തുർക്കിയിൽ അവധിക്കെത്തിയ ജർമൻ കുടുംബത്തിലെ നാല് പേർ മരിച്ചത് വിഷബാധയേറ്റെന്ന് സംശയം

ഓർട്ടാകോ: തുർക്കിയിൽ അവധി ആഘോഷിക്കാൻ പോയ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചത് വിഷബാധയേറ്റെന്ന് സംശയം. ഇസ്താംബൂളിലെ ഓർട്ടാകോയിൽ, ബോസ്ഫറസ് പാലത്തിന് സമീപമുള്ള തെരുവിൽ നിന്നും ഭക്ഷണം കഴിച്ചതിന് ശേഷം തുർക്കി-ജർമ്മൻ വംശജയായ യുവതി, അവരുടെ ഭർത്താവ്, രണ്ട് ചെറിയ കുട്ടികൾ എന്നിവരടങ്ങിയ കുടുംബം ഗുരുതരാവസ്ഥയിലാവുകയായിരുന്നു. അവധിക്കായി ജർമ്മനിയിൽ നിന്ന് തുർക്കിയിലെത്തിയതായിരുന്നു ഇവർ.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ വ്യാഴാഴ്ചയോടെ ആറ് വയസ്സുകാരനായ കാദിറും മൂന്ന് വയസ്സുകാരിയായ മസാലും മരണപ്പെട്ടു. തൊട്ടടുത്ത ദിവസം അമ്മ സിഗ്ഡെം ബോസെക്കും മരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അച്ഛൻ സെർവെറ്റ് ബോസെക് തിങ്കളാഴ്ചയാണ് മരിച്ചത്.
മരണം സംഭവിച്ച വിവരം ഇസ്താംബൂളിലെ റീജിയണൽ ഹെൽത്ത് ചീഫ് ഡോ. അബ്ദുള്ള എമ്രെ ഗ്യൂണർ എക്സിൽ പങ്കുവെച്ചു. "ഫാത്തിഹിൽ അസുഖം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബോസെക് കുടുംബത്തിലെ രണ്ട് കുട്ടികളെയും അവരുടെ അമ്മയെയും നമുക്ക് നഷ്ടപ്പെട്ടു. എല്ലാ വൈദ്യസഹായങ്ങളും നൽകിയിട്ടും അച്ഛൻ സെർവെറ്റ് ബോസെക്കും മരണപ്പെട്ടു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള ഞങ്ങളുടെ അന്വേഷണം തുടരുകയാണ്," അദ്ദേഹം കുറിച്ചു.
ബോസെക് കുടുംബം അവധിക്കായി നവംബർ 9-നാണ് ജർമ്മനിയിലെ ഹാംബർഗിൽ നിന്ന് ഇസ്താംബൂളിലേക്ക് എത്തിയത്. യാത്രയ്ക്കിടെ ഇവർ അരി ചേർത്ത കല്ലുമ്മക്കായ, ടോപ്പിങ് ചേർത്ത വേവിച്ച ഉരുളക്കിഴങ്ങ് ('കുംപിർ'), ഗ്രിൽ ചെയ്ത ആട്ടിൻകുടൽ വിഭവം ('കോക്കോറെക്'), തുർക്കിഷ് ഡിലൈറ്റ് എന്നിവയുൾപ്പെടെയുള്ള പല തെരുവ് ഭക്ഷണങ്ങളും കഴിച്ചതായി പറയുന്നു.
ഇതിന് പിന്നാലെ രണ്ട് കുട്ടികൾക്ക് ഓക്കാനവും ഛർദ്ദിയും തുടങ്ങി. മാതാപിതാക്കൾക്കും സമാനമായ ലക്ഷണങ്ങൾ കണ്ടു. നവംബർ 12 ന് കുടുംബം ആശുപത്രിയിൽ ചികിത്സ തേടുകയും അന്ന് തന്നെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. എന്നാൽ, അമ്മയെയും കുട്ടികളെയും കടുത്ത പനിയും ഛർദ്ദിയും കാരണം വീണ്ടും ആശുപത്രിയിലേക്ക് എത്തിച്ചു. നവംബർ 13 ന് ഇവർ മരണപ്പെടുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ ഭക്ഷ്യവിഷബാധയെയാണ് സംശയിച്ചിരുന്നതെങ്കിലും, തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പുതിയ തെളിവുകൾ പ്രകാരം കുടുംബം താമസിച്ച ഹോട്ടലിൽ കീടനാശിനിയുടെ സാന്നിധ്യം ഉണ്ടായിരുന്നിരിക്കാം എന്നും സംശയിക്കുന്നു. അലുമിനിയം ഫോസ്ഫൈഡ് പോലുള്ള വിഷാംശമുള്ള കീടനാശിനിയാകാം ഇതിന് പിന്നിലെന്നാണ് കരുതുന്നത്. തറനിലയിലെ ഒരു മുറിയിൽ പാറ്റകളെ അകറ്റാൻ തളിച്ച കീടനാശിനിയുടെ അംശം വെന്റിലേഷൻ ഷാഫ്റ്റ് വഴി ഒന്നാം നിലയിലെ ഇവരുടെ മുറിയിലേക്ക് എത്തിയതാവാം എന്നാണ് സംശയം.
നവംബർ 15-ന് ഹാർബർ സ്യൂട്ട്‌സ് ഓൾഡ് സിറ്റി ഹോട്ടലിൽ മറ്റ് രണ്ട് വിനോദസഞ്ചാരികൾക്ക് കൂടി അസുഖം ബാധിച്ചിരുന്നു. അധികൃതർ അന്വേഷണം നടത്തുന്നതിൻ്റെ ഭാഗമായി ബെഡ്ഷീറ്റുകൾ, തലയിണകൾ, വെള്ളക്കുപ്പികൾ, പുതപ്പുകൾ എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ചു. ബാത്ത്റൂമിലെ വെന്റിലേഷൻ സംവിധാനം വഴി ഒരു രാസവസ്തു അന്തരീക്ഷത്തിൽ കലർന്നതുമായി കുടുംബത്തിന്റെ അസുഖത്തിന് ബന്ധമുണ്ടെന്നാണ് സംശയം.








0 comments