'സ്‌റ്റാഫ് നഴ്സായി ജോലി'; വ്യാജ നിയമന ഉത്തരവ് നൽകി ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

ആലപ്പുഴ: വ്യാജ നിയമന ഉത്തരവ് നൽകി ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ. എടത്വാ പച്ച പരിച്ചിറവീട്ടിൽ സുമേഷ് (42) ആണ് സൗത്ത് പൊലീസിന്റെ പിടിയിലായത്. ആലപ്പുഴ തിരുവമ്പാടി സ്വദേശിനിയുടെ പരാതിയിലാണ് നടപടി. വണ്ടാനം മെഡിക്കൽ കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പരാതിക്കാരിയുടെയും സുഹൃത്തുക്കളുടെയും കൈയിൽനിന്ന് പ്രതി ലക്ഷങ്ങൾ വാങ്ങി മുങ്ങിയത്.
പരാതിക്കാരിക്ക് കലവൂർ പ്രൈമറി ഹെൽത്ത് സെന്ററിൽ സ്‌റ്റാഫ് നഴ്സായി ജോലി നൽകാമെന്നും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എംബിബിഎസ്, ബിഎസ്‌സി നഴ്സിങ്ങിന് അഡ്മിഷൻ നൽകാമെന്നും വാഗ്‌ദാനംചെയ്‌തായിരുന്നു തട്ടിപ്പ്. വ്യാജ നിയമന ഉത്തരവും തയ്യാറാക്കി നൽകി. പരാതിക്കാരി ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന് പരാതി നൽകുകയായിരുന്നു.
സൗത്ത് പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ എസ്എച്ച്ഒ വി ഡി റെജിരാജിന്റെ നേതൃത്വത്തിൽ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. സുമേഷിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ചും സാങ്കേതികതെളിവുകൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് ചൊവ്വ രാത്രി 10.30ന് തിരുവല്ലയിൽനിന്ന് പ്രതിയെ പിടികൂടിയത്. സുമേഷിനെതിരെ മുമ്പും തട്ടിപ്പിൽ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. പൊലീസ് സംഘത്തിൽ ഐസ്‌എച്ച്‌ഒ വി ഡി റെജിരാജിനൊപ്പം പ്രിൻസിപ്പൽ എസ്‌ഐ പി ആർ രാജീവ്, എസ്‌ഐമാരായ മുഹമ്മദ് നിയാസ്, കണ്ണൻ എസ് നായർ, മോഹനകുമാർ, ആർ മുജീബ് എന്നിവരുണ്ടായിരുന്നു.








0 comments