രഞ്ജി ട്രോഫിയിൽ ജയമില്ലാതെ കേരളം; കൂറ്റൻ ലീഡ് നേടിയിട്ടും സമനില

ഇൻഡോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വീണ്ടും നിരാശ. മധ്യപ്രദേശിനെതിരെ കൂറ്റൻ സ്കോർ നേടിയിട്ടും മത്സരം സമനിലയിൽ കലാശിച്ചു. അവസാനദിനം കേരളം മുന്നോട്ടുവെച്ച 404 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശ് എട്ടുവിക്കറ്റ് നഷ്ടത്തിൽ 167 റൺസുമായി പിടിച്ചു നിന്നു. ഇതോടെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് കൈകൊടുക്കുകയായിരുന്നു. സ്കോർ: കേരളം 281, 314/5d മധ്യപ്രദേശ് 192, 167/8.
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 226 റൺസെന്ന നിലയിൽ രണ്ടാമിന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച കേരളത്തിനായി സച്ചിൻ ബേബിയും (112) ബാബ അപരാജിത്തും (105) സെഞ്ചുറി നേടി. സെഞ്ചുറി തികച്ചതിന് പിന്നാലെ അപരാജിത് പരിക്കേറ്റ് മടങ്ങി. പിന്നീട് കളത്തിലെത്തിയ 24 റൺസെടുത്ത് അഹമ്മദ് ഇമ്രാൻ (24), അഭിജിത്ത് പ്രവീൺ (11) എന്നിവർ പുറത്തായി. ഒടുവിൽ 314-5 എന്ന നിലയിൽ കേരളം ഡിക്ലയർ ചെയ്യുകയായിരുന്നു.
കൂറ്റൻ സ്കോർ ലക്ഷ്യമാക്കി ബാറ്റേന്തിയ മധ്യപ്രദേശിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. 52 റൺസ് കൂട്ടിചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർ ഹർഷ് ഗാവാലി (0), യാഷ് ദുബെയ്(19), ഹിമാൻഷു (26) എന്നിവരാണ് പുറത്തായത്. പിന്നീട് ഹർപ്രീത് സിങ് ഭാട്ട്യയും (13) ശുഭം ശർമയും (18) വീണതോടെ ടീം 78/5 എന്ന നിലയിലേക്ക് വീണു. പിന്നീട് സരൻഷ് ജെയിനും (31) ആര്യൻ പാണ്ഡെയും (പുറത്താകാതെ 85 പന്തിൽ 23) നടത്തിയ ചെറുത്തു നിൽപ്പാണ് മധ്യപ്രദേശിനെ തോൽവിയിൽ നിന്നും കരകയറ്റിയത്. കേരളത്തിനായി ശ്രീഹരി എസ് നായർ നാല് വിക്കറ്റ് വീഴ്ത്തി.
ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയതോടെ കേരളത്തിന് മൂന്ന് പോയിന്റ് ലഭിക്കും. ആറ് മത്സരത്തിൽ അഞ്ച് സമനിലയും ഒരു തോവിയുമാണ് കേരളത്തിനുള്ളത്.









0 comments