എംപിയുടെയും മന്ത്രിയുടെയും ഓഫീസുകളിലേക്ക് സമരം വ്യാപിപ്പിക്കും
അനാസ്ഥ അവസാനിപ്പിക്കുക; പാലക്കാട് കലക്ടേറ്റിന് മുന്നിൽ ഹൗസ് സർജന്മാരുടെ പ്രതിഷേധം

പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാ കലക്ടേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിൽനിന്ന്
പാലക്കാട്: ആവശ്യമായ മരുന്നും സജ്ജീകരണങ്ങളും ഇല്ലാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് കലക്ടറേറ്റിൽ മെഡിക്കൽ കോളേജ് ഹൗസ് സർജന്മാരുടെ പ്രതിഷേധം. ഗവ. മെഡിക്കൽ കോളേജ് കെട്ടിടത്തിൽനിന്ന് കലക്ടറേറ്റ് വരെ കാൽനടയായി എത്തിയാണ് പ്രതിഷേധിച്ചത്. അഞ്ച് ദിവസമായി ഒപി ബ്ലോക്കിനുമുന്നിൽ ഹൗസ് സർജന്മാർ സമരം തുടരുകയായിരുന്നു. ആവശ്യങ്ങളോട് സർക്കാർ തികഞ്ഞ അവഗണന തുടരുന്നതിനാലാണ് സമരം കലക്ടറേറ്റിലേക്കും വ്യാപിപ്പിച്ചത്.
വരുദിവസങ്ങളിൽ പുറത്ത് പന്തലിട്ട് രാപകൽ സമരം ഉൾപ്പെടെ നടത്താൻ ആലോചനയുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ ഡയറക്‌ടർ ഒ കെ മണി ഹൗസ് സർജന്മാരുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് പറഞ്ഞു. എന്നാൽ മന്ത്രിയോ സർക്കാർ പ്രതിനിധികളോ ഉറപ്പുനൽകാതെ സമരം പിൻവലിക്കില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട്. എംബിബിഎസ് വിദ്യാർഥികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അത്യാഹിത വിഭാഗത്തിലേക്കാവശ്യമായ മരുന്നുകളെത്തിക്കുക, ബാറ്ററിയുടെ തകരാർ കാരണം പ്രവർത്തനരഹിതമായ എക്‌സ്‌റേ പ്രവർത്തനക്ഷമമാക്കുക, സിടി സ്കാൻ സൗകര്യം ഒരുക്കുക, മേൽനോട്ട കമ്മിറ്റി പുനഃസംഘടിപ്പിക്കുക, ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ വീഴ്‌ചവരുത്തിയ സൂപ്രണ്ട്, കാഷ്വാലിറ്റി സൂപ്രണ്ട്, ആർഎംഒ, ഡെപ്യൂട്ടി സൂപ്രണ്ട് തുടങ്ങിയവർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
തിങ്കൾ രാത്രി ഹൗസ് സർജന്മാരായ വിദ്യാർഥികൾ സഞ്ചരിച്ച സ്‌കൂട്ടർ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിനുമുന്നിൽ കാറുമായി കൂട്ടിയിടിച്ച് ഇവര്‍ക്ക് ഗുരുതര പരിക്കേറ്റു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും എക്‌സ്‌റേ സംവിധാനവും മരുന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഇതോടെയാണ് ഹൗസ്‌സർജൻ അസോസിയേഷൻ സമരത്തിലേക്ക് നീങ്ങിയത്.










0 comments