ട്രാവൽ ഇൻഫ്ലുവൻസറുടെ മരണം: മയക്കുമരുന്നിൻ്റെ അമിത ഉപയോഗമെന്ന് സൂചന

ലാസ് വേഗാസ്: ട്രാവൽ ഇൻഫ്ലുവൻസറായ അനുനയ് സൂദിൻ്റെ മരണ കാരണം മയക്കുമരുന്നിൻ്റെ അമിത ഉപയോഗമെന്ന് സൂചന. 32 വയസ്സുകാരനായ സൂദിനെ ഈ മാസം ആദ്യം ലാസ് വെഗാസിലെ വിൻ ലാസ് വെഗാസ് ഹോട്ടൽ റൂമിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് മയക്കുമരുന്നുകൾ കണ്ടെടുത്തിട്ടുണ്ട്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പുലർച്ചെ നാലുമണിയോടെ കാസിനോ ഫ്ലോറിൽ വെച്ച് ഒരാളിൽ നിന്ന് കൊക്കെയ്ൻ ആണെന്ന് കരുതപ്പെടുന്ന ലഹരിവസ്തു വാങ്ങിയതായി അനുനയ്‍യുടെ കൂടെ താമസിച്ചിരുന്ന യുവതി മൊഴി നൽകിയിരുന്നു. തുടർന്ന്, ഈ യുവതിയും മറ്റൊരു സ്ത്രീയും അനുനയ്‌യും ചേർന്ന് ഇവ ഉപയോഗിച്ച ശേഷം ഉറങ്ങാൻ പോയെന്നും മൊഴിയിൽ പറയുന്നു. ഒരു മണിക്കൂറിന് ശേഷം യുവതികൾ ഉണർന്നപ്പോഴാണ് അനുനയ് നിശ്ചലനായി കിടക്കുന്നത് കണ്ടെത്തുന്നത്. ഇവർ മയക്കുമരുന്ന് ഉപയോഗിച്ചെന്ന് സൂചന നൽകുന്ന തെളിവുകളും, തിരിച്ചറിയാത്ത വെളുത്ത പദാർഥം അടങ്ങിയ ചെറിയ ബാഗും പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
ട്രാവൽ ഫോട്ടോകൾ, റീൽ വീഡിയോകൾ, വ്ളോഗുകൾ എന്നിവയിലൂടെ അനുനയ് സൂദ് ധാരാളം യാത്രാപ്രേമികളുടെ പ്രീതി നേടിയിരുന്നു. ഇൻസ്റ്റഗ്രാമിൽ 14 ലക്ഷത്തിലധികം ഫോളോവേഴ്‌സും യൂട്യൂബ് ചാനലിൽ മൂന്നര ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സും അദ്ദേഹത്തിനുണ്ടായിരുന്നു. യാത്രകൾ ഡോക്യുമെൻ്റ് ചെയ്താണ് ഇദ്ദേഹം ഇൻസ്റ്റഗ്രാമിൽ ശ്രദ്ധേയനായത്. ദുബായ് കേന്ദ്രീകരിച്ച് ഒരു മാർക്കറ്റിങ് സ്ഥാപനവും അദ്ദേഹം നടത്തിയിരുന്നതായി റിപ്പോർട്ടുണ്ട്.
അനുനയ്‍യുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കുടുംബം മരണവിവരം ലോകത്തെ അറിയിച്ചത്. ഫോബ്‌സ് ഇന്ത്യയുടെ മികച്ച 100 ഡിജിറ്റൽ സ്റ്റാർസ് പട്ടികയിൽ തുടർച്ചയായി മുൻ വർഷങ്ങളിൽ അനുനയ് സൂദ് ഇടം നേടിയിരുന്നു. നാൽപ്പതോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള അദ്ദേഹത്തെക്കുറിച്ച് നാഷണൽ ജ്യോഗ്രഫിയിലുൾപ്പടെ ഫീച്ചർ ചെയ്തിരുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പും അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെക്കുകയും സ്വിറ്റ്സർലാൻഡിലെ യാത്രാ വീഡിയോ നവംബർ മൂന്നിന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തിരുന്നു.









0 comments