ഗ്രാന്റ് ഫിനാലെ ഓഫ് ഡയമണ്ട് ജൂബിലി ജാംബൂരി: തിരുവനന്തപുരത്തിന്റെ നീല പെൺപട ലഖ്‌നൗവിലേക്ക്

scouts and guide

സെന്റ് ഷാന്തൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനു സ്കറിയ, ഗൈഡ് ക്യാപ്റ്റൻ എസ് വി ശാലിനി എന്നിവർക്കൊപ്പം ജാംബൂരിയിൽ പങ്കെടുക്കുന്ന കുട്ടികൾ.

വെബ് ഡെസ്ക്

Published on Nov 19, 2025, 06:01 PM | 2 min read

തിരുവനന്തപുരം: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്റെ രാജ്യത്തെ അഭിമാന പരിപാടിയായ ഗ്രാന്റ് ഫിനാലെ ഓഫ് ഡയമണ്ട് ജൂബിലി ജാംബൂരിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തു നിന്നും എട്ട് പെൺകുട്ടികൾ യാത്ര തിരിച്ചു. തിരുവനന്തപുരം സെന്റ് ഷാന്തൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ട് വിദ്യാർഥിനികൾക്കാണ് ഇത്തവണത്തെ ജാംബൂരിയിലേക്ക് അവസരം ലഭിച്ചത്. ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ഡിഫൻസ് എക്സ്പോ ഗ്രൗണ്ടിലാണ് വേദി ഒരുങ്ങുന്നത്.


ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്റെ 75-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായാണ് ഗ്രാന്റ് ഫിനാലെ ഓഫ് ഡയമണ്ട് ജൂബിലി ജാംബൂരി നടക്കുന്നത്. ജാംബൂരിയുടെ ഔപചാരികമായ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാപന സമ്മേളനം രാഷ്ട്രപതി ദ്രൗപതി മുർമുവും നിർവഹിക്കും. മുഖ്യമന്ത്രിമാർ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ എന്നിവർ സമ്മേളനങ്ങളിൽ പങ്കെടുക്കും.


തിരുവനന്തപുരം ജില്ലാ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് വിഭാഗത്തെ പ്രതിനിധീകരിച്ച് ഇവർ നവംബർ 23 മുതൽ 29 വരെ ലഖ്‌നൗവിൽ നടക്കുന്ന ഡയമണ്ട് ജൂബിലി ജാംബൂരിയിൽ പങ്കെടുക്കും. പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഈ സംഘം കേരളത്തെ പ്രതിനിധീകരിച്ച് മാർച്ച് പാസ്റ്റിൽ അണിനിരക്കും. രംഗോലി, സ്കിൽ ഓ രമ, പെജന്റ് ഷോ, ക്യാമ്പ് ഫയർ എന്നീ വിഭാഗങ്ങളിൽ മാറ്റുരക്കും. തിരുവനന്തപുരം ജില്ലാ ട്രെയിനിംഗ് കമ്മീഷണർ കെ ഹരികുമാർ, മലമുകൾ സെന്റ് ഷാന്തൽ സ്കൂൾ ഗൈഡ് ക്യാപ്റ്റൻ എസ് വി ശാലിനി എന്നിവർ നയിക്കുന്ന സംഘം ഇന്ന് പുലർച്ചെ തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര തിരിച്ചു.


സെന്റ് ഷാന്തൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനികളായ കമ്പനി ലീഡർ ആർ ആർ നന്ദ ലക്ഷ്മി, മഹേഷ് ശിവാത്മീക, കിഷോർ പവിത്ര, ആർ കൃഷ്ണൻ ആരാധന, എട്ടാം ക്ലാസ് വിദ്യാർഥിനികളായ ആർ നായർ നന്ദിത, എ ആർ വൈഗ, ദേവേന്ദു, എ എസ് ഗൗരി എന്നിവരാണ് ടീമിലുള്ളത്.


രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി 30,000 പേർ പങ്കെടുക്കുന്ന ജാംബൂരിയുടെ തീം 'വികസിത് യുവ, വികസിത് ഭാരത്' എന്നതാണ്. സ്കൗട്ട്, ഗൈഡുകളുടെ ശാരീരിക മാനസിക ഉല്ലാസത്തിനും സാഹസിക, സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും പരിപാടി അവസരം ഒരുക്കുന്നു. കൂടാതെ അഡ്വഞ്ചർ ആക്ടിവിറ്റീസ്, യോഗ, ഗ്ലോബൽ വില്ലേജ്, പെജന്റ് ഷോ, എയർഷോ എന്നിവയും ജാംബൂരിയുടെ പ്രത്യേകതകളാണ്.


ഇത്തവണത്തെ ലഖ്‌നൗ ജാംബൂരിയിൽ കേരളത്തിൽ നിന്നും 160 ഗൈഡുകളും 200 സ്കൗട്ടുകളും ഉൾപ്പെടെ ആകെ 430 പേർ പങ്കെടുക്കുന്നുണ്ട്. സ്റ്റേറ്റ് സെക്രട്ടറി എൻ കെ പ്രഭാകരൻ, സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർമാരായ സി പി ബാബുരാജൻ, ഷീലാ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഇവർക്കായി തിരൂരിൽ വെച്ച് ഗെറ്റ് ടുഗതർ ക്യാമ്പും ജില്ലാ തലത്തിൽ പരിശീലന പരിപാടികളും ഉൾപ്പെടെ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home