കവർസ്റ്റോറി
അവതാരങ്ങളാകുന്ന അവതാരകർ

അനുപമ വെങ്കിടേഷ്
Published on Sep 05, 2026, 12:33 PM | 6 min read
കേരളത്തിലെ ആദ്യത്തെ 24 മണിക്കൂർ വാർത്താ ചാനലിന്റെ ആദ്യ ബാച്ചിൽ ഒരു ട്രെയിനിയായാണ് ഞാൻ ടെലിവിഷൻ മാധ്യമരംഗത്തേക്ക് കടന്നുവന്നത്. അന്ന് പിന്തുടരാൻ ഞങ്ങളുടെ മുന്നിൽ ഒട്ടേറെ മാതൃകകൾ ഉണ്ടായിരുന്നില്ല. ഏഷ്യാനെറ്റ്, സൂര്യ, കൈരളി, ദൂരദർശൻ എന്നീ ചാനലുകളിൽ വാർത്താ ബുള്ളറ്റിനുകൾ ഉണ്ടായിരുന്നുവെങ്കിലും മുഴുനീള വാർത്താ ചാനലുകളായി ഇവരാരും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. അങ്ങനെ പ്രത്യേക പ്ലാറ്റ്ഫോമുള്ളവർ പ്രധാനപ്പെട്ട സമയങ്ങളിൽ വാർത്തയും പിന്നീട് അതിന്റെ തന്നെ റിപ്പീറ്റുമാണ് ഇട്ടിരുന്നത്. പ്രണോയ് റോയിയുടെ എൻഡിടിവിയായിരുന്നു ദൂരെനിന്നു നോക്കിക്കണ്ട മാതൃക. പ്രസ് ക്ലബ്ബിൽ ബൈജു ചന്ദ്രൻ എടുത്ത ടെലിവിഷൻ ക്ലാസുകളിൽ നിന്നു ലഭിച്ച അറിവാണ് ടെലിവിഷനെ കുറിച്ച് പ്രധാനമായി ഉണ്ടായിരുന്നത്. പിന്നെ ദൂരദർശൻ, ബിബിസി ഒക്കെ കണ്ട അനുഭവങ്ങളും. അതിനപ്പുറം, ആ സമയത്ത് എല്ലാം സ്വയം പഠിച്ചെടുക്കേണ്ട ഒരു പുതിയ ലോകമായിരുന്നു ഞങ്ങൾക്ക് ടെലിവിഷൻ.
എം വി നികേഷ് കുമാറിന്റെ കരുത്തുറ്റ നേതൃത്വമാണ് മുഴുനീള വാർത്താ ചാനലെന്ന കോൺസപ്റ്റ് മലയാളിക്ക് മുന്നിൽ യാഥാർഥ്യമാക്കിയത്. ആ ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞവരാണ് ഞങ്ങളിൽ പലരും. ആ വാർത്താമുറിയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് അവിടെയുണ്ടായിരുന്ന സ്‌ത്രീകളുടെ എണ്ണമായിരുന്നു. ഇത്രയധികം സ്‌ത്രീകൾ ഒരുമിച്ച് ഒരു ടെലിവിഷൻ വാർത്താമുറിയിൽ പ്രവർത്തിക്കുക എന്നതുതന്നെ അന്നൊരു പുതുമയായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. റിപ്പോർട്ടിങ്ങിലും ഡെസ്‌കിലും അവതരണത്തിലും സ്‌ത്രീകൾ സജീവമായി. ഒരു പുതിയ മാധ്യമസംസ്‌കാരം രൂപപ്പെടുന്നതിന്റെ ആവേശം ഞങ്ങളുടെ ന്യൂസ് റൂമിൽ ഉണ്ടായിരുന്നു.
വാർത്താവായന എന്നതിന്റെ രീതി തന്നെ മാറ്റിയതാണ് ആ കാലഘട്ടം മലയാള ടെലിവിഷന് നൽകിയ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിലൊന്ന്. അതുവരെ ടെലി പ്രോംപ്റ്ററിൽ തെളിയുന്ന സ്‌ക്രിപ്റ്റ് ഭംഗിയായി, വ്യക്തതയോടെയും അക്ഷരസ്‌ഫുടതയോടെയും വായിക്കുക എന്നതായിരുന്നു പ്രധാനമായും വാർത്താ അവതാരകരുടെ ജോലി. വാർത്ത വായിക്കുന്ന ജേർണലിസ്റ്റുകളും ഈ രീതി തന്നെയാണ് പിന്തുടർന്നിരുന്നത്. എന്നാൽ 24 മണിക്കൂർ ന്യൂസ് ചാനലുകളുടെ വരവോടെ വായന എന്നതിനപ്പുറം ജേർണലിസ്‌റ്റിക്കായ ഇടപെടൽ നടത്തുന്ന അവതരണം എന്ന രീതിയിലേക്ക് ടെലിവിഷൻ വാർത്ത മാറി. ഈ വാർത്താ അവതരണം മാധ്യമപ്രവർത്തകരുടെ ജോലിയുടെ ഭാഗമായി മാറി. വാർത്തയുടെ പിന്നാമ്പുറം അറിയുകയും അതിന്റെ രാഷ്‌ട്രീയവും സാമൂഹികവുമായ പ്രാധാന്യം മനസ്സിലാക്കുകയും തത്സമയ സാഹചര്യങ്ങളിൽ ചോദ്യങ്ങൾ ചോദിക്കുകയും പ്രതികരണങ്ങൾ തേടുകയും ചെയ്യുന്ന അവതാരകരെ കേരളം കണ്ടു. വാർത്താ അവതാരകർ വാർത്താവായനക്കാർ എന്ന നിലയിൽനിന്നു മാറി വാർത്തയുടെ സജീവമായ ഭാഗമായിത്തീർന്നു.
ഞാൻ ഒരു റിപ്പോർട്ടറാണെന്നും റിപ്പോർട്ടർ ആയാൽ മാത്രമേ സ്വപ്‌നം കണ്ട കാര്യങ്ങളൊക്കെ എനിക്ക് ചെയ്യാനാകൂ എന്നുമൊക്കെയാണ് അക്കാലത്തുണ്ടായിരുന്ന ധാരണ. ജേർണലിസം പഠിക്കുമ്പോൾ ഒരിക്കലും ടെലിവിഷൻ വാർത്താ അവതാരകയാകുമെന്ന് ഞാൻ കരുതിയിരുന്നില്ല. വാർത്താ വായന എന്നു പറഞ്ഞാൽ ഡെസ്‌കിലെ ജോലിക്കുമപ്പുറം ജേർണലിസ്‌റ്റിക് സാധ്യതകൾ ഉപയോഗിക്കാനാകാത്ത മേഖല എന്ന തെറ്റിദ്ധാരണയായിരുന്നു എനിക്ക്. എന്നാൽ റിപ്പോർട്ടിങ്ങിൽനിന്ന് അവതരണത്തിലേക്ക് എത്തിയപ്പോൾ ജേർണലിസത്തിന്റെ ഒരു മേഖലയിൽനിന്ന് മറ്റൊന്നിലേക്ക് എത്തുന്നതായി മാത്രമാണ് അനുഭവപ്പെട്ടത്. റിപ്പോർട്ടിങ്ങിലൂടെ നേടിയ അറിവും അനുഭവവുമാണ് അവതരണത്തിൽ എനിക്ക് കൂടുതൽ കരുത്തായി മാറിയത്. എന്റെ ഉള്ളിലെ റിപ്പോർട്ടറെ സന്തോഷിപ്പിക്കാനായി സ്‌പെഷൽ കറസ്‌പോണ്ടന്റ് എന്ന രീതിയിൽ പല അസൈൻമെന്റുകളും ഇടയ്‌ക്കിടെ ലഭിക്കുമായിരുന്നു.
ഇന്നത്തെ തലമുറയ്‌ക്ക് ഇതിൽ അസാധാരണമായി ഒന്നും തോന്നണമെന്നില്ല. റിപ്പോർട്ടർമാർ വാർത്ത അവതരിപ്പിക്കുന്നതും അവതാരകർ തത്സമയം ചോദ്യങ്ങൾ ചോദിക്കുന്നതുമൊക്കെ മാത്രമാണ് അവർ കണ്ടു ശീലിച്ചിരിക്കുന്നത്. എന്നാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു വിപ്ലവകരമായ മാറ്റമായിരുന്നു. അതുവരെ മാധ്യമപ്രവർത്തകർ എഡിറ്റർമാരായും സബ് എഡിറ്റർമാരായും റിപ്പോർട്ടർമാരായും ന്യൂസ് റീഡർമാരായും പ്രവർത്തിച്ചിരുന്നെങ്കിലും, മലയാളത്തിലെ ടെലിവിഷൻ വാർത്തയുടെ പ്രധാന മുഖങ്ങളായി അവരെ ആരും അധികം ശ്രദ്ധിച്ചിരുന്നില്ല. നമുക്കൊക്കെ പ്രിയപ്പെട്ട ന്യൂസ് റീഡർമാരുണ്ടായിരുന്നെങ്കിലും അവരെ ജേർണലിസ്റ്റുകൾ എന്ന നിലയിലല്ല പ്രേക്ഷകർ കണ്ടിരുന്നത്.
ന്യൂസ് വായിക്കുന്നതിനുമപ്പുറം റീഡർമാർ വാർത്തയുടെ മുഴുവൻ വശങ്ങളും വിശകലനം ചെയ്യുന്ന ചരിത്രപരമായ മാറ്റത്തെ കേരളത്തിനകത്തേയും പുറത്തേയും മലയാളികൾ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. മുഖ്യധാരാ ടെലിവിഷൻ ചാനലുകളിൽനിന്ന് ഞാൻ മാറിനിന്നിട്ട് ഒരു പതിറ്റാണ്ടിലേറെയായിട്ടും, ഇപ്പോഴും ചില നേരത്ത് ആളുകൾ തിരിച്ചറിയുകയും ഇന്ത്യാവിഷൻ കാലത്തെ വാർത്തകളും പരിപാടികളും ഓർത്തു പറയുകയും ചെയ്യുന്നത് അതിശയിപ്പിക്കാറുണ്ട്. വാർത്തയുടെ ഉള്ളടക്കത്തിനൊപ്പം അത് കൈകാര്യം ചെയ്‌ത മാധ്യമപ്രവർത്തകരെയും പ്രേക്ഷകർ ഓർത്തുവയ്‌ക്കുന്ന ഒരു പുതിയ ടെലിവിഷൻ സംസ്‌കാരമാണ് കേരളത്തിൽ അന്ന് രൂപപ്പെട്ടത്.
അവതാരകർ മാത്രമല്ല, റിപ്പോർട്ടർമാരും ആ മാറ്റത്തിലൂടെ കൂടുതൽ ശക്തരായി. റിപ്പോർട്ടർമാർ കണ്ടെത്തുന്ന വാർത്തകൾ പ്രൈംടൈമിൽ വിശദമായി ചർച്ച ചെയ്യപ്പെട്ടു. റിപ്പോർട്ടർക്ക് തന്റെ വാർത്തയുടെ പശ്ചാത്തലം നേരിട്ട് പ്രേക്ഷകരോട് പറയാൻ അവസരം ലഭിച്ചു. അവതാരകരും ജേർണലിസ്‌റ്റുകളായപ്പോൾ വാർത്തയുടെ അന്തഃസത്ത ഉൾക്കൊണ്ടുള്ള വാർത്താ അവതരണം റിപ്പോർട്ടറും ന്യൂസ് ഡെസ്‌കും തമ്മിലെ ദൂരം കുറച്ചു. റിപ്പോർട്ടറുടെ അധ്വാനത്തിനും അന്വേഷണാത്മക വാർത്തകൾക്കും വാർത്താമുറിയിൽ അർഹിക്കുന്ന അംഗീകാരം ലഭിച്ചു.
രാഷ്‌ട്രീയ നേതാക്കളും ഈ മാറ്റത്തിന്റെ സാധ്യത പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. നേരത്തെ ഒരു പ്രതികരണമോ സൗണ്ട് ബൈറ്റോ നൽകി മടങ്ങിയിരുന്നവർ സ്‌റ്റുഡിയോകളിലെത്തി അവതാരകരുമായി ദീർഘമായി സംവദിക്കാൻ തുടങ്ങി. തങ്ങളുടെ ശബ്ദത്തിന് കൂടുതൽ റീച്ച് നൽകുന്ന ഇടമായി അവർ ടെലിവിഷനെ കണ്ടു. അതോടെ ന്യൂസ് റൂമുകൾ വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇടങ്ങൾ മാത്രമല്ലാതായി. പുതിയ വാർത്തകൾ പിറക്കുന്ന ഇടങ്ങളായി. ചില രാഷ്‌ട്രീയ നേതാക്കൾക്ക് കേരള സമൂഹത്തിൽ വിസിബിലിറ്റി കിട്ടാൻ ന്യൂസ് റൂമുകൾ കാരണമായിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സ്‌റ്റുഡിയോ ചർച്ചകളിൽ രാഷ്‌ട്രീയ നേതാക്കൾ നടത്തിയ വിവാദ പ്രസ്‌താവനകൾ അടുത്ത ദിവസത്തെ പ്രധാന വാർത്തകളായി. രാഷ്‌ട്രീയത്തിന്റെ ഗതിയെപ്പോലും സ്വാധീനിക്കാൻ ടെലിവിഷൻ സംവാദങ്ങൾക്കു സാധിച്ചു.

വിദ്യാർഥി സമരങ്ങളും മാറാട് പുനരധിവാസം പോലുള്ള സങ്കീർണമായ വിഷയങ്ങളും ജനങ്ങൾക്ക് നേരിൽ തത്സമയം കാണാനായി. വാർത്താ അവതാരകരും റിപ്പോർട്ടർമാരും വാർത്തയുടെ മുഖങ്ങളായി. മുംബൈ സ്‌ഫോടനങ്ങളും സുനാമിയും ഉൾപ്പെടെയുള്ള വലിയ സംഭവവികാസങ്ങൾ തത്സമയം പ്രേക്ഷകരുടെ സ്വീകരണമുറികളിലേക്ക് എത്തി. അവിടെ ഇരുന്ന ഞങ്ങൾ വാർത്തകൾ വായിക്കുക മാത്രമായിരുന്നില്ല. ചരിത്രം കൺമുന്നിൽ സംഭവിക്കുന്നതിന് സാക്ഷികളാകുകയായിരുന്നു. മലയാളത്തിൽ ലൈവ് ടെലിവിഷൻ യാഥാർഥ്യമായപ്പോൾ, ഒരു വാർത്താമുറിക്കുള്ളിലിരുന്നുകൊണ്ട് ചരിത്രത്തോടൊപ്പം നടക്കുന്ന അനുഭവമാണ് ഞങ്ങൾക്കുണ്ടായത്. കേരളത്തിലെ വീടുകളിലും വിനോദ പരിപാടികളെപ്പോലെ വാർത്താ ബുള്ളറ്റിനുകൾ സ്‌ക്രീനുകളിൽ നിറയാൻ തുടങ്ങി.
ടെലിവിഷൻ മാധ്യമരംഗത്തുനിന്ന് ഞാൻ രണ്ടുതവണ ഇടവേളയെടുത്തിട്ടുണ്ട്. രണ്ടുതവണ തിരിച്ചെത്തിയപ്പോഴും അതിന്റെ സാങ്കേതികവും ദൃശ്യപരവുമായ വളർച്ചയെ അത്ഭുതത്തോടെയാണ് കണ്ടത്. വാർത്തകൾ കൂടുതൽ വേഗത്തിൽ ജനങ്ങളിലേക്കെത്തി. മുമ്പ് ഒബി വാനിനെ മാത്രം ആശ്രയിച്ചിരുന്ന ലൈവ് റിപ്പോർട്ടിങ് ഇന്ന് പരിമിതമായ സാഹചര്യത്തിലും ആർക്കും ചെയ്യാവുന്ന സംഗതിയായി മാറി. വാർത്ത കൈകാര്യം ചെയ്യുന്ന രീതിയെത്തന്നെ സ്മാർട്ട് ഫോണുകൾ മാറ്റി. ഒരിക്കൽ വലിയ സജ്ജീകരണങ്ങൾ ആവശ്യമായിരുന്ന പല കാര്യങ്ങളും ഒരു മൊബൈൽ ഫോണിലൂടെ ചെയ്യാൻ കഴിയുന്നു. സാങ്കേതിക സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റം നടന്നു. സ്‌ത്രീകൾ വാർത്താമുറികളിലെ ചർച്ചകൾ നയിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ വലിയതോതിൽ മാറി. ഒരുകാലത്ത് പുരുഷന്മാർക്ക് മാത്രം മേൽക്കൈ ഉണ്ടായിരുന്ന പ്രൈംടൈം വേദികളിൽ ഇന്ന് സ്‌ത്രീകൾ ശക്തമായ സാന്നിധ്യമാണ്. തീരുമാനമെടുക്കുന്ന പദവികളിലേക്കും സ്‌ത്രീകൾ ക്രമേണ എത്തുന്നു. ഒരു വനിതാ മാധ്യമപ്രവർത്തകയെന്ന നിലയിൽ ഈ മാറ്റം എനിക്ക് നൽകുന്ന സന്തോഷവും ആത്മവിശ്വാസവും ചെറുതല്ല. ഇതിനിടെ സമൂഹമാധ്യമങ്ങൾ വാർത്താലോകത്തെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായി മാറുകയും ചെയ്‌തിരുന്നു.
സാങ്കേതികമായ ഈ വളർച്ചയ്‌ക്കൊപ്പം മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനപരമായ ചില മൂല്യങ്ങൾ ദുർബലമായോ എന്ന സംശയവും എനിക്കുണ്ട്. സംശയമല്ല, അങ്ങനെ സംഭവിച്ചിരിക്കുന്നു എന്നു തന്നെയാണ് കരുതുന്നത്. ടെലിവിഷൻ ന്യൂസ്റൂമുകളിൽ ഇന്ന് അവതാരകരാണ് പ്രധാന ചാലകശക്തികൾ. അവതാരകരെ കേന്ദ്രീകരിച്ചുള്ള വാർത്താ രീതിയിലേക്ക് കേരളത്തിലെ ന്യൂസ് റൂമുകൾ മാറിയപ്പോൾ ജേർണലിസം ചോർന്നുപോകുന്നുണ്ടോ എന്ന സംശയമുണ്ട്. റിപ്പോർട്ടർമാർ അവരുടെ ജോലി ചെയ്യുന്നുണ്ടെങ്കിലും പഴയകാലത്തേതുപോലെ അവർ ശാക്തീകരിക്കപ്പെടുന്നുണ്ടോ എന്നത് സംശയമാണ്. അവർ കണ്ടെത്തുന്ന വാർത്തയ്‌ക്കും നേർക്കാഴ്‌ചകൾക്കും അനുഭവത്തിനും പ്രൈംടൈമിൽ അർഹമായ ഇടം ലഭിക്കുന്നുണ്ടോ? അതോ വാർത്താമുറികളുടെ ആവശ്യത്തിനനുസരിച്ച് അവർക്ക് പരുവപ്പെടേണ്ടിവരുന്നുണ്ടോ? അവരുടെ വാർത്തകൾ ആത്യന്തികമായി അവതാരകന്റെ പ്രകടനത്തിനുള്ള ഇൻപുട്ട് മാത്രമായി മാറുകയാണോ?
‘വാർത്ത’ എന്നതിന്റെ നിർവചനവും മാറിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളുടെ വരവോടെ അവിടെ പ്രചരിക്കുന്ന ആഖ്യാനങ്ങളേയും ട്രെൻഡുകളേയും പിന്തുടരുന്നത് വാർത്താ ചാനലുകൾ പതിവാക്കി. പകർച്ചവ്യാധികൾ, പൊതുജനാരോഗ്യം, തൊഴിലില്ലായ്മ, സാധാരണ മനുഷ്യരുടെ ജീവിതപ്രശ്നങ്ങൾ, ലിംഗനീതി, പ്രാദേശിക ഭരണസംവിധാനങ്ങളുടെ വീഴ്ചകൾ എന്നിവ നിരന്തരമായ മാധ്യമശ്രദ്ധ വേണ്ട വിഷയങ്ങളാണ്. വാർത്താ ചാനലുകളിലെ പ്രധാന സമയം ഇതിനായി ചെലവഴിക്കേണ്ടതാണ്. എന്നാൽ വലിയൊരു രാഷ്‌ട്രീയ വിവാദമോ വൈറലാകുന്ന ദൃശ്യമോ ഇല്ലെങ്കിൽ അത്തരം വാർത്തകൾക്ക് ചർച്ചകളിൽ കാര്യമായ ഇടം ലഭിക്കുന്നില്ല. വാർത്താ അവതാരകരും ഈ ട്രെന്റിനു പിറകേ പോകുന്ന അവസ്ഥയുണ്ടാകുന്നു.
എഡി
കടപ്പാട്: ഗൂഗിൾറ്റർമാർ എവിടെ?
ഇത്തരം സന്ദർഭങ്ങളിൽ ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്-, നമ്മുടെ എഡിറ്റർമാർ എവിടെയാണ്? ഉത്തരം നമ്മുടെ കൺമുന്നിൽ തന്നെയുണ്ട്. അവർ ഒരുമിച്ചിരുന്ന് പ്രൈംടൈമിൽ ഭാഗം പിടിച്ച് പക്ഷപാതപരമായ ചർച്ചകൾ നയിക്കുകയാണ്. വാർത്തകളേയും വ്യക്തികളേയും അവരുടെ രാഷ്‌ട്രീയ താൽപ്പര്യം മുൻനിർത്തി വിലയിരുത്തുകയാണ്. വാണിജ്യ സമ്മർദത്തിന്റെ പേരിലാണെങ്കിലും വ്യക്തിപരമായ രാഷ്‌ട്രീയ പക്ഷപാതം ചർച്ചകളിൽ പ്രതിഫലിപ്പിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാണ്. രാഷ്‌ട്രീയ പാർടികളുടെ പ്രതിനിധികളെന്നു തോന്നിപ്പിക്കുംവിധമാണ് ടെലിവിഷൻ ആങ്കർമാർ സംവാദത്തിലേർപ്പെടുന്നത്. തങ്ങൾ പിന്തുണയ്‌ക്കുന്ന പാർടി വിജയിച്ചതായി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ, ന്യൂസ്‌റൂമിലിരുന്ന് വാർത്താ അവതാരകർ നൃത്തം ചെയ്തതാണ് അടുത്തിടെയുണ്ടായ അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കിയ അനുഭവം. ഈ നാടകങ്ങൾക്കിടയിൽ വാർത്തയ്‌ക്ക് എന്തു സംഭവിക്കുന്നു എന്നതാണ് പ്രധാന ചോദ്യം. വസ്‌തുതകൾ പരിശോധിച്ച്, പരമാവധി പക്ഷപാതരഹിതമായി ജനങ്ങളിലെത്തിക്കുക എന്നതാണ് മാധ്യമപ്രവർത്തകന്റെ അടിസ്ഥാനപരമായ ഉത്തരവാദിത്വം. അത് വിലയിരുത്തി തീരുമാനങ്ങളെടുക്കാനുള്ള അറിവും രാഷ്‌ട്രീയ വിദ്യാഭ്യാസവും പ്രേക്ഷകർക്കുണ്ട്. സ്വന്തം നിലപാടും സ്ഥിരീകരിച്ച വസ്‌തുതയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി വാർത്താ മര്യാദ പാലിക്കാൻ മാധ്യമപ്രവർത്തകർ ബാധ്യസ്ഥരാണ്. വാർത്തയുടെ മുഖം എന്ന നിലയിൽ ഈ ഉത്തരവാദിത്വം വാർത്താ അവതാരകർ പാലിക്കേണ്ടതുണ്ട്. അവതാരകർക്ക് രാഷ്‌ട്രീയബോധമോ നിലപാടുകളോ ഉണ്ടാകരുത് എന്നല്ല. വ്യക്തിപരമായ രാഷ്‌ട്രീയ നിലപാട് രാഷ്‌ട്രീയ പാർടികളുടെ വക്താക്കളെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ലൈവ് ടെലിവിഷനിൽ വിളിച്ചുപറയുന്ന സമീപനം സ്വീകരിക്കുമ്പോൾ അത് അരോചകവും അസ്വീകാര്യവുമായി മാറുന്നു.
മുൻകാലത്ത് പത്രങ്ങളിൽ എഡിറ്റോറിയലിനായി പ്രത്യേക പേജും ചാനലുകളിൽ അഭിപ്രായപ്രകടനത്തിനായി പ്രത്യേക പരിപാടിയുമുണ്ടായിരുന്നു. വാർത്തയും അഭിപ്രായവും തമ്മിലുള്ള വ്യത്യാസം പ്രേക്ഷകർക്ക് ആ അർഥത്തിൽ തിരിച്ചറിയുമായിരുന്നു. ഇന്ന് ഓരോ വാർത്തയും എഡിറ്റോറിയലൈസ് ചെയ്യപ്പെടുന്ന അവസ്ഥയാണ്. തലക്കെട്ടിലും അവതരണത്തിലും ദൃശ്യങ്ങളുടെ തെരഞ്ഞെടുപ്പിലും അവതാരകന്റെ ശരീരഭാഷയിലുംവരെ അഭിപ്രായം കലരുന്നു. വാർത്ത ഏതാണ്, വ്യാഖ്യാനം ഏതാണ്, അഭിപ്രായം ഏതാണ്, പ്രചാരണം ഏതാണ് എന്ന് തിരിച്ചറിയാൻ കഴിയാതെ പ്രേക്ഷകർ ആശയക്കുഴപ്പത്തിലാകുന്നു.
ഇത് വാർത്താ ചാനലുകളുടെയും പ്രത്യേകിച്ച് വാർത്താ അവതാരകരുടെയും വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്. ഒരേ സംഭവത്തെക്കുറിച്ച് ഓരോ ചാനലും തീർത്തും വ്യത്യസ്‌തമായ ‘സത്യങ്ങൾ’ അവതരിപ്പിക്കുമ്പോൾ, പ്രേക്ഷകൻ ഒടുവിൽ ആരെയും വിശ്വസിക്കാതെയാകും. മാധ്യമങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നത് ഒരു സ്ഥാപനത്തിന്റെ മാത്രം പ്രശ്നമല്ല. ജനാധിപത്യത്തിനുതന്നെ അത് അപകടകരമാണ്.
സാങ്കേതികവിദ്യയുടെയും അവതരണത്തിന്റെയും വേഗത്തിന്റെയും പിന്നാലെ പോകുമ്പോൾ വാർത്തയുടെ ആത്മാവ് നഷ്ടപ്പെടരുത് എന്നു മാത്രം. അവതാരകനേക്കാൾ വലുതായിരിക്കണം വാർത്ത എന്നാണ് ഞാൻ കരുതുന്നത്. സ്‌റ്റുഡിയോയിലെ ബഹളത്തെക്കാൾ പ്രധാനമായിരിക്കണം റിപ്പോർട്ടർ അതത് സ്ഥലങ്ങളിൽനിന്ന് കൊണ്ടുവരുന്ന വസ്‌തുത. രാഷ്‌ട്രീയ വിവാദത്തെക്കാൾ വിലയുണ്ടാകണം സാധാരണ മനുഷ്യരുടെ ജീവിതത്തിന്. പ്രേക്ഷകരെ ആവേശഭരിതരാക്കുകയല്ല മാധ്യമപ്രവർത്തകരുടേയും വാർത്താ അവതാരകരുടേയും ജോലി.

ഇത്തരം വിമർശനങ്ങളൊക്കെയുണ്ടെങ്കിലും മലയാള ടെലിവിഷൻ മാധ്യമത്തെ പൂർണമായും നിരാശയോടെ കാണാൻ തയ്യാറല്ല. ഇന്നും മികച്ച റിപ്പോർട്ടർമാരും മാധ്യമപ്രവർത്തകരും എഡിറ്റർമാരുമുണ്ട്. പുതിയ തലമുറയ്‌ക്ക് സാങ്കേതികമികവും ലോകത്തെക്കുറിച്ചുള്ള വിശാലമായ ധാരണയുമുണ്ട്. സ്‌ത്രീകളും സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ളവരും ന്യൂസ് റൂമുകളിൽ കൂടുതൽ സജീവ സാന്നിധ്യമാകാൻ തുടങ്ങിയിരിക്കുന്നു. വ്യത്യസ്‌ത ജീവിതാനുഭവങ്ങളും സാമൂഹിക പശ്ചാത്തലങ്ങളുമുള്ളവർ വാർത്തയുടെ മുഖവും ശബ്ദവുമായി മാറുന്നത് പ്രതീക്ഷ നൽകുന്നു. സമൂഹത്തിന്റെ വൈവിധ്യം വാർത്ത അവതരിപ്പിക്കുന്നവരിലും പ്രതിഫലിക്കുമ്പോഴാണ് ടെലിവിഷൻ വാർത്ത കൂടുതൽ ജനാധിപത്യപരവും എല്ലാവരുടേതുമായും മാറുന്നത്.
മലയാള ടെലിവിഷൻ വാർത്തയുടെ ചരിത്രത്തിലെ നിർണായകമായ മാറ്റങ്ങളിലൊന്ന്, മുൻകൂട്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റ് വായിക്കുന്ന ന്യൂസ് ബുള്ളറ്റിനുകളിൽനിന്ന് വാർത്തയും വിശകലനവും ലൈവ് റിപ്പോർട്ടിങ്ങും ഒരേസമയം നടക്കുന്ന സജീവ ഇടങ്ങളായി ന്യൂസ്‌റൂമുകൾ മാറിയെന്നതാണ്. ഇനി വേണ്ടത്, ന്യൂസ് റൂമുകളേയും വാർത്താ അവതാരകരേയും വാർത്തയിലേക്കും വസ്‌തുതകളിലേക്കും തിരിച്ചെത്തിക്കുക എന്നതാണ്. ഈ മൂല്യങ്ങളോട് പ്രതിബദ്ധത പുലർത്തുന്ന ധാരാളം മാധ്യമപ്രവർത്തകരുണ്ട്. എന്നാൽ പല ന്യൂസ്‌റൂമുകളിലും പക്ഷപാതവും അതിനാടകീയതയും പ്രൊഫഷണൽ ജേർണലിസത്തെ പിന്നിലാക്കുന്നുണ്ട്. ഈ അവസ്ഥ മാറണമെന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയൊരു മാറ്റം അവർ അർഹിക്കുന്നുമുണ്ട്.










0 comments