കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി; പഞ്ചാബിന് ഒമ്പത് വിക്കറ്റ് വിജയം

UNDER 23 CRICKET
വെബ് ഡെസ്ക്

Published on Nov 19, 2025, 05:30 PM | 1 min read

വയനാട്: കൂച്ച് ബെഹാർ ട്രോഫി അണ്ടർ 19 ക്രിക്കറ്റിൽ കേരളത്തെ ഒമ്പതു വിക്കറ്റിന് തകർത്ത് പഞ്ചാബ്. 38 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. നേരത്തെ കേരളത്തിൻ്റെ രണ്ടാം ഇന്നിങ്സ് 288 റൺസിന് അവസാനിച്ചിരുന്നു. അമയ് മനോജിൻ്റെ തകർപ്പൻ സെഞ്ചുറിയാണ് കേരളത്തെ ഇന്നിങ്സ് തോൽവിയിൽ നിന്ന് കരകയറ്റിയത്. സ്കോർ: കേരളം 255, 288 പഞ്ചാബ് 506, 38/1.


നാല് വിക്കറ്റിന് 81 റൺസെന്ന നിലയിലാണ് കേരളം അവസാന ദിവസം ബാറ്റിങ് തുടങ്ങിയത്. ആറ് വിക്കറ്റുകൾ ശേഷിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ 170 റൺസ് കൂടി വേണ്ടിയിരുന്ന കേരളത്തിന് അമയ് മനോജും ഹൃഷികേശും ചേർന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് മുതൽക്കൂട്ടായത്. ഇരുവരും ചേർന്നായിരുന്നു ആദ്യ ഇന്നിങ്സിലും വലിയൊരു തകർച്ചയിൽ നിന്ന് കേരളത്തെ കരകയറ്റിയത്. രണ്ടാം ഇന്നിങ്സിൽ അമയും ഹൃഷികേശും ചേർന്ന് 118 റൺസാണ് കൂട്ടിച്ചേർത്തത്. 75 റൺസെടുത്ത ഹൃഷികേശിനെ സാഗ‍ർ വിർക്കാണ് പുറത്താക്കിയത്.


തുടർന്നെത്തിയ ലെറോയ് ജോക്വിനും മാധവ് കൃഷ്ണയ്ക്കും കാര്യമായ സംഭാവനകൾ നല്കാനായില്ല. എന്നാൽ അമയ് മനോജും തോമസ് മാത്യുവും ചേ‍ർന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് തുണയായി. ഇരുവരും ചേർന്ന് 84 റൺസ് കൂട്ടിച്ചേർത്തപ്പോൾ കേരളം ഇന്നിങ്സ് തോൽവി ഒഴിവാക്കി. ഇതിനിടയിൽ അമയ് മനോജ് സെഞ്ചുറിയും പൂർത്തിയാക്കി. 221 പന്തുകളിൽ 14 ഫോറുകളും മൂന്ന് സിക്സുമടക്കം 129 റൺസാണ് അമയ് നേടിയത്. തോമസ് മാത്യു 47 റൺസ് നേടി. ഇരുവരും പുറത്തായതോടെ 288 റൺസിന് കേരളത്തിൻ്റെ ഇന്നിങ്സിന് അവസാനമായി. പഞ്ചാബിന് വേണ്ടി കൺവാർബീർ സിങ് മൂന്നും സക്ഷേയ , ആര്യൻ യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.


38 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് 16 റൺസെടുത്ത ഓപ്പണ‍ർ സൗരിഷ് സൻവാളിൻ്റെ വിക്കറ്റ് നഷ്ടമായെങ്കിലും സാഗർ വിർക്കും വേദാന്ത് സിങ്ങും ചേ‍ർന്ന് അവരെ അനായാസം വിജയത്തിലെത്തിച്ചു. സാഗർ 11ഉം വേദാന്ത് സിങ് 12ഉം റൺസുമായി പുറത്താകാതെ നിന്നു.



deshabhimani section

Related News

View More
0 comments
Sort by

Home