മകളെ പീഡിപ്പിച്ചയാൾക്ക് 178 വര്‍ഷം കഠിനതടവ്

മഞ്ചേരി: പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അച്ഛന് 178 വര്‍ഷം കഠിനതടവും 10.755 ലക്ഷം രൂപ പിഴയും ശിക്ഷ. അരീക്കോട് സ്വദേശിയായ നാല്‍പ്പതുകാരനെയാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എ എം അഷ്‌റഫ് ശിക്ഷിച്ചത്. 178 വര്‍ഷവും ഒരുമാസവും കഠിനതടവ് അനുഭവിക്കണം. 2022, 2023 വര്‍ഷങ്ങളില്‍ മൂന്നുതവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കുട്ടിയുടെ മുന്നില്‍നിന്ന് പ്രതി മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടെന്നും പരാതിയുണ്ട്.
പോക്സോ, ഇന്ത്യന്‍ ശിക്ഷാ നിയമങ്ങൾ പ്രകാരം 175 വർഷം കഠിനതടവ് അനുഭവിക്കണം. കുട്ടിയെ മര്‍ദിച്ചതിന് ഒരുവര്‍ഷവും ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം രണ്ടുവര്‍ഷവും കുട്ടിയെ തടഞ്ഞുവച്ചതിന് ഒരുമാസവുംകൂടി കഠിനതടവിന് വിധേയമാകണം. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കണം. പ്രതിയെ തവനൂര്‍ ജയിലിലേക്ക് മാറ്റി.
അരീക്കോട് ഇന്‍സ്‌പെക്ടറായിരുന്ന എം അബ്ബാസലിയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ 17 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ അസി. സബ് ഇന്‍സ്‌പെക്ടര്‍ എന്‍ സല്‍മ പ്രോസിക്യൂഷനെ സഹായിച്ചു.








0 comments