ബാബ സിദ്ദിഖി വധക്കേസ് പ്രതി അൻമോൽ ബിഷ്ണോയിയെ യുഎസിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ന്യൂഡൽഹി: മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതികളിലൊരാളും അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരനുമായ അൻമോൽ ബിഷ്ണോയിയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചു. ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലാണ് കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ ഇയാളെ എത്തിച്ചത്. അൻമോലിനെ കൊണ്ടുവരുന്നതിന് മുന്നോടിയായി വിമാനത്താവളത്തിലും പരിസരത്തും പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ വിപുലമായ സുരക്ഷാ പരിശോധന നടത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് നേരിട്ട് ഇയാളെ പട്യാല ഹൗസ് കോടതിയിലേക്ക് കൊണ്ടുപോയി.
മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായിരുന്ന ബാബ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്എസ്) ഇയാളെ നാടുകടത്തിയത്. ബാബ സിദ്ദിഖിയുടെ മകൻ സീഷാൻ സിദ്ദിഖിക്ക് ഡിഎച്എസ് അയച്ച മെയിലിലാണ് അൻമോലിനെ അമേരിക്കയിൽ നിന്ന് നാടുകടത്തിയതായി അറിയിച്ചത്.
2024 ഒക്ടോബർ 12നാണ് ബാന്ദ്രയിലെ മകന്റെ ഓഫീസിന് പുറത്തുവെച്ച് എംഎൽഎ ആയിരുന്ന ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ചത്. ഈ കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ അൻമോൽ ബിഷ്ണോയിക്ക് പ്രധാന പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. കൂടാതെ, 2022-ൽ വെടിയേറ്റ് മരിച്ച പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിലും അൻമോൽ ബിഷ്ണോയിയുടെ പേര് ഉയർന്നുവന്നിരുന്നു. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.








0 comments