അണികളിൽ അതൃപ്‌തി
നേതൃത്വ തീരുമാനത്തിന് പുല്ലുവില, ലീഗിനെ ഒതുക്കുന്നു


സ്വന്തം ലേഖകൻ
Published on Nov 19, 2025, 10:55 PM | 1 min read
ഇടുക്കി
കോൺഗ്രസ് നേതൃത്വത്തെ അവഗണിച്ച് ലീഗിനെ ഒതുക്കുന്നതിൽ പ്രവർത്തകരിൽ അതൃപ്‌തി. ജില്ലാ ഡിവിഷനുകളിലും പഞ്ചായത്ത് തലങ്ങളിലുമാണ് അർഹതപ്പെട്ട സീറ്റ് കോൺഗ്രസ് നിഷേധിക്കുന്നത്. കോൺഗ്രസ് ജില്ലാ നേതൃത്വം ഇടപെട്ട് നെടുങ്കണ്ടത്ത് നൽകിയ രണ്ട് വാർഡുകളിലും കോൺഗ്രസ് പ്രചാരണം തുടങ്ങി. കഴിഞ്ഞ തവണ ലീഗിന് നല്‍കിയിരുന്ന രണ്ട് സീറ്റിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയോടൊപ്പം വീടുകയറിത്തുടങ്ങി. ഏകപക്ഷീയമായി കോൺഗ്രസ് പ്രചാരണം തുടങ്ങിയതിൽ ലീഗിന്റെ എതിർപ്പ് ശക്തമായിട്ടുണ്ട്. ഭിന്നത രൂക്ഷമായതിനെ തുടർന്നാണ് പ്രശ്‌നം പരിഹരിക്കാൻ ജില്ലാ നേതൃത്വത്തിന് വിട്ടത്. സീറ്റുകൾ ലീഗിന് നൽകണമെന്ന നിർദേശം രണ്ടാമതും നെടുങ്കണ്ടത്തെ പ്രാദേശിക നേതൃത്വം അവഗണിച്ചു. കഴിഞ്ഞതവണ കോൺഗ്രസ് വാർഡംഗമായിരുന്ന എം എസ് മഹേശ്വരൻ 16ാം വാർഡിൽ മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് പ്രചാരണം. നെടുങ്കണ്ടം പഞ്ചായത്ത് ഏഴാം വാര്‍ഡിലും കോൺഗ്രസ് സ്ഥാനാർഥി പ്രചാരണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ ഈ രണ്ട് സീറ്റിലും ലീഗ് മത്സരിച്ചതാണ്. ഇൗ വാർഡുകൾ ജനറലായതോടെയാണ് കോൺഗ്രസ് കണ്ണുവച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് അടിമാലി, കരിമണ്ണൂര്‍ ഡിവിഷനുകളിലൊന്നില്‍ ലീഗ് സീറ്റ് ആവശ്യപ്പെട്ടതാണ് പ്രശ്‍നങ്ങള്‍ക്ക് തുടക്കം.
നിലവില്‍ കോണ്‍ഗ്രസിന്റെ അംഗമാണ് ഇരു ഡിവിഷനുകളിലും. ജയസാധ്യത പരിഗണിക്കുമ്പോള്‍ ലീഗിന് സീറ്റ് നല്‍കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് യുഡിഎഫ് ജില്ലാ ചെയര്‍മാൻ ജോയി വെട്ടിക്കുഴി പറയുന്നത്. ഇതോടെ തര്‍ക്കം രൂക്ഷമായി. ജില്ലയില്‍ ഇനി ഇതേക്കുറിച്ച് ചര്‍ച്ച വേണ്ടെന്നും സംസ്ഥാന നേതൃത്വം തീരുമാനമെടുക്കട്ടേയെന്ന നിലപാടിലുമാണ് ലീഗ്. ഇതുവരെ തീരുമാനമായിട്ടില്ല. യൂത്ത് ലീഗ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നത് ലീഗിനുള്ളില്‍ പ്രശ്‍നമായിട്ടുണ്ട്. മൂന്ന് തവണ മത്സരിച്ചവരെ ഒഴിവാക്കണമെന്ന് സംസ്ഥാന തീരുമാനമുള്ളപ്പോള്‍ അത് ജില്ലയില്‍ പലയിടങ്ങളിലും മറികടക്കുന്നതെന്തിനെന്ന് ചോദിച്ച് യൂത്ത് ലീഗ് പ്രതിഷേധം കടുപ്പിച്ചു. ലീഗ് ഓഫീസിന് മുന്നില്‍ ബോര്‍ഡും സ്ഥാപിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്തില്‍ ദേവിയാര്‍ ഡിവിഷനും അടിമാലി പഞ്ചായത്തില്‍ കൂടുതല്‍ സീറ്റുകളും വേണമെന്ന ആവശ്യവും ലീഗിനുണ്ട്. സീറ്റ് വിഭജനം എങ്ങുമെത്താതെ നീളുകയാണ്. ഇതിനിടെ ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ലീഗില്‍നിന്നും രാജിവച്ചു.






0 comments