ഷെയ്ക്ക് ഹസീനയെ വിട്ടുകിട്ടാൻ ഇന്റർപോൾ സഹായം തേടി ബംഗ്ലാദേശ്

ധാക്ക: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടാൻ ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് ഭരണകൂടം ഇന്റര്‍പോൾ സഹായം തേടുന്നു. പുതിയ അപേക്ഷ സമർപ്പിക്കാനുളള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി പ്രോസിക്യൂട്ടർ ഖാസി എം എച്ച് തമീം ധാക്കയിൽ മാധ്യമങ്ങളോട് പറഞ്ഞു.
അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തിൽ നേരത്തെ തന്നെ ഇരുവര്‍ക്കുമെതിരേ റെഡ് കോര്‍ണർ നോട്ടീസ് പുറപ്പെടുവിക്കാനായി ഇന്റര്‍പോളിന് അപേക്ഷ നൽകിയിരുന്നു. കോടതി വധശിക്ഷ പ്രഖ്യാപിച്ച സാഹചര്യത്തിൽ പുതിയ നോട്ടീസ് ഇന്റര്‍പോളിന് സമർപ്പിക്കും. വിദേശകാര്യ മന്ത്രാലയം വഴിയാണ് നടപടികളെന്നും പ്രോസിക്യൂട്ടർ അറിയിച്ചു.
വധശിക്ഷ വിധിച്ചതിന് പിന്നാലെ ഷെയ്ഖ് ഹസീനയെയും മുൻ ആഭ്യന്തരമന്ത്രി അസദുദ്ദീന്‍ ഖാൻ കമാലിനെയും വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം രേഖാമൂലം ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കയാണ്. എന്നാൽ ഇന്ത്യ അനുകൂലമായി പ്രതികരിച്ചില്ല.
ഷെയ്‌ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച ബംഗ്ലാദേശിലെ അന്താരാഷ്‌ട്ര ട്രിബ്യൂണൽ നടപടിയിൽ ഐക്യരാഷ്‌ട്ര സംഘടന വിയോജിപ്പും ഖേദവും പ്രകടിപ്പിച്ചിരുന്നു. ഏത് സഹചര്യത്തിലും വധശിക്ഷയെ യുഎൻ അംഗീകരിക്കുന്നില്ല എന്നായിരുന്നു വിശദീകരണം.
ഷെയ്‌ഖ ഹസീനയുടെ അസാന്നിധ്യത്തിലുള്ള വിചാരണയിൻമേലുള്ള വധശിക്ഷ ന്യായമോ നീതിയുക്തമോ അല്ലെന്ന് ആംനെസ്‌റ്റി ഇന്റർനാഷണലും പ്രതികരിച്ചു. ട്രിബ്യൂണൽ അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായി ന്യുയോർക്ക് ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്‌സ് വാച്ചും കുറ്റപ്പെടുത്തി.

ബംഗ്ലാദേശിലെ ഭരണവിരുദ്ധപ്രക്ഷോഭം അതിക്രൂരമായി അടിച്ചമര്‍ത്തി മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യംചെയ്‌തെന്ന കേസിലാണ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്. ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണലിന്റെ (ഐസിടി-ബിഡി) മൂന്നംഗ ബെഞ്ചാണ് തിങ്കളാഴ്ച വിധി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ രാഷ്ട്രീയാഭയം തേടിയ ഹസീനയുടെ അസാന്നിധ്യത്തിലായിരുന്നു വിചാരണയും വിധിപ്രസ്താവവും. മുന്‍ ആഭ്യന്ത്രര മന്ത്രി അസദുദ്ദീന്‍ ഖാനും ഇന്ത്യയിലാണുള്ളത്.
ഹസീനയെ വിട്ടുകിട്ടണമെന്ന് മുഹമദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ നേരത്തെയും ആവശ്യപ്പെട്ടിരുന്നു. എങ്കിലും ഇന്ത്യ പ്രതികരിച്ചില്ല. ഇരുരാജ്യങ്ങൾക്കുമിടയിൽ കുറ്റവാളികളെ കൈമാറൽ കരാറുള്ളതിനാൽ ഇന്ത്യൻ നിലപാട് നിർണ്ണായകമാണ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ കൈമാറണമെന്ന വ്യവസ്ഥ ബംഗ്ലാദേശ് കൂട്ടിച്ചേർത്തത് 2024 ൽ ആണ്.
വിധി ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും ബംഗ്ലാദേശ് ജനതയുടെ ഉത്തമ താൽപ്പര്യങ്ങളോട് ഇന്ത്യ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും വിദേശമന്ത്രാലയം അറിയിച്ചിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് അധികൃതരുമായി ക്രിയാത്‌മകമായ ആശയവിനിമയം നടത്തുമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.
സുരക്ഷതേടി കോടതികൾ
വധശിക്ഷ വിധിച്ചതിന് പിന്നാലെ ബംഗ്ലാദേശിൽ അസ്വസ്ഥത നിലനിൽക്കയാണ്.തലസ്ഥാനത്തും മറ്റിടങ്ങളിലും രഹസ്യ അക്രമങ്ങൾ റിപ്പോർട് ചെയ്തിട്ടുണ്ട്. കോടതികളുടെയും ജഡ്ജിമാരുടെയും സുരക്ഷാ നടപടികൾ പുനഃപരിശോധിക്കാൻ ബംഗ്ലാദേശ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
നവംബർ 13-ന് രാജ്ഷാഹി മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജി മുഹമ്മദ് അബ്ദുർ റഹ്മാന്റെ മകൻ വസതിയിൽ കുത്തേറ്റു മരിച്ചിരുന്നു. ഭാര്യക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
നവംബർ 10 മുതൽ ധാക്കയിലുടനീളം പൊതുഗതാഗതത്തെ ലക്ഷ്യം വെച്ച് തീവയ്പ്പും ക്രൂഡ് ബോംബ് ആക്രമണങ്ങളും ഉണ്ടായി. ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, അദ്ദേഹത്തിന്റെ ഗ്രാമീൺ ബാങ്കിന്റെ നിരവധി ശാഖകൾ, അദ്ദേഹത്തിന്റെ ഉപദേശക സമിതി അംഗങ്ങൾ, വിദ്യാർത്ഥി നേതൃത്വത്തിലുള്ള നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) എന്നിവിടങ്ങളിൽ എല്ലാം ആശങ്ക നിലനിൽക്കുന്നു.









0 comments