‘ഹൾക്ക്’ പോലെ കൊച്ചുകുട്ടി വലുതാകുന്ന കൺസെപ്റ്റായിരുന്നു ‘അതിശയൻ'; പക്ഷെ ഉദ്ദേശിച്ച ഗ്രാഫിക്‌സ് വന്നില്ല : വിനയൻ

കൊച്ചി: മലയാളത്തിലെ ആദ്യകാല സൂപ്പർ ഹീറോ ചിത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് ‘അതിശയൻ'. ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. ഇത്ര വർഷം മുൻപ് എങ്ങനെ മികവുറ്റ സാങ്കേതികവിദ്യ ഒരുക്കി എന്നൊക്കെയാണ് പലരുടെയും സംശയം. എന്നാൽ താൻ ഉദ്ദേശിച്ച തരത്തിലുള്ള ഗ്രാഫിക്‌സ് ആ സിനിമയിൽ വന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ.
'ആറു മാസം കൊണ്ട് സിനിമ റിലീസ് ചെയ്യണമെന്ന് നിർമാതാവ് പറഞ്ഞു. അന്നൊക്കെ ഹോളിവുഡ് പടങ്ങൾ എത്രയോ വർഷം എടുത്താണ് ചെയ്യുന്നത്. നമുക്ക് സമയം കുറവായതിനാൽ പറ്റുന്നപോലെ ചെയ്യണ്ടി വന്നു.'- വിനയൻ പറഞ്ഞു.
മലയാളത്തിലെ ആദ്യ നിർമിതബുദ്ധി അധിഷ്ഠിത ചിത്രം ‘മണികണ്ഠൻ: ദ് ലാസ്റ്റ് അവതാർ’ എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ച് ചടങ്ങിലാണ് വിനയൻ വിവരം പങ്കുവെച്ചത്. ഇനി എഐ സിനിമകളുടെ കാലമാണ് വരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിനയൻ സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ ഒരു ശാസ്ത്ര-സാങ്കല്പിക ചിത്രമാണ് അതിശയൻ. 2003-ൽ പുറത്തിറങ്ങിയ ഹൽക്ക് എന്ന അമേരിക്കൻ ചലച്ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം നിർമ്മിച്ചിരിച്ചതെന്ന് മുൻപ്തന്നെ വിനയൻ പറഞ്ഞിരുന്നു. ചിത്രത്തിൽ ജയസൂര്യ, ജാക്കി ഷ്രോഫ്, മാസ്റ്റർ ദേവദാസ്, കാവ്യ മാധവൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ബോളിവുഡ് നടൻ ജാക്കി ഷ്രോഫ് അഭിനയിച്ച ആദ്യ മലയാള ചലച്ചിത്രമാണ് അതിശയൻ എന്ന പ്രത്യേകതയുമുണ്ട്.








0 comments