'കോൺഗ്രസ് ലീഗിനെ മുക്കിലിരുത്തും'; 5 ജില്ലകളിൽ സീറ്റ് പോലും നൽകിയില്ലെന്ന് കെ ടി ജലീൽ

തദ്ദേശ തെരഞ്ഞെടുപ്പകളിൽ തിരു- കൊച്ചി മേഖലയിൽ മുസ്ലീം ലീഗിനെ കോൺഗ്രസ് പരാതാപകരമാംവിധം അവഗണിക്കുകയാണെന്ന് കെ ടി ജലീൽ. കേരളത്തിൽ അഞ്ചു ജില്ലകളിൽ ലീഗിന് ജില്ലാ പഞ്ചായത്തിലേക്ക് മൽസരിക്കാൻ ഒരു സീറ്റ് പോലും കോൺഗ്രസ് നൽകിയിട്ടില്ല. കോൺഗ്രസിനോട് ലീഗ് കാണിക്കുന്ന വിധേയത്വത്തിൻ്റെ നൂറിലൊന്ന് കോൺഗ്രസ് ലീഗിനോട് തിരിച്ച് കാണിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
15 എംഎൽഎമാരുള്ള യുഡിഎഫിലെ രണ്ടാമത്തെ പ്രബല കക്ഷിയാണ് മുസ്ലിം ലീഗ്. തദ്ദേശ തെരഞ്ഞെടുപ്പകളിൽ തിരു- കൊച്ചി മേഖലയിൽ പരാതാപകരമാംവിധം അവഗണിക്കപ്പെടുകയാണ് മുസ്ലിംലീഗ്. കേരളത്തിൽ അഞ്ചു ജില്ലകളിൽ ലീഗിന് ജില്ലാ പഞ്ചായത്തിലേക്ക് മൽസരിക്കാൻ ഒരു സീറ്റ് പോലും കോൺഗ്രസ് നൽകിയിട്ടില്ല. ലീഗിനെ മലപ്പുറത്തേക്കൊതുക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങിയിട്ട് കുറച്ചു കാലമായി. അതിൻ്റെ ആദ്യപടിയായിരുന്നു തിരുവനന്തപുരത്തെ കഴക്കൂട്ടം നിയമസഭാ സീറ്റ് ലീഗിൽ നിന്ന് തട്ടിയെടുത്തത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ ലീഗിന് നിലവിൽ നിയമസഭാ സീറ്റുകൾ ഇല്ല.
കോൺഗ്രസ്സിനോട് ലീഗ് കാണിക്കുന്ന വിധേയത്വത്തിൻ്റെ നൂറിലൊന്ന് കോൺഗ്രസ് ലീഗിനോട് തിരിച്ച് കാണിച്ചിട്ടുണ്ടോ? ഒരു പാലം കെട്ടുന്നത് അങ്ങോട്ടും ഇങ്ങോട്ടും കടക്കാനാണ്. അല്ലാതെ ഒരു ഭാഗത്തേക്കു മാത്രം വഴിനടക്കാനല്ല. ലീഗിൻ്റെ ശക്തികേന്ദ്രമായ മലപ്പുറത്ത് നാലു നിയമസഭ സീറ്റുകളാണ് കോൺഗ്രസിന് കൊടുത്തത്. ശ്രീമാൻ എ കെ ആൻ്റണിക്ക് മുഖ്യമന്ത്രിയാകാൻ രണ്ടോ മൂന്നോ വർഷത്തേക്ക് തിരൂരങ്ങാടി മണ്ഡലം 'ലീസി'ന് കൊടുത്ത പാർട്ടിയാണ് ലീഗ്. അതൊന്നും കോൺഗ്രസിൻ്റെ മനസ്സിളക്കിയിട്ടില്ല എന്നാണ് പല ജില്ലകളിൽ നിന്നും വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.
മൂന്ന് ലോകസഭാ സീറ്റിന് ലീഗിന് അർഹതയുണ്ട്. പക്ഷെ രണ്ടിലധികം സീറ്റ് ഇന്നോളം കോൺഗ്രസ് ലീഗിന് കൊടുത്തിട്ടില്ല. കേരളത്തിന് പുറത്ത് കോൺഗ്രസിന് നിർണായക സ്വാധീനമുള്ള ഒരിടത്തും ലീഗുമായി സഖ്യം ചെയ്യാൻ പോലും അവർ തയ്യാറായിട്ടില്ല. ഈ ആട്ടും തുപ്പും സഹിച്ച് എത്രകാലം ലീഗ് യുഡിഎഫിൽ തുടരും? ബിജെപിയെ പ്രതിരോധിക്കേണ്ട ചുമതല ലീഗിനും മുസ്ലിം ജനവിഭാഗത്തിനുമാണെന്നാണ് കോൺഗ്രസ് നേതാക്കൾ ഉറച്ചു വിശ്വസിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട്, പാലക്കാട് ജില്ലകളിലൊഴികെ, യുഡിഎഫ് സംവിധാനത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനമോ, മുനിസിപ്പൽ ചെയർമാൻ സ്ഥാനമോ ലീഗിന് മറ്റേതെങ്കിലും ജില്ലകളിലുണ്ടോ? ഉണ്ടെങ്കിൽ അതൊന്ന് പറഞ്ഞാൽ നന്നായിരുന്നു.
കഴക്കൂട്ടം, ഇരവിപുരം, സീറ്റുകൾ ലീഗിനെ തോൽപ്പിച്ച് തോൽപ്പിച്ച് കോൺഗ്രസ് അവരുടേതാക്കി. സമാന "വിധി" തന്നെയാകും ചായമംഗലത്തിൻ്റെയും കളമശ്ശേരിയുടെയും, ഗുരുവായൂരിൻ്റെയും കാര്യത്തിൽ അധികം വൈകാതെ സംഭവിക്കുക. ലീഗിനോടുള്ള കോൺഗ്രസ് അവഗണനയിൽ തിരു- കൊച്ചിയിലെ മുഴുവൻ ലീഗു പ്രവർത്തകരും കടുത്ത നിരാശയിലാണ്. അവരത് തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മറയില്ലാതെ പ്രകടിപ്പിക്കും. തോൽക്കുന്ന സീറ്റുകൾ പോലും ലീഗിന് നൽകാൻ കോൺഗ്രസ് മനസ്സു വെക്കുന്നില്ല. അഥവാ കൊടുത്താൽ തന്നെ കൂടെ ഒരു റിബലിനെയും സൗജന്യമായി കോൺഗ്രസ് നൽകും. ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന മാർക്കറ്റ് തന്ത്രമാണ് സീറ്റ് നൽകുമ്പോൾ ലീഗിനെതിരെ കോൺഗ്രസ് പ്രയോഗിക്കുന്നത്.
മുസ്ലിംലീഗിനുള്ളിലും പടലപ്പിണക്കങ്ങൾ വ്യാപകമാണ്. തദ്ദേശ സ്ഥാനാർത്ഥി നിർണ്ണയത്തിൽ നേതാക്കളുടെ ഏകാധിപത്യ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് എതിരെയുള്ള പ്രതിഷേധം പ്രാദേശിക തലങ്ങളിൽ കനക്കുകയാണ്. അതിൻ്റെ പ്രത്യക്ഷ തെളിവാണ്, നല്ലളത്ത് എസ്ടിയു സംസ്ഥാന സെക്രട്ടറി യു പോക്കർ രാജിവെച്ച് സിപിഐ എമ്മിൽ ചേർന്നത്. ചിലയിടങ്ങളിൽ ലീഗ് യൂണിറ്റ് കമ്മിറ്റികളും പഞ്ചായത്ത് കമ്മിറ്റികളും പിരിച്ചുവിടുന്ന സാഹചര്യംവരെ ഉണ്ടായി. സ്ഥാനാർത്ഥി നിർണ്ണയ യോഗങ്ങൾ പലതും കയ്യാങ്കളികളിയിൽ കലാശിച്ചത് ലീഗിൽ പുതുമയുള്ള കാര്യമാണ്. അച്ചടക്ക രാഹിത്യം ക്യാൻസർ പോലെയാണ് ലീഗിനെ ഗ്രസിച്ചു കൊണ്ടിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പാകുമ്പോൾ അർബുദം അതിൻ്റെ മൂർധന്യത്തിലെത്താനാണ് സാദ്ധ്യത. പണ്ടത്തെ പോലെ നേതൃത്വത്തിൻ്റെ "ഔഷധങ്ങളൊ''ന്നും ഫലിക്കാത്ത മട്ടാണ്.
മൂന്നു പ്രാവശ്യം തുടർച്ചയായി മൽസരിച്ചവരെ ത്രിതല തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മാറ്റി നിർത്തിയത് നിയമസഭാ തെരഞ്ഞെടുപ്പിൽ പാലിച്ചില്ലെങ്കിൽ പ്രാദേശിക നേതാക്കൾ കലാപക്കൊടിയെടുക്കും. സ്വന്തം കാര്യം വരുമ്പോൾ "കുന്തം ചരിച്ചിടുന്ന" പതിവു ഏർപ്പാടിനെതിരെ തദ്ദേശ തെരഞ്ഞെടുപ്പിൽ 'ടേം വ്യവസ്ഥ' പാലിച്ച് മാറി നിൽക്കേണ്ടി വന്നവർ പരസ്യമായി രംഗത്തു വരുമെന്നുറപ്പാണ്. കുഞ്ഞാലിക്കുട്ടിക്കും മുനീറിനും അപ്പുറത്തേക്ക് ''മൂന്നു ടേം" വ്യവസ്ഥയിൽ മൂന്നാമതൊരാൾക്ക് "ഇളവ്'' നീട്ടി നൽകിയാൽ അതും ലീഗിനെ രൂക്ഷമായ പ്രതിസന്ധിയിലേക്കാകും തള്ളി വിടുക.
മൂന്ന് ടേം പൂർത്തിയാക്കിയ മഞ്ഞളാംകുഴി അലി, പി കെ ബഷീർ, പി ഉബൈദുല്ല, എൻ ഷംസുദ്ദീൻ, കെ പി എ മജീദ് സാഹിബ്, എൻ എ നെല്ലിക്കുന്ന് എന്നിവരുടെ ഒഴിയുന്ന നിയമസഭാ സീറ്റുകളിൽ കണ്ണുവെച്ചിട്ടുള്ളവർ വെറുതെയിരിക്കുമെന്ന് കരുതാനാവില്ല. ''മൂന്ന് ടേം" വ്യവസ്ഥയുടെ 'ചുരിക' ചുഴറ്റിയാണ് മികച്ച നിയമസഭാ സമാജികനായിരുന്നിട്ടു കൂടി അഡ്വ: എം ഉമ്മറിനെ കഴിഞ്ഞ തവണ മാറ്റി നിർത്തിയത്. അദ്ദേഹമിപ്പോൾ മഞ്ചേരി ബാറിൽ പ്രാക്ടീസ് ചെയ്യുന്നു. മഞ്ചേരി ബാർ അസോസിയേഷൻ്റെ പ്രസിഡണ്ടാണ് ഉമ്മറിപ്പോൾ. ഉമ്മറിനെപ്പോലെ സൗമ്യതയും അനുസരണയും മൂന്നു തവണ തുടർച്ചയായി എംഎൽഎമാരായി ഒഴിവാക്കപ്പെടുന്നവരിലെ 'പോക്കിരികൾ' കാട്ടിക്കൊള്ളണമെന്നില്ല. കാത്തിരുന്നു കാണാം.








0 comments