവതരിപ്പിച്ചു വയ്‌ക്കുന്ന തെറ്റായ പ്രസ്‌താവനകളേയും സമൂഹമാധ്യമങ്ങളിലുടെ വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും ഇടതു വിരുദ്ധ ന്യൂസ് ചാനല്‍ കെണികള്‍ ജാഗ്രതയോടെ ശ്രദ്ധിക്കേണ്ടതാണ്.

രാഷ്‌ട്രീയ നുണകൾ പോലെ മാധ്യമ നുണകൾക്കെതിരേയും പടവെട്ടേണ്ട അവസ്ഥയാണിന്ന്.

ദേശീയതലത്തിൽ ലെഗസി മീഡിയ നേരിടുന്ന വിമർശനങ്ങൾ കേരളത്തിൽ ഏറ്റുവാങ്ങുന്നത് വലതുപക്ഷ മാധ്യമപ്രവർത്തകരും മാനേജ്മെന്റുകളുമാണ്.

പ്രൊഫഷണലിസം -

വാർത്താ ഉള്ളടക്കത്തോട് മാധ്യമ നൈതികത പുലർത്താനാവുന്നില്ലെങ്കിൽ പിന്നെ എന്ത് പ്രൊഫഷണലിസം? എആറും വിആറും സ്‌ക്രീനിൽ നിറച്ചാലും കാഴ്‌ചക്കാർ വാർത്തയുടെ പേരിൽ ചോദ്യം ചെയ്‌താൽ അവകാശപ്പെടുന്ന പ്രൊഫഷണലിസത്തിന് എന്ത് അർഥമാണ്? സമീപകാലത്തെ ഒരു ഉദാഹരണം സൂചിപ്പിക്കാം. എംഡിഎംഎ പ്രതികളും മുഖ്യമന്ത്രിയുമായുള്ള ദുരൂഹ ചങ്ങാത്തത്തിൽ ന്യൂസ് ചാനലുകൾ അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നുണ്ടോ? സത്യസന്ധമായ ഉന്നതതല അന്വേഷണത്തിന്റെ ആവശ്യകത, വി ഡി സതീശന്റെ വിശദീകരണത്തിലെ പിഴവുകൾ, പൊരുത്തക്കേടുകൾ‐ ഇവയ്‌ക്കുനേരെ ഒരു വിഭാഗം മാധ്യമപ്രവർത്തകരും ചാനലുകളും മൗനം പാലിക്കുകയാണ്‌. മുഖ്യമന്ത്രി ന്യൂസ് മേക്കര്‍ ആകുമ്പോ‍ള്‍ അതിലൊട്ടും താൽപ്പര്യമില്ലാത്ത മീഡിയ എന്ന ദുഷ്‌പേര്, പേരുകേട്ട മലയാള മാധ്യമരംഗത്തിന് ചേരുന്നതേ അല്ല. ഭരണപരമായി അദ്ദേഹം പറയുന്നിതിലെ പൊരുത്തക്കേടുകള്‍ അഥവ നുണ അതര്‍ഹിക്കുന്ന ആ‍ഴത്തില്‍ പൊതുവില്‍ പരിശോധിക്കപ്പെടുന്നുണ്ടോ?


വസ്‌തുനിഷ്ഠത

നഷ്ടമാവുന്നു

ഇടതുപക്ഷ സ്വാധീനം കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിൽ വരുത്തിയിട്ടുള്ള മാറ്റം ഉൾക്കൊള്ളാനാവാത്ത വലതുപക്ഷ പൊതുബോധം, വർഗീയ മാധ്യമ മാനേജ്മെന്റുകളുടെ അപകടകരമായ ഇടപെടൽ‐ ഈ ഘടകങ്ങൾ വാർത്തകളിൽ നിർബന്ധമായും ഉണ്ടാവേണ്ട വസ്‌തുനിഷ്ഠതയെ ചോർത്തുന്നു. ഇവയോരോന്നും തെരഞ്ഞുപിടിച്ച് കണ്ടെത്തിയും വാർത്തകൾ വസ്‌തുനിഷ്ഠമായി അവതരിപ്പിക്കുവാനുമാണ് കൈരളി ശ്രമിക്കുന്നത്. ഈ പരിശ്രമം കൂടുതൽ അർഥവത്താകണമെങ്കിൽ പുരോഗമന കേരളീയ സമൂഹത്തിന്റെ വർധിച്ച പിന്തുണ ആവശ്യമാണ്. കെട്ടുകാഴ്‌ചകളല്ല വാർത്തയെന്ന തിരിച്ചറിവ് പ്രധാനമാണ്.

പ്രഖ്യാപിത മാർക്‌സിസ്റ്റ്‌ വിരുദ്ധരാണ് തങ്ങ‍ളെന്ന് പ്രേക്ഷകരെ നിരന്തരം ഓർമിപ്പിക്കുന്ന ചില അവതാരകരുണ്ട്. വിഷയാധിഷ്ഠിതമായി നിലപാടുകളെടുക്കുന്നത് അനുചിതമാണെന്ന് ഞാൻ കരുതുന്നില്ല. അത് പക്ഷേ വാർത്തയെ വസ്‌തുനിഷ്ഠമായി അവതരിപ്പിക്കാൻ തടസ്സമാകരുത്. അവതാരകൻ + ഇടതുവിരുദ്ധരായ പാനലിസ്റ്റുകൾ, ആ നിർഭയ പോരാട്ടം മലയാളിക്ക് കണ്ടുശീലമായി. ആ സ്‌കൂളിന്റെ ബ്രാഞ്ചുകൾ നമുക്ക് മറ്റു പല ചാനലുകളിലും കാണാം.

വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു എന്ന ഗൗരവമേറിയ വെല്ലുവിളിയാണ് വാർത്താ ചാനലുകൾ അഭിമുഖീകരിക്കുന്നത്. പ്രേക്ഷകരെ കേവലം ആള്‍ക്കൂട്ടമായി മാത്രം കാണുകയും, അര്‍ഥശൂന്യമായ വിവാദങ്ങളാണ് ഈ ആള്‍ക്കൂട്ടത്തിന് വേണ്ടതെന്ന ചിന്തയുമാണ് ദൃശ്യമാധ്യമങ്ങള്‍ക്കുള്ളതെന്ന് തോന്നാറുണ്ട്. വിഷയങ്ങളെ സൂക്ഷ്മാർഥത്തില്‍ വിലയിരുത്തിയിരുന്ന രീതി തന്നെ ശോഷിച്ചു. എല്ലാം ബ്രേക്കിങ്‌ എന്ന അവസ്ഥയാണിപ്പോ‍ഴുള്ളത്. ഗോദി മീഡിയയുടെ ശൈലികളും രീതികളും കേരളത്തിലെ ദൃശ്യമാധ്യമരംഗത്തും കാണാം. വലതുപക്ഷ താൽപ്പര്യങ്ങളും കോർപറേറ്റ് മാനേജ്മെന്റ് ഇടപെടലുകളും വര്‍ഗീയ താൽപ്പര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ദൃശ്യമാധ്യമങ്ങളും മാധ്യമ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതിന്റെ ഒരു പ്രധാന കാരണമാണ്‌ .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home